ശബരിമല ഉൾപ്പെടുന്ന
കോന്നി നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മതേതര രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശരണം വിളിയുയർത്തിയത്.
ബി.ജെപിയുടെ സ്ഥാനാർത്ഥിയായ കെ.സുരേന്ദ്രൻ മത്സരിക്കുന്ന ഇരട്ട മണ്ഡലങ്ങളിലൊന്നായ കോന്നിയിൽ മതധ്രുവീകരണത്തിന് മുമ്പ് തന്നെ ശ്രമമുണ്ടായിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുപ്പ് ചട്ടങ്ങളെപ്പോലും മറികടന്നു കൊണ്ട് ഇതാവർത്തിച്ചിരിക്കുന്നു.
ശബരിമലയുടെയും കേരളത്തിൻ്റെ മതസൗഹാർദ്ദത്തിൻ്റെയും ചരിത്രവും പാരമ്പര്യവുമാണ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നിരാകരിക്കുന്നത്.
മാത്രമല്ല തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ പരസ്യ ലംഘനം കുടിയാണ് നടത്തിയിരിക്കുന്നത്.
പത്തനംതിട്ട ജില്ല ബി.ജെ പി യുടെ പ്രഖ്യാപിത ടാർജറ്റുകളിലൊന്നാണ്. ലോകമെമ്പാടും അറിയപ്പെടുന്ന ശബരിമല തന്നെയാണ് ഇതിനു കാരണം. അയോധ്യയും രാമനും വോട്ടാക്കി മാറ്റിയതു പോലെ ഒരു തന്ത്രമാണ് ബി.ജെ പി ഇവിടെയും പയറ്റാൻ തുനിയുന്നത്. എന്നാൽ കേരളം യു.പി പോലൊരു സംസ്ഥാനമല്ലെന്നതാണ് അവരെ വലയ്ക്കുന്നത്. ഒ. രാജഗോപാൽ ഇത് വ്യക്തമാക്കുകയുമുണ്ടായി. എന്നിരുന്നാലും മതധ്രുവീകരണമെന്ന ഒറ്റ ലക്ഷ്യത്തിലൂടെ അധികാരത്തിലെത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
രണ്ട് വർഷങ്ങൾക്ക് മുമ്പുണ്ടായ ശബരിമല സ്ത്രി പ്രവേശന വിധിയെ തുടർന്നുണ്ടായ പ്രശ്നങ്ങൾ നമ്മൾ കണ്ടതാണ്. കേരളത്തിൽ അതിനു മുമ്പ് തന്നെ ശബരിമല വിഷയമാക്കാൻ ബി.ജെ.പി ശ്രമിച്ചിരുന്നു. കുമ്മനത്തിൻ്റെ രാഷ്ട്രീയ പ്രവേശനം കൂടിയുണ്ടായ നിലയ്ക്കൽ സംഭവവും ഇതിനനുബന്ധമാണ്.
ഒരു സെക്കുലർ രാജ്യത്തിൻ്റെ പ്രധാനമന്ത്രി ഒരു മതത്തിൻ്റെ ആളായി വന്ന് സംസാരിക്കുമ്പോൾ ലംഘിക്കപ്പെടുന്നത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളാണ്. ഇത് രാഷ്ട്രീയ വേദികളിൽ ചർച്ചയാക്കേണ്ടതുമാണ്.