Thursday, January 20

എന്നെ മതേതരന്‍ എന്നോ നിരീശ്വരവാദി എന്നോ ദേശീയവാദി എന്നോ പ്രഖ്യാപിക്കൂ ഗുജറാത്ത് ഹൈക്കോടതിയോട് ആട്ടോ റിക്ഷാ ഡ്രൈവര്‍

തന്‍റെ മതം മതേതരന്‍ എന്നോ നിരീശ്വരവാദി എന്നോ ദേശീയവാദി എന്നോ ആക്കി പ്രഖ്യാപിക്കണമെന്ന അപേക്ഷയുമായി ആട്ടോറിക്ഷാഡ്രൈവര്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. ഛന്ദ്ഖേദ നിവാസിയും അലഹബാദ് നഗരത്തിലെ ആട്ടോഡ്രൈവറുമായ രജ് വീര്‍ ഉപാദ്ധ്യായ എന്ന 34 കാരനാണ് കോടതിയെ സമീപിച്ചത്. ഏതു മതത്തെയും ആചരിക്കാന്‍ ഭരണഘടന നല്കുന്ന സ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് രജ് വീര്‍ കോടതിയെ സമീപിച്ചത്. ജാതീയമായ തിക്തതകള്‍ ഏറെ അനുഭവിച്ചതിനാലാണ് ഞാന്‍ ഇങ്ങനെ ഒരാവശ്യം ഉന്നയിക്കുന്നതെന്നും മതേതരനും ദേശസ്നേഹിയും രാജ്യത്തിന്‍റെ ഉന്നതമൂല്യങ്ങള്‍ക്കനുസൃതമാണെന്നുമാണ് രജ് വീറിന്‍റെ അഭിപ്രായം. മതേതരത്വത്തെയും നിരീശ്വരത്വത്തെയും ഉള്‍ക്കൊള്ളിക്കാത്ത ഗുജറാത്തിന്‍റെ മതസ്വാതന്ത്ര്യ നിയമം പരിഷ്കരിക്കണമെന്നും രജ് വീര്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം മേയില്‍ ഇതേ ആവശ്യം ഉന്നയിച്ച് രജ് വീര്‍ ജില്ലാ കളക്ടര്‍ക്ക് കൊടുത്ത അപേക്ഷ നിരസിച്ചതിനാലാണ് രജ് വീര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇന്ത്യന്‍ ഭരണഘടന വകുപ്പുകള്‍ 25, 26 അനുസരിച്ച് രാജ്യത്തെ ഓരോ പൗരനും മതസ്വാതന്ത്ര്യമുണ്ട്. അതിനാല്‍ കളക്ടറുടെ തീരുമാനം നിയമരഹിതമാണെന്നാണ് രജ് വീറിന്‍റെ അഭിപ്രായം.

ഗുജറാത്തിലെ പട്ടികജാതി വിഭാഗമായ ഗുരു ബ്രാഹ്മണ്‍ സമുദായത്തില്‍ പെട്ടയാളാണ് നിലവില്‍ രജ് വീര്‍. മതേതരനോ നിരീശ്വരവാദിയോ ആകാനുള്ള എന്‍റെ അപേക്ഷ അധികാരികള്‍ നിരസിച്ചു. അതിനാലാണ് ഞാന്‍ കോടതിയെ സമീപിച്ചത്. മതേതരനെന്നോ നിരീശ്വരവാദിയെന്നോ തരാനാവില്ലെങ്കിലും ചുരുങ്ങിയ പക്ഷം തന്നെ ഒരു ദേശവാദി (നാഷണലിസ്റ്റ്) എങ്കിലുമായി പരിഗണിക്കണം. അതാവുമ്പോള്‍ ആര്‍ക്കും ഒരു പ്രശ്നവുമില്ലല്ലോ എന്നാണ് രജ് വീര്‍ ഉപാദ്ധ്യായ പറയുന്നത്.

Spread the love