Tuesday, May 26

വിശുദ്ധപാപികളുടെ അധോലോകത്തെ സിസ്റ്റർ ലൂസി കളപ്പുര തുറന്നു കാട്ടുമ്പോൾ

ഒരു കോർപറേറ്റ് സംഘത്തിനെതിരെ അതിനുള്ളിൽ നിന്ന് തന്നെ യുദ്ധം ചെയ്താലുള്ള അവസ്ഥ എന്തായിരിക്കും. അത് തന്നെയാണ് സിസ്റ്റർ ലൂസി കളപ്പുര സമീപ ഭാവിയിൽ അനുഭവിക്കാൻ പോകുന്നത്. അവർ തുറന്ന യുദ്ധത്തിനൊരുങ്ങുന്നത് ചില തിരുവെഴുത്തുകളിലൂടെയാണ്. കഴിഞ്ഞ ദിവസത്തെ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച ലൂസി കളപ്പുരയ്ക്കലിന്റെ ഇനി വരാനിരിക്കുന്ന ആത്മകഥപരമായ പുസ്തകത്തിലെ ചില താളുകൾ സൂചിപ്പിക്കുന്നത് അവർ എത്രയും വേഗം സന്യാസ സമൂഹമെന്ന അധോലോകത്തിൽനിന്നും പുറത്തേക്കു പോകേണ്ടി വരുമെന്നാണ്.

ഏതാണ്ട് പതിനൊന്നാം നൂറ്റാണ്ട് മുതൽ കത്തോലിക്ക സഭ പുരോഹിതന്മാർ ലൈംഗിക അപവാദങ്ങൾ നേരിടുന്നതിന്റെ ചരിത്രം വിശ്വാസത്തിന്റെ ചരിത്രത്തോടൊപ്പം വായിക്കാൻ സാധിക്കും. സഭയെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമല്ലായിരിക്കും പക്ഷെ പുതിയ കാലത്തും അവകാശ പ്രഖ്യാപനങ്ങളും നിയമങ്ങളും  പൊതു സമൂഹത്തിൽ നിലനിൽക്കുമ്പോൾ പഴകി  നാറിയ മത വിശ്വാസത്തിന്റെ പേരിൽ ചൂഷണം നടത്തുന്ന പുരോഹിതമനസിലെ ദുഷിപ്പുകൾ എന്ന് മാറും എന്നതാണ് ഇവിടെ ഉയരുന്ന പ്രശ്നം.സിസ്റ്റർ ലൂസി കേരളത്തിലെ സഭയുടെ എല്ലാവിധ ആശീർ വാദങ്ങളും നേടിയെടുത്ത ബിഷപ്പ് ഫ്രാൻകോയ്‌ക്കെതിരെ നടത്തിയ യുദ്ധങ്ങൾ
കേരളസമൂഹം കണ്ടിരുന്നതാണ്.

പീഡനക്കേസ് പ്രതിയായ ജലന്ധര്‍ ബിഷപ്പിനെതിരേ നടപടിയാവശ്യപ്പെട്ട് തെരുവിലിറങ്ങിയതിനു ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മഠത്തില്‍ നിന്നു പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുര ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത് സഭയുടെ കൊട്ടിഘോഷിക്കപ്പെട്ട പുരോഹിത വിഭാഗം നടത്തുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തങ്ങളെ പറ്റിയാണ്. ഡിസി ബുക്‌സ് താമസിയാതെ പുറത്തിറക്കുന്ന ലൂസി കളപ്പുരയുടെ ‘കര്‍ത്താവിന്റെ നാമത്തില്‍’ ഒരു കന്യാസ്ത്രീയുടെ ഉള്ളുപൊള്ളിക്കുന്ന തുറന്നെഴുത്തുകള്‍ എന്ന ആത്മകഥയിലാണ് ചില സന്യാസി മഠങ്ങളെയും ഏതാനും വൈദികരെയും പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്. പുസ്തകം പുറത്തിറങ്ങുന്നതോടെ, ലൂസി കളപ്പുരയും സന്ന്യാസി സഭകളും തമ്മിലുള്ള പോര് കൂടുതല്‍ കോളിളക്കമുണ്ടാക്കുമെന്നുറപ്പാണ്.

ക്രൈസ്തവ മഠങ്ങളില്‍ നടക്കുന്ന ലൈംഗികാതിക്രമവും ചില വൈദികരുടെ വഴിവിട്ട ബന്ധവുമെല്ലാം പുസ്തകത്തില്‍ തുറന്നെഴുതുന്നുണ്ട്. മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേനയെത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് ആരോപിക്കുന്ന സിസ്റ്റര്‍ ലൂസി, കന്യാസ്ത്രീയായ ശേഷം തനിക്കുനേരെ തന്നെ നാലുതവണ പീഡനശ്രമം ഉണ്ടായെന്നും സൂചിപ്പിക്കുന്നു. ഈ നാലുതവണയും വൈദികരാണ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപിക്കുന്നത്. മാത്രമല്ല, കണ്ണൂര്‍ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയായ വൈദികന് പല കന്യാസ്ത്രീകളുമായും വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുള്ളതായറിയുന്നു. അതിനേക്കാള്‍ ഗുരുതരമായ മറ്റൊരു ആരോപണം കൂടി ഉയര്‍ത്തിയിട്ടുണ്ട്. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചെന്നും ഇതിന് ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നുമുള്ളതാണത്.

‘വിശുദ്ധപാപികളുടെ അധോലോകം’ എന്ന അധ്യായത്തിലാണ് പുരോഹിതന്‍മാര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരേ ലൂസി ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്. ”ലൗകിക ജീവിതതൃഷ്ണയെ ശമിപ്പിക്കാനായി പ്രാര്‍ത്ഥനയില്‍ അഭയം തേടുന്ന സന്ന്യാസിനികള്‍ അവരില്‍ അന്തര്‍ലീനമായ ലൈംഗികാഭിനിവേശം പ്രകടിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ക്കു ഞാന്‍ മൂകസാക്ഷിയായിട്ടുണ്ട്. വീടും നാടും കൈയൊഴിഞ്ഞ് വൈയക്തിക ബന്ധങ്ങളെ നിരാകരിച്ച് സന്ന്യാസിനിയവാന്‍ എത്തിയവരില്‍ ഭൂരിഭാഗം പേരും മാനുഷികമായ വികാരത്തെ നിയന്ത്രിക്കാന്‍ കെല്‍പ്പില്ലാത്തവരാണ്. ഇവരുടെ ചേഷ്ടകള്‍ക്ക് എത്രയോ തവണ ഞാന്‍ കാഴ്ചക്കാരി ആയിട്ടുണ്ട്.

Read Also  വീണ്ടും കന്യാസ്ത്രീകളെ ആക്ഷേപിച്ച് പി. സി. ജോർജ് ; ശബ്ദലേഖനം വൈറലാകുന്നു

പുരോഹിതന്മാരുമായാണ് കന്യാസ്ത്രീകളില്‍ നല്ലൊരു പങ്കിനും ക്രൈസ്തവ ചിന്താവിരുദ്ധമായ അടുപ്പമുള്ളത്. മഠത്തിലും സന്ന്യാസിനി ജീവിതത്തിന്റെ എല്ലാ തലങ്ങളിലും വൈദികര്‍ക്കുള്ള സ്ഥാനം തന്നെയാണ് ഇത്തരം ബന്ധങ്ങള്‍ വളരാനുള്ള കാരണവും. സഹവാസികളായ സന്ന്യാസിനികളില്‍ നിരവധി പേര്‍ക്ക് ഇത്തരം ബന്ധങ്ങളുണ്ട്.ദേവാലയ പരിസരത്തെ സങ്കീര്‍ത്തിയില്‍ വച്ച് പുരോഹിതനാല്‍ ലൈംഗിക ചൂഷണത്തിനിരയായ കന്യാസ്ത്രീ വിവരം എന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്.

അവര്‍ എന്നോടൊപ്പം സന്യാസവൃത്തി തുടങ്ങിയവരാണ്. ആ അനുഭവത്തില്‍ ഈ സന്ന്യാസിനി സംഭ്രമിച്ചില്ലെന്നു മാത്രമല്ല, അത് അവര്‍ രസിക്കുകയും ചെയ്തു. തൃപ്തികരമായ ഒരു ചൂഷണചരിതം മാത്രമായി ഇത് അവശേഷിക്കുന്നു. ചില മഠങ്ങളില്‍ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായം ഉള്ളതായി എനിക്കറിയാം. ഈ സഹോദരിമാര്‍ക്കു പള്ളിമേടയില്‍നിന്ന് അനുഭവിക്കേണ്ടിവരുന്നത് അസാധാരണ വൈകൃതമാണ്. നഗ്‌നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികര്‍ മുന്നില്‍ നിര്‍ത്തി ആസ്വദിക്കും. മടുത്തു എന്നു പറഞ്ഞാല്‍ പോലും ചെവിക്കൊള്ളാത്ത കാമഭ്രാന്തന്മാരാണ് ചില വൈദികര്‍.

മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിര്‍ന്ന കന്യാസ്ത്രീകളും സ്വവര്‍ഗ ഭോഗത്തിന് ഉപയോഗിക്കുന്ന വിവരവും പലരില്‍നിന്നായി ഞാനറിഞ്ഞിട്ടുണ്ട്. ആത്മസംഘര്‍ഷം ലഘൂകരിക്കുന്നതിനായുള്ള മനപ്പരിചരണം കന്യാസ്ത്രീകളില്‍ പലര്‍ക്കും കുരിശായി മാറുകയാണ് പതിവ്. വൈദികരായ കൗണ്‍സലിംഗ് വിദഗ്ദ്ധര്‍ ഈ സ്ത്രീകളെ നിരന്തരമായി പിന്തുടരുന്ന സാഹചര്യവും ഉണ്ടെന്നും പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
എന്തായാലും കാലങ്ങൾക്കു ശേഷം ക്രൈസ്തവ സഭകളിൽ ഈ പുസ്തകം ചില പൊള്ളലുകൾ ഏൽപ്പിക്കും എന്നുള്ളത് വ്യക്തമാണ്. 

ഇന്ത്യയിലുണ്ടായിട്ടുള്ള ക്രൈസ്തവ സഭാ പുരോഹിതന്മാരുടെ പീഡന ചരിത്രം നോക്കുമ്പോൾ കേരളത്തിലെ സഭകളാണ്  മുൻപന്തിയിലുള്ളതെന്ന   സ്ഥിതി വിവരകണക്കും നിലവിലുണ്ട്. ഈ ചുറ്റുപാടിൽ നിന്നു നോക്കുമ്പോൾ സിസ്റ്റർ ലൂസിയുടെ തിരുവെഴുത്തിനു അധിക പ്രാധാന്യം ഉള്ളതായും വിലയിരുത്താം. സഭയിൽ നിന്നും അടിച്ചമർത്തപ്പെട്ടവരുടെ ഒരു ശബ്മമായി, രേഖയായി ഈ പുസ്തകം മാറുമെന്ന കാര്യത്തിൽ മറിച്ചൊരു ചിന്തയില്ല. പിന്നെ അതിനുപരി മലയാളിയുടെ അധമ വായനാ വികൃതിയിലേക്ക് ഈ പുസ്തകം എഴുതി ചേർക്കാതിരിക്കാനുള്ള കരുതലും ആവശ്യമാണ്. 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Leave a Reply

Your email address will not be published.