Monday, January 17

കുമ്പസാര രഹസ്യമുപയോഗിച്ച് പീഢനം: അഞ്ച് പുരോഹിതരെ ഓര്‍ത്തഡോക്‌സ് സഭ മാറ്റിനിറുത്തും

വിവാഹിതയായ സ്ത്രീയെ ബ്ലാക്‌മെയില്‍ ചെയ്യുകും ലൈംഗീകമായി പീഢിപ്പിക്കുകയും ചെയ്തുവെന്ന ആരോപണത്തിന്റെ പേരില്‍ അഞ്ച് പുരോഹിതരെ മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭ നിര്‍ബന്ധിത അവധിക്ക് അയച്ചു. കഴിഞ്ഞ കുറച്ചുകാലമായി പീഢനം തുടരുകയായിരുന്നു എന്നാണ് ആരോപണം. കുമ്പസാരത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വച്ച് യുവതിയെ ഭീഷണിപ്പെടുത്തുകയും വര്‍ഷങ്ങളായി മാറി മാറി പീഢിപ്പിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നാല് ഇടവകകളിലായി പ്രവര്‍ത്തിച്ചുവരുന്ന ഇവര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷീക്കുന്നതിന് ഒരു സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് ഓര്‍ത്തഡോക്‌സ് സഭ വര്‍ക്കിംഗ് കമ്മിറ്റി അംഗമായ ഫാദര്‍ എം ഒ ജോണ്‍ അറിയിച്ചു.
ഇടവക തലവന്‍ എന്ന നിലയിലുള്ള എല്ലാ ചുമതലകളില്‍ നിന്നും ഇവരെ നീക്കിയിട്ടുണ്ട്. ആരോപണവിധേയര്‍ സസ്‌പെന്‍ഷനില്‍ അല്ലെന്നും അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും ഫാദര്‍ ജോണ്‍ പറഞ്ഞു. കുറ്റാരോപിതരില്‍ ഒരാളോട് തന്റെ ഭാര്യ നടത്തിയ കുമ്പസാരം ഉപയോഗിച്ച് അവരെ ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നുവെന്ന് സഭ നേതൃത്വത്തിന് അയച്ച കത്തില്‍ യുവതിയുടെ ഭര്‍ത്താവ് പറയുന്നു. കുമ്പസാരത്തില്‍ പറയുന്ന കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നാണ് സഭാചട്ടം. എന്നാല്‍, പരാതിയില്‍ എട്ട് പുരോഹിതരുടെ പേരുകള്‍ പറയുന്നുണ്ടെങ്കിലും അഞ്ച് പേരെ മാറ്റി നിറുത്താന്‍ മാത്രമാണ് സഭ നേതൃത്വം തയ്യാറായിട്ടുള്ളതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
വിവാഹത്തിന് മുമ്പ് ഒരു പുരോഹിതന്‍ യുവതിയെ പീഢിപ്പിച്ചിരുന്നുവെന്നും വിവാഹ ശേഷം കുമ്പസാരത്തില്‍ ഇക്കാര്യം മറ്റൊരു പുരോഹിതനോട് അവര്‍ പറഞ്ഞതായും സാമൂഹ്യ മാധ്യമങ്ങളില്‍ ഏതാനും ദിവസമായി പ്രചരിക്കുന്ന കഥകളില്‍ പറയുന്നു. ഈ രഹസ്യം ഭര്‍ത്താവിനോട് പറയും എന്ന് ഭീഷണിപ്പെടുത്തി രണ്ടാമത്തെ പുരോഹിതനും അവരെ പീഢിപ്പിച്ചു. തുടര്‍ന്ന് അയാള്‍ മറ്റൊരു പുരോഹിതനുമായി ബന്ധപ്പെടാന്‍ യുവതിയെ പ്രേരിപ്പിക്കുകയായിരുന്നുവെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ യുവതിയുടെ ഭര്‍ത്താവും സഭ നേതൃത്വത്തിലെ ഒരു ഉന്നതനും തമ്മില്‍ നടന്നു എന്ന് വിശേഷിപ്പിക്കുന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
പരാതി പിന്‍വലിക്കാന്‍ സഭയുടെ ഉന്നത നേതൃത്വം തന്നില്‍ സമ്മര്‍ദം ചെലുത്തുന്നതായി ഭര്‍ത്താവ് പറയുന്നതും ഈ ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കാം. എന്നാല്‍ ഇത്രയും വിവാദമായ പ്രശ്‌നം പോലീസ് അന്വേഷണത്തിന് വിടേണ്ട കാര്യമില്ലെന്നാണ് ഫാദര്‍ ജോണ്‍ വാദിക്കുന്നത്. ഒരു പുരോഹിതന്‍ യുവതിയെ 380 തവണ പീഢിപ്പിച്ചുവെന്നും അതുവരെ അവര്‍ എന്തുകൊണ്ട് പരാതി നല്‍യില്ല എന്ന പതിവ് സ്ത്രീ വിരുദ്ധ ചോദ്യം തന്നെയാണ് ഫാദര്‍ ജോണും ഉന്നയിക്കുന്നത്. പരാതി പറയാന്‍ ഉണ്ടാവുന്ന സമ്മര്‍ദം, അതുണ്ടാക്കാവുന്ന സാമൂഹ്യവും മാനസികവുമായ പ്രത്യാഘാതങ്ങള്‍ എന്നിവയെ കുറിച്ചൊന്നും ഇത്തരം ന്യായവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ ആലോചിക്കാറില്ല.
കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്തുവെന്ന ആരോപണവും ഫാദര്‍ ജോണ്‍ നിഷേധിച്ചു. സ്ത്രീ ദുര്‍നടപ്പുകാരിയായിരുന്നു എന്ന് ചിത്രീകരിക്കാനാണ് പതിവ് പോലെ അദ്ദേഹവും ശ്രമിക്കുന്നത്. മീഡിയാ വണ്‍ ഒഴികെയുള്ള മുഖ്യധാര മാധ്യമങ്ങളൊന്നും വാര്‍ത്ത ഏറ്റെടുക്കാന്‍ സന്നദ്ധമായിട്ടില്ലെന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം.

Spread the love
Read Also  തന്റെ ഭാര്യ പറഞ്ഞ കാര്യങ്ങള്‍ ഒരു പുരുഷനും സഹിക്കാനാവില്ല; പ്രതികളെ മലങ്കരസഭയില്‍ നിന്നും പുറത്താക്കണം: ഇരയുടെ ഭര്‍ത്താവ്

Leave a Reply