Friday, July 30

നാരായണ ഗുരുവിന്റെ പേരിൽ ജാതി പറയുന്ന നടേശൻ

നാരായണ ഗുരു ജാതി നിർമ്മാർജ്ജനത്തിനായി നിലകൊണ്ട സാമൂഹിക നവോത്ഥാന നേതാവായി കേരളം വാഴ്ത്തപ്പെടുമ്പോൾ തന്നെ അദ്ദേഹം സ്ഥാപിച്ച എസ് എൻ ഡി പി എന്ന ജാതി സംഘടന കേരളത്തിൽ ജാതീയമായ ചിന്തകൾ എത്രമാത്രം പ്രബലമാക്കാമോ അത്രയും ശക്തമാക്കാൻ തുനിഞ്ഞിറങ്ങിയിട്ടുള്ള സംഘമാണ് . പ്രത്യേകിച്ചും കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇതിന്റെ പ്രവർത്തനം വിലയിരുത്തിയാൽ. എൻ എസ് എസിനേക്കാളും ബ്രാഹ്മണ സംഘടനകളെക്കാളും മറ്റേതു ജാതി സംഘടനകളെക്കാളും ജാതിയുടെ പേരിൽ വിലപേശുന്നത് എസ് എൻ ഡി പി മാത്രമാണ്. കുറച്ചുകൂടി വ്യക്തമാക്കിയാൽ വെള്ളാപ്പളളി നടേശൻ എന്ന ജനറൽ സെക്രട്ടറി വന്ന കാലംമുതൽ. സംഘടനയ്ക് ഊർജ്ജം പകർന്നു എന്ന വാദിക്കുമ്പോൾ തന്നെ സംഘടനയെ ജാതീയമായി ചിന്തിക്കുവാൻ പ്രേരിപ്പിച്ചു എന്നുള്ള തിരുത്തൽ കൂടി വരുത്തേണ്ടതുണ്ട്. ഈ കാലയളവിൽ വിലപേശൽ രാഷ്ട്രീയത്തിലൂടെ ഇടതു വലതു ബി ജെ പി കക്ഷികളെ ചൊല്പടിയിൽ നിർത്താൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞിട്ടുണ്ട്. നിരവധി ചെറുതും വലുതുമായ ആരോപണങ്ങളും അന്വേഷണങ്ങളും വെള്ളാപ്പള്ളിക്ക് നേരെ നീണ്ടെങ്കിലും അതെല്ലാം ഒതുക്കിത്തീർക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞതും ഈ ജാതി മേൽവിലാസം ശക്തമാക്കിയത് കൊണ്ട് മാത്രമാണ്.സംസ്ഥാന ജനസംഖ്യയില്‍ 27 ശതമാനം വരുന്ന ഈഴവ വിഭാഗത്തിന്റെയാകെ നേതൃത്വം അവകാശപ്പെട്ട് സര്‍ക്കാറുകളില്‍ സമ്മര്‍ദം ചെലുത്താനാണ് വെള്ളാപ്പള്ളി ശ്രമിച്ചിട്ടുള്ളത്.എന്നാൽ സൂക്ഷമായി അന്വേഷിച്ചാൽ അവകാശപ്പെടുന്ന സ്വാധീനമൊന്നും നടേശ നേതാവിന് സ്വസമുദായത്തിലില്ലെന്ന് പലകുറി തെളിഞ്ഞിട്ടുണ്ട്. ഇതിനുദാഹരണമായിരുന്നു വി എം സുധീരൻ കെ സി വേണുഗോപാൽ തുടങ്ങിയവരുടെ തെരെഞ്ഞെടുപ്പ് വിജയങ്ങൾ.

ഇപ്പോൾ ചർച്ചയാകുന്നത് മറ്റൊന്നാണ് കേരളത്തിൽ ഒരുജാതി കിഴ്വഴക്കമുണ്ട്. നമ്മുടെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് ഇത് കാണുന്നത് എന്നതിലാണ് കേരളം നേടിയ പുരോഗമനം എത്ര മാത്രം മ്ലേച്ചമാണെന്ന് തോന്നി പോകുന്നത്.യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർമാരെനിയമിക്കുമ്പോൾ ജാതി മതം ഇവതിരിച്ചു പങ്കുവെക്കൽ നടത്തുന്ന ഏർപ്പാട് തുടർന്ന് കൊണ്ടിരിക്കുന്നു.പെരുന്നയിലും കാണിച്ചുകുളങ്ങരയിലും പ്രത്യക്ഷമായി ചെല്ലാത്ത ഇടതുപക്ഷം പോലും ഈ ക്രമം പലപ്പോഴും ലംഘിക്കാൻ മുതിർന്നിട്ടില്ല..

. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള സമുദായങ്ങളെ യോജിപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കന്‍ ശ്രമിച്ച വെള്ളാപ്പള്ളിയുടെ ജാതിഭ്രമം ആണ് ഇപ്പോൾ പുറത്തുന്നത് ഇദ്ദേഹത്തിന് ജാതി വിട്ടൊരു കളിയില്ല എന്ന് പലപ്പോഴും വ്യക്തമായിട്ടുണ്ട്. ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത് എന്ന് പറഞ്ഞ ഒരു മനുഷ്യന്റെ പ്രിവിലേജിൽ കയറിയിരുന്നു നായാടി മുതൽ നമ്പുതിരി വരെ എന്ന് പ്രാസം ഒപ്പിച്ചു പറയുമ്പോൾ തന്നെ നടേശൻ ഒരു ജാതി ശ്രേണി തന്നെയാണ് വെളിപ്പെടുത്തുന്നത്. അതിന്റെ ബാക്കിയാണ് ഇപ്പോൾ ഈ നേതാവിന്റെ അശ്ളീല നാവിൽ നിന്നും പുറത്ത് വന്നതും. സ്ഥാനത്ത് പ്രഖ്യാപിച്ച ഓപണ്‍ സര്‍വകലാശാലയുടെ തലപ്പത്ത് മുസ്‌ലിം സമുദായാംഗത്തെ നിയമിച്ചതാണ് ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ പ്രകോപനം. വിദൂര വിദ്യാഭ്യാസത്തിന് പ്രത്യേകം സൗകര്യമൊരുക്കിയ സര്‍വകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കിയത്, മലയാളി സമൂഹത്തിന്റെ മുന്നോട്ട് പോക്കിന് അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുക്കുമ്പോള്‍ ഉചിതമായ തീരുമാനമാണ്. വി ജെ ടി ഹാളിനു അയ്യൻകാളിയുടെ പേരുനൽകിയതും ഇപ്രകാരമൊരു ഓർമ്മപ്പെടുത്തലായിരുന്നു.വേണമെങ്കിൽ ഇതിലെല്ലാം ജാതി പ്രീണനം കാണാം, പ്രത്യേകിച്ച് സര്‍വകലാശാലയുടെ ആസ്ഥാനം കൊല്ലത്താക്കുമ്പോള്‍ വി ജെ ടി ഹാൾ നിലനിൽക്കുന്നത് തിരുവനന്തപുരത്തതാകുമ്പോൾ..

Read Also  എംജി സർവകലാശാല - സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ ബന്ധു നിയമനത്തിന് വഴിവിട്ട നീക്കം

സര്‍വകലാശാലയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് എസ് എന്‍ ഡി പി യോഗ നേതാക്കളെ ക്ഷണിച്ചില്ലെന്നതാണ് വെള്ളാപ്പള്ളിയുടെ ഒരു പരാതി. ഓപണ്‍ സര്‍വകലാശാല ഏതെങ്കിലുമൊരു സമുദായത്തിന് വേണ്ടി മാത്രമല്ലാത്തതുകൊണ്ട് ഏതെങ്കിലുമൊരു സമുദായ നേതാവിനെ ക്ഷണിക്കണമെന്ന് പറയുന്നതില്‍ ഔചിത്യമില്ലല്ലോ നടേശാ നേതാവേ? ഇവിടെ അദ്ദേഹം മറന്നുപോകുന്നത് അല്ലെങ്കിൽ തിരുത്തുന്നത് . നാരായണ ഗുരു എന്നത് കേരളത്തിന്റെ നവോഥാനനേതാവെന്ന പദവിയെയാണ് നടേശന് അത് ഈഴവ സമുദായത്തിന്റെ മാത്രം നേതാവാണ്. , ഇനി അങ്ങനെയാണെന്ന് എസ് എന്‍ ഡി പി യോഗം വാദിച്ചാലും ഗുരുവിന്റെ പേരിലുള്ള ഔദാര്യങ്ങള്‍ക്ക് യാതൊരു അവകാശവുമുള്ളയാളല്ല വെള്ളാപ്പള്ളി വെള്ളാപ്പള്ളി നടേശൻ.ഗുരു നിന്ദ നിത്യജീവിതത്തിൽ ഇപ്പോഴും പ്രാവർത്തികമാക്കികൊണ്ടിരിക്കുന്ന അനേകം പേരിൽ അഗ്രഗണ്യനാണ് വെള്ളാപ്പള്ളി നടേശൻ. സവര്‍ണാധിപത്യത്തിന് വേണ്ടി യത്‌നിക്കുന്ന തീവ്ര ഹിന്ദുത്വത്തിന്റെ ഇടയിലേക്ക് ഈഴവ സമുദായത്തെ കൊണ്ടുപോയി കെട്ടാന്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങൾ മുതൽ മദ്യ വർജ്ജനമെന്ന ഗുരു തത്വത്തെ നിഷേധിക്കുന്നിടത്ത് വരെ ഇദ്ദേഹം തന്റെ ‘കഴിവ് ‘ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

അതിനുമപ്പുറത്ത്, മുസ്‌ലിം സമുദായത്തോടുള്ള അദ്ദേഹത്തിന്റെ വെറുപ്പ് നിലനിൽക്കുന്നത്. മുൻപും ഈ വെറുപ്പ് അദ്ദേഹത്തിൽ നിന്നും പ്രത്യക്ഷമായി പുറത്ത് വന്നിട്ടുണ്ട്. മുബാറക് പാഷയുടെ നിയമനത്തെ വിമര്‍ശിക്കുമ്പോഴും ഈഴവ സമുദായത്തിന്, അതുവഴി ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ട ഉന്നത സ്ഥാനം ഇടത് മുന്നണി സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്ക് കൈമാറിയെന്ന സംഘ്പരിവാര്‍ വാദം തന്നെയാണ് വെള്ളാപ്പള്ളി ഉന്നയിക്കുന്നത്., ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ എന്ന് നിഷ്‌കര്‍ഷിച്ച ശ്രീനാരായണ ഗുരുവിന്റെ ധര്‍മ പരിപാലന യോഗത്തിന്റെ നേതൃത്വത്തില്‍ ഇനിയും വെള്ളാപ്പള്ളി തുടരും. അദ്ദേഹത്തിന് ശേഷം പിന്തുടർച്ചയായി മറ്റാരെങ്കിലും ഈ അപദവിയിൽ എത്തും. എസ് എൻ ഡി പി യോഗം ഒരു വ്യ്കതിയിൽ മാത്രം അവശേഷിക്കുന്ന സ്ഥിതി തുടർന്നുകൊണ്ടിരിക്കും. അതെ ആർ എസ് എസിന്റെ ബി ടീമായി വാർന്നു കൊണ്ടിരിക്കും.

Spread the love