പി കെ സി പവിത്രൻ
മുടി മുറിച്ചാല്‍ പോലും അത് വാര്‍ത്തയും വിവാദവുമാകുന്ന മലയാളസിനിമയിലെ, അല്ലെങ്കില്‍ സിനിമാ സംഘടനകള്‍ സ്വീകരിക്കുന്ന ചില ഇരട്ടത്താപ്പുകളെപ്പറ്റി പറയാതെ വയ്യ.
കുറച്ചു നാള് മുന്‍പാണ് പ്രതിപക്ഷം. ഇന്‍ സംവിധായകന് സജീവ് പിള്ളയുമായി സംസാരിച്ചത്. മലയാള സിനിമയിലെ ഏറ്റവും വഞ്ചിക്കപ്പെട്ട സംവിധായകന് അല്ലെങ്കില്‍ തിരക്കഥാകൃത്ത് എന്നൊക്കെ വേണമെങ്കില്‍ അദ്ദേഹത്തെ വിളിക്കാം.
സജീവ് പിള്ള പറഞ്ഞതനുസരിച്ച്, നീണ്ട പന്ത്രണ്ടു വര്‍ഷത്തെ അദ്ദേഹത്തിന്റെ ഗവേഷണമാണ് മാമാങ്കം എന്ന ചിത്രം. തികച്ചും വ്യത്യസ്തമായ തലത്തില്‍ നിന്നുകൊണ്ട് ഒരു ചരിത്ര സംഭവത്തെ നോക്കി കാണുകയായിരുന്നു ആ സിനിമയിലൂടെ എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാവായ മമ്മൂട്ടിയെ അത്ഭുതപ്പെടുത്തിയ തിരക്കഥ. അധികം താമസിയാതെ നിര്‍മ്മാതാവും എത്തി. മാമാങ്കം എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു.
ഇന്ത്യയിലെയും ലോകത്തെ തന്നെയും മികച്ച സാങ്കേതിക വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഏതാണ്ട് എഴുപത്തിരണ്ടു മണിക്കൂര്‍ അദ്ദേഹം സംവിധായകനായി നിന്ന് ചിത്രം ഷൂട്ട് ചെയ്യുകയും ശ്രികര്‍ പ്രസാദ് എന്ന ഇന്ത്യയിലെ തന്നെ മികച്ച എഡിറ്ററുടെ മുന്‍പിലേക്ക് അതെത്തുകയും ചെയ്തു. ഈ കഥകളൊക്കെ എല്ലാവര്ക്കും മുന്‍പാകെ സജീവ് സൂചിപ്പിച്ചിട്ടുമുണ്ട്. പക്ഷെ പിന്നീട് സജീവ് ചിത്രത്തില്‍നിന്നും അപ്രത്യക്ഷമാകുന്നു. ചിത്രത്തില്‍ നിന്ന് മാത്രമല്ല മലയാള സിനിമാലോകത്ത് നിന്ന് പോലും അപ്രത്യക്ഷമാകുന്നു എന്ന് വേണമെങ്കില്‍ പറയാം. പകരം മറ്റുചിലര്‍ സിനിമ എറെടുക്കുകയും താമസിയാതെ തിയറ്ററുകളില്‍ ചിത്രമെത്തുകയും ചെയ്യും എന്നാണറിയുന്നത്. സിനിമയുടെ ടീസർ പുറത്തുവന്നപ്പോൾ അതിലെ പല ഷോട്ടുകളും താൻ ഷൂട്ടു ചെയ്തതാണെന്ന്
അതായത് ഒരു ജീവിതകാലമത്രയും ഒരു സിനിമയ്ക്ക് വേണ്ടി ചിലവിട്ട ഒരു മനുഷ്യന് ആരും അറിയാതെ അപ്രത്യക്ഷമായി. അയാള്‍ ജീവിച്ചിരിക്കുന്നു എന്നത് തന്നെ അത്ഭുതമാണ്.
അതെ സജീവ് പിള്ള ജീവിച്ചിരിപ്പുണ്ട്, വെള്ളിവെളിച്ചത്തിലുള്ള ആരുടെയും പിന്തുണയില്ലാതെ അയാളുടെ ഗ്രാമത്തില്‍.
ഇവിടെ ഇനി നമുക്ക് മുടിമുറിക്കല്‍ നടത്തിയ ഷെയ്ന് നിഗമിലേക്ക് പോകാം. ആദ്യമേ സൂചിപ്പിക്കാം ഒരു പ്രൊഫഷനല്‍ എന്ന നിലയില്‍ അയാളുടെ വ്യക്തി ജീവിതത്തിലുപരി അയാള്‍ പ്രാധാന്യം കൊടുക്കേണ്ടത് ജോലി ചെയ്യുന്ന ഇടത്തിനാണ്. പ്രത്യേകിച്ചും സിനിമാ മേഖലയില്‍. അയാളുടെ സ്വകാര്യജീവിതത്തിലേക്ക് കടന്നുകയറുന്നത് വെറും വിവരക്കേടാണെന്നുകൂടി ആമുഖമായി രേഖപ്പെടുത്തിക്കൊണ്ട് വിഷയത്തിലേക്ക് കടക്കാം
നിര്‍മ്മാതാവുമായും സംവിധായകനുമായും ഒരു കരാര്‍ ഒപ്പിട്ട് കഴിഞ്ഞാല്‍ ആ കഥാപാത്രമായി മാറുക എന്നത് തന്നെയാണ് അയാള്‍ ചെയ്യേണ്ടത്. തുകയുടെ കാര്യമോ പ്രായത്തിന്റെ അപക്വമോ ഇവിടെ സൂചനകളല്ല. മലയാളത്തിലെ കുറഞ്ഞ ബഡ്ജറ്റ് സിനിമകളിലെല്ലാം അഭിനയിക്കുന്ന താരങ്ങള്‍ക്കുള്ള പ്രതിഫലമാണ് മൊത്തം നിര്‍മ്മാണ ചെലവിന്റെ പകുതിയിലധികവും കൈയടക്കുന്നത്. ഷെയ്ന് നല്ല പ്രതിഫലം വാങ്ങുന്ന നടനാണ് എന്നാണ് അറിയാന്‍ കഴിയുന്നത്. അത് അയാള്‍ അര്‍ഹിക്കുന്നുവെങ്കില്‍ ചെയ്യട്ടെ. പക്ഷെ ഒരു സിനിമയുടെ മദ്ധ്യേ വച്ച് തികച്ചും വ്യക്തിപരമായി തീരുമാനമെടുക്കുന്നതും കഥാപാത്രത്തില്‍ നിന്നും രൂപ ഭാവങ്ങള്‍ കൊണ്ട് പുറത്തുപോകുന്നതും ഒരു പ്രഫഷണലിനു യോജിച്ചതല്ല. എന്ന് മനസിലാകണം. ഇവിടത്തെ ആദ്യ പ്രശ്നം അങ്ങനെ സൃഷ്ടിക്കപ്പെടുന്നു.
മലയാള സിനിമ മാഫിയകളുടെയോ പണച്ചാക്കുകളുടെയോ മേഖലയാകട്ടെ ഷെയ്ന് നിഗം മയക്കുമരുന്ന് അടിക്കുന്നുവെന്നുള്ള ചര്‍ച്ചയിലും ഇടപെടുന്നില്ല. തികച്ചും വ്യക്തിപരമായ അത്തരം കാര്യങ്ങള്‍ ഈ വിഷയത്തിന് പുറത്തുള്ളതാണ്. അതുകൊണ്ട് അത്തരം ആരോപണങ്ങൾ ഉയർത്തിപ്പിടിച്ച് വിവാദമുണ്ടാക്കാൻ ലക്ഷ്യമിടുന്നവരോട് വിയോജിക്കുന്നു. ഈ വിഷയം നിലനിൽക്കുന്നതുമല്ല
ഒരു മെഗാ പ്രോജക്ടിന്റെ ഭാഗമാകുകയും ഒടുവില്‍ അതില്‍നിന്നും പുറത്താക്ക പ്പെടുകയും ചെയ്ത സജിവ് പിള്ളയ്ക് വേണ്ടി സംസാരിക്കാന്‍ ആരും മലയാള സിനിമയില്‍ വന്നില്ല. മറിച്ച് ന്യായീകരണവും പ്രതിന്യായവുമായി ഷെയ്ന് നിഗം എന്ന നടന് ഉണ്ടാക്കി വച്ച ഈ പൊല്ലാപ്പില്‍ ഇടപെടാന്‍ ധാരാളം നാവുകളും. അതെന്തേ അങ്ങനെ?
തുല്യ നീതി – സങ്കല്പം മാത്രമാണ്. തിലകനില്ലാതെപോയത് അതാണ്. അത് തന്നെയാണ് സജീവിനും സംഭവിച്ചത്. എന്തോ ഭാഗ്യം കൊണ്ട് ഷെയ്ന് നിഗമിന് പിന്നില്‍ ആളുകളുണ്ട്. മാത്രമല്ല ഇത് വഴിതിരിച്ചു വിടാനും അവര്‍ക്ക് സാധിക്കുന്നു. ഒരു ആള്‍ക്കൂട്ട ആക്രമണമെന്ന പേരില്‍പോലും മുടി മുറിയെ കാണാന്‍ ആളെത്തുന്നു, ന്യായീകരിക്കാന്‍ സാധിക്കുന്നു. ഈ ഇരട്ടത്താപ്പ് നയം അവസാനിക്കുന്നതെപ്പോള്‍ എന്ന് കാത്തിരുന്നു കാണാം.
പ്രതിപക്ഷം ഫേസ്ബുക്ക് പേജ്
പ്രതിപക്ഷം വാട്ട്സാപ്പിൽ