Monday, January 24

സൗദിയില്‍ തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍ നഗരത്തിന് പുറത്ത് സ്ഥാപിക്കണമെന്ന നിര്‍ദേശത്തിന് അംഗീകാരം

സൗദി അറേബ്യയില്‍ തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍ നഗരത്തിന് പുറത്ത് സ്ഥാപിക്കണമെന്ന നിര്‍ദേശം മന്ത്രിസഭായോഗം അംഗീകരിച്ചു. എന്നാല്‍, നിലവിലുള്ള താമസകേന്ദ്രങ്ങള്‍ക്ക് വ്യവസ്ഥ ബാധകമല്ലെന്നും യോഗം വ്യക്തമാക്കി. മുനിസിപ്പല്‍മന്ത്രാലയത്തിന്റെയും സാമ്പത്തികവികസനസമിതിയുടെയും ശുപാര്‍ശ പരിഗണിച്ചാണ് നഗരത്തിനുപുറത്ത് ലേബര്‍ ക്യാമ്പുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചത്. നഗരാതിര്‍ത്തിയില്‍ പുതിയ ലേബര്‍ക്യാമ്പുകള്‍ നിര്‍മിക്കാന്‍ ഇനിമുതല്‍ മുനിസിപ്പാലിറ്റികള്‍ അനുമതി നല്‍കില്ല. റിയാദ്, ജിദ്ദ, ദമാം തുടങ്ങിയ വന്‍ നഗരങ്ങളിലെ താമസകേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള തൊഴിലാളിക്യാമ്പുകള്‍ മാറ്റിസ്ഥാപിക്കണമെന്ന് മുനിസിപ്പല്‍ മന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇവര്‍ക്ക് ഒരു മാസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്. അല്‍ സലാം കൊട്ടാരത്തില്‍നടന്ന മന്ത്രിസഭായോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു. കേന്ദ്രബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സിയുടെ 54-ാമത് വാര്‍ഷികറിപ്പോര്‍ട്ട് മന്ത്രിസഭായോഗം അവലോകനംചെയ്തു. മികച്ച സമ്പദ്ഘടനയാണ് രാജ്യത്തിന്റേതെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടില്‍ മന്ത്രിസഭ സംതൃപ്തി രേഖപ്പെടുത്തി. സമാധാന ആവശ്യങ്ങള്‍ക്കുള്ള ബഹിരാകാശ പര്യവേക്ഷണത്തിന് സൗദിയും റഷ്യയും ഒപ്പുവെച്ച കരാറിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

Spread the love
Read Also  ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് യാത്ര എളുപ്പമാക്കാന്‍ പുതിയ പദ്ധതിയുമായി സൗദി ഹജ്ജ് മന്ത്രാലയം