Wednesday, January 19

മേഴ്‌സിഡസ് കാറിനും പാലിനും ഒരേ നികുതി ഈടാക്കാനാവില്ല: കോണ്‍ഗ്രസിനെ പരിഹസിച്ച് മോദി

മേഴ്‌സിഡസ് കാറിനും പാലിനും ഒറ്റ നികുതി ഈടാക്കാനാവില്ലെന്ന് ജിഎസ്ടിക്ക് കീഴില്‍ ഒറ്റ നികുതി സ്ലാബ് കൊണ്ടുവരണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതുപോലെ എല്ലാ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി 18 ശതമാനം എന്ന ഒറ്റ സ്ലാബിലേക്ക് കൊണ്ടുവന്നാല്‍ ഭക്ഷ്യോല്‍പന്നങ്ങളുടെയും അവശ്യസാധനങ്ങളുടെയും വില വര്‍ദ്ധിക്കുമെന്ന് സ്വാരാജ്യ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.
നുിലവില്‍ പൂജ്യം ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ മാത്രം നികുതിയുള്ള ഭക്ഷോല്‍പന്നങ്ങളുടെ നിരക്ക് 18 ശതമാനമായി വര്‍ദ്ധിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജിഎസ്ടി നടപ്പിലാക്കിയശേഷം പരോക്ഷ നികുതി വരുമാനത്തില്‍ എഴുപത് ശതമാനം വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം സാധിച്ചു. നികുതി സംവിധാനം ആവിഷ്‌കരിച്ച് ഒരു വര്‍ഷത്തിനുള്ള സംസ്ഥാന അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകള്‍ ഇല്ലാതാക്കാനും 17 തരം നികുതികളും 23 സെസുകളും ഒറ്റ നികുതിക്ക് കീഴിലാക്കാനും സാധിച്ചിട്ടുണ്ട്.
എല്ലാ ഉല്‍പന്നങ്ങള്‍ക്കും ഒറ്റ നികുതി എന്ന ആശയം ഇന്ത്യയില്‍ നടപ്പിലാക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫേസ്ബുക്കില്‍ കുറിച്ചു. വികസിത രാജ്യങ്ങളില്‍ മാത്രം നടപ്പിലാക്കാന്‍ കഴിയുന്ന ഒന്നാണ് ഒറ്റ നികുതി. സിംഗപ്പൂരിലെ പോലെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും ഏഴ് ശതമാനം നികുതി പോലുള്ള ആശയം ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് പ്രായോഗികമല്ലെന്നും ജിഎസ്ടി നടപ്പിലാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ ജിഎസ്ടി നിര്‍ണായക സ്വാധീനം ചെലുത്തും. ജിഎസ്ടിയുടെ യഥാര്‍ത്ഥ നേട്ടങ്ങള്‍ വരാനിരിക്കുന്നതേയുള്ളുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് പശ്ചിമ ബംഗാള്‍ ധനമന്ത്രി ഡോ. അമിത് മിത്ര രംഗത്തെത്തി. പുതിയ നികുതി സംവിധാനം പ്രതീക്ഷ പ്രകടനം നടത്തിയിട്ടില്ലെന്ന് അദ്ദേഹം ഇന്നലെ എന്‍ഡിടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. വേണ്ട മുന്നൊരുക്കങ്ങള്‍ ഇല്ലാതെ ഇത്ര വലിയ ഒരു നികുതി പരിഷ്‌കരണം നടപ്പിലാക്കിയത് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.

Spread the love
Read Also  വയനാട്ടിൽ തോറ്റത് ഇന്ത്യയായിരുന്നോ?: പ്രധാനമന്ത്രി