Wednesday, January 19

കൊളോണിയൽ ഭരണത്തിന്റെ ബാക്കിപത്രമാണ് രാജ്യദ്രോഹ കുറ്റം; കപിൽ സിബൽ

ജെഎൻയു വിദ്യാർത്ഥി നേതാക്കളായിരുന്ന ഉമർ ഖാലിദ്, കനയ്യ കുമാർ, അനിര്‍ബന്‍ ഭട്ടാചാര്യ, ഖാലിദ് ബഷീർ ഭട്ട്, റയീസ് റസൂൽ, മുനീബ് ഹുസൈൻ ഗട്ടൂ, ഉമൈർ ഗുൽ, മുജീബ് ഹുസൈൻ ഗട്ടൂ, അഖീബ് ഹുസൈൻ, ബഷ്‌റത് അലി എന്നിവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ രംഗത്ത്. കൊളോണിയൽ ഭരണത്തിന്റെ ബാക്കിപത്രമാണ് ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന രാജ്യദ്രോഹ കുറ്റമെന്ന് കപിൽ സിബൽ പറഞ്ഞു.

യഥാർത്ഥ രാജ്യദ്രോഹികൾ അധികാരം ഉപയോഗിച്ച് സ്ഥാപനങ്ങളെ തകർക്കുന്നവരും നിയമത്തെ തെറ്റായി ഉപയോഗിക്കുന്നവരും, കലാപത്തിന് പ്രേരിപ്പിക്കുന്നവരുമാണെന്ന് ബിജെപിയെ ഉദ്ദേശിച്ച് കപിൽ സിബൽ ട്വീറ്റ് ചെയ്തു. രാജ്യം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവരെ ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് ആക്രമണക്കേസിൽ പ്രതിയായ അഫ്‌സല്‍ ഗുരുവിനെ കേന്ദ്ര സർക്കാർ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് 2016 ഫെബ്രുവരി ഒൻപതിന് നടന്ന അഫ്സൽ ഗുരു അനുസ്മരണ പരിപാടിക്കിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് കനയ്യ കുമാർ, ഉമർ ഖാലിദ് അടക്കമുള്ള 10 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്.

jnu azadi എന്നതിനുള്ള ചിത്രം

ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി ഉള്ളപ്പോൾ ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് ബിജെപിയുടെ രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരം ചെയ്യുന്നവരെ നിശ്ശബ്ദരാക്കുവാൻ അന്നത്തെ കൊളോണിയൽ ഭരണകൂടം ഇന്ത്യയിൽ നടപ്പിലാക്കിയ രാജ്യദ്രോഹ നിയമത്തിന്റെ പിന്തുടർച്ചയാണ് ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന രാജ്യദ്രോഹ നിയമം. സ്വാതന്ത്ര്യം നേടിയിട്ടും അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ജനാധിപത്യ രാഷ്ട്രമായിട്ടും സർക്കാരിനെതിരെയോ സർക്കാർ സ്ഥാപനങ്ങൾക്കെതിരെയോ ശബ്‌ദിച്ചാൽ ഈ നിയമം വെച്ച് രാജ്യത്തെ പൗരന്മാരെ നിശ്ശബദ്ധമാക്കുകയാണെന്ന ആരോപണം നേരത്തെ മുതൽ തന്നെ ഉയർന്നിരുന്നതാണ്. ഇതാദ്യമായാണ് ഒരു രാഷ്ട്രീയ കക്ഷിയുടെ മുതിർന്ന നേതാവ് ഇന്ത്യയിലെ രാജ്യദ്രോഹ നിയമം കാലഹരണപെട്ടതാണെന്നും അതിന്റെ ആവശ്യം ഇന്നില്ലെന്നും പരസ്യമായി പറയുന്നത്.

Spread the love
Read Also  ജെ എൻ യു തെരഞ്ഞെടുപ്പ് ; ഹൈക്കോടതി ഇടപെടൽ, ഫലം നീട്ടിവെച്ചു; ഇടതുസഖ്യം സീറ്റുകൾ തൂത്തുവാരി