Sunday, January 16

ഖത്തറിനെതിരെ സൗദി ഉപരോധം ശക്തമാകുന്നു

ഖത്തറിനെതിരേയുളള ഉപരോധം വീണ്ടും കടുപ്പിച്ച് ഖത്തറിനെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താനുളള സൗദിയുടെ നീക്കം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ കനാല്‍ നിര്‍മിച്ച് ഖത്തറിനെ ദ്വീപാക്കി മാറ്റാനുള്ള ശ്രമം സൗദി കൂടുതല്‍ ഊര്‍ജിതപ്പെടുത്തിയാതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച സൗദി അധികൃതര്‍ ഇതുസംബന്ധിച്ച് വ്യക്തമായ സൂചന നല്‍കിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മുഖ്യഉപദേഷ്ടാവ് അല്‍ ഖത്വാനി ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ട്വിറ്ററില്‍ കുറിച്ചത്. സാല്‍വ ദ്വീപ് പ്രോജക്ട് സംബന്ധിച്ച വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

രാജ്യത്തിന്റെ ഭൂഘടന വരെ മാറ്റുന്ന ചരിത്രപരമായ തീരുമാനമായിരിക്കും ഇതെന്നും ആണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഖത്തറിന്റെ രാജ്യാതിര്‍ത്തിയില്‍ 60 കിലോമീറ്റര്‍ ദൈര്‍ഘ്യവും 200 മീറ്റര്‍ വീതിയുമുള്ള കാനാലാണ് സൗദി നിര്‍മിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് സൗദി ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 750 മില്ല്യണ്‍ ഡോളറിന്റെ ചിലവ് വരുന്ന പദ്ധതിയാണിതെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്.

കനാല്‍ പദ്ധതി നടപ്പാക്കുന്നതോടെ ഖത്തര്‍ സൗദി ഉപഭൂഖണ്ഡത്തില്‍ നിന്ന് വേറിട്ട് ഒരു ദ്വീപായി മാറും. ഖത്തറിന് മേല്‍ സൗദി സഖ്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം 14 മാസം പിന്നിടുമ്‌ബോഴാണ് അടുത്ത ആഘാതവുമായി വീണ്ടും സൗദി രംഗത്തെത്തുന്നത്. ഖത്തര്‍, ഭീകരവാദത്തെ പിന്തുണയ്ക്കുന്നെന്നും ഇറാനുമായി അടുത്ത ബന്ധമുണ്ടെന്നും എന്നാരോപിച്ച് സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ ഖത്തര്‍ നിരസിക്കുകയായിരുന്നു.

Spread the love
Read Also  സൗദിയിൽ ചരിത്രം; സ്ത്രീകൾ വാഹനവുമായി നിരത്തിൽ