Saturday, January 22

സൗദിയില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ പുതുക്കി

ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ പുതുക്കി നിശ്ചയിച്ച് കൊണ്ട് പരിഷ്‌കരിച്ച ട്രാഫിക് നിയമാവലി സൗദി അറേബ്യ, സര്‍ക്കാരിന്റെ ഔദ്യോഗിക ബുള്ളറ്റിനായ ഉമ്മുല്‍ ഖുറാ പത്രത്തിലൂടെ അറിയിച്ചു. വാഹനാപകടങ്ങളും, ട്രാഫിക് നിയമ ലംഘനങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രാഫിക് നിയമത്തില്‍ നിരവധി ഭേദഗതിയോട് കൂടിയ നിയമാവലി പരിഷ്‌കരണം നടത്തിയത്.

പരിഷ്‌കരിച്ച നിയമാവലി പ്രകാരം ആളപായത്തിനും അംഗഭംഗത്തിനും ഇടയാക്കുന്ന വാഹനാപകടങ്ങള്‍ക്ക് കാരണക്കാരാകുന്ന ഡ്രൈവര്‍മാര്‍ക്ക് നാല് വര്‍ഷം വരെ തടവും രണ്ട് ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ 90 ദിവസത്തിനുള്ളില്‍ വീണ്ടെടുത്തില്ലെങ്കില്‍ ലേലം ചെയ്ത് വില്‍ക്കാന്‍ പുതിയ നിയമത്തില്‍ അനുശാസിക്കുന്നുണ്ട്. വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താത്ത ഉടമകള്‍ക്ക് 100 റിയാല്‍ മുതല്‍ 150 റിയാല്‍ വരെ പിഴ ചുമത്തും. ലൈസന്‍സില്ലാത്ത ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കും.

വാഹനങ്ങളില്‍ നിന്ന് പുറത്തേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയല്‍, ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയില്‍ പതുക്കെ വാഹനം ഓടിക്കല്‍, കാലാവധി തീര്‍ന്ന ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കല്‍, കുട്ടികള്‍ക്കുള്ള സുരക്ഷാ സീറ്റ് ഉപയോഗിക്കാതിരിക്കല്‍ തുടങ്ങിയവക്ക് 300 മുതല്‍ 500 വരെ റിയാല്‍ പിഴ ഈടാക്കും. റെഡ് സിഗ്‌നല്‍ കട്ട് ചെയ്യല്‍, കുട്ടികളെ കയറ്റുമ്‌ബോഴും ഇറക്കുമ്‌ബോഴും സ്‌കൂള്‍ ബസുകളെ മറികടക്കല്‍, എതിര്‍ ദിശയില്‍ വാഹനമോടിക്കല്‍, വാഹനങ്ങളില്‍ ഔദ്യേഗിക വാഹനങ്ങളിലേത് പോലുള്ള ഉപകരണങ്ങള്‍ ഘടിപ്പിക്കല്‍, മത്സരയോട്ടം എന്നീ നിയമ ലംഘനങ്ങള്‍ക്ക് 3000 മുതല്‍ 6000 റിയാല്‍ വരെ പിഴ ലഭിക്കും. വ്യാജ നമ്ബര്‍ പ്‌ളേറ്റ് ഉപയോഗിക്കല്‍, നമ്ബര്‍ പ്‌ളേറ്റ് മറയ്ക്കല്‍, മദ്യത്തിന്റേയോ മയക്കു മരുന്നിന്റെയോ ലഹരിയില്‍ വാഹനമോടിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്ക് 5000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെ പിഴ ചുമത്താനും പുതുക്കിയ നിയമാവലിയില്‍ നിഷ്‌കര്‍ഷിക്കുന്നു

 

Spread the love