Friday, May 27

ഖഷോഗി വധം ; സൗദി കിരീടാവകാശിയുടെ കുരുക്ക് മുറുകുന്നു, യു എസ് അട്ടിമറി നടക്കുമോ ?

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധത്തോടനുബന്ധിച്ചുള്ള യു എസ്  സൗദി അറേബ്യന്‍ ഭരണകൂടത്തോട് പുലര്‍ത്തുന്ന നയത്തില്‍ മാറ്റം വരുത്തുമോ എന്ന് രാജ്യാന്തര സമൂഹം ഉറ്റുനോക്കുകയാണ്. പ്രത്യേകിച്ചും തുര്‍ക്കി കടുത്ത നിലപാടുകളെടുക്കുന്ന സാഹചര്യത്തില്‍ യു എസിന് നിലപാട് കടുപ്പിക്കേണ്ടിവരും. സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍റെ ഉത്തരവ്‌ പ്രകാരമാണ് ഖഷോഗിയെ വധിച്ചതെന്നു സി ഐ എ  രണ്ടു ദിവസം മുമ്പാണ്  കണ്ടെത്തിയത്. ഇതിനോടനുബന്ധിച്ചു   കൂടുതലോന്നും വെളിപ്പെടുത്താന്‍ യു എസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ്‌ തയ്യാറായില്ല. ഇത് സംബന്ധിച്ചു പുറത്തുവന്ന ശബ്ദരേഖ കേട്ടില്ല എന്നാണു അദ്ദേഹം പറഞ്ഞത്. പക്ഷെ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്തുവന്നു കഴിയട്ടെ അപ്പോള്‍ തീരുമാനിക്കാം എന്നാണു ട്രംപ്‌ അറിയിച്ചിരിക്കുന്നത്.

സൗദി കിരീടാവകാശി സല്‍മാന്‍റെ കടുത്ത വിമര്‍ശകനായിരുന്ന ഖഷോഗിയെ നേരത്തെ ടാര്‍ജറ്റ് ചെയ്തിരുന്നു എന്ന് സൂചന കിട്ടിയിരുന്നതുകൊണ്ടാണ് അദ്ദേഹം അമേരിക്കയിലേയ്ക്ക് രക്ഷപ്പെട്ടത്. അമേരിക്കന്‍ പൗരനല്ലെങ്കിലും അവിടെ അഭയം തേടിയ ഒരു മാധ്യമപ്രവര്‍ത്തകന്‍റെ കൊലപാതകത്തിന്‍റെ സത്യാവസ്ഥ ജനങ്ങളെ അറിയിക്കേണ്ട ബാധ്യത പ്രസിഡണ്ടിനുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന്‍റെ രക്ഷാധികാരി ചമയുന്ന യു എസിന് എന്തുകൊണ്ടും ഈ കൊലപാതകത്തിന്റെ ചുരുളുകള്‍ നിവര്‍ത്തി ലോകജനതയെ  അറിയിക്കേണ്ട ബാധ്യതയുണ്ടെന്ന് അമേരിക്കയിലെ തന്നെ രാഷ്ട്രീയ നേതൃത്വവും കരുതുന്നു. കടുത്ത നിലപാട് എടുക്കണമെന്ന് ഡെമോക്രാറ്റ് അംഗങ്ങളില്‍ നിന്നും ചില അഭിപ്രായങ്ങള്‍ പുറത്തുവന്നുതുടങ്ങിയിട്ടുണ്ട്.  സല്‍മാന്‍  കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പിന്നെ  ട്രംപ്‌ എന്ത് നിലപാടായിരിക്കും  സ്വീകരിക്കുക എന്നാണു എല്ലാവരും ഉറ്റുനോക്കുന്നത്.

മദ്ധ്യപൂര്‍വ ദേശനയത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്ന സൗദി ഭരണകൂടത്തിനെതിരെ നിലപാടെടുക്കാന്‍ പ്രയാസമുണ്ടെങ്കിലും ‘മറ്റ്’ പോംവഴികളാണ് അമേരിക്കയുടെ മുന്നിലുള്ളത്. ഘട്ടം ഘട്ടമായി തന്ത്രപൂര്‍വ്വം നിലപാട് മാറ്റുക. കാരണം രാഷ്ട്രീയ – സാമ്പത്തികരംഗങ്ങളില്‍  വൈവിധ്യമാര്‍ന്ന  യു എസ് – സൗദി സഹകരണം പ്രസിദ്ധമാണ്.  അമേരിക്കന്‍ സമ്പദ്ഘടനയെ ബാധിക്കുന്ന തീരുമാനങ്ങള്‍ക്കൊന്നും ട്രംപ്‌ മുതിരില്ല. പ്രത്യേകിച്ചും മുസ്ലിങ്ങളുടെ മുഖ്യ ആരാധനാകേന്ദ്രമായ മക്ക സൗദിയില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ട് പെട്ടെന്നുള്ള നടപടികള്‍ക്കൊന്നും അദ്ദേഹം  ശ്രമിക്കില്ല.

  സ്വാഭാവികപ്രക്രിയയിലൂടെ പിന്നാമ്പുറത്തുള്ള ഇടപെടലുകളിലൂടെയാകും ആദ്യം ശ്രമം നടത്തുക.  സാധാരണഗതിയില്‍ ചെയ്യാറുള്ളതുപോലെ  ഭരണകൂട അട്ടിമറിക്കുള്ള സാധ്യത എന്തായാലും സൗദിയില്‍ എളുപ്പമല്ല.  അത്രയും കടുപ്പിച്ചുള്ള നിലപാട് എടുക്കണമെങ്കില്‍ മറ്റ് മധ്യപൂര്‍വദേശരാജ്യങ്ങളുടെ പിന്തുണ വേണം, മാത്രമല്ല പതിവ്പോലെ  സൈനിക നടപടിയില്‍ ലാഭം കൊയ്യാന്‍ കഴിയണം, അതാണ്‌ മുഖ്യം. 

കൊലപാതകം നടന്നത് തുര്‍ക്കിലാണ്. ഇസ്താന്‍ബൂളിലെ സൗദി കൊണ്‍സലെട്ടില്‍ നടന്ന കൊലപാതകം സംബന്ധിച്ച പരസ്പര വിരുദ്ധമായ വാര്‍ത്തകളാണ്  തുര്‍ക്കിയില്‍ നിന്നും സൗദിയില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം സല്മാനാണെന്നാണ്‌ തുര്‍ക്കിയുടെ നിലപാട്. പക്ഷെ ഏതാനും സൗദി ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ചു തടിയൂരാനാണ് സല്‍മാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. ഇങ്ങനെയൊക്കെയാണെങ്കിലും സൗദി ഭരണകൂടത്തിന്‍റെ അകത്തളങ്ങളില്‍ സല്‍മാനോട്‌ എതിര്‍പ്പുള്ളവര്‍ മുറുമുറുക്കലുകള്മായി ഇറങ്ങിയിട്ടുണ്ട് എന്നും വാര്‍ത്തകള്‍ പ്രചാരണത്തിലുണ്ട്. കാത്തിരുന്നു കാണാം, അത്ര തന്നെ.. 

Read Also  സൗദിയില്‍ വനിതകളുടെ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷാപ്രളയം

 

 

 

Spread the love

Leave a Reply