Tuesday, July 14

സവർക്കറുടെ രാഷ്ട്രവും മസ്ജിദിലെ രാഷ്ട്രപതാകയും ; ആർ.സുരേഷ് കുമാർ എഴുതുന്നു

സവർക്കറിൽ തുടങ്ങി സവർക്കറിൽ അവസാനിക്കുന്ന സ്വാതന്ത്ര്യസമര ചരിത്രത്തിൽ അഭിരമിക്കുന്നവരാണ് ഇന്ന് ഇന്ത്യയുടെ മതനിരപേക്ഷ ഭരണഘടനക്ക് വെല്ലുവിളി ഉയർത്തുന്നത്. ഇന്ത്യൻഭരണഘടനയല്ല, മനുസ്മൃതിയിലെ നീതിശാസ്ത്രമാണ് സ്വതന്ത്രഇന്ത്യയിലെ ഭരണത്തിന്റെ അടിസ്ഥാനമാകേണ്ടതെന്ന് ശക്തിയുക്തം വാദിച്ചിരുന്നയാളാണ് സവർക്കർ. ദേശീയസ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികൾക്കും ഇന്ത്യയിലെ കോടിക്കണക്കായ ജനത്തിനും അന്നത് പരിഹാസ്യമായ, അപരിഷ്കൃതമായ ആവശ്യം മാത്രമായിരുന്നു.

ഭരണഘടനയിലെ ഓരോഭാഗവും സൂക്ഷ്മമായ സംവാദങ്ങൾക്ക് വിധേയമാക്കി സവർക്കറെപ്പോലുള്ളവരുടെ വാദഗതികളെ യുക്തിയുക്തം പ്രതിരോധിച്ചുകൊണ്ടുള്ള തീരുമാനങ്ങളിലേക്കും ഭരണഘടനാ വകുപ്പുകളിലേക്കുമാണ് ദേശീയ നേതാക്കൾ എത്തിച്ചേർന്നത്. നിരവധി പതിറ്റാണ്ടുകൾ കഴിഞ്ഞ് അന്നത്തെ ഭരണഘടനാ നിർമ്മാണസഭയിൽ ഉയർന്നുവന്ന വിഭാഗീയമായ ആവശ്യങ്ങൾ നിയമമാക്കുവാൻ അതേ ഭരണഘടനയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുമ്പോൾ അത്ഭുതപ്പെടുന്നത് ദേശീയസ്വാതന്ത്ര്യ സമരകാലത്തെ ജനകോടികളുടെ അടുത്തതലമുറകളിൽ വലിയൊരു വിഭാഗത്തിന്റെ ചിന്താഗതിയിലുണ്ടായിരിക്കുന്ന മാറ്റമാണ്.

നാടിന്റെ ചരിത്ര-സാംസ്കാരിക പാരമ്പര്യം സംരക്ഷിക്കുന്നവർ തങ്ങൾ മാത്രമാണെന്ന വിശ്വാസം ഭൂരിപക്ഷമത വിഭാഗക്കാർക്കിടയിൽ വളർത്തുവാൻ സവർക്കറുടെ അനുയായികളായവർക്കും അവരുടെ അനന്തര തലമുറയിൽപ്പെട്ടവർക്കും ഒരുപരിധിവരെ കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ വേദികളിൽ മിത്തുകളിലെ ഫാന്റസിയെ ചരിത്രമായി അവതരിപ്പിച്ചു കൊണ്ട് പുരാതനഇന്ത്യയെ സുവർണ കാലമെന്ന് മഹത്വവൽക്കരിച്ചു. വിഭജിച്ചുഭരിക്കുക എന്ന കൊളോണിയൽ തന്ത്രത്തിനിണങ്ങുന്നതത്തിൽ സാമ്രാജ്യത്വചരിത്രകാരന്മാർ ഇന്ത്യാ ചരിത്രത്തിന്റെ പുരാതനകാലത്തെ ഹിന്ദുരാജാക്കന്മാരുടെ ഭരണകാലമെന്നും, മധ്യകാലത്തെ ആക്രമണകാരികളുടെ ഇസ്ലാമിക ഭരണകാലമെന്നും, ആധുനികകാലത്തെ ഇന്ത്യയെ രക്ഷിക്കാനെത്തിയ യൂറോപ്യന്മാരുടെ ഭരണകാലമെന്നുമൊക്കെ അവതരിപ്പിച്ച് പഠിപ്പിക്കാൻ തുടങ്ങിയത് യഥാർത്ഥത്തിൽ സവർക്കറുടെ വിശ്വാസസംഹിതക്കാർക്ക് കൂടുതൽ സൗകര്യവുമായി.

പൗരസ്ത്യ പഠനങ്ങൾക്കെന്നപേരിൽ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംസ്കൃത ഗ്രന്ഥങ്ങളെ മുൻനിർത്തി ചില യൂറോപ്യന്മാരും ഇന്ത്യയിൽ ഒരിക്കൽ പോലും വരാത്ത ജർമ്മനിക്കാരനായ മാക്സ്മുള്ളറും ഇവിടത്തെ സാമൂഹിക യാഥാർത്ഥ്യങ്ങളറിയാതെ എഴുതിപ്പിടിപ്പിച്ച കാര്യങ്ങൾ പലവേദികളിലും ഹിന്ദുത്വആശയ പ്രചാരണങ്ങളെ വളരെയേറെ സഹായിക്കുകയും അവക്ക് വിശ്വാസ്യത നൽകുകയും ചെയ്തു. പുതിയ തലമുറക്കിടയിൽ വിഭാഗീയമായ ചരിത്രബോധം സൃഷ്ടിച്ചുനൽകുന്നതിൽ സവർക്കറുടെ പിൻമുറക്കാർ ഒരു പരിധിവരെ വിജയിക്കുകയും കേന്ദ്രത്തിൽ ഭരണം കയ്യാളിയിരുന്ന കോൺഗ്രസിന്റെ ജനവിരുദ്ധ നയങ്ങളും കൊടിയഅഴിമതിയും അതിരുവിടുകയും ചെയ്തപ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവൽക്കാർ ഞങ്ങളാകാം എന്ന പ്രചാരണവുമായി വർഗീയതയുടെ വക്താക്കൾ രാഷ്ട്രീയത്തിന്റെ മുഖ്യധാരയെ നയിക്കാനെത്തി.

ടെലിവിഷൻ വ്യാപകമാവുകയും രാമായണം സീരിയൽ സംപ്രേഷണമാരംഭിക്കുകയും ചെയ്തതോടെ ഇന്ത്യയിലെ സാധാരണക്കാരായ ഹിന്ദുവിശ്വാസികൾക്കിടയിൽ മതവും രാഷ്ട്രീയവും ഇടകലരുന്ന പൊതുബോധം വ്യാപകമായിത്തുടങ്ങുകയും ചെയ്തിരുന്നു. പിന്നീട് മഹാഭാരതം, ചാണക്യൻ തുടങ്ങിയ പരമ്പരകൾ അതിന് ആക്കംകൂട്ടി.

ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ആദർശങ്ങളെ അടിസ്ഥാനപ്പെടുത്തുന്ന രാഷ്ട്രീയപൊതുബോധത്തിൽ നിന്ന് അടിസ്ഥാനപരമായ മാറ്റമാണ് പിന്നീട് ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരുന്നത്. (ശാഖകൾ, ശിബിരങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിന്ന് ചരിത്രത്തിന്റെ അപനിർമ്മാണം സ്കൂൾതലം മുതൽ ഉന്നതവിദ്യാലയങ്ങൾവരെ എത്തിയെന്നതും അന്ധവിശ്വാസങ്ങളെ ശാസ്ത്രമെന്ന പേരിൽ പ്രചരിപ്പിക്കാൻ തയ്യാറാവുന്ന വരെയും ഏകാധിപത്യവാസനയുള്ളവരെയും വൈസ് ചാൻസലർ തലങ്ങളിലും ഉന്നത ഭരണഘടനാപദവികളിലും അവരോധിക്കുന്ന പ്രവണത കൂടുന്നുവെന്നതും അത്തരം രാഷ്ട്രീയ മാറ്റത്തിന്റെ ഭാഗമായിട്ടുവേണം കാണാൻ).

Read Also  'ഞങ്ങൾ ഹിന്ദുക്കൾ 80 ഉം നിങ്ങൾ വെറും 17 ശതമാനവുമാണ് ഓർമ വേണം ; ബി ജെ പി എം എൽ എ യുടെ വർഗ്ഗീയ വീഡിയോ

കേരളത്തിൽ പോലും നായകനും വില്ലനും ഒന്നാകുന്ന സവർണ ഫ്യൂഡലിസ്റ്റ് കഥാപാത്രങ്ങളിലൂടെ സിനിമാതാരങ്ങൾ, പ്രത്യേകിച്ച് മോഹൻലാൽ ഒരുക്കിനൽകിയ സവർണരാഷ്ട്രീയ ബോധമണ്ഡലം നാടിന്റെ പുരോഗമന കാഴ്ചപ്പാടിന് എത്രത്തോളം തിരിച്ചടിയായിത്തീർന്നു എന്നത് വിസ്മരിക്കാനാവില്ല. സാമൂഹികമാധ്യമങ്ങൾ വ്യാപകമായതോടെ അത്തരം ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്ന വ്യാജചരിത്ര നിർമ്മിതികളെ യുവാക്കളിൽ നല്ലൊരു വിഭാഗം യഥാർത്ഥ ചരിത്രമായി വിശ്വസിക്കാൻ തുടങ്ങുകയും ചെയ്തതോടെ സവർക്കർ സ്വപ്നം കണ്ട ഇന്ത്യയിലേക്കുള്ള പ്രയാണത്തിന് വേഗം കൂടുകയും ചെയ്തു.

ഇഷ്ടമില്ലാത്ത ഭരണഘടനയുടെതന്നെ വ്യവസ്ഥകൾക്ക് വിധേയമായി ജനാധിപത്യക്രമങ്ങളിലൂടെ ഭരണാധികാര സ്ഥാനങ്ങളിലെത്തുകയും അവിടെയിരുന്നുകൊണ്ട് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ ഭരണഘടനാ വഴികളിലൂടെ തന്നെ തകർക്കുകയും ചെയ്യുകയെന്ന ഗൂഢമായ തന്ത്രങ്ങളിലേക്കാണ് സവർക്കറുടെ പിൻമുറക്കാർ പിന്നീട് നീങ്ങിയത്. രണ്ടാംമോഡി സർക്കാരിന്റെ കാലമായതോടെ അത് അതിവേഗം ബഹുദൂരമെന്ന ഉമ്മൻചാണ്ടിയുടെ മുദ്രാവാക്യത്തിന് തുല്യമായി മുന്നോട്ടു കുതിക്കുകയാണ്.

ഇപ്പോൾ തെരുവുകളിലുയരുന്ന പ്രതിഷേധ മുദ്രാവാക്യങ്ങളിലൊന്ന് ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ്. പ്രതിഷേധക്കാർ ഉയർത്തിപ്പിടിക്കുന്ന കൊടി ഇന്ത്യൻ ദേശീയതപതാകയാണ്. ജാതിമത രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറത്ത് ഇന്ത്യാക്കാരെ ഒരുമിപ്പിക്കുന്ന വിശുദ്ധ ഗ്രന്ഥം ഭരണഘടനയാണെന്ന തിരിച്ചറിവ് ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുള്ള ബഹുഭൂരിപക്ഷത്തിന് പുതിയ ദിശാബോധമായി മാറുന്നുവെണാണ് മനസ്സിലാക്കേണ്ടത്. സവർക്കറിന്റെ സ്വപ്നരാഷ്ട്ര സങ്കല്പത്തിന്റെ ശക്തിപ്പെടലിനെതിരെ മതപരമായ തീവ്രവാദമുയർത്തി പ്രതിരോധിക്കാമെന്ന് വിശ്വസിക്കുന്ന ന്യൂനപക്ഷ തീവ്രസംഘടനകൾ യഥാർത്ഥത്തിൽ അവർക്കെതിരായ വർഗീയതയെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്.

ക്രിക്കറ്റിന്റെ പേരിൽ പോലും പാക്കിസ്താൻ അനുകൂല മുദ്രാവാക്യം വിളികളും പതാകപിടിക്കലുമൊക്കെ നടത്തി പ്രകോപനം സൃഷ്ടിച്ചിരുന്നതായി ഇന്ത്യയിലെ പലഭാഗത്തു നിന്നും മുമ്പ് വാർത്തകൾ വരാറുണ്ടായിരുന്നു. എന്നാലിപ്പോൾ എല്ലാസംഘടനകളും ഇന്ത്യൻപതാകയെ ഉയർത്തിപ്പിടിച്ച് പൗരത്വഭേദഗതിയെ പ്രതിരോധിക്കുമ്പോൾ മതനിരപേക്ഷതയുടെയും ഭരണഘടനയുടെയും അടിത്തറയിൽ നിന്നുകൊണ്ടുമാത്രമേ ഏത് വർഗീയതയെയും എതിർക്കാനാവൂ എന്നാണ് വ്യക്തമാവുന്നത്. കേരളത്തിലെ മസ്ജിദുകളിൽ ജനുവരി 26 ന് ദേശീയപതാകയുയർത്തിക്കൊണ്ടും ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടും നൽകിയ സന്ദേശവും മറ്റൊന്നല്ല. സവർക്കറുടെ രാഷ്ട്ര സങ്കല്പത്തെ പ്രതിരോധിക്കാൻ മതനിരപേക്ഷമായി നിലനിൽക്കുന്ന ഒരുരാഷ്ട്രത്തിനുള്ളിലെ മസ്ജിദുകളിൽ രാജ്യത്തിന്റെ പതാകതന്നെ പ്രതീകമായി മാറുന്നത് വലിയൊരു തിരിച്ചറിവിലേക്കാണ് നയിക്കുന്നത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

1 Comment

Leave a Reply