Wednesday, January 19

മഹാരാജാസില്‍ എസ്എഫ്‌ഐ നേതാവ് കുത്തേറ്റ് മരിച്ചു; ഇന്ന് സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക്

എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ത്ഥിയുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു (20) കുത്തേറ്റ് മരിച്ചു. എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാണ് അഭിമന്യു. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ മൂന്ന് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കോളേജ് മതിലില്‍ ചുവരെഴുതുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. ആക്രമണത്തില്‍ മറ്റൊരു എസ്എഫ്‌ഐ പ്രവര്‍ത്തകനായ അര്‍ജുന്‍ (19) ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഓട്ടോയില്‍ വന്ന ഇരുപതംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഇവര്‍ കോളേജ് വിദ്യാര്‍ത്ഥികളെല്ലെന്ന് പോലീസ് അറിയിച്ചു. സംഘത്തിലുള്ള പത്തുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ രക്ഷപ്പെടാതിരിക്കാന്‍ നഗരപരിധിയില്‍ ഉടനീളം രാത്രി പോലീസ് കര്‍ശന വാഹന പരിശോധന നടത്തി.
ഇന്നു തുടങ്ങുന്ന അധ്യയന വര്‍ഷത്തില്‍ നവാഗതരെ വരവേല്‍ക്കാനായി തയാറാക്കിയ ബോര്‍ഡുകള്‍ ക്യാംപസ് ഫ്രണ്ടുകാര്‍ നശിപ്പിക്കാന്‍ ഒരുങ്ങിയതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് എസ്എഫ്‌ഐ ആരോപിച്ചു. സ്ഥലത്ത് വച്ച് കുത്തേറ്റ അഭിമന്യുവിനെ തൊട്ടടുത്ത ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കോളേജില്‍ മുമ്പും അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ക്രൂരമായ കൊലപാതകത്തിലേക്ക് നീങ്ങുന്നത് ആദ്യമായാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Spread the love
Read Also  ഈദുൽ ഫിത്ർ പ്രമാണിച്ച് സ്കൂൾ തുറക്കുന്നത് നീട്ടി വെയ്ക്കണമെന്ന ആവശ്യം ശക്തമാവുന്നു