തമിഴ് നാട്ടിലെത്തിയ ലഷ്കറെ തോയിബ സംഘങ്ങളുടെ ഫോട്ടോകൾ തമിഴ് നാട് പോലീസ് പുറത്തുവിട്ടു. മലയാളി ഉള്‍പ്പടെ ആറ് ലഷ്‌കര്‍ ഭീകരര്‍ കടല്‍ മാര്‍ഗം തമിഴ്‌നാട്ടില്‍ എത്തിയതായി ഇന്ന് രാവിലെയാണു ഇന്റലിജന്‍സ് മുന്നറിയിപ്പ് പുറത്തുവിട്ടത്. ഇതേതുടര്‍ന്ന് തമിഴ്‌നാട്ടില്‍ പോലീസിന് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. ശ്രീലങ്കയില്‍ നിന്നാണ് കടല്‍മാര്‍ഗം ഇവര്‍ തമിഴ്‌നാട്ടിലെത്തിയതെന്നാണ് മുന്നറിയിപ്പ്. കോയമ്പത്തൂരിലെത്തിയെന്ന് കരുതുന്ന സംഘാംഗങ്ങളുടെ ഫോട്ടോയെന്ന് സംശയിക്കുന്ന ആറു ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടത് എല്ലാ പോലീസ് സ്റ്റേഷനുകളിലും സന്ദേശമായെത്തിച്ചിട്ടുണ്ട്.

സംഘാംഗങ്ങൾ കോയമ്പത്തൂരിൽ തന്നെയുണ്ടെന്നാണു പോലീസ് നിഗമനം. ഇല്യാസ് അന്‍വര്‍ എന്ന പാകിസ്താന്‍ സ്വദേശി, തൃശ്ശൂര്‍ സ്വദേശി, നാല് ശ്രീലങ്കന്‍ തമിഴരും ഉള്‍പ്പെടുന്ന സംഘമാണ് തമിഴ്‌നാട്ടിലെത്തിയതെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. തൃശൂര്‍ മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ ആണ് സംഘത്തിലുള്ള മലയാളിയെന്നാണ് തമിഴ്‌നാട് പോലീസ് പറയുന്നത്‌. ഇയാൾ ബഹറൈനിൽ ജോലി നോക്കിയശേഷം അടുത്തിടെയാണു ലഷ്കറിൽ ചേർന്നതെന്നാണറിയുന്നത്. അബ്ദുൽ നാസറിൻ്റെ മാടവനയിലെ വീട്ടിൽ കഴിഞ്ഞ ദിവസം കേരള പോലീസ് റെയ്ഡ് നടത്തിയിരുന്നു

ഭീകരർ കോയമ്പത്തൂർ എത്തിയെന്നുള്ള രഹസ്യവിവരം കിട്ടിയതുമുതൽ ഇന്നലെ അർദ്ധരാത്രി മുതൽ തന്നെ ഇന്റലിജന്‍സ് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതെത്തുടർന്ന് രാത്രി മുതൽതന്നെ വലിയ സുരക്ഷാ പരിശോധനകള്‍ തമിഴ്‌നാട്ടില്‍ തുടരുകയാണ്. തലസ്ഥാന നഗരമായ ചെന്നൈയിലടക്കം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ചിത്രങ്ങൾ പുറത്തുവിട്ടതോടെയാണു നിരീക്ഷണം ശക്തമാക്കിയത്. തമിഴ് നാട് എ ഡി ജി പി ജയന്ത് മുരളി ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുമായി സുരക്ഷ സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്തി. 1300 പോലീസുകാരെ സുരക്ഷയ്ക്കും തെരച്ചിലിനുമായി കോയമ്പത്തൂർ നഗരത്തിൻ്റെ വിവിധഭാഗങ്ങളിൽ വിന്യസിച്ചതായി പോലീസ് അറിയിച്ചു

ഭിന്നവേഷങ്ങളിൽ യാത്ര ചെയ്യാൻ സാധ്യതയുള്ളതിനാൽ തീവണ്ടികളിലും മറ്റും നിരീക്ഷണം കർശനമാക്കിയതായി അറിയുന്നു. ഹിന്ദുക്കളെപ്പോലെ വേഷവിധാനങ്ങളും മത ചിഹ്നങ്ങളും അണിഞ്ഞാണ് ഇവര്‍ തമിഴ്‌നാട്ടില്‍ എത്തിയതെന്നാണ് വിവരം. ഇതേതുടര്‍ന്ന് എല്ലാ ആരാധനാലയങ്ങളിലും പരിശോധന തുടരുകയാണ്. എന്നാൽ മറ്റു വേഷവിധാനങ്ങളിലും ഇവർ പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ വാർത്തയറിഞ്ഞ തീർഥാടകരും ജാഗ്രതയിലാണു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Photo courtesy : M Periasamy, The Hindu

Read Also  മസൂദ് അസറിനെ മോചിപ്പിച്ചതായി വാർത്ത ; രാജ്യത്ത് ഭീകരാക്രമണസാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here