കൊട്ടാരത്തിലെ സേനാധിപനും പരിവാരങ്ങളും വെപ്രാളപ്പെട്ട് ഓടുകയാണു. അതെല്ലാം ഷൂട്ട് ചെയ്യാനായി ഡ്രോൺ അവരോടൊപ്പം തെക്കുവടക്കായി പറക്കുന്നു. അവിടവിടെയുള്ള സാധനങ്ങളൊക്കെ തട്ടിമറിച്ചുകൊണ്ടാണു അന്തം വിട്ടുള്ള ഓട്ടം തുടരുന്നത്. രാജാവ് എന്തോ അടിയന്തിര ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണു. സേനാധിപൻ കീഴ് പട്ടാളന്മാർക്കൊക്കെ വെപ്രാള വാട്ട്സാപ്പ് ദൂതയച്ചിരിക്കുകയാണു. രാജാവിനെ രാജധാനിയിലോ വിശ്രമമുറിയിലോ ഉദ്യാനത്തിലോ കാണാൻ കഴിയാത്തതുകൊണ്ട് അവർ ആകെ അങ്കലാപ്പിലായിരുന്നു. സേനാമുഖ്യൻ ഓടി ബാൽക്കണിയിൽ കയറി. 

പണി തടസ്സപ്പെട്ടിരിക്കുന്നതിനാൽ  വിദൂഷകൻ ഒരു കോണിലിരുന്ന് ഉറക്കം തൂങ്ങുന്നു

ഹാവൂ രക്ഷപ്പെട്ടു…..ചക്രവർത്തി അവിടെ അസ്വസ്ഥനായി ഉലാത്തുകയാണു ; പഞ്ചപുശ്ചമടക്കി സൈന്യർ നിന്നു.
സൈന്യർ ( ഇല്ലാത്ത ചുമ വരുത്തി സാന്നിധ്യമറിയിച്ച് ഉണർത്തിച്ചു) : നമുക്ക് മേഘസന്ദേശമുണ്ടായിരുന്നു….
രാജാവ് ആകാശത്തേക്ക് മുഖമുയർത്തി നിശ്ചലനായി ചിന്താധീരരായി നിൽക്കുകയാണു. മന്ദതാളത്തിൽ അയാൾ മുഖം തിരിച്ച് സൈന്യരെ നോക്കി. സൈന്യർ ഒന്നും പിടികിട്ടാതെ അന്തം വിട്ടങ്ങനെ നിൽക്കുകയാണു..
രാജാവ് രൂക്ഷമായി സൈന്യരെ പാദം മുതൽ ശിരസ്സുവരെ ഉഴിഞ്ഞു. എന്നിട്ട് ഒറ്റയൊരാട്ട്
രാജാവ് : എന്തിനാ നെനക്കൊക്കെ മാസം മാസം എണ്ണിത്തരുന്നത്…
സൈന്യർ : ( അന്തം കെടൽ തുടരുന്നു) എന്താണു പ്രഭോ ഉണർത്തിച്ചോളൂ…അടിയൻ എന്ത് ചെയ്യണമെന്ന് പറഞ്ഞാലും…
രാജാവ് (ആകാശത്തേക്ക് വിരൽ ചൂണ്ടി ) നെനക്ക് ഇത്രനേരമായിട്ടും മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ സ്റ്റുപിഡ്..
എന്തേ എന്ന അർത്ഥത്തിൽ പിന്നെയും അന്തംവിട്ടങ്ങനെ നിൽക്കുകയാണു..തൻ്റെ പണി പോയതുതന്നെ എന്നായാൾ ഉറപ്പിച്ചു.
രാജാവ് : എടോ മന്ദബുദ്ധീ ഇത്രയൊക്കെ സൂചന നൽകിയിട്ടും മനസ്സിലായില്ലേ…താനൊക്കെ എന്ത് വാനനിരീക്ഷണമാണു നടത്തുന്നത്.. താൻ ആ നിൽക്കുന്ന കരിമേഘങ്ങളെ കണ്ടില്ലേ….എന്ത് തോന്നുന്നു.
സൈന്യർ: (അർദ്ധശങ്കയോടെ) ഒന്നും തോന്നുന്നില്ല പ്രഭോ..
ക്ഷിപ്രകോപിയായ രാജൻ ഒരൊറ്റ ആട്ട്..പേടിച്ചു നിയന്ത്രണം വിട്ട സൈന്യർ ബാൽക്കണി അശുദ്ധമാകുമെന്നുറപ്പായപ്പോൾ കക്കൂസിലേക്കോടി. രണ്ടാം മുട്ട് ക്ളിയർ ചെയ്ത് നിമിഷനേരത്തിനകം മുമ്മൂന്ന് പടി ചാടിക്കയറി ബാൽക്കണിയിലേക്കെത്തി.
രാജാവ് : എന്താടോയിത്..ഇത്ര ദുർബലനായ ഒരാളാണോ ഒരു ദേശം മുഴുവൻ കാക്കാൻ ഞാനേല്പിച്ചിരിക്കുന്നത്…ഛെ കഷ്ടം..കഷ്ടം…
സൈന്യർ: അങ്ങ് ഉണർത്തിച്ചാലും…..ഈയുള്ളവൻ എന്തു ചെയ്യണമെന്നാണു…
രാജാവ് : എടോ……മരമണ്ടാ ഇതിലും വലിയ അവസരം വരാനുണ്ടോ…..ദാ കണ്ടില്ലേ…..ആകാശം മേഘങ്ങളാൽ സമ്പന്നമായിരിക്കുന്നതു കണ്ടില്ലേ.. ഈ അവസരം ഇനി ഇങ്ങനെ വരുമോ…സജ്ജരാക്കൂ സൈന്യത്തെ…വിളിച്ചുണർത്തൂ കാലാളുകളെയും മേഘപ്പടയാളികളെയും….ങ്ഹും പെട്ടെന്ന് പെട്ടെന്നു….
യാതൊരു രൂപവുമില്ലാതെ സൈന്യർ നിന്നു വിറച്ചു. തുടർന്ന് വന്ന ആട്ട് അത്യുഗ്രമായിരുന്നതുകൊണ്ട് അയാൾ അവിടെനിന്നും തെറിച്ചു അയൽ രാജ്യത്ത് ചെന്നുവീഴുമെന്നു തോന്നി.
സൈന്യർ : പ്രഭോ ഞാനെന്ത് ചെയ്യണം…..ഒന്നും തലയിൽ കയറുന്നില്ല….കുറെ ദിവസമായി ആകെ അസ്വസ്ഥതയിലാണു….
രാജാവ് : ഹ..ഹ..ഹ….ഹ…ഹ..ഞാൻ തന്നെ പറഞ്ഞുതരണം..ശാസ്ത്രബോധം വേണമെടോ ശാസ്ത്രബോധം..എടോ…..ആകാശത്തുനിറഞ്ഞുനിൽക്കുന്ന മേഘങ്ങളെ കണ്ടില്ലേ…..ഇപ്പൊത്തന്നെ അവനെ അടിക്കാൻ പറ്റിയ അവസരം… എടോ മണ്ടച്ചാരെ ഇന്ന് പൊടിയിട്ടാൽ പോലും നമ്മളെ വിമാനങ്ങളെ അവനു കാണാൻ കഴിയില്ല…. എടോ മേഘങ്ങളിൽ നുഴഞ്ഞുകയറുന്ന ഒരു വസ്തുവിനെ ഒരിക്കലും റഡാറിനു കണ്ടുപിടിക്കാനാവില്ല എന്നു നീ പഠിച്ചിട്ടില്ലേ..അറിവുവേണം… അറിവ്
സൈന്യർ : അങ്ങ് പറയുന്നത് മനസ്സിലാകുന്നില്ല….അത്തരം വിമാനങ്ങൾ നമ്മുടെ കൈവശമില്ല. ഇതുവരെ കണ്ടുപിടിച്ചിട്ടുമില്ല
രാജാവ് :(വീണ്ടും ഉഗ്രൻ ഒരാട്ട് ): എടോ കൂപമണ്ഡൂപമേ പുഷ്പകവിമാനത്തിൻ്റെ കാലം മുതലേ മേഘങ്ങൾക്കെല്ലാം ഒളിപ്പിച്ചുവെക്കാനുള്ള കഴിവുണ്ടെന്ന ബോധമില്ലേ തനിക്ക്…. തലക്കകത്ത് അല്പമെങ്കിലും പുരാണബോധം വേണം….. പുരാണബോധം…പുഷ്പകവിമാനം പറത്തിയിരുന്ന വായു സൈന്യർക്കെല്ലാം ഇതറിയാം..മേഘസന്ദേശം വായിച്ചിട്ടില്ലേ?
സൈന്യർ : ഇല്ല പ്രഭോ…. ഏതാണാ സന്ദേശം….
രാജാവ് : എടോ കാളിദാസർ എന്നൊരു മഹാനായ സൈനികോപദേഷ്ടാവ് ഉണ്ടായിരുന്നു…അദ്ദേഹം നിരവധി ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ കൃതികളെല്ലാം തന്നെ ആകാശാക്രമണങ്ങളുടെ വിശദാംശങ്ങളടങ്ങിയതായിരുന്നു. നിരവധി സന്ദേശങ്ങളായാണു അതുവഴി പോരാളികൾക്ക് നൽകിയിട്ടുള്ളത്….വായനാശീലം വേണമെടോ ..വായനാശീലം…….ങ്ഹും……..വായൂസേനയെ സജ്ജരാക്കൂ…സംഗതി ഒറ്റയൊരെണ്ണത്തിനോട് മൈക്ക് വെച്ചേക്കരുത്….

Read Also  ഇനിയും നിങ്ങൾ വിശ്വസിക്കുന്നുവോ ഇവർ അഴിമതി നടത്തിയിട്ടില്ലെന്ന്! മാധ്യമ പ്രവർത്തകൻ പെരി മഹേശ്വർ പറയുന്നു

സീൻ രണ്ട്

ഇതിനിടയിൽ പുഷ്പകവിമാനങ്ങളുടെയും ജഡായുപക്ഷിയുടെയും മയിലുകളുടെയും സഞ്ചാരരഹസ്യങ്ങളൂം സാങ്കേതിക വിദ്യയുടെയും യാത്രകളുടെ സാങ്കേതികഗുട്ടൻസിനായി നാഗ്പൂരിലെ വിദഗ്ധരെ ലക്ഷ്യം വെച്ച് വിമാനം പറക്കുന്നു. പോകുന്ന പോക്കിൽ പഠനത്തിനായി കുറച്ച് സാമ്പിൾ മേഘങ്ങളും തുരന്നെടുത്ത് കുപ്പിയിലടക്കുന്നു. നാഗ്പൂരിലെ നിക്കർ വാലാകൾ മുമ്പടി പിറകടി കൈകാലിട്ടടിച്ച് വായുവീരന്മാരെ ആനയിക്കുന്നു. പോണപോക്കിൽ മുമ്പടി പോയ മുഖ്യനിക്കർവാല ഗ്രന്ഥക്കെട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

വായു മുഖ്യർ: ഇതൊക്കെ എന്താണു പുരാൺ മുഖ്യജീജീ..?

മുഖ്യനിക്കർജി ഒരു രക്ഷയുമില്ലാതെ തലങ്ങും വിലങ്ങും നോക്കുന്നു. ചിന്താക്രാന്തനായ ശേഷം ക്രാന്തദർശിയാവാനുള്ള മന്ത്രം ജപിച്ചിട്ടും രക്ഷയില്ല..ഉടൻ തന്നെ ജി..ജിജി ഒരു നമ്പരെടുത്തു.

മുഖ്യനിക്കർ വാല: ങ്ഹും വായുവിനെ നയിക്കുന്നവൻ വായനയില്ല..ലവലേശമില്ല..ആരവിടെ പണ്ഡിതരെ വിളിക്കൂ….

പണ്ഡിതർ  കരഞ്ഞുകൊണ്ട് പുറത്തേക്കോടുന്നു…..

വായുമുഖ്യർ : അയ്യോ…. ഞാനിനി ആരെ ആശ്രയിക്കും…. ആരെ ആശ്രയിക്കും…

മുഖ്യനിക്കർ : എടോ ഇതിലൊക്കെ പ്രതിരോധരഹസ്യങ്ങൾ ഒളിപ്പിച്ചിരിക്കയാ.. തനിക്കിനിയും മനസ്സിലായില്ലെ..ഇതൊക്കെ വായിച്ച് മനസ്സിലാക്കി പുതിയ തന്ത്രങ്ങൾ സ്വീകരിക്കാനാണു തന്നെയും പരിവാരങ്ങളെയും കൊണ്ടുവന്നിരിക്കുന്നത്. അതുകൊണ്ടല്ലേ ഇപ്പോഴും ക്ഷത്രിയപോരാളിയെത്തന്നെ നാം മുഖ്യരായി നിർദ്ദേശിച്ചത്….തനിക്കൊക്കെ പുരാണവും വശമുണ്ടാകുമെന്ന് കരുതി ഹൊ…അബദ്ധം അബദ്ധം….. ഇപ്പോഴും അസംബന്ധങ്ങൾ പഠിക്കാൻ നടക്കുകയാണെന്ന് തോന്നുന്നു…ക്ഷത്രിയപോരാട്ടങ്ങളെക്കുറിച്ച് കുരുക്ഷേത്രത്തെക്കുറിച്ച് പഠിക്കട്ടെ…വേഗം വേഗം….

വായുമുഖ്യരും സിൽബന്ധികളും മുമ്പടി പുറകടി വന്നവരോട് ഒരു റൗണ്ടടിച്ച ശേഷം  ആകെ തലക്കുള്ളിൽ ഓളം കയറ്റി …. നാഗപ്പൂരു കാലിയാക്കി..

പുരാണങ്ങളെല്ലാം……  മുൻ ഗാമികളുടെ ആകാശയാത്രകളെക്കുറിച്ചും പ്രതിരോധമുഖ്യന്മാരുടെ ഉപദേശം അവഗണിച്ചുകൊണ്ട് സിൽബന്ധികളും മേഘസന്ദേശമന്വേഷിച്ച് പായുന്നു.

സീൻ മൂന്ന്

E = MC 2 നു പുതിയ വ്യാഖ്യാനം കണ്ടുപിടിച്ചതായി പുരാണങ്ങളെ ഉദ്ധരിച്ചു പ്രഖ്യാപിച്ചുകൊണ്ട് രാജാവ് ഗോക്കളുടെ അകമ്പടിയോടെ ഹിമാലയത്തിൻ്റെ സെറ്റിട്ട ഒരു കുന്നിൽ കയറിനിന്ന് മാലോകരോട് ഉച്ചത്തിൽ ചിലത് സംപ്രേക്ഷണം ചെയ്യുന്നു.

സീൻ നാലു

കൊട്ടാരത്തിലേക്ക് കയറുന്ന ഓരോരുത്തരും മേഘസന്ദേശങ്ങളുടെ കെട്ടുകൾ തലയിലേന്തി ഗോഡൗണുകളിലേക്ക് പായുന്നു. രാജാവ് നോക്കി നിൽക്കെ വിദൂഷകൻ ആനന്ദത്താൽ തലയറഞ്ഞ് ചിരിച്ച് കപ്പാനായി പരവതാനി തുരന്ന് മണ്ണന്വേഷിക്കുന്നു. അയാൾ ഉച്ചത്തിൽ ഇങ്ങനെ പറയുന്നു
വിദൂഷകൻ : പ്രഭോ അന്താരാഷ്ട്രതലത്തിൽ വാർത്തയായിരിക്കുകയാണു .
രാജാവ് : നാം എന്തു ചെയ്താലും വാർത്തയാണല്ലോ..ന്യൂട്ടൻ്റെ തിയറി നാം പുനർനിർവ്വചിച്ചത് ഓർമ്മ വരുന്നില്ലേ
വിദൂഷകൻ : എല്ലാം രേഖപ്പെടുത്തുന്നുണ്ട് പ്രഭോ..ഒരു പത്രക്കാരൻ…. വിദേശ പത്രക്കാരൻ ടെലഗ്രാഫ് എന്ന ഓലയിൽ നമുക്കുവേണ്ടി എഴുതിയിരിക്കുന്നു. ഈ തിയറിയിലും അങ്ങ് ലോകശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണു പ്രഭോ…

രാജാവ് : ( ആകാംക്ഷയോടെ ) എന്താണുവേ പറയ് പറയ്..

വിദൂഷകൻ : അങ്ങേക്ക് ഒരു പുതിയ ബിരുദം അദ്ദേഹം തന്നിരിക്കുകയാണു..അതിൻ്റെ വിശദാംശങ്ങൾ ഓലയിലുണ്ട്..
രാജാവ് : ഹാ….ഹ… ഇപ്പോഴും നമ്മുടെ ഒളി മങ്ങിയിട്ടില്ല…അതിരിക്കട്ടെ എന്താണു അദ്ദേഹം എഴുതിയിരിക്കുന്നത്….
വിദൂഷകൻ : ആണവോർജ്ജം സ്വന്തമാക്കിയ ഒരു ദേശത്തെ രാജാധിരാജൻ പുതിയ തിയറി കണ്ടെത്തിയ വാർത്തയാണു പ്രഭോ ..ഇത്രയും വിവരങ്ങളൊക്കെയുള്ള ഒരു രാജൻ ആണവോർജ്ജത്തെ ഉപയോഗിക്കുന്നതിലും ഇത്രയും വലിയ ബുദ്ധിയായിരിക്കുമല്ലോ ഉപയോഗിക്കുന്നത് എന്നൊക്കെ ആശങ്കയുണ്ട് പ്രഭോ…..

Read Also  ഇത് രാഹുൽ ഗാന്ധിയാണ് നിങ്ങളുടെ പപ്പുവല്ല ; രഘുനന്ദൻ എഴുതുന്നു

രാജാവ് ഇരുകൈകളും ഉയർത്തി ഹല്ലേലൂയ മാതൃകയിൽ ആരവം മുഴക്കുന്നു. രാജാവിൻ്റെ മുഖം സ്ക്രീനിൽ നിറയുന്നു.. തുടർച്ചയായ പൊട്ടിച്ചിരി….ആ പൊട്ടിച്ചിരി രാജ്യമെങ്ങും ലൈവായി മേഘസന്ദേശമയച്ചുകൊണ്ടിരിക്കുന്ന
ഗ്രാഫിൽ സീൻ ഡിസോൾവ് ചെയ്യുന്നു –   പി കെ സി പവിത്രൻ

* റഡാറേന്ദ്രമോദി – പദപ്രയോഗം കടപ്പാട് : ദ ടെലഗ്രാഫ് ദിനപത്രം

 

LEAVE A REPLY

Please enter your comment!
Please enter your name here