Monday, January 24

ഉപരോധങ്ങളുണ്ടായാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരും: അമേരിക്കയോട് സൗദി

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനം സംബന്ധിച്ച് തങ്ങള്‍ക്കെതിരെ ഉപരോധങ്ങളുണ്ടായാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സൗദി അറേബ്യ. ഏതെങ്കിലും തരത്തില്‍ സാമ്പത്തിക വിലക്കുകള്‍ ഏര്‍പ്പെടുത്തിയാല്‍ തിരിച്ചും തക്ക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുമെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു. ഖഷോഗി വധിക്കപ്പെട്ടുവെന്ന് തെളിഞ്ഞാല്‍ സൗദി അറേബ്യയ്ക്കെതിരേ ശിക്ഷാനടപടികളുണ്ടാകുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് സൗദിയുടെ പരാമര്‍ശം.

ഒക്ടോബര്‍ രണ്ടിനാണ് ഈസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെത്തിയ സൗദിവിമര്‍ശകനും വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ഖഷോഗിയെ ദൂരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്. ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സാമ്ബത്തിക ഉപരോധങ്ങളിലൂടെയോ രാഷ്ട്രീയസമ്മര്‍ദങ്ങളുടെയോ നടത്തുന്ന ഭീഷണികളെ തള്ളിക്കളയുന്നുവെന്ന് സൗദിഭരണകൂടത്തിലെ പേര് വെളിപ്പെടുത്താത്ത ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു. ഖഷോഗിയെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ സഹകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് തുര്‍ക്കി ബ്രിട്ടനെ സമീപിച്ചതും സൗദിയെ ചൊടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ അന്വേഷണോദ്യോഗസ്ഥര്‍ക്ക് കോണ്‍സുലേറ്റിനുള്ളില്‍ കയറി പരിശോധന നടത്തുന്നതിന് സൗദി അനുവാദം നല്‍കുന്നില്ലെന്നും തുര്‍ക്കി ആരോപിച്ചു.

ഇക്കാര്യം ചര്‍ച്ച ചെയ്യാനായി തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലൂത് കാവുസോഗ്ലു തിങ്കളാഴ്ച ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെറെമി ഹണ്ടുമായി കൂടിക്കാഴ്ച നടത്തും. ഖഷോഗ്ഗി കൊല്ലപ്പെട്ടുവെന്ന് തെളിയിക്കുന്ന രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി തുര്‍ക്കി നേരത്തേ അവകാശപ്പെട്ടിരുന്നു. അതേസമയം സംഭവം വിവാദമായതോടെ സൗദിയുമായുള്ള വ്യാപാര ഇടപാടുകള്‍പോലും മറ്റു രാജ്യങ്ങള്‍ റദ്ദാക്കി. റിയാദില്‍ 23 മുതല്‍ നടക്കാനിരുന്ന ഉച്ചകോടിയില്‍നിന്ന് പ്രമുഖ കമ്പനികള്‍ പിന്‍മാറി. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് (എഫ്ഐഐ) ഉച്ചകോടിയില്‍നിന്ന് ബ്രിട്ടീഷ് സംരംഭകന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍, യൂബര്‍, ബ്ലൂംബര്‍ഗ്, സിഎന്‍എന്‍ തുടങ്ങിയവര്‍ പിന്‍വാങ്ങിയിരുന്നു. റിയാദ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ എക്കാലത്തെയും വലിയ ഇടിവും സംഭവിച്ചു.

Spread the love
Read Also  സൗദി അരാംകോയുടെ എണ്ണ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ തീവ്രവാദ ഡ്രോൺ ആക്രമണം

Leave a Reply