Wednesday, January 19

ശബരിമല ; ത്രിശങ്കുവിൽ ബി ജെ പി ; ‘എന്തിനീ ചെയ്യേണ്ടൂ നാം നിന്തിരുവടി ചൊന്നാൻ’

ശബരിമലയിലെ പതിനെട്ടുപടിയും പിടിച്ചു കയറാൻ പതിനെട്ടടവും പയറ്റിനോക്കിയ കാവിപാർട്ടി ദേ കിടക്കുന്നു മൂക്കുംകുത്തി ശൂ….ന്നു താഴേയ്ക്ക്. കിട്ടിയ അവസരം മുതലാക്കാൻ ശ്രമിച്ചാണ് രംഗത്തിറങ്ങിയത്. പക്ഷെ അവസരമെല്ലാം തുലച്ചുകളഞ്ഞത് അവർ തന്നെയാണെന്നാണ് നേതാക്കന്മാരുടെ ഉള്ളിന്റെ ഉള്ളിലെ സ്വയംവിമർശനം. ഇതുപോലൊരു സുവർണാവസരം മുതലാക്കാൻ പാർട്ടിക്ക് ഇനിയൊരവസരം കിട്ടില്ലെന്നും വീണുകിട്ടിയ അവസരം മുതലെടുക്കണമെന്നും അണികളോട് ഉത്തരവിട്ട നേതാവ് തന്നെ പറഞ്ഞത് വിഴുങ്ങാനും പിന്നെ അത് പുനരാഖ്യാനം ചെയ്യാനും മെനെക്കെട്ടിട്ടും വലിയ ഫലമൊന്നുമുണ്ടായില്ല. പോലീസാണെങ്കിൽ നേതാക്കളെയൊക്കെ അകത്തിട്ടും കേസെടുത്തുമൊക്കെ ഒതുക്കുകയാണ്. ഇപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ശ്രീധരൻ പിള്ള നെട്ടോട്ടത്തിലാണെന്നാണ് അണിയറയിൽ കേൾക്കുന്നത്

സി പി എമ്മിന് ഓപ്‌ഷനുകൾ ധാരാളം. ഏതും തെരഞ്ഞെടുക്കാം. ഘടകകക്ഷികൾ ഒപ്പമുണ്ട്. ഇക്കാര്യത്തിൽ പിണറായിയുടെ നയം അതെ രീതിയിൽ തന്നെ എൽ ഡി എഫും പിന്തുടരുന്നുണ്ട്. പതിവുപോലെ സി പി ഐയുടെ പാര അവർക്ക് ഈ വിഷയത്തിൽ നേരിടേണ്ടിവരുന്നില്ല. എൽ ഡി എഫിന്റെ പിൻബലം കോടതിവിധി തന്നെയാണ്. സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ചാൽ മതി. ഒരു വിമര്ശനവുമുണ്ടാകില്ല. അപ്പോൾ അതുവഴി ഉദാത്തമായ ഭരണഘടനയോടുള്ള കൂറും പ്രഖ്യാപിക്കാം. ഭക്തർക്ക് വിരോധമെങ്കിൽ വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാനും കഴിയും. അതിനും വലിയ വിമര്ശനങ്ങളുണ്ടാകാൻ സാധ്യതയില്ല. എന്തൊക്കെയായാലും പലപ്പോഴുമെന്നപോലെ ആദ്യഘട്ടത്തിൽ മുഖ്യനെ തെറി വിളിച്ച ജനം ഇപ്പോൾ പതിയെ അദ്ദേഹത്തിന്റെ ഇച്ഛാശക്തിയെ പുകഴ്ത്തുന്ന കാഴ്ച കാണുന്ന സംഘപരിവാർ മരിച്ചു വീഴുന്നില്ലെന്നേയുള്ളൂ. തെറി വിളിച്ച നാവുകൊണ്ടുതന്നെ ജനം പിണറായിയെ സ്തുതിക്കുന്നതു കേട്ട് അമർഷം അടക്കിവെച്ചു ചമ്മി നാറി സ്ഥലം കാളിയാക്കുകയാണ് ഇപ്പോൾ ബി ജെ പി ചെയ്തുകൊണ്ടിരിക്കുന്നത്. ചാനലുകളിലെ ചർച്ചയ്ക്ക് ശ്രോതാക്കളില്ലാത്ത അവസ്ഥയായി. ആവേശത്തോടെ ചർച്ചയ്ക്ക് കാത്തുകൊടുത്ത ബി ജെ പി അനുയായികൾ ഇപ്പോൾ മുറുമുറുത്തുകൊണ്ടു ചാനൽ മാറ്റുന്ന കാഴ്ചയാണ് എങ്ങും കാണുന്നത്.

 

അങ്ങ് വടക്കു രാമനെയും തെക്ക് അയ്യപ്പനെയും കളത്തിലിറക്കാം എന്നാണല്ലോ നേതാവിന്റെ അജണ്ട. എന്നാൽ അമിത് ഷാ അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ ഇരുന്നു അരുളുന്നതുപോലെയല്ല കാര്യങ്ങൾ, ഇവിടത്തെ കാര്യം അയാൾക്ക് എന്തറിയാം, അങ്ങേർക്ക് അവിടെയിരുന്നു മൊഴിഞ്ഞാൽ മതിയല്ലോ എന്നാണ് നേതൃത്വത്തിന്റെ മുറുമുറുപ്പുകൾ. ജയിലിൽ കിടക്കാൻ ആളുകള് തയ്യാറാവണ്ടേ . ഇപ്പോൾതന്നെ സുരേന്ദ്രൻ അകത്തായ ശേഷം പാർട്ടി തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപം ഉന്നയിച്ചപ്പോഴാണ് എതിരാളിയായ ശ്രീധരൻ പിള്ള രംഗത്തിറങ്ങിയത്. ഇതേക്കുറിച്ചു സുരേന്ദ്രനും നല്ല ബോധ്യമുണ്ട്. തന്നെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞതിൽ പ്രതി ചേർത്തത് സി പി എമ്മിനെ മാത്രമല്ല ശ്രീധരൻ പിള്ള ഗ്രൂപ്പിനെക്കൂടിയാണ്. തന്റെ സ്ഥാനം തട്ടിയെടുത്ത് ശ്രീധരൻ പിള്ള കയറിവന്നതുതന്നെ സുരേന്ദ്രനിൽ അമർഷം പുകഞ്ഞിരുന്നല്ലോ. ഇങ്ങനെ രണ്ടുകയ്യുംവിട്ടു നിൽക്കുമ്പോഴാണ് കിട്ടിയ അവരം മുതലാക്കാനായി സുരേന്ദ്രനും രംഗത്തിറങ്ങിയത്. ഫലമോ അതിത്തിരി കടുംവെട്ടായിപ്പോയി. ഇതിൽ മറുഗ്രൂപ്പ് ഉള്ളുകൊണ്ട് സന്തോഷിക്കുന്നുണ്ടെങ്കിലും നാമജപസമരത്തിൽ അവരും വഴിയറിയാതെ സന്നിധാനത്ത് ചെപ്പുകൊട്ടി കളിക്കുകയാണ്. അതൊട്ട് ക്ലെച്ചു പിടിക്കുന്നുമില്ല.

Read Also  സംഘമിത്രങ്ങളെ ഓരോ മനുഷ്യനും താഴ്ന്ന നിലവാരത്തിൽ നിന്നും ഉയർന്നു വന്നവരാണ്

കേന്ദ്രന്മാരെ ഓരോരുത്തരായി ഇറക്കുമെന്ന് പറഞ്ഞു. അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെ  തുടക്കം തന്നെ കുളമായി. അയാള് വന്നു കക്കൂസ് വിചാരണ നടത്തിയതോടെ ശബരിമല സമരം ആകെ നാറി. ജനം  ട്രോളോട് ട്രോള്..അപ്പോഴാണ്‌ പൊന്നിന്റെ വരവ്. ഒരുമാതിരി വില്ലേജാപ്പീസരു ശിപായിയെ ചോദ്യം ചെയ്യുന്നതുപോലെ അങ്ങേരു പോലീസിനെ ചോദ്യം ചെയ്തു സ്വയം നാറി. കണ്ടുനിന്നവര്‍ക്കൊന്നു കയ്യടിക്കാന്‍പോലും സന്ദര്‍ഭം ഒത്തുവന്നില്ല. അതോടെ കേന്ദ്രന്മാരുടെ വരവ് അവിടെ നിലച്ചുവെന്നാണ്  സംസാരം..      

മാത്രമല്ല ശബരിമലയിൽ ഹൈക്കോടതിയും മൂവർസംഘത്തിലൂടെ കാര്യങ്ങൾ നിരീക്ഷിക്കുന്നതോടെ പോലീസും കര്ശനനിലപാട് സ്വീകരിച്ചിരിക്കുകയാണ്. 144 തുടരാന്‍ കോടതി  പറഞ്ഞത് പോലീസിനു ആവേശമായി.  ചുരുക്കത്തിൽ ആർ എസ് എസിന്റെയും ഹിന്ദുത്വക്കാരുടെയും ഗൂഢപദ്ധതികൾ പാളിയെന്നർത്‌ഥം. സുപ്രീം കോടതിക്കെതിരെ നിലപാടെടുക്കാൻ കേന്ദ്രത്തിനു കഴിയില്ലെന്നിരിക്കെ അവിടെനിന്നും പരസ്യപിന്തുണ കിട്ടില്ലെന്നുറപ്പായി. അതും പ്രതിസന്ധി മൂർച്ഛിച്ചു. ഇപ്പോൾ തന്നെ അണികൾ സമരത്തിൽനിന്നും വിട്ടുനിൽക്കുകയാണ്. അകത്തുകിടക്കുന്ന വലിയ നേതാക്കളെയൊക്കെ കാണാൻ നേതാക്കളെത്തും. അണികൾക്ക് ആരുമില്ലാത്ത അവസ്ഥയാണെന്ന് പരക്കെ പിറുപിറുക്കലുകളും തുടങ്ങിയിട്ടുണ്ട്. ശശികലയെ അകത്തിട്ടപ്പോൾ കിട്ടിയ ജനപിന്തുണയൊന്നും പിന്നെ കിട്ടിയതുമില്ല. മാത്രമല്ല പ്രതിഷേധക്കാരെ നേരിടാൻ പോലീസ് സ്വീകരിച്ച കൂട്ടഅറസ്റ്റു നടപടി ഏശിയ മട്ടാണ്‌. സംഘ്പരിവാറുകാര് പോലും സൂത്രത്തിൽ പിൻ വലിയുന്ന കാഴ്ചയാണ്. അകത്തുകിടക്കാൻ ആരും മുന്നോട്ടുവരുന്നില്ല. അതാണ്‌ പ്രശ്നം. 

മുന്തിയ നേതാവായ സുരേന്ദ്രന് നേരെ നിവർന്നു നിൽക്കാൻ നേരമില്ല. കോടതിയിൽ നിന്നും കോടതികളിലേയ്ക്ക് ഓടെടാ ഓട്ടത്തിലാണ് അദ്ദേഹം. എപ്പോൾ പുറത്തിറങ്ങാൻ കഴിയുമെന്ന് ഒരു രൂപവുമില്ല. ഈ സാഹചര്യത്തിൽ സമരത്തിന് ആര് വരാനാണ്. എങ്ങനെയെങ്കിലും മണ്ഡല കാലംവരെയെങ്കിലും ഇത് തള്ളിക്കൊണ്ട് പോകാൻ കഴിയുമോ എന്ന് ഒരുറപ്പുമില്ല. ഇപ്പോൾ തന്നെ സമരം രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന വിശ്വാസം അയ്യപ്പഭക്തരിൽ പരക്കെ ഉണ്ടായിത്തുടങ്ങിയതും ബി ജെ പി ക്ക് തിരിച്ചടിയായിരിക്കുകയാണ്. എങ്ങനെ ഇതിൽ നിന്ന് തലയൂരാൻ കഴിയുമെന്ന് ചിന്തിച്ചു പുകഞ്ഞു പുകഞ്ഞു കത്തുകയാണ് സംഘപരിവാർ സംഘം. ഇനി ഇതില്നിന്നൂരാന്‍  മോദിയോ ഭഗവാന്‍ സാക്ഷാല്‍ ഭാഗവതോ എന്തെങ്കിലും വഴികാട്ടി തരുമോ എന്നു ഉറ്റുനോക്കുകയാണ് സംസ്ഥാനദളപതിമാര്‍.   ഇപ്പോൾ ഗോളടിച്ചിരിക്കുന്നത് മുഖ്യമന്ത്രി തന്നെയാണ്. എതിരാളികൾ എത്രയൊക്കെ വിമർശിച്ചാലും പ്രളയത്തിലും ശബരിമലയിലും പിണറായിവിജയം ബാലെ തന്നെയാണ് ജനപ്രിയമായി ഓടിക്കൊണ്ടിരിക്കുന്നത്

Spread the love

17 Comments

Leave a Reply