Saturday, January 29

ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല.. നടക്കുംസ്വാമി വിടവാങ്ങുമ്പോൾ ..

കന്നഡമണ്ണിപ്പോള്‍ ദുഖമുഖരിതമാണ്. സംരക്ഷന്‍ നഷ്ടപ്പെട്ട വേദനയാണവരനുഭവിക്കുന്നത്. അവര്‍ക്ക് ഒരു ദൈവമുണ്ടായിരുന്നു. കൈപിടിച്ചാനയിക്കാൻ മനുഷ്യനായി അവതരിച്ച ഒരു ദൈവം. ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന ഈ കാലത്ത് സമൂഹത്തില്‍ താഴേത്തട്ടില്‍ നില്‍ക്കുന്നവരെ ജാതിമതഭേദമന്യേ സമൂഹത്തിലേക്കുയര്‍ത്തിയ, അവരെ നരകജീവിതത്തില്‍ കരകയറ്റിയ ഒരു ജാതിക്കും മതത്തിനും പ്രാമുഖ്യം കല്‍പ്പിക്കാതെ യാതൊരു രാഷ്ട്രീയസംഘടനയുടെയും ചൊല്‍പ്പടിക്കുനില്‍ക്കാതെ മനുഷ്യത്വത്തിന് മാത്രം പ്രധാന്യം കല്‍പ്പിച്ചിരുന്ന ആ ദൈവത്തിന് ഒരു പേരെ ഉണ്ടായിരുന്നുള്ളു, ശിവകുമാരസ്വാമി. ആ ദൈവം ഈ ഭൂമുഖത്ത് നിന്ന് കഴിഞ്ഞ ദിവസം മടക്കയാത്ര നടത്തി. പാവങ്ങള്‍ക്കുവേണ്ടി ജീവിച്ച വ്യക്തിപ്രഭാവവും കര്‍മ്മവും കൊണ്ട് ‘നടൈദുവ ദേവര’ അഥവാ നടക്കുന്ന ദൈവമെന്ന് അപരനാമത്തില്‍ അറിയപ്പെടുന്ന  ശിവകുമാരസ്വാമിയുടെ നൂറ്റിപതിനൊന്നു വയസ്സുവരെയുള്ള ജീവിതം ഒരു കഥതന്നെയാണ്.

1907ല്‍ കര്‍ണാടകയിലെ രാമനഗരി മാഗഡി എന്ന ജില്ലയിലെ വീരപുരമെന്ന ഉൾനാടൻ ഗ്രാമത്തില്‍ ഗംഗമ്മയുടെയും ഹൊന്നപ്പന്റെയും മകനായിട്ടായിരുന്നു ജനനം. സ്വദേശമായ വീരപുരത്ത്‌നിന്ന് പ്രാഥമിക വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കന്നഡയിലും ഇംഗ്ലീഷിലും സംസ്‌കൃതത്തിലും ബിരുദാനന്തര ബിരുദവും നേടി. അതിനുശേഷം സന്യാസമാണ് തന്റെ കര്‍മ മാര്‍ഗ്ഗമെന്ന് തിരിച്ചറിഞ്ഞ ശിവകുമാരൻ 1930ല്‍ സന്യാസദീക്ഷ സ്വീകരിക്കുകയും ബാംഗ്ലൂരുവില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള തുമകുരുവില്‍ സിദ്ധഗംഗ എന്ന പേരില്‍ ഒരു മഠം സ്ഥാപിക്കുകയും ചെയ്തു. എട്ട് പതിറ്റാണ്ടോളം സാമൂഹ്യ വിദ്യാഭ്യാസരംഗത്ത് അമൂല്യ സംഭാവനകള്‍ നല്‍കിയ ഇദ്ദേഹം ധാരാളം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്. ജാതിമതഭേദമന്യേ പ്രാഥമിക വിദ്യഭ്യാസം മുതല്‍ ഗവേഷണം തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ സിദ്ധഗംഗ മഠത്തില്‍ സൗജന്യമായി താമസിച്ച് പഠിക്കുന്നുണ്ട്. ഈ ഗുരുകുലത്തില്‍ നിന്ന് ഉന്നതവിദ്യാഭ്യാസ യോഗ്യത നേടിയവർ ധാരാളം പലരും സമൂഹത്തിലെ ഉന്നത സ്ഥാനത്ത് ജോലിചെയ്യുന്നു. ലോകത്തെ രക്ഷിക്കാന്‍ അമ്മമാര്‍ക്കും അധ്യാപകര്‍ക്കും മാത്രമേ കഴിയുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

സ്വാമി ശ്രീ സിദ്ധഗംഗ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ നിരവധി സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു. വിവരസാങ്കേതിക വിദ്യ, പാരാമെഡിക്കല്‍ ഇംഗ്ലീഷ്,സംസ്‌ക്യതം ,ദൃശ്യകല,ചിത്രകല,,നാടകം, ഗവേഷണ വിഭാഗം തുടങ്ങിയ വിഭാഗങ്ങളില്‍ മികച്ച അധ്യാപകരും ഇവിടെ ഉണ്ട്. 12ാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ബസവേശ്വരന്റെ പുനര്‍ജന്‍മമെന്ന് ലിംഗായത്തുകാര്‍ വിശ്വസിക്കുന്ന ശിവകുമാരസ്വാമിയുടെ മഠം ലിംഗായത്ത് സമുദായത്തിന്റ പ്രധാന ആത്മീയ കേന്ദ്രമാണ്. ബസവസിദ്ധാത്തങ്ങൾ അണുവിട വ്യതിചലിക്കാതെ പാലിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.” നിങ്ങളുടെ ജീവിതത്തിനായി മറ്റൊരാളുടെ ധനം ഉപയോഗിക്കരുതെന്ന ” ബസവേശ്വരന്റെ ആജ്ഞകൾ ശിവകുമാരസ്വാമി പരിപാലിച്ചുപൊന്നു.നിങ്ങൾക്ക് കിട്ടുന്നതിലൊരു പങ്കു മാത്രം വളരെ ലളിതമായ ജീവിതത്തിനുപയോഗിക്കുക മറ്റുള്ളത് സഹായം ആവശ്യപ്പെടുന്നവർക്കു നൽകുക അത് ദാനമല്ല മറിച്ച് ഒരു കരുതലാണ് (ദസോഹ).9000 കുട്ടികൾ പഠിക്കുന്ന മഠത്തിന്റെ പ്രവർത്തന രീതിതന്നെ ഇതാണ് സൂചിപ്പിക്കുന്നത്. കര്‍ണാടക രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള ലിംഗായത്ത് സമുദായത്തിന്റെ പരമാചാര്യന്‍ ആയതിനാല്‍ തന്നെ രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ലിംഗായത്ത്
ധര്‍മ്മം രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്ന അദ്ദേഹത്തെ രാഷ്ട്രം 2015ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിച്ച ഇദ്ദേഹത്തിന്റെ നാമം ഇന്ത്യയുടെ പരമോന്നത ബഹമതിയായ ഭാരതരത്‌നയ്ക്ക് ശുപാര്‍ശ ചെയ്തിരുന്നു. 2007ല്‍ കര്‍ണാടക സര്‍ക്കാര്‍ ‘കര്‍ണാടക രത്‌ന’ പുരസ്‌കാരം നല്‍കി ആദരിച്ചു.

Read Also  ബ്രാഹ്മണിസത്തിനെതിരെ ട്വീറ്റ് ; നടൻ ചേതനെതിരെ കേസ്

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് അദ്ദേഹം മഠത്തില്‍ത്തന്നെ വെന്റിലേറ്ററിലാണ് കഴിഞ്ഞിരുന്നത്. 111 വയസ് വരെ കർമ്മയോഗിയായി ജീവിച്ച മനുഷ്യസ്നേഹിയായിരുന്നു കന്നഡയുടെ ഈ നടക്കും ദൈവം.

ആൾ ദൈവങ്ങൾ ആർപ്പുവിളിയും ഘോഷവുമായി സ്വയം പ്രഖ്യാപിതരായി അവസരങ്ങൾ മുതലെടുത്തതും ധനത്തിന്റെയും അംഗീകാരത്തിന്റെയും പിന്നാലെ പായുമ്പോഴാണ് രാഷ്ട്രീയക്കാർ തേടിയെത്തുമ്പോഴും വേറിട്ട് നിന്ന ശിവകുമാരസ്വാമിയുടെ ജീവിതം വ്യത്യസ്തമാകുന്നത്. നൂറ്റിപതിനൊന്നു വർഷങ്ങൾ ലോകത്തിനു വേണ്ടി ജീവിച്ച മനുഷ്യൻ മണ്മറഞ്ഞപ്പോൾ കന്നഡ ജനത മുഴുവൻ ദുഖി
തരായതും അതിനാലാണ്.

Spread the love

21 Comments

Leave a Reply