Wednesday, January 19

കുരങ്ങൻ പൂമാല ചീന്തിക്കൊണ്ടേയിരിക്കും; മോദി സ്വന്തം വില ഉയർത്തുന്നതിന്‍റെ ചില സൂത്രവിദ്യകൾ: സഫിയ പ്രകാശ്

സഫിയ പ്രകാശ് 

താഴെ പരാമര്‍ശിക്കുന്ന  വാർത്ത ഒരു സാധാരണക്കാരന് കേൾക്കുമ്പോൾ എന്തായിരിക്കും പ്രതികരണം.

”രൂപയുടെ മൂല്യം റിക്കാർഡ് തകർച്ചയിലേക്ക്. ഡോളറിനെതിരെ 73 .77 ഇന്ത്യൻ രൂപയാണ് ഇന്നത്തെ വിനിമയനിരക്ക്. ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത വീഴ്ചയാണ് ഇന്ത്യൻ രൂപ നേരിട്ടത്.” ശരാശരി പത്രപാരായണക്കാരനായ മലയാളിക്കുപോലും അപ്രാപ്യമായ കണക്കാണ് നാണയത്തിന്റെ  മൂല്യനിര്ണയത്തിന്റേതു. അപ്പോൾ പിന്നെ വടക്കേ ഇന്ത്യയിലെ അരികുവൽക്കരിക്കപ്പെട്ട പാവങ്ങൾ എന്തറിയുന്നു. വിമര്ശിക്കുംതോറും പ്രധാനമന്ത്രിയുടെ നരേന്ദ്രമോദിയുടെ ജനപ്രീതിയുടെ ഗ്രാഫ് ഉയരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആത്മപ്രശംസ. അതുകൊണ്ടു ഇന്ധനവില വർദ്ധിക്കുമ്പോഴും രൂപയുടെ മൂല്യം ഇടിയുംതോറും നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും അഴിമതി ആരോപണങ്ങൾ നേരിടുമ്പോഴും നരേന്ദ്രമോദിയുടെ വില ഉയരുമെന്നാണ് തിയറി. ഇതാണ് അനുയായികളെക്കൊണ്ട് കാണാപ്പാഠം പഠിപ്പിച്ചുവെച്ചിരിക്കുന്നത്. അതുകൊണ്ടു രൂപയുടെ മൂല്യം ഇനിയും ഇടിയട്ടെ മോദിയുടെ ജനപ്രീതി ഉയരട്ടെ എന്നതാണ് ഇപ്പോൾ മോദി അസ്മാദികളുടെയും അനുയായികളുടെയും പ്രചാരണം.

രൂപയുടെ മൂല്യം 73 . 77 ആകുമ്പോഴും മോദിയുടെ മൂല്യം 80 കഴിയുമെന്നാണ് ബി ജെ പി സംഘപരിവാർ ജോത്സ്യരുടെ പ്രവചനം. ഇതനുസരിച്ചാണ് തന്റെയും സർക്കാരിന്റെയും വീഴ്ച പ്രചരിപ്പിക്കുമ്പോൾ തന്റെ ഗ്രാഫ് ഉയരുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതിന്റെ ലോജിക് എന്താണെന്നറിയാതെ ഇന്ത്യൻ പൗരൻ കുഴയുകയാണ്. അതിനിത്ര തലപുകയേണ്ടതൊന്നുമില്ല

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഇന്ത്യൻ ഓഹരിവിപണിയിൽ വൻതകർച്ചയാണ് നേരിടുന്നത്. അത് സാമാന്യജനത്തിനെ ബാധിക്കുന്ന കാര്യമേയല്ലെന്നാണ് അനുയായികളുടെ ബഡായി. 800 പോയിന്റ് നഷ്ടത്തോടെയാണ് ബോംബെ സൂചിക സെൻസെക്സ് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത് എന്ന് പറഞ്ഞാൽ അത് സാധാരണക്കാരന്റെ പ്രശ്നമാണ് എന്ന് ആർക്കാണ് പറയാൻ കഴിയുക. ടി വിയിലെങ്ങാനും സാമ്പത്തികവിശകലനം തുടങ്ങിക്കഴിഞ്ഞാൽ അതെനിമിഷം പ്രകോപിതരായി ടെലിവിഷൻ ഓഫ് ചെയ്തു സ്ഥലംവിടുന്ന മനിതന്റെ നാടാണ് ഇന്ത്യ.

മതവിദ്യയുടെ മായാലോകത്ത് ഇന്ത്യൻ പൗരന്മാരെ തളച്ചിടാനുള്ള വിദ്യ നന്നായി പരിശീലിച്ചശേഷമാണ് സംഘപരിവാർ അധികാരത്തിൽ പിടിച്ചുകയറുന്നത്. ഹിന്ദുത്വത്തിൽ മാത്രമല്ല, അതിനെ എതിർക്കുന്നവരെയും നിരന്തരമായി പ്രകോപിപ്പിച്ചു ശ്രദ്ധ തിരിക്കാനുള്ള തന്ത്രവിദ്യ മോദിക്കുപദേശിച്ചുകൊടുത്തത് ചില സംഘപരിവാർ ശിങ്കിടികളാണെന്നാണ് സംസാരം.

തെക്കും വടക്കും പോയിട്ട് കിഴക്കും പടിഞ്ഞാറും പോലുമറിയാത്ത തലമുറയാണ് ഇന്ത്യയിലെ ഭൂരിപക്ഷമെന്നു മോദിക്കും മോദിയെ നിയമിച്ചിരിക്കുന്ന കോർപ്പറേറ്റുകൾക്കും നന്നായി അറിയാം. വിദ്യാഭ്യാസമുണ്ടെന്നു വീമ്പുന്ന യുവാക്കൾക്ക് പോലും അങ്ങനെയിങ്ങനെ പെട്ടെന്ന് ദിശ മനസ്സിലാക്കാനാവില്ല. അവർക്കും തങ്ങളുടെ മൊബൈലിലെ വടക്കുനോക്കിയന്ത്രത്തെ ആശ്രയിക്കുകയെ നിവൃത്തിയുള്ളൂ. അവരിൽ ഭൂരിപക്ഷത്തിനും രാഷ്ട്രീയബോധം തൊട്ടു തീണ്ടിയിട്ടില്ലെന്നു മോദി സംഘാദികൾക്കു പച്ചവെള്ളംപോലറിയാം. അങ്ങനെയുള്ള ചെറുപ്പക്കാരെ ഹിന്ദുത്വത്തിലേക്കു കൊണ്ടുവരാനുള്ള സൂത്രപ്പണിയുടെ ആരംഭവിദ്യയാണ്‌ ‘ഡിജിറ്റൽ ഇന്ത്യ’ എന്ന രണ്ടു വാക്കു. ഇതിൽ തൂങ്ങിയാണ് മോദി തന്റെ സർക്കസ് ആരംഭിക്കുന്നത്. പക്ഷെ ഇതുവഴി എന്ത് പദ്ധതികൾ കൊണ്ടുവന്നു. ഒന്നും നടന്നില്ല. അതിന്റെ അവസ്ഥ? ഒന്നുമില്ല, ഒരു വലിയ വലിയ വട്ട…വട്ട പൂജ്യം

Read Also  മമത ബാനർജിയും മോദിയുടെ ഭാര്യ യശോദബെന്നും കണ്ടുമുട്ടുമ്പോൾ

മോദിയ്ക്കും തന്നെ സൃഷ്ടിച്ച കോർപ്പറേറ്റുകൾക്കും ഒരു കാര്യം ആദ്യമേയറിയാമായിരുന്നു. നിരക്ഷരതയുടെ കരുത്ത്. ഇന്ത്യൻ ജനതയുടെ നിരക്ഷരതയാണ് മോദി പ്രഭൃതികളുടെ ഏറ്റവും വലിയ ഖജനാവ്. നമ്മുടെ പൌരര്‍ ഈ  അവസ്ഥയിൽ തുടർന്നാൽ മോദിക്കും കൂട്ടർക്കും എത്ര കാലം വേണമെങ്കിലും വാഴാം. ഇതിന്റെ ഇക്വേഷൻ എന്താണെന്ന് ഗൂഢസംഘങ്ങൾക്കു നന്നായറിയാം. ഇവരാണ് എല്ലാ സന്ധ്യയ്ക്കും മോദിക്ക് നിലവിളക്കു കൊളുത്തി പൂജിക്കുന്നത്. ശാസ്ത്രം എന്ന വാക്കു കേട്ടിട്ടുകൂടിയില്ല. അത് കേൾക്കാനനുവദിക്കുകയുമില്ല. രാമരാമ….യെന്ന ഒറ്റമന്ത്രത്തിലൂന്നിയുള്ള ‘വികസനസങ്കൽപ്പ’ വാഗ്ദാനമാണ് സംഘപരിവാർ ഇവർക്ക് നൽകിയിരിക്കുന്നത്. ഇക്കൂട്ടർ സാക്ഷരരാകുന്നത് എങ്ങനെയും തടയുക എന്ന രഹസ്യ അജണ്ട ഇപ്പോൾ ഏതാണ്ട് പരസ്യമാണ്. സാക്ഷരതയുള്ള ഏതെങ്കിലും യൂറോപ്യൻ രാജ്യത്ത് ഇങ്ങനെയൊരു പ്രാചീന രാഷ്ട്രീയ സംഘടന ഇതുപോലെ ക്ലച്ചു പിടിക്കുമെന്നു നിങ്ങൾക്കാർക്കെങ്കിലും തോന്നുന്നുണ്ടോ ഇങ്ങനെയൊരു ഇന്ത്യന്‍ സമൂഹത്തിലല്ലാതെ. അതെ ഇങ്ങനെയൊരു ഇന്ത്യൻ സമൂഹത്തിൽ ഇനി നിലനിൽപ്പിനായി രണ്ടു ചേരിയിലൊന്നിൽ മാത്രമേ നിങ്ങള്ക്ക് നിൽക്കാനാവൂ, ഒന്ന്, മോദി സ്വയം കത്തിച്ചുവെച്ചിരിക്കുന്ന വോൾട്ടേജില്ലാത്ത ബൾബിന്റെ വ്യാജപ്രഭഏൽക്കുന്ന ഒരു തിണ്ണയിൽ മനസ്സാക്ഷിയും മനുഷ്യത്വവും പണയംവെച്ച് സ്വാർത്ഥത മാത്രം കൈമുതലുള്ള ഒരാൾക്ക് നിൽക്കാം. രണ്ട്, എതിരമ്പുകളെയ്യുന്ന ദുർബലമായ മറുവശമെങ്കിലും അതായത് ആ കൃത്രിമവെളിച്ചത്തിന്റെ വ്യാജപ്രഭയേൽക്കാത്ത കരുത്തുറ്റ അടിത്തറയുള്ള, ചരിത്രത്തിന്റെ ഉയർന്ന തിട്ടയിൽ ഒരു ന്യൂനപക്ഷമായി നിങ്ങള്ക്ക് നിലയുറപ്പിക്കാം. ശാസ്ത്രത്തിനും സാക്ഷരതയ്ക്കും യുക്തിക്കുമൊക്കെ അടിത്തറയുള്ള ഒരു തിണ്ണയിൽ.

രാജ്യത്തിന്റെ സമ്പത്തുവ്യവസ്ഥയുടെ നട്ടെല്ലാണ് നാണയത്തിന്റെ മൂല്യം ഉയർത്തിക്കൊണ്ടുവരിക എന്നുള്ളത്. പക്ഷെ സ്വതന്ത്ര ഇന്ത്യയിലെ ചരിത്ര വങ്കത്തമായ നോട്ടുനിരോധനവും ജി എസ് ടി യും വഴി ജനങ്ങളെ ചവുട്ടിപ്പിഴിഞ്ഞു കഴിഞ്ഞതോടെ ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥ താറുമാറായി. അധികാരം മനുഷ്യനെ ഉന്മത്തമാക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ നാലര വർഷങ്ങൾ. കുരങ്ങൻ ഇനിയും പൂമാല പിച്ചിച്ചീന്തിക്കൊണ്ടേയിരിക്കും. ആ പൂക്കളിൽ രക്തം കിനിയുകയും ചെയ്യും. പിന്നെയും പിന്നെയും..

Spread the love

Leave a Reply