ശാന്തിവനത്തിലൂടെയുള്ള ചെറായി-വൈപ്പിൻ വൈദ്യുത പദ്ധതി പ്രകൃതിയെ സംരക്ഷിച്ച് നടപ്പാക്കുമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ.സഫീറുള്ള. 1999 ൽ തുടങ്ങി വച്ച പദ്ധതിക്ക് 40000 കുടുംബങ്ങളാണ് ഗുണഭോക്താക്കളായിട്ടുള്ളത്. ചെറായി പോലൊരു പ്രദേശത്ത് നല്ല വോൾട്ടേജിൽ വൈദ്യുതിയെത്തേണ്ടത് പൊതുജനങ്ങളുടെ ആവശ്യമാണ്. പ്രകൃതി സംരക്ഷണം ഉറപ്പാക്കി പ്രകൃതിക്ക് കോട്ടം തട്ടാത്ത തരത്തിൽ പദ്ധതി നടപ്പാക്കാൻ സർക്കാരും നിർദേശം നൽകിയിരുന്നു. ആ സാഹചര്യത്തിലാണ് പ്രകൃതിയെ സംരക്ഷിച്ച് തന്നെ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കളക്ടർ അറിയിച്ചിരിക്കുന്നത്.

ശാന്തിവനത്തിൽ മുറിക്കേണ്ട മരങ്ങളുടെ എണ്ണം കുറയ്ക്കാൻ ടവറുകളുടെ ഉയരം കൂട്ടുമെന്ന് കലക്ടർ അറിയിച്ചു. ഹൈക്കോടതി അംഗീകരിച്ച അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന നിലപാടാണ് കലക്ടര്‍ വിളിച്ച ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ കെ.എസ്.ഇ.ബി. സ്വീകരിച്ചത്. ശാന്തിവനത്തിലെ ജൈവവൈവിധ്യത്തിനുണ്ടാകുന്ന ആഘാതം കുറയ്ക്കാന്‍ ടവറുകളുടെ ഉയരം മൂന്നു മീറ്റര്‍ വര്‍ധിപ്പിക്കാമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

ഇതോടെ നാല്‍പത്തിയെട്ട് മരങ്ങള്‍ക്കു പകരം മൂന്നെണ്ണമേ പൂര്‍ണമായും മുറിക്കേണ്ടി വരൂവെന്ന് കെഎസ്ഇബി പറയുന്നു. അഞ്ചുമരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് ഉയരം കുറയ്ക്കേണ്ടിവരും.

എന്നാൽ കളക്റ്ററുമായി നടത്തിയ ചർച്ച പരാജയമാണെന്നാണ് ശാന്തിവനം സംരക്ഷണസമിതി പറയുന്നത്. കെ.എസ്.ഇ.ബിയുമായി നേരത്തേ ധാരണയിലെത്തിയ ശേഷം കലക്ടര്‍ വിളിച്ച ഒത്തുതീര്‍പ്പുചര്‍ച്ച പ്രഹസനമാണെന്നായിരുന്നു ശാന്തിവനം സംരക്ഷണസമിതിയുടെ പ്രതികരണം. ശാന്തിവനത്തിലെ ജൈവവൈവിധ്യം നശിപ്പിക്കുന്ന അലൈന്‍മെന്റില്‍ മാറ്റം വരുത്താതെ പ്രതിഷേധത്തില്‍ നിന്നു പിന്നോട്ടില്ലെന്നാണ് സമരസമിതിയുടെ നിലപാട്. ശാന്തിവനത്തിലെ ജൈവവൈവിധ്യം നശിപ്പിക്കുന്നതിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിനേയും ഹൈക്കോടതിയേയും സമീപിക്കാനും സമരസമിതി തീരുമാനിച്ചു.

ഹൈക്കോടതി വിധി കെഎസ്ഇബിക്ക് അനുകൂലമെന്ന് വരുത്തിത്തീർക്കാൻ ജില്ലാഭരണകൂടം ശ്രമിക്കുകയാണെന്ന ആരോപണമാണ് സമരസമിതി ഉന്നയിക്കുന്നത്. കെ എസ് ഇ ബി ടവറിന്റെ നിർമാണം പുനരാംഭിച്ച സ്ഥിതിക്ക് പ്രതിഷേധം ശക്തമാക്കുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

https://www.facebook.com/savesanthivanam/videos/353351478643559/?t=33

Read Also  വൈദ്യുതി നിരക്ക് കൂട്ടി, 18- 97 രൂപ പ്രതിമാസവർദ്ധന ; ബി പി എൽ കാർക്ക് വർദ്ധനയില്ല

LEAVE A REPLY

Please enter your comment!
Please enter your name here