ഇത്തവണത്തെ ലളിത കലാ അക്കാദമി അവാര്‍ഡ് ജേതാവായ ചിത്രകാരന്‍ ഷിനോജ് ചോരനുമായി ചിത്രകാരന്‍ കൂടിയായ എഴുത്തുകാരന്‍ അമല്‍ നടത്തിയ അഭിമുഖം.

ഷിനോജ് ചോരന്‍/ അമല്‍

പെയിന്റിംഗിന് കേരള ലളിത കലാ അക്കാദമിയുടെ സംസ്ഥാന പുരസ്ക്കാരം നേടിയ ഷിനോജ് ചോരന്‍ സമകാലീനത എന്നതിനെ രാഷ്ട്രീയവുമായി ചേര്‍ത്ത് വച്ചാണ് വീക്ഷിക്കാറ്. ഷിനോജ് ചോരന്‍റെ ചിന്തകളിലും ചിത്രങ്ങളിലും അത് വലിയൊരു അടിയൊഴുക്കാണ്. കല/രാഷ്ട്രീയം ഒരു സമകാലീന യുവകലാകാരന്‍ എങ്ങനെ അടയാളപ്പെടുത്തുന്നു എന്നറിയാന്‍ ചോരന്‍ ഇത് വരെ ചെയ്ത ചിത്രങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കിയാല്‍ മതിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്നും പെയിന്റിംഗില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഷിനോജ് കണ്ണൂര്‍ സ്വദേശിയാണ്. ഗുജറാത്തിലെ കനോറിയ ആര്‍ട്ട് സെന്റെര്‍ റെസിഡന്‍സി, കേന്ദ്ര ലളിത് കലാ അക്കാദമിയുടെ റിസര്‍ച്ച് ഗ്രാന്‍റ്, ലളിതകലാ അക്കാദമി സോളോ ഗ്രാന്‍റ് ഉള്‍പ്പെടെ നിരവദി അക്കാദമിക് അംഗീകാരങ്ങളും കേരളത്തിലും പുറത്തുമായി എണ്ണമറ്റ പ്രദര്‍ശനങ്ങളുമൊക്കെയായി കലയില്‍ വളരെ സജീവമാണ് ഷിനോജ് ചോരന്‍. ഇപ്പോള്‍ മാവേലിക്കര രാജാരവിവര്‍മ സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സില്‍ അധ്യാപകനാണ്.

 ലളിതകലാ അക്കാദമി പുരസ്കാരം പെയിന്റിംഗിന് ലഭിച്ചതിന് അഭിനന്ദങ്ങൾ. ഫാസിസത്തിനെതിരേ നിരന്തരം വരയ്ക്കുന്ന ആളെന്ന നിലയിൽ അതിനെ എങ്ങനെയാണ് ഒരു കലാകാരന് എതിർക്കാനാകുക എന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രത്യേകിച്ച് പെയിന്റിംഗ്  എന്ന മീഡിയത്തിലുടെ ഇന്നത്തെ സാഹചര്യത്തിൽ?

നന്ദി ! ഏതുതരം കലയും, കലാകാരനും ഫാസിസത്തിനെതിരെ നിൽക്കുന്നതാണ് എന്നാണ് എന്റെ പക്ഷം. ഒരു സോഷ്യൽ സിസ്റ്റത്തിനകത്തായിരിക്കുമ്പോൾത്തന്നെ അതിലെ പ്രശ്നങ്ങളെ തുറന്നുകാട്ടുക എന്നത് സാമൂഹ്യ-രാഷ്ട്രീയ ജീവി എന്ന നിലയിൽ ഏതൊരു പൗരന്റെയും ഉത്തരവാദിത്വമാണ്. ‘കലാകാരൻ’ എന്നത് ‘ഏലിയൻ’ ആയ ഒരു ജീവിവർഗ്ഗം അല്ലാത്തതുകൊണ്ട് ഇപ്പറഞ്ഞ ഉത്തരവാദിത്വം കലാകാരനും ബാധകമാണ്.  പെയിന്റിങ് ചെയ്യുക എന്ന പ്രക്രിയയോട് എനിക്ക് പ്രതിപത്തി നഷ്ടപ്പെട്ടിട്ടില്ല. ഏതു മീഡിയമുപയോഗിച്ചായാലും എക്സ്പ്രസ് ചെയ്യുക, ഇടപെടലുകൾ/സംവാദങ്ങൾ സാധ്യമാക്കുക എന്നതിനാണ് പരിഗണന. ഇതോടൊപ്പംതന്നെ ‘കലാസൃഷ്ടികൾ വഴി കാഴ്ചക്കാരെ അപ്പാടെ ഉദ്ബുദ്ധരാക്കിയേക്കാം’ എന്ന അമിതആത്മവിശ്വാസമൊന്നും ഏതായാലും എനിക്കില്ല. മറിച്ച് ഒരു ‘ഇടപെടൽ’ ഉണ്ടാക്കുക എന്നത് വളരെ പ്രധാനമാണെന്ന് കരുതുകയും ചെയ്യുന്നു.

‘കല’എന്നത് ഒരു സാംസ്കാരിക പ്രവൃത്തിയായോ, ലാവണ്യതയിൽ അധിഷ്ഠിതമായാണ് അതിന്റെ പ്രകരണസാധ്യതകൾ എന്നോ ഉള്ള ചിന്തകളോ സിദ്ധാന്തങ്ങളോ നിലനിൽക്കെത്തന്നെ ഇതൊരു ‘രാഷ്ട്രീയപ്രക്രിയ’ കൂടിയാണെന്നും ‘സാമൂഹികനിർമ്മിതി’യുടെ അവിഭാജ്യഘടകമാണെന്നും ഉള്ള ചിന്തകളോടാണ് എനിക്ക് പ്രതിപത്തി. ഇത്തരമൊരു ബോധത്തിന്റെ വെളിച്ചത്തിലാണ് എന്റെ ഓരോ വർക്കും രൂപംകെൊള്ളുന്നത്. സമകാലിക രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക അവസ്ഥയിൽ, ഫാസിസ്റ്റുകൾ ഭരിക്കുന്ന രാജ്യത്ത് ജീവിച്ചുകൊണ്ട്, ‘നിശബ്ദ അടിയന്തരാവസ്ഥ’ അരങ്ങേറുന്ന കാലത്ത് ഒരു കലാകാരൻ എന്താണ് ചെയ്യേണ്ടത്? എന്ത് ഇടപെടലാണ് നടത്തേണ്ടത്? എന്തുതരം കലയാണ് ഉൽപ്പാദിപ്പിക്കേണ്ടത്? ഈ ചോദ്യങ്ങളാണ് എന്നെ നയിക്കുന്നത്. ഇതൊക്കെയാണ് എന്റെ ഇന്ധനം !

Read Also  പാത്തുമ്മയുടെ ആട്; അമലിന്റെ കുറിപ്പ്

അവാർഡ് ചിത്രം എന്ത് രാഷ്ട്രീയമാണ് മുന്നോട്ട് വക്കുന്നത്. ചിത്രകാരന് രാഷ്ടീയം ആവശ്യമാണോ?

`അൺനോൺ വിക്‌ടിംസ്` എന്ന വർക്കിനാണ് അവാർഡ് ലഭിച്ചത്. ഫാസിസം അത്രമേൽ പിടിമുറുക്കിയ ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. വ്യാജ ഏറ്റുമുട്ടൽ നടക്കുന്ന, സ്ത്രീ-ദളിത്-ആദിവാസി പീഡനങ്ങൾ തുടർക്കഥയാവുന്ന, രാഷ്ട്രീയ-സാമുദായിക-വർഗ്ഗീയ കലാപങ്ങൾ/കലഹങ്ങൾ/കൊലപാതകങ്ങൾ നടക്കുന്ന ഒരു രാജ്യത്ത് ! ‘ഇരകളാക്കപ്പെടുക’ എന്നത് അത്രമാത്രം സ്വാഭാവികമായാണ് നടക്കുന്നത്. വളരെ ഭീതിതമായ അവസ്ഥയിലൂടെയാണ് നമ്മളോരോരുത്തരും കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. അഭിപ്രായ – ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു, ആൾക്കൂട്ടകൊലപാതകങ്ങൾ (mob lynching) കൂടിവരുന്നു, രാഷ്ട്രീയനിലപാടുകളുടെ പേരിൽ കൊലചെയ്യപ്പെടുന്നൂ, ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന വ്യാജഏറ്റുമുട്ടലുകൾ കൂടിവരുന്നൂ തുടങ്ങിയവ….. (ഈ ലിസ്റ്റ് വളരെ വലുതാണ്‌ !) ഈ അടുത്ത കാലത്താണ് തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് പ്ലാന്റിനെതിരെ സമരംചെയ്ത നിരായുധരായ ജനതയ്ക്കെതിരെ യാതൊരു സങ്കോചവുമില്ലാതെ പോലീസ് വെടിവെപ്പ് ഉണ്ടായത്. സ്വന്തം ജനതയ്ക്കെതിരെ ഭരണകൂടം നടത്തുന്ന യുദ്ധങ്ങൾ!! ജനാധിപത്യത്തിന്റെ തണലിലാണ് ഇതൊക്കെ നടക്കുന്നത് എന്നതാണ് ഏറ്റവും ഭീതിതം. ഇത്തരത്തിൽ ഇതെല്ലാം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാൾ എന്നനിലയിൽ ഞാൻ കൈക്കൊള്ളുന്ന നിലപാടുകൾ തന്നെയാണ് കലാസൃഷ്ടിയിലും പ്രതിഫലിക്കുന്നത്. സാമാന്യമായി ‘എല്ലാ കലാകാരനും രാഷ്ട്രീയം വേണം’ എന്നുപറയാൻ ഞാൻ ആളല്ല. ഷിനോജ് ചോരൻ എന്ന കലാകാരന്,വ്യക്തിക്ക് തീർച്ചയായും രാഷ്ട്രീയമുണ്ട്, രാഷ്ട്രീയനിലപാടുകളുണ്ട്. കാരണം ‘അരാഷ്ട്രീയമാവുക’ എന്നാൽ നിലവിലെ വ്യവസ്ഥയോട്,അതിന്റെ പ്രശ്നങ്ങളോട് സമരസപ്പെടുക എന്നാണർത്ഥം !

ഒരു ഫോട്ടോഗ്രാഫ് വഴി ഈ ദൃശ്യം വ്യക്തമായി പകർത്താനുള്ള സാധ്യത ഇരിക്കെ എന്തിനാണ് പെയിന്റിംഗ് തിരഞ്ഞെടുത്തത്. ഇന്നത്തെ സാഹചര്യത്തൽ ചിത്രകലയുടെ സാധ്യത  എന്താണ്?

വളരെ ശരിയാണ്! ഒരു ഫോട്ടോഗ്രാഫിലൂടെ വ്യക്തമായി കാണിക്കാവുന്ന/എക്സ്പ്രസ് ചെയ്യാവുന്ന ഒരു ദൃശ്യം/ഇമേജ് തന്നെയാണ് അത്. ഈ ആശയം ആദ്യം എക്സിക്യൂട്ട് ചെയ്തതും വീഡിയോ , ഫോട്ടോഗ്രാഫി എന്നീ മീഡിയത്തിൽ തന്നെയാണ്. അതിനെത്തുടർന്നാണ് പെയിന്റിങ് ചെയ്തത്. വ്യത്യസ്ത മീഡിയത്തിൽ ചെയ്യുകയും അതിന്റെ സാധ്യതകളെ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുക എന്ന രീതി. ഒാരോ മീഡിയത്തിലും ചെയ്യുമ്പോൾ ലഭിക്കുന്ന റിസൾട്ട് വ്യത്യസ്തമാണ്. ഓരോ മീഡിയത്തിനും അതിന്റേതായ ശക്തി ഉണ്ട്. കളർഫോട്ടോഗ്രാഫി പ്രചാരത്തിൽവന്നതോടെ ‘പെയിന്റിംഗ്ൽ നിശ്ചലഛായാചിത്രണത്തിന്റെ  കാലം അവസാനിച്ചു’ എന്ന് കരുതിയവരും അങ്ങനെ വാദിച്ചവരുമുണ്ട്. പക്ഷേ ഏതാണ്ട് അതേ കാലത്താണ് ചിത്രകലയിൽ സമഗ്രമായ മാറ്റത്തിന്റെ നാന്ദികുറിച്ചുകൊണ്ട് ഇമ്പ്രെഷനിസം എന്ന മൂവ്മെന്റ് സാധ്യമായത്. സ്റ്റുഡിയോ വിട്ട് ആർട്ടിസ്റ്റുകൾ പുറത്തേക്ക് വന്നതും അതേ കാലത്താണ്. അതിന്റെ ചുവടുപിടിച്ച് പിൽക്കാലത്ത് ഒട്ടനേകം ആർട് മൂവ്മെന്റ് ഉണ്ടായി. പറഞ്ഞുവന്നത്, ഒരു മാധ്യമവും കാലഹരണപ്പെടുന്നില്ല എന്നാണ്‌. സ്ഥല-കാലത്തിനനുസരിച്ച് പുതുക്കപ്പെടുകയോ മാറ്റത്തിന് വിധേയപ്പെടുകയോ ആണ്. അതുകൊണ്ടുതന്നെയാണ് നവമാധ്യമം , ഇൻസ്റ്റലേഷൻ ,പെർഫോമൻസ് ആർട്ട് , വീഡിയോ ആർട്ട് തുടങ്ങിയവ.. ഇവയൊക്കെ നിലനിൽക്കുന്ന അതേ സമകാലത്തും പെയിന്റിങ്, ശിൽപം , പ്രിന്റ് മേക്കിങ് എന്നിവയും നിർമ്മിക്കപ്പെടുന്നതും നിലനിൽക്കുന്നതും. തീർച്ചയായും ചിത്രകലയ്ക്ക് സാധ്യതകളുണ്ട്. അതങ്ങനെ കാലഹരണപ്പെടുന്ന ഒന്നല്ല. രേഖാചിത്രണത്തിന് മനുഷ്യചരിത്രത്തോളംതന്നെ പഴക്കമുണ്ടല്ലോ. നിരന്തരമായ പരിണാമങ്ങൾക്കു വിധേയപ്പെട്ടാണ് അത് സമകാലത്തേക്കുള്ള യാത്ര നടത്തിയിരിക്കുന്നത്. കാലത്തെ അഡ്രസ് ചെയ്യുന്ന എന്തും നിലനിൽക്കും, പരിഗണിക്കപ്പെടും. സംശയമില്ല !

Read Also  അമലിന്റെ വ്യസന സമുച്ചയത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡ്

 ബറോഡയിൽ വളരെ കലുഷിതമായ ഒരു കാലത്ത് ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.
ആ അനുഭവങ്ങൾ കലാജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടോ? എങ്കിൽ എങ്ങനെയാണ് കലാജീവിതത്തിൽ പകർത്തിയത്?

2010 ജൂൺമാസമാണ് അഹമ്മദാബാദിലുള്ള കനോറിയ സെന്റർ ഓഫ് ആർട്ട്സിൽ സ്റ്റുഡിയോ ഫെല്ലോഷിപ് ലഭിച്ച് ഗുജറാത്തിൽ എത്തുന്നത്. അക്കാലത്ത് ഗുജറാത്തിനെക്കുറിച്ച് എനിക്കറിയാവുന്ന രണ്ടേ രണ്ടു കാര്യങ്ങൾ ഒന്ന് ഗാന്ധിയുടെ ജന്മസ്ഥലം, മറ്റൊന്ന് ഗോദ്രകലാപം ! 2002 February 27നാണ് രണ്ടായിരത്തോളം പേർ കൊല്ലപ്പെട്ട കലാപം ആരംഭിച്ചത്. അതിന്റെ ഉണങ്ങാത്ത മുറിവ് വർഷങ്ങൾക്കിപ്പുറവും അനുഭവിച്ചറിയാൻകഴിഞ്ഞിട്ടുണ്ട്. കലാപത്തിനുശേഷം വലിയരീതിയിലുള്ള വർഗ്ഗീയധ്രുവീകരണം സംഭവിച്ചു. മുസ്ലിം-ദളിത് ജനത ഒന്നൊഴിയാതെ നർമ്മദയുടെ അക്കരയ്ക്കുള്ള ഒാൾഡ്സിറ്റിയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. അവിടെ തിങ്ങിഞെരുങ്ങി ആ ജനത കഴിയുന്നു. എപ്പോൾവേണമെങ്കിലും ഇനിയുമൊരു കലാപമുണ്ടായേക്കാം എന്ന ഭീതി എല്ലാവരുടേയും മുഖത്ത് പ്രകടമായിരുന്നു. ഓൾഡ് സിറ്റിയിലെ സെറ്റിൽമെന്റുകളിലേക്കുള്ള നിരന്തരമായ യാത്രകൾവഴി ഇതൊക്കെ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. പുറമേ ശാന്തവും സുന്ദരവുമെങ്കിലും ഉള്ളറകളിൽ വർഗ്ഗീയത അത്രമേൽ തീവ്രമായിട്ടുണ്ടെന്ന് വളരെപ്പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. ജൈനരെയും പട്ടേലുകളെയും പോലെ സവർണ്ണരും ധനികരും മാത്രം പാർക്കുന്ന നഗരത്തിലൂടെ നടക്കുമ്പോൾ തടഞ്ഞുനിർത്തി എന്റെ താടി ചൂണ്ടിക്കൊണ്ട് ”നീ മുസ്ലിം ആണോ? എന്താ ഇവിടെകാര്യം’ എന്ന് ചോദ്യംചെയ്ത പോലീസുകാരനെ എനിക്കിപ്പോഴും ഓർമ്മയുണ്ട്. നർമ്മദാനദിക്ക് അപ്പുറവുംഇപ്പുറവുമായ് ഒരു ജനത വിഭജിക്കപ്പെട്ടുകഴിഞ്ഞിട്ട് കാലമേറെ ആയിരുന്നല്ലോ അപ്പോഴേക്കും !

ഒരു ആർട്ടിസ്ററ് എന്ന നിലയിൽ ഇതിനോടൊക്കെ എങ്ങനെ പ്രതികരിക്കണം എന്നത് വലിയ വെല്ലുവിളി ആയിരുന്നു. അക്കാലത്ത് ചെയ്ത ‘Red Corridor’ സീരീസിൽ കുറച്ചൊക്കെ എക്സ്പ്രസ് ചെയ്യാൻ ശ്രമിച്ചിരുന്നു. 2006ൽ എം എഫ് ഹുസൈൻ ‘നാടുകടത്ത’പ്പെടുന്നു, 2007ൽ ബറോഡ എം എസ് യൂണിവേഴ്‌സിറ്റിയിലെ ഫൈനൽ എം വി എ വിദ്യാർത്ഥിയായ ചന്ദ്രമോഹന്റെ ഫൈനൽ ഡിസ്പ്ലേ വർക്കുകൾ ഹിന്ദുവർഗ്ഗീയവാദികൾ നശിപ്പിച്ചു, 2013 ൽ അഹമ്മദാബാദിലെ ‘amdavad-ni-gufa’ എന്ന ആർട്ഗാലറിയിൽ പ്രദർശനത്തിലുണ്ടായിരുന്ന പാകിസ്ഥാനി ആർടിസ്റ്റുകളുടെ വർക്കുകൾ വർഗ്ഗീയവാദികൾ നിലത്തിട്ടുടച്ചു! കലാരംഗത്തേക്കും ഫാസിസം അതിവേഗം പിടിമുറുക്കാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷതെളിവുകളായിരുന്നു ഇവ. ഇതൊക്കെത്തന്നെ എന്നിലെ കലാകാരനെ ചിന്തിപ്പിച്ചിട്ടുണ്ട്,സ്വാധീനിച്ചിട്ടുണ്ട്. ഒന്നുകിൽ സമരസപ്പെടുക അല്ലെങ്കിൽ പോരാടുക എന്നത് മാത്രമാണ് മുന്നിലുള്ളവഴി. ഏതു തിരഞ്ഞെടുക്കും എന്നതാണ് പ്രധാനം. ഗുജറാത്ത്കാലത്ത് പൊളിറ്റിക്കൽ ആയ വർക്കുകൾക്ക് തുടക്കംകുറിച്ചെങ്കിലും അത് പിന്നീടത് പൂർണതയിലേക്ക് എത്താൻ പിന്നെയും സമയമെടുത്തു. Red corridor series, Killers manifesto series, Daydreamer from the Cucumber city, Unknown victims series, From the backyard of Democracy series തുടങ്ങിയവ നിർമ്മിച്ചെടുക്കാനുള്ള ഇന്ധനം ഗുജറാത്ത്കാലം പകർന്നുതന്ന ‘വെളിപാടുകൾ’ തന്നെയാണ് !