Thursday, January 20

സൗദിയില്‍ വനിതകളുടെ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷാപ്രളയം

ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയ സൗദി അറേബ്യയില്‍ ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷാപ്രളയം. ലൈസന്‍സ് ലഭിക്കുന്നതിനായി ഇതിനകം 120,000 സ്ത്രീകള്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞതായി ഇന്റീരിയര്‍ മന്ത്രാലയം ഔദ്ധ്യോഗിക വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു. നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് അധികൃതരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അപേക്ഷ അയച്ച വനിതകളില്‍ ഭൂരിപക്ഷം പേര്‍ക്കും മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്തവരാണെന്ന് അല്‍ തുര്‍ക്കി ചൂണ്ടിക്കാണിച്ചു. പരിശീലനം ലഭിക്കാത്തവര്‍ സൗദിയില്‍ എമ്പാടുമുള്ള ഡ്രൈവിംഗ് സ്‌കൂളുകളെയാണ് ആശ്രയിക്കുന്നത്. വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് രാജ്യത്ത് എമ്പാടുമായി പ്രവര്‍ത്തിക്കുന്ന 22 കേന്ദ്രങ്ങള്‍ വഴി ഇവ സൗദി ലൈസന്‍സാക്കി മാറ്റാമെന്നും അദ്ദേഹം അറിയിച്ചു. മുന്‍പരിചയം ഇല്ലാത്തവര്‍ക്ക് ഡ്രൈവിംഗ് സ്‌കൂളില്‍ 30 മണിക്കൂര്‍ സമയത്തെ എങ്കിലും പരിശീലനം നിര്‍ബന്ധമാണ്. എന്നാല്‍ വിദേശത്ത് വാഹനമോടിച്ച് പരിചയമുള്ളവര്‍ക്ക് ആറ് മണിക്കൂര്‍ പ്രായോഗിക ഡ്രൈവിംഗ് നിര്‍ദ്ദേശങ്ങള്‍ മാത്രം സ്വീകരിച്ചാല്‍ മതിയാവും.
ഓടിക്കുന്ന വാഹനങ്ങള്‍ക്ക് അനുയോജ്യമായ സൗദി ലൈസന്‍സുള്ള സ്ത്രീകള്‍ക്ക് രാജ്യത്തെവിടെയും വാഹനമോടിക്കുന്നതിന് ഒരു നിയന്ത്രണവുണ്ടായിരിക്കില്ലെന്നും അല്‍ തര്‍ക്കി വ്യക്തമാക്കി. പുരുഷ ഡ്രൈവര്‍മാര്‍ക്കുള്ള നിയന്ത്രണങ്ങള്‍ മാത്രമേ സ്ത്രീകള്‍ക്കും ബാധകമാക്കു. ലൈസന്‍സുകളുടെ സാധുത ഉറപ്പാക്കുന്നതിനായി ട്രാഫിക് പോലീസ് ആയുധിനിക ബയോമെട്രിക് സാങ്കേതികവിദ്യകള്‍ ഉപയോഗിക്കും. പരിശീലനം സിദ്ധിച്ച നാല്‍പത് വനിത ബിരുദധാരികളെ അപകട അന്വേഷണത്തിനും പരിപാലനത്തിനുമുള്ള അസിസ്റ്റന്റ് ഇന്‍വെസ്റ്റിഗേറ്റേഴ്‌സായി നിയമിക്കും. വേണ്ട അനുഭജ്ഞാനം ലഭിക്കുന്നതോടെ ഇവരെ സ്വതന്ത്ര ഇന്‍വെസ്റ്റിഗേറ്റര്‍മാരാക്കും.
2018 ജൂണില്‍ വാഹനമോടിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുമെന്ന് 2017 സെപ്തംബറില്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജാവ് പ്രഖ്യാപിച്ചിരുന്നു. കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായിരുന്നു തീരുമാനം. എല്ലാ മേഖലയിലുമുള്ള സ്ത്രീ ശാക്തീകരണം സൗദി അറേബ്യയുടെ ഭാവി മാറ്റി മറിക്കും എന്ന് ഉദ്‌ഘോഷിക്കപ്പെടുന്ന വിഷന്‍ 2030ന്റെ അവിഭാജ്യഘടകമാണ്.

Spread the love
Read Also  മാളുകളിലെ സമ്പൂര്‍ണ സ്വദേശിവല്‍കരണ പദ്ധതി സൗദി വ്യാപിപ്പിക്കുന്നു

Leave a Reply