പ്രിയപ്പെട്ട മലയാളി മെയിലുകളെ

(അക്ഷരം ഒന്നും മാറിപ്പോയിട്ടില്ല, MALE എന്ന് തന്നെയാണ് ഉദ്ദേശിച്ചത്).

സ്വന്തം ഭാര്യമാർക്കും അമ്മമാർക്കും കാമുകിമാർക്കും ഒക്കെ എതിരെ നിങ്ങൾ ഉണ്ടാക്കി വിടുന്ന ട്രോളുകൾ കണ്ടു ബോധിച്ചു. കൊള്ളാം, നന്നായിട്ടുണ്ട്. നല്ല ക്രിയേറ്റിവിറ്റി. വിവാഹേതര ബന്ധങ്ങളുടെ വിളനിലമായ കേരളത്തിൽ, വീട്ടിലെ പെണ്ണുങ്ങൾ ഭക്ഷണത്തിൽ വിഷം ചേർത്ത് തരാനുള്ള സാധ്യതയോർത്ത് നടുങ്ങുന്ന പുരുഷന്മാരുടെ എണ്ണം ചെറുതല്ല. നിങ്ങൾക്കുണ്ടായ നടുക്കവും വെപ്രാളവും മറച്ചു വെക്കാനാണ് ഈ ട്രോൾ അഭ്യാസങ്ങൾ എന്ന് എല്ലാവർക്കും മനസ്സിലാവും.
പെണ്ണുങ്ങളോടുള്ള പല്ലിറുമ്മലും പരിഹാസവും എല്ലാത്തിനും മുകളിൽ തികട്ടി വരുന്ന ഭയവും ഒക്കെ ഒന്ന് മാറ്റി വെച്ച് റിലാക്സ് ചെയ്ത് ചില കാര്യങ്ങൾ കേൾക്കാൻ തയ്യാറാണോ? ആണെങ്കിൽ നിങ്ങൾക്ക് കൊള്ളാം.

എത്രമേൽ മനുഷ്യവിരുദ്ധമായ, പുരുഷവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഒരു സംവിധാനത്തെയാണ് നിങ്ങൾ കുടുംബം എന്ന ഓമനപ്പേരിട്ട് വിളിക്കുന്നത് എന്ന് എത്രയോ കാലമായി ഞങ്ങളൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു. ഞങ്ങൾ എന്ന് പറഞ്ഞാൽ -ഫെമിനിസ്റ്റുകൾ. ഒന്നാംതരം ചൂഷണോപാധിയാണ് കുടുംബം എന്നും, ആ വ്യവസ്ഥയുടെ ജനാധിപത്യവൽക്കരണത്തിലൂടെയല്ലാതെ പുരുഷനോ സ്ത്രീക്കോ ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയില്ലെന്നും എത്രയോ കാലമായി പറയുന്നു. സ്വന്തം അധികാരവും പ്രിവിലേജുകളും കൈ വിട്ടു പോകും എന്ന വെപ്രാളവും അരക്ഷിതത്വവും മാത്രമാണ് നിങ്ങളെ നയിക്കുന്നത്.

അത് കൊണ്ട്, കാറ്റും വെളിച്ചവും വേണം എന്ന് പറയുന്ന പെണ്ണുങ്ങളെയൊക്കെ നിങ്ങൾ പടിയടച്ചു പിണ്ഡം വെച്ചു. ആട്ടി പുറത്താക്കി. ഫെമിനിച്ചി എന്ന് വിളിച്ചു ആക്ഷേപിച്ചു. സ്വന്തം വീട്ടിലെ പെണ്ണുങ്ങൾ ഇങ്ങനെയൊന്നുമല്ലല്ലോ എന്ന് ആശ്വസിച്ചു. അവർ ഭക്തകളും കുലസ്ത്രീകളും പതിവ്രതകളുമാണ് എന്ന് സമാധാനിച്ചു. അവർ നിങ്ങൾക്ക് വിഷമൂട്ടുമെന്ന് നിങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല.

ഒരു കാര്യത്തിൽ വലിയ സമാധാനമുണ്ട്. അവർ പള്ളിയിൽ പോകുന്ന ഒരു ‘സത്യക്രിസ്ത്യാനി’യായിരുന്നു. ഭക്ത, ഈശ്വര കാര്യങ്ങളെ കുറിച്ച് മാത്രം സംസാരിക്കുന്നവൾ, സൗമ്യഭാഷി. ഹോ, ആലോചിക്കാൻ വയ്യ, അവർ മുടി വെട്ടിയ, സ്ലീവ്‌ലെസ് ഉടുപ്പ് ഇടുന്ന, സോഷ്യൽ മീഡിയയിൽ സജീവമായ, നാട്ടിലെ കാര്യങ്ങളെ കുറിച്ച് അഭിപ്രായം പറയുന്ന, ലൈംഗികതയെ കുറിച്ച് സംസാരിക്കുന്ന ഒരു സ്ത്രീയെങ്ങാനുമായിരുന്നെങ്കിൽ എന്തായേനെ ഇവിടുത്തെ അവസ്ഥ. കേരളത്തിലെ പുരുഷന്മാർ ഇവിടുത്തെ ഫെമിനിസ്റ്റുകളുടെയൊക്കെ വീട് തീയിട്ടേനെ. ഇതിപ്പോ കുലസ്ത്രീ ആയിപ്പോയി. (എന്റെ idea ആയിപ്പോയി, നിന്റെ ആയിരുന്നെങ്കിൽ കാണായിരുന്നു ). സോറി, നിങ്ങളിങ്ങനെ വിഷമിച്ചിരിക്കുന്ന നേരത്ത് ഇങ്ങനെ കോമഡി പറയുന്നത് ശരിയല്ല എന്നറിയാം.

കുടുംബത്തിന്റെ അധികാരം ഭർത്താവിന്റെ അമ്മയിൽ നിന്നും സ്വന്തം കയ്യിലേക്ക് വരുത്താനായി ഒരു സ്ത്രീ കൊന്നു എന്ന് കേൾക്കുമ്പോൾ ഉള്ള കാര്യം പറയാലോ, എനിക്ക് ചില്ലറ സന്തോഷമൊക്കെ തോന്നുന്നുണ്ട്. ഈ അമ്മായിയമ്മ മരുമകൾ ദ്വന്ദം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയമെന്താണെന്ന് കുറെ കാലമായി ഞങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നു. പുരുഷൻ എന്ന അധികാര കേന്ദ്രത്തിന് ചുറ്റും നിൽക്കുന്ന സ്ത്രീകൾ എങ്ങനെ പരസ്പരം അപരവൽക്കരിക്കുന്നു എന്നും അതിലൂടെ ഹിംസയും അധികാരബന്ധങ്ങളും എങ്ങനെ പുലരുന്നുവെന്നും പറയാൻ ഞങ്ങൾ എത്രയോ കാലമായി ശ്രമിച്ചു കൊണ്ടിരിക്കുന്നു പക്ഷേ, നിങ്ങളോ? രണ്ടു തല ചേർന്നാലും മുല ചേരില്ല എന്നും സ്ത്രീകളുടെ ശത്രുക്കൾ സ്ത്രീകൾ തന്നെ എന്നുമൊക്കെയുള്ള അശ്ലീലം പറഞ്ഞു സ്വയം സമാധാനിക്കുകയാണ് ചെയ്തത്. ഒരു കാര്യം പറയുന്നത് കൊണ്ട് വിഷമം തോന്നരുത്. പുരുഷന്മാരുടെ ശത്രുക്കൾ പുരുഷന്മാർ തന്നെയാണ്. അതായത്, കാറ്റും വെളിച്ചവും കടക്കാത്ത നിങ്ങളുടെ തന്നെ തലച്ചോറുകളാണ് നിങ്ങളുടെ ശത്രുക്കൾ.

Read Also  ഭ്രാന്ത് നിറയുന്ന ഓർമ്മകൾ ; ഡോ എ. കെ. ജയശ്രീ എഴുതുന്നു

ആ കൊല്ലപ്പെട്ട സ്ത്രീകളും കുട്ടിയും വെറും ഇരകളാണ്. പാട്രിയാർക്കിയുടെ ഇരകൾ. കൊല്ലപ്പെട്ട പുരുഷന്മാരും ഇനി ഈ മോഡിൽ കൊല്ലപ്പെടാനിരിക്കുന്ന അസംഖ്യം പുരുഷന്മാരും ഇരകൾ തന്നെ. പക്ഷേ കാതലായ ഒരു വ്യത്യാസമുണ്ട്. പുരുഷന്മാർ ഗുണഭോകതാക്കൾ കൂടിയാണ്. പാട്രിയാർക്കിയുടെ സുഖസൗകര്യങ്ങളും പ്രിവിലേജുകളും കൈ വിടാൻ തയ്യാറല്ലാത്തതിന് അവർ കൊടുക്കേണ്ടി വരുന്ന വിലയാണ് ഈ വിഷം തീണ്ടിയുള്ള മരണങ്ങൾ.

അതോണ്ട് പുരുഷന്മാരോട് ഒറ്റ കാര്യമേ പറയാനുള്ളൂ. ട്രോളീട്ടൊന്നും ഒരു കാര്യോമില്ല, നിങ്ങൾക്കായി കരുതി വെച്ചിരിക്കുന്ന മാരക വിഷം നിങ്ങളെ തന്നെ തേടി വരും. ഒഴിവാക്കാൻ ഒരു വഴിയേയുള്ളൂ, കുടുംബത്തിലേക്ക് കാറ്റും വെളിച്ചവും കടത്തി വിടുക, സ്ത്രീകളെ മനുഷ്യരായി അംഗീകരിക്കുക, അധികാരങ്ങൾ വിട്ടൊഴിഞ്ഞു, പ്രിവിലേജുകൾ കൈ ഒഴിഞ്ഞു, സ്വയം ജനാധിപത്യവൽക്കരിക്കുക. നിങ്ങളുടെ ചരിത്രവും പാരമ്പര്യവും ഐഡന്റിറ്റിയും ആണത്തവും കുടി കൊള്ളുന്നത് സ്ത്രീകളുടെ ലൈംഗികതയിൽ അല്ല എന്ന് അംഗീകരിക്കുക. വേറെ വഴി ഒന്നുമില്ല.

ഒരു കാര്യം കൂടി പറയാം, പേടിപ്പിക്കാനല്ല കേട്ടോ, ഒന്ന് കരുതിയിരിക്കാനാണ്. സ്ത്രീകളായ സീരിയൽ കില്ലർമാരിൽ പകുതിയോളം പേരും സ്വന്തം വീട്ടിൽ ഉള്ളവരെ തന്നെയാണ് കൊന്നിട്ടുള്ളത് എന്ന് ഒരു പഠനത്തിൽ പറയുന്നുണ്ട്. വിഷം തന്നെയാണ് ഇവർ ഉപയോഗിച്ചിട്ടുള്ള മാർഗം. ഒരു പക്ഷേ സ്ത്രീകൾക്ക് ഏറ്റവും പ്രാപ്യമായ ഒരു മാർഗം എന്ന നിലയിൽ ഭക്ഷണത്തിൽ വിഷം ചേർത്ത് കൊല്ലുകയാണ് പതിവ്. തീർന്നില്ല ഒന്നുകൂടി, 40 ശതമാനത്തോളം സ്ത്രീ സീരിയൽ കില്ലർമാർ, കുടുംബത്തിലെ ഒരു കുട്ടിയെയോ, ഒരു പ്രായമായ വ്യക്തിയെയോ ടാർഗറ്റ് ആയി തിരഞ്ഞെടുത്തിട്ടുമുണ്ട് എന്നും ഈ പഠനങ്ങൾ പറയുന്നു .
സ്ത്രീകൾ ദേവതകളാണ്, ഭൂമിയോളം ക്ഷമിക്കുന്നവരാണ്, കുടുംബത്തിന് വേണ്ടി മരിക്കുന്നവരാണ് തുടങ്ങിയ സിദ്ധാന്തമൊക്കെ ഒന്ന് മാറ്റിപ്പിടിക്കുന്നതല്ലേ നിങ്ങൾക്ക് നല്ലത്? മറിച്ച്, സ്ത്രീകൾ നിങ്ങളെ പോലെ പകയും പ്രതികാരവും കാമവും പ്രണയവും മോഹവുമൊക്കെയുള്ള, അത്യാഗ്രഹങ്ങൾ ഉള്ള, ത്യാഗവും സ്നേഹവുമുള്ള ഒരു പക്ഷേ നിങ്ങളെക്കാൾ കൂടുതൽ ‘കൊല്ലാൻ ശേഷിയുള്ള’ സാധാരണ മനുഷ്യരാണ് എന്ന് അംഗീകരിക്കുന്നതല്ലേ നിങ്ങൾക്ക് നല്ലത്?

അത് കൊണ്ട് ട്രോൾ ഒക്കെ നിർത്തി വീട്ടിൽ പോവാൻ നോക്ക്. ഓരോ ട്രോളും വായിച്ചു, നിങ്ങൾക്കുള്ള മാരക ആർസെനിക് നിങ്ങൾക്ക് തന്നെ എന്നുറപ്പിച്ചു നിശബ്ദയായ ഒരു കൊലയാളി തൊട്ടടുത്ത് തന്നെ ഉണ്ടാവും. കണ്ണ് തുറന്നു അവളെ കാണുന്നതല്ലേ നല്ലത്? വീടിന്റെ ജനലുകളും വാതിലുകളും തുറന്നിട്ട് കാറ്റും വെളിച്ചവും കടത്തി വിടുന്നതല്ലേ നല്ലത്? കൈ അടക്കി വെച്ചിരിക്കുന്ന അധികാരങ്ങളും പ്രിവിലേജുകളും വിട്ടൊഴിയുന്നതല്ലേ നല്ലത്?

പ്രിയപ്പെട്ടവ, പാട്രിയാർക്കിയാണ് നിങ്ങളുടെ അന്തകൻ. ആ വ്യവസ്ഥയുടെ മുഴുവൻ ആനുകൂല്യങ്ങളും പറ്റി അതിന്റെ സുഖ സൗകര്യങ്ങളിൽ ജീവിക്കുന്നത്രയും കാലം ആ അന്തകൻ നിങ്ങളുടെ തൊട്ട് പിറകെ തന്നെ ഉണ്ട്.
എല്ലാവർക്കും വേദനാരഹിതമായ വിഷം തീണ്ടി മരണങ്ങൾ ആശംസിക്കുന്നു.

Read Also  കൂടത്തായിയിലെ ദുരൂഹമരണങ്ങൾ ; ജോളിയും രണ്ടാം ഭർത്താവും ബന്ധുവായ യുവാവും പിടിയിൽ

Most Frequently Asked questions

ഇതിപ്പോഴാണോ പറയേണ്ടത്?
ഉത്തരം :അതെ. ഇപ്പോൾ തന്നെയാണ് പറയേണ്ടത്.

നിങ്ങൾ കൊലയെ ഗ്ലോറിഫൈ ചെയ്യുകയല്ലേ?
ഉത്തരം : കറുപ്പും വെളുപ്പും മാത്രം കാണുന്നവർ ഒരു ഡോക്ടറെ കാണുന്നത് ഉത്തമമായിരിക്കും.

ആ സ്ത്രീക്ക് ‘ആവശ്യത്തിന് സ്വാതന്ത്ര്യം’ ഉണ്ടായിരുന്നല്ലോ ?

ഉത്തരം : അവർ ഒരൊറ്റ സ്ത്രീയല്ല, ഒരു ചൂഷണവ്യവസ്ഥയുടെ ഉല്പന്നമാണ്.

സ്ത്രീയാണ് എന്ന ഒരൊറ്റ കാരണത്താൽ നിങ്ങൾ അവരെ ന്യായീകരിക്കുകയല്ലേ?
ഉത്തരം : അപ്പൊ ശരി, ചേട്ടൻ ചെല്ല്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here