ചെറിയ ഒരു രൂപത്തിനകത്ത് വാക്കുകൾ കൊണ്ട് എന്തൊക്കെ പരീക്ഷണം നടത്താനൊക്കുമോ അതൊക്കെ നടത്തിയാണ് ചെറുകഥ എന്ന സാഹിത്യരൂപം മുന്നേറിയിട്ടുള്ളത്. മുന്നേറുന്നതും. അടുത്ത സെമ്മിലെ പരീക്ഷ വന്നു തലയിൽ കയറിയതിനാൽ എന്റെ പിള്ളാർക്കൊപ്പം മലയാളത്തിലെ കുറേ ചെറുകഥകൾ തുടരെത്തുടരെ വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്തതിന്റെ ലഹരിയിൽ ആഴ്ചപ്പതിപ്പുകളുടെയും മാസികകളുടെയും പുതിയ ലക്കങ്ങളിൽ പ്രസിദ്ധീകരിച്ച കഥകൾ വായിക്കുകയായിരുന്നു.മലയാളത്തിലെ ക്ലാസ്സിക് കഥകളുടെ കൂട്ടത്തിൽ ശോഭിക്കുന്ന സേതുവിന്റെ ദൂതും സക്കറിയയുടെ കന്യാകുമാരിയും എക്കാലത്തെയും മികച്ച കഥകളുടെ ഗണത്തിൽ ഉൾപ്പെടുത്താവുന്ന വൈശാഖന്റെ നൂൽപ്പാലം കടക്കുന്നവരും ഇ. ഹരികുമാറിന്റെ ദിനോസറിന്റെ കുട്ടിയും കഥയുടെ പല വിധ അനുഭവ ലഹരികൾ പകർന്ന ക്ലാസ്സ് റൂം വേളകൾ.

ജേക്കബ് ഏബ്രഹാമിന്റെ ജീൻസ് ജനാധിപത്യം, എൻ.പ്രദീപ്കുമാറിന്റെ അതിലോലലോലമീ നിലാധാരയിൽ , ഷിജോ ജേക്കബിന്റെ അന്നൊരു വേനൽ മഴയത്ത് എന്നീ കഥകൾ അടുത്തടുത്താണ് വായിച്ചത്. ഇക്കാലത്തെ എഴുത്തുകാർ. അവരുടെ ഏറ്റവും മികച്ച കഥകൾ ആയി ഈ കഥകളെ കരുതാനാകില്ല. ഇനിയും ഏറെ വളരേണ്ട കഥാകൃത്തുക്കളാണവർ. കഥാ സാഹിത്യത്തെ മുന്നോട്ടു കൊണ്ടു പോകേണ്ടവർ. വിമർശിച്ചരിഞ്ഞു വീഴ്ത്തുന്ന കാലമൊക്കെ കടന്നു പോയതിനാൽ രസത്തോടെ കഥകൾ വായിച്ചു മാസികകൾ മടക്കി വെച്ചു.


ഷിജോ ജേക്കബിന്റെ അന്നൊരു വേനൽ മഴയത്ത് എന്ന കഥയെക്കുറിച്ച് എഴുതാം. വായിച്ചു പോകവേ വാക്കുകളിൽ വർണ്ണങ്ങൾ നിറയുന്ന അനുഭവം ഉണ്ടായി. വാക്കുകൾ ദൃശ്യാത്മകമാകുന്നു. ആൾ ചിത്രകാരനാണെന്നു മനസ്സിലായി. കഥയല്ല ജീവിതമാണ് എന്ന് എഴുതിയിരിക്കുന്നതും പിന്നീട് വായിച്ചു.
വാക്കുകളെ ധൂർത്തടിക്കാതെ ലളിതമായ ഒരു കഥ വരച്ചിടുകയാണ് ഷിജോ ജേക്കബ്. ഒരു ചിത്രകാരൻ മഴ കണ്ടാസ്വദിക്കുന്ന വിധം വിവരിച്ചുകൊണ്ടാണ് കഥയുടെ തുടക്കം. ‘മരിച്ചു പോയ വല്യപ്പന്റെ കാലൊടിഞ്ഞ കണ്ണട ജനാലയ്ക്കരികിൽ സ്ഥാപിച്ചു. ആരോ കൊണ്ടുവന്ന റൊട്ടി പൊതിഞ്ഞിരുന്ന ബട്ടർ പേപ്പർ കണ്ണടയ്ക്കു മുൻപിൽ നിശ്ചിത അകലത്തിൽ സ്ഥാപിച്ചപ്പോൾ, കണ്ണടയിലൂടെ കടന്നു വന്ന വെളിച്ചത്തിൽ തലകീഴായി ദൃശ്യങ്ങളും ആ കടലാസിൽ പതിച്ചു. .. അങ്ങനെ പുറത്തെ കാഴ്ചകളെ ഞാൻ എന്റെ സ്വന്തമാക്കി മാറ്റി… ‘

ഈ വാചകങ്ങൾ വായിച്ചപ്പോഴേ മനസ്സിലായി ഈ യുവ കഥാകൃത്ത് വേറേ ലവ ലാണ്. ഈ സാഹിത്യ രൂപത്തെ ധ്യാനപൂർവ്വം പരിചരിച്ചാൽ ഷിജോ ജേക്കബിന് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും. വാക്കുകൾ ഇയാൾക്കു വഴങ്ങിക്കൊടുക്കുന്നുണ്ട്.
ഡൽഹിയിലെ ഒരു വേനൽ മഴക്കാഴ്ച്ചയാണ് ഷിജു കഥയാക്കുന്നത്. വാക്കുകൾ കൊണ്ട് രണ്ട് മൂന്ന് തുടർച്ചിത്രങ്ങൾ വരച്ചു വെച്ചിരിക്കുന്നു എന്നു പറഞ്ഞാൽ കഴിഞ്ഞു. അവ നൽകുന്ന ഫീൽ വല്ലാത്തതാണ്. ആദ്യം കണ്ട മഴ നോട്ടമല്ല വേനൽമഴയിൽ ഒരു തകര ഷെഡ്ഢിന്റെ കീഴിൽ നനഞ്ഞൊട്ടിനൽക്കുന്ന കഥയിലെ ആഖ്യാതാവും വഴിയാത്രക്കാരായ ആളുകളും ആ പെൺകൊടിയിലേക്ക് അയയ്ക്കുന്നത്. മഴയിൽ നനഞ്ഞൊട്ടിയ വസ്ത്രങ്ങളോടുകൂടിയ അവളുടെ മേനിയിൽ തറയുന്ന ആൺനോട്ടങ്ങളിൽ നിന്ന് അവളെ രക്ഷിക്കാനായി ഒരു യുവാവ് തന്റെ പണി സഞ്ചിയിൽ നിന്ന് ഒരു കട്ടി വസ്ത്രം എടുത്ത് അവളെ പുതപ്പിക്കുന്നു. ആ ദൃശ്യത്തിൽ കഥ അവസാനിക്കുന്നു.

Read Also  പരിസ്ഥിതിയോടിണങ്ങി ജീവിക്കണം

‘ആ മഴയിൽ സ്ഫടികം പോലത്തെ ഒരു മഴത്തുള്ളിയായി അവൾ അലിഞ്ഞലിഞ്ഞു പോയി. …
ആ അന്ധകാരത്തിൽ അയാൾ ഒരു മിന്നൽപ്പിണറായി മാറി … ‘
കഥയുടെ സന്ദേശത്തിലൊന്നുമല്ല എന്റെ ശ്രദ്ധ പതിയുന്നത്. ആവിഷ്കാര രീതിയിലാണ്. ശില്പത്തിലാണ്. ദൂതും കന്യാകുമാരിയുമൊക്കെ ശില്പം കൊണ്ടു കൂടിയാണ് നമ്മെ കീഴടക്കുന്നത്.
ഷിജോ ജേക്കബ് എന്ന കഥാകൃത്തിൽ ഒരു വലിയ ഭാവി കാണുന്നു. ചിത്രത്തെ വാക്കിൽ അലിയിപ്പിക്കുന്ന പുതുമയാർന്ന കഥാ ശില്പങ്ങൾ തീർക്കാൻ ഷിജോയ്ക്ക് കഴിയട്ടെ. അതിന്റെ തുടക്കമായി ഈ കഥയെ കാണുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here