Thursday, January 20

485 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ ക്വാറി മാഫിയക്കെതിരെ സമരം നടത്തുന്ന സേതുവിന്റെ സമരത്തെ അധിക്ഷേപിച്ച് പൊലീസ്

ക്വാറി മാഫിയക്കെതിരെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുൻപിൽ കഴിഞ്ഞ 485 ദിവസങ്ങളായി ഒറ്റയാൾ സമരം നടത്തുന്ന സേതുവിനെ പരിഹസിച്ച് കന്റോൺമെന്റ് പൊലീസ്. മനുഷ്യാവകാശ കമ്മീഷന് മുന്നിൽ ആണ് പൊലീസ് സേതുവിന്റെ സമരം പൊതുജന ശ്രദ്ധയും മാധ്യമ ശ്രദ്ധയും പിടിച്ചു പറ്റുന്നതിനു വേണ്ടിയാണ് എന്ന് അധിക്ഷേപിച്ച് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

കഴിഞ്ഞ മാർച്ച് മാസത്തിൽ സമാധാനപരമായി സെക്രട്ടറിയേറ്റിന് മുൻപിൽ സമരം ചെയ്തു കൊണ്ടിരുന്ന സേതു തനിക്കും കുടുംബത്തിനും നീതി ലഭ്യമാകാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇത് പൊതുജന ശ്രദ്ധയും മാധ്യമ ശ്രദ്ധയും പിടിച്ചു പറ്റുന്നതിനു വേണ്ടിയാണ് എന്നാണ് കന്റോൺമെന്റ് പൊലീസ് ഇപ്പോൾ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരിക്കുന്നത്. ആഗസ്റ്റ് 2ന് മനുഷ്യാവകാശ കമ്മീഷൻ സേതുവിനെ സിറ്റിങ്ങിന് വിളിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ വ്യാഖ്യാനം.

സേതുവിൻറെ വീടിന് സമീപമുള്ള ക്വാറി

സേതുവിന്റെ വീടിനു സമീപമുള്ള ക്വാറി

”ക്വാറി മാഫിയക്കെതിരെ ഞാൻ നടത്തി വരുന്ന സമരം മാധ്യമ ശ്രദ്ധ കിട്ടാനാണ് എന്ന് പറയുന്നത് ഈ സമരത്തെ അധിക്ഷേപിക്കാൻ വേണ്ടിയാണ്. ക്വാറി മാഫിയയും പൊലീസും ഉദ്യോഗസ്ഥരും ചേർന്നുള്ള നീക്കം ആണിത്. ഈ സംഭവം നടക്കുന്നതിന് മുൻപ് തന്നെ ദേശീയ മാധ്യമങ്ങൾ ഞാൻ നടത്തിവരുന്ന സമരത്തെ റിപ്പോർട്ട് ചെയ്തതാണ്. പിന്നെന്തിനാണ് ഞാൻ മാധ്യമ ശ്രദ്ധ കിട്ടാനായി സമരം നടത്തുകയാണ് എന്ന് ഇവർ പറയുന്നത്? കന്റോൺമെന്റ് പൊലീസ് എസ് ഐ ഞാൻ നടത്തിവരുന്ന സമരവുമായി ബന്ധപ്പെട്ട് ഭാര്യ ബിന്ദുവിനോട് അസഭ്യമായി പെരുമാറി. എന്നാൽ ഇത് സംബന്ധിച്ച് ബിന്ദു വനിതാ കമ്മീഷന് പരാതി നൽകിയെങ്കിലും വനിതാ കമ്മീഷന്റെ പരിധിയിൽ വരുന്നതല്ല ഈ പരാതി എന്ന് പറഞ്ഞു പരാതി തള്ളുകയാണ് ഉണ്ടായത്. പൊലീസ് മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ഉള്ളത്. ഞാൻ പൊലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്നൊക്കെയാണ് പറയുന്നത്. നേരാവണ്ണം ഭകഷണം പോലും കഴിക്കാതെ സമരം ചെയ്യുന്ന ഞാൻ എങ്ങനെയാണ് പോലീസിനെ എതിർക്കുക?” സേതു ചോദിക്കുന്നു.

”സമരപന്തലിൽ പൊലീസ് വന്ന സ്റ്റേഷനിലേക്ക് വരണമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ രണ്ട പൊലീസ്കാരുടെ സ്റ്റേഷനിലേക്ക് പോവുകയാണ് ഉണ്ടായത്. അവിടെ നിന്നും ഒന്നര മണിക്കൂറിനു ശേഷം മാത്രമാണ് അവരെന്നെ ആശുപത്രിയിൽ കൊണ്ട് പോയത്. ഇവിടെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളെ എതിർക്കാനുള്ള ക്വാറി മാഫിയകളുടേതുൾപ്പടെയുള്ള ആസൂത്രിത നീക്കമാണിത്. സംഭവിച്ച കാര്യങ്ങൾ എല്ലാം ഞാൻ മനുഷ്യാവകാശ കമ്മീഷന്റെ മുന്നിൽ പറയും. അവർ എന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യട്ടെ. മാനസിക രോഗം ഇല്ലാത്ത എന്റെ ശരീരത്തിൽ ഭ്രാന്തിനുള്ള മരുന്ന് കുത്തിവെച്ചത് എന്തിനാണെന്ന് അവർ പറയട്ടെ. അതിൽ പിന്നെ ശാരീരികമായി വളരെ അധികം ബുദ്ധിമുട്ടിലാണ് ഞാൻ. ഇപ്പോഴും അവർ കുത്തിവെച്ച മരുന്നിന്റെ ഫലമായാണ് എനിക്കുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ.” സേതു പ്രതിപക്ഷം ന്യൂസിനോട് പറഞ്ഞു.

Read Also  ക്വാറി മുതലാളിമാരിൽ നിന്ന് എൽഡിഎഫ് വയനാട് സ്ഥാനാർഥി പണം പിരിച്ചെന്ന് പി. വി. അൻവർ

ക്വാറി മാഫിയക്കെതിരായ സേതുവിൻറെ സമരം 453 ദിവസം പിന്നിട്ടു; പട്ടികജാതി കമ്മീഷൻ തെളിവെടുപ്പ് നടത്തി

സമരവുമായി ബന്ധപ്പെട്ട് സേതു ജയിലിൽ കിടക്കുമ്പോഴാണ് ജയിലധികൃതർ മുൻകയ്യെടുത്ത് സേതുവിനെ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുന്നത്. തനിക്ക് മാനസിക പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് സേതു വ്യക്തമാക്കിയെങ്കിലും ഇത് വക വെയ്ക്കാതെ സേതുവിനെ മാനസിക രോഗത്തിനുള്ള ചികിത്സ നൽകുകയായിരുന്നു. തുടർന്നാണ് സേതുവിന്റെ ആരോഗ്യസ്ഥിതി മോശമാവുന്നത്.

സേതുവിന്റെ വീടിനടുത്ത് നിന്ന് വെറും 130 മീറ്റര്‍ ദൂരത്തിൽ പ്രവർത്തിക്കുന്ന ഭീമൻ എ.കെ.ആര്‍. എന്ന ക്വാറിക്കെതിരെയാണ് സേതു ഒറ്റയാൾ സമരം നടത്തി വരുന്നത്. 2017 മാർച്ച് മാസം 31ന് സേതുവിൻറെ വീട്ടിലേക്ക് ക്വാറിയിൽ നിന്നുള്ള പാറ കഷണങ്ങൾ തെറിച്ച് വീണിരുന്നു. വീടിനു മുകളിൽ കളിച്ചു കൊണ്ടിരുന്ന സേതുവിൻറെ കുട്ടികൾ അന്ന് അത്ഭുതകരമായാണ് രക്ഷപെട്ടത്. പാറ വീണ ആഘാതത്തിൽ വീടിനും അന്ന് കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും ക്വാറിക്ക് അനുകൂലമായ നടപടികളിലാണ് പൊലീസ് സ്വീകരിച്ചത്. പിന്നീട് റവന്യൂ അധികാരികൾ, പട്ടികജാതി കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, മുഖ്യമന്ത്രി തുടങ്ങി വിവിധ ഭരണഘടനാ സ്ഥാപനങ്ങൾക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടികളും ഉണ്ടായിരുന്നില്ല. സെക്രട്ടറിയേറ്റിൽ സമരം നടക്കുമ്പോൾ സേതു ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. തുടർന്ന് മാനസിക രോഗിയാണെന്ന് പറഞ്ഞു സേതുവിനെ മാനസിക രോഗ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മാനസിക വൈകല്യത്തിനുള്ള കുത്തിവയ്പുകൾ എടുപ്പിക്കുകയും ചെയ്തു. തുടർന്ന് ആരോഗ്യസ്ഥിതി മോശമായ സേതു ഇപ്പോഴും സമരം തുടരവെയാണ് മനുഷ്യാവകാശ കമ്മീഷന്റെ തെളിവെടുപ്പിന് വിളിക്കുന്നത്. നേരത്തെ സേതുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി കമ്മീഷൻ തെളിവെടുപ്പ് നടത്തിയിരുന്നു.

Spread the love