Tuesday, November 24

ശംഖുംമുഖം പൂർണമായും കടലെടുത്തു ; ഒരു കടപ്പുറത്തിൻ്റെ സ്വപ്നങ്ങളും

ഒരു ജനതയുടെ നീണ്ട കാലത്തിൻ്റെ മുന്നറിയിപ്പും ആശങ്കയും യാഥാർഥ്യമാക്കിക്കൊണ്ട്  ശംഖുംമുഖം ബീച്ച് പൂർണമായും കടലെടുത്തു. വിനോദസഞ്ചാരികളുടെ പറുദീസ എന്ന വിശേഷണത്തിനപ്പുറമായി മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിൻ്റെ അത്താണിയായ കടപ്പുറമാണ് അറബിക്കടൽ വിഴുങ്ങിയിരിക്കുന്നത്. നൂറു മീറ്റർ അകലെയുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡും കടലെടുത്തതോടെ വടക്ക് വലിയതുറയിലേക്കുള്ള വഴിയും അടഞ്ഞു കഴിഞ്ഞു. ഇന്ന് ഞായറാഴ്ചയുണ്ടായ വേലിയേറ്റത്തിലാണ്
വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ച് കെട്ടിയ കോൺക്രീറ്റ് കടൽഭിത്തിയുൾപ്പെടെ കടൽ വിഴുങ്ങിയത്.

ഫോട്ടോ: Iris Koileo യുടെ ഫെയ്സ് ബുക്ക് പേജിൽനിന്നും

ഏറെക്കാലമായി ശംഖുംമുഖം നിവാസികളും ശംഖുംമുഖം കടപ്പുറം സംരക്ഷണസമിതിയും പരിസ്ഥിതി സംഘടനകളും നൽകിയിരുന്ന മുന്നറിയിപ്പ് വെറുതെയായിരുന്നില്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

ശംഖുംമുഖം ബീച്ച് വിനോദ സഞ്ചാരത്തിനായി തുറന്നുകൊടുക്കുമ്പോൾ തന്നെ കടൽഭിത്തി നിർമ്മാണത്തിനും അശാസ്ത്രീയമായ
വികസനത്തിനുമെതിരെ പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയിരുന്നു.

ദശാബ്ദങ്ങളായി കടപ്പുറം സംരക്ഷണത്തിനായി തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളെ നിഷ്കരുണം നിരസിച്ച മാറിമാറി വന്ന ഭരണകൂടമാണ് ഈ ദുരന്തത്തിനുത്തരവാദിയെന്ന് നാട്ടുകാർ പറയുന്നു. ഇനി സമീപ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ വീടുകളുൾപ്പെടെ കടലെടുക്കുന്ന അവസ്ഥയാണ്.

മാത്രമല്ല വള്ളവും വലയും അടുപ്പിക്കേണ്ട തീരമാണ് ഇതോടെ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപ്പെടുന്നത്. വിഴിഞ്ഞം തുറമുഖ നിർമ്മാണം തുടങ്ങുമ്പോൾ തന്നെ അത് മത്സ്യത്തൊഴിലാളി സംഘടനകൾ തീരം നഷ്ടമാകുന്നതിന് കാരണമാകുമെന്ന് മുന്നറിയിപ്പു നൽകിയിരുന്നു. അശാസ്ത്രീയമായ കടൽ ഭിത്തി നിർമ്മാണം വൻതോതിലാണ് തീരം നഷ്ടമാകുന്നതിന് കാരണമാകുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

തീരം നശിക്കുന്നതിന് പരിഹാരം ആവശ്യപ്പെടുമ്പോഴെല്ലാം അത് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് വന്നില്ലെന്നുമാണ് അധികാരസ്ഥാനത്തുള്ളവരുടെ മറുപടി എന്നാണ് മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നത്

തീരം കടലെടുത്തതോടെ ഇടിഞ്ഞ റോഡിനോട് ചേർന്ന് അഗാധമായ ഗർത്തം രൂപം കൊണ്ടിട്ടുണ്ട്. വിഴിഞ്ഞം തുറമുഖനിർമ്മാണത്തിനായി കടലിൽ കിലോമീറ്ററോളം നീളത്തിൽ പുലിമുട്ട് നിർമ്മിക്കുമ്പോൾ തെക്ക് വടക്കുഭാഗങ്ങളിലെ തീരം പൂർണമായും ഇടിഞ്ഞുതാഴുമെന്ന് മത്സ്യസ്യത്തൊഴിലാളി സംഘടനകളും പരിസ്ഥിതി പ്രവർത്തകരും മുന്നറിയിപ്പ് നൽകിയിരുന്നതാണ്.

അതേസമയം വികസനത്തിൻ്റെ പേരിൽ അശാസ്ത്രീയമായ തുറമുഖ നിർമ്മാണപദ്ധതിക്ക് പിന്നിൽ വലിയൊരു ലോബി സജീവമായി പ്രവർത്തിച്ചിരുന്നു എന്ന് ആരോപണമുയർന്നിരുന്നു.

ശംഖുംമുഖം കടപ്പുറം തകർന്നതോടെ ടൂറിസം വകുപ്പിൻ്റെ വലിയ പദ്ധതിയായ തീരദേശവിനോദസഞ്ചാരവും ഓർമ്മയാവുകയാണ്.

Spread the love
Read Also  എസ്.പി ഉദയകുമാറിനെ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റു ചെയ്തു