Monday, May 17

സൌമിത്ര ചാറ്റർജിക്ക് പ്രണാമം ; സുനിൽ എഴുതുന്നു

സൌമിത്ര ചാറ്റർജിക്ക് പ്രണാമം

 

കുറസോവയ്ക്ക് മിഫൂണ്, ഫെല്ലിനിയ്ക്ക് മാസ്ട്രോയിനി, ഇന്മർ ബർഗ്മാന് മാക്സ് വോണ് സിഡോവ്, വെർണർ ഹെർസോഗിന് ക്ലോസ് കിന്സ്കി, കീസ്ലോവ്സ്കിക്ക് ജെർസി സ്റ്റർ എന്നിങ്ങനെ ലോകസിനിമയില് ചില സംവിധായക നടന് കൂട്ടുകെട്ടുകളുണ്ട്. (തമാശയ്ക്കെങ്കിലും പ്രിയദർശന് മോഹന്ലാല് കൂട്ടുകെട്ട് നമുക്കുമുണ്ടല്ലോ)

അത്തരത്തില് വിഖ്യാത ഇന്ത്യന് സംവിധായകന് സത്യജിത് റേയുടെ പതിനാല് സിനിമകളില് പ്രധാന നടനായിരുന്ന സൌമിത്ര ചാറ്റർജി എന്ന സൌമിത്ര ഛതോപാധ്യായ ഓർമ്മയായി. എണ്പത്തിയഞ്ച് വയസ്സായിരുന്നു. ഒക്ടോബർ ആറിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കല്ക്കട്ടയിലെ ബെല്ലെവ്യൂ നഴ്സിംഗ് ഹോമില് ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് അദ്ദേഹത്തെ നോണ് കോവിഡ് ഇന്റെന്സീവ് ട്രോമാ യൂണിറ്റിലേക്ക് മാറ്റിയിരുന്നു. എങ്കിലും രണ്ടാം ഘട്ട കോവിഡ് ബാധയെ തുർന്നായിരുന്നു മരണം. കുറച്ച് ദിവസമായി വെന്റിലേറ്ററില് ആയിരുന്നു.

2004ല് പത്മഭൂഷണും 2012 ല് ഇന്തയിലെ പരമോന്നത സിനിമാ അവാർഡായ ദാദാ ഫാല്ക്കെ അവാർഡും നല്കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1994ലെ ഫിലിം ഫെയർ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡും അദ്ദേഹത്തിനായിരുന്നു. 1999ല് കലാകാരന്മാർക്കുള്ള ഫ്രാന്സിലെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ് ലഭിച്ച ആദ്യ ഇന്ത്യന് കലാകാരനായി. കവി, നടന്, നാടകകൃത്ത്, നാടകസംവിധായകന്, ചിത്രകാരന് എന്നീ നിലകളിലെല്ലാം പ്രസിദ്ധനായിരുന്നു.

കല്കട്ടയുടെ പ്രാന്തപ്രദേശമായ സിയല്ദാ റെയില് വേ സ്റ്റേഷനടുത്തുള്ള മിർജാപൂർ തെരുവില് ( ഇപ്പോള് സൂര്യ സെന് സ്ട്രീറ്റ്)1935ലാണ് സൌമിത്ര ചാറ്റർജി ജനിച്ചത്. ജീവിതത്തിന്റെ ആദ്യ പത്തു വർഷം ജീവിച്ച പശ്ചിമബംഗാളിലെ നദിയ ജില്ലയിലെ കൃഷ്ണനഗർ അക്കാലത്ത് ദ്വിജേന്ദ്ര റായിയുടെ നാടകങ്ങളുടെ തിയേറ്റർ സ്വാധീനമുള്ള പ്രദേശമായിരുന്നു. സൌമിത്രയുടെ അപ്പൂപ്പന് അത്തരം ഒരു ഗ്രൂപ്പിന്റെ പ്രസിഡന്റായിരുന്നു. വക്കീലായിരുന്ന അച്ഛനും നാടകപ്രവർത്തനങ്ങളില് സജീവമായിരുന്നു. അങ്ങനെ സ്കൂള് പഠനകാലത്ത് തന്നെ സൌമിത്ര ചാറ്റർജി നാടകങ്ങളില് അഭിനയിച്ച് തുടങ്ങി. സ്കൂള് പഠനശേഷം അദ്ദേഹം അഭിനയത്തെ ഗൌരവതരമായ പഠനമേഖല ആക്കുകയായിരുന്നു.

കുടുംബം ഹൌറയിലേക്ക് മാറിയതിനെ തുടർന്ന് നിരവധി വർഷം അവർ സത്യജിത് റായിയുടെ ലേക് ടെമ്പിള് റോഡിലെ പഴയ അപ്പാർട്മെന്റില് കഴിഞ്ഞു. കല്കട്ട യൂണിവേഴ്സിറ്റിയില് ബംഗാളി ബിരുദാനന്തര ബിരുദ പഠനത്തിനൊപ്പം തന്നെ സൌമിത്ര ചാറ്റർജി ബംഗാളി തിയേറ്ററിലെ നടനും സംവിധായകനുമായ അഹീന്ദ്ര ചൌധരിയ്ക്കൊപ്പം അഭിനയവും പരിശീലിച്ചു.

പഠനത്കാലത്തിന്റെ അവസാനം ശിശിർ ഭാദുരിയുടെ നാടകം കണ്ടതോടെ അഭിനയമാണ് തന്റെ മേഖല എന്ന് തീരുമാനിക്കുകയായിരുന്നു അദ്ദേഹം. കൂട്ടുകാരന്റെ അമ്മയും നടിയുമായ ഷെഫാലിക പുടുല് വഴി ഭാദുരിയെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം മൂന്ന് വർഷത്തേക്ക് നാടകപ്രവർത്തനം നിർത്തി വെച്ചിരിക്കുകയായിരുന്നു. എങ്കിലും മൂന്ന് വർഷത്തോളം അവർ തമ്മില് സഹവസിക്കുക മൂലം സൌമിത്ര ചാറ്റർജി ശിശിർ ഭാദുരിയില് നിന്നും അഭിനയത്തിന്റെ ശില്പവേല പഠിക്കുകയുണ്ടായി. അതിനിടയില് ഭാദുരിയുടെ ഒരു നാടകത്തില് ചെറിയ വേഷം ചെയ്യുകയുമുണ്ടായി.

Read Also  ഇത്ര പെട്ടെന്ന് കടന്നു പോയതെന്തിന് സുശാന്ത് ?

പഠനശേഷം ആള് ഇന്ത്യാ റേഡിയോയില് അനൌണ്സറായി ജോലിക്ക് ചേർന്നെങ്കിലും അഭിനയമേഖലയില് അവസരങ്ങള് തേടുകയായിരുന്നു അദ്ദേഹം. അപരാജിതോയിലേക്ക് പുതുമുഖ നടീനടന്മാരെ തിരയുന്ന സമയത്ത് അദ്ദേഹം സത്യജിത് റായിയുമായി ബന്ധപ്പെട്ടു. റായിക്ക് സൌമിത്ര ചാറ്റർജിയെ നന്നായി ഇഷ്ടമായി. എങ്കിലും കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ ഇരുപതുകാരനായിരുന്നതിനാല് അപുവിന്റെ കൌമാരം അഭിനയിക്കുന്നതില് നിന്നും സത്യജിത് റായി സൌമിത്രയെ ഒഴിവാക്കി. അതേ സമയം തന്നെ കാർത്തിക് ഛതോപാധ്യായ സംവിധാനം ചെയ്യുന്ന നിലാചലേ മഹാപ്രഭുവിന്റെ സ്ക്രീന് ടസ്റ്റിലും സൌമിത്ര പുറത്തായി.

രണ്ട് വർഷത്തിന് ശേഷം അപുർ സന്സാർ (1959)നിർമ്മിച്ചപ്പോള് യുവാവായ അപുവിനെ അവതരിപ്പിക്കാന് സത്യജിത് റായി സൌമിത്രയെയാണ് തിരഞ്ഞെടുത്തത്. അങ്ങനെ ആദ്യ സിനിമയില് തന്നെ അഭിമാനാർഹമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന് സൌമിത്ര ചാറ്റർജിക്ക് കഴിഞ്ഞു. തുടർന്ന് അഭിജാന് (1962), ചാരുലത (1964), അരണ്യേർ ദിന് രാത്രി (1969), അഷാനി സങ്കേത് (1973), സോനാർ കെല്ല (1974), ജോയ് ബാബ ഫുലേനാഥ് (1978), ഹിരാക് രജർ ദേശേ (1980), ഘരേ ബൈരേ (1984), ശാഖ പ്രൊശാഖ (1990), ഗണശത്രു (1989) എന്നീ സിനിമകളിലെല്ലാം സത്യജിത് റായിയുടെ പ്രധാന അഭിനേതാവായിരുന്നു അദ്ദേഹം.

സത്യജിത് റായിയുടെ സിനിമകളില് മാത്രമല്ല, ബംഗാളിലെ മിക്ക സംവിധായകരുടെയും കലാമൂല്യമുള്ള സിനിമകളില് അദ്ദേഹം അഭിനയിക്കുകയുണ്ടായി. മൃണാല് സെന്നിന്റെ ആകാഷ് കുസും, തപന് സിന്ഹയുടെ ക്ഷുദിത പാഷാണ്, ജിന്ദേർ ബന്ദി, അതോങ്കോ, അസിത് സെന്നിന്റെ സ്വരലിപി, അജോയ് കറിന്റെ ഒടോല് ജോലർ അഹോബന്, സാത് പാകേ ബന്ധാ, പരിണീത, തരുണ് മസുംദാറിന്റെ സന്സാർ സിമന്തെ, മുതലായവയിലെല്ലാം അദ്ദേഹം അഭിനയിക്കുകയുണ്ടായി. 2016ല് അഭിനയജീവിതം അവസാനിപ്പിക്കുന്നത് വരെ 210ലധികം സിനിമകളില് അദ്ദേഹം അഭിനയിക്കുകയുണ്ടായി.

സിനിമയുടെ ലോകത്തിനും ബംഗാളിന്റെയും ഇന്ത്യയുടെയും സാംസ്കാരിക ലോകത്തിനും തീരാനഷ്ടമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സൌമിത്ര ചാറ്റർജിയുടെ മരണത്തോട് പ്രതികരിച്ച് ട്വീറ്റ് ചെയ്തത്. ഫെലു ദാ ഇനിയില്ല. അപു വിട പറഞ്ഞു, വിട സൌമിത്രാ (ദാ) ചാറ്റർജി എന്നാണ് മമതാ ബാനർജിയുടെ ട്വീറ്റ്.

Spread the love