സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകള്‍ ആരംഭിക്കാൻ ആധാര്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം എടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. ഫേയ്‌സ്ബുക്ക് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദേശം. വിവിധഹൈക്കോടതികളിൽ നിലവിലുള്ള ഹർജികൾ ഒരുമിച്ച് സുപ്രീം കോടതിയിൽ പരിഗണിക്കണമെന്നാണു ഫെയ്സ് ബുക്ക് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്

ഇപ്പോൾ ഹലോ സോഷ്യൽ മീഡിയയിൽ മാത്രമാണു ആധാർ ഉപയോഗിച്ച് അക്കൗണ്ട് തുടങ്ങുന്ന രീതി നിലവിലുള്ളത്. ഫെയ്സ് ബുക്കിൻ്റെ വിഷയത്തിൽ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹൈക്കോടതിയാണോ സുപ്രീം കോടതിയാണോ ഈ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടതെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവര്‍ പറഞ്ഞു.

ഇതുസംബന്ധിച്ച കേസിന്റെ ശരിതെറ്റുകളിലേയ്ക്ക് പോകുന്നില്ലെന്നും മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലുള്ള കേസുകള്‍ സുപ്രീം കോടതിയിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഫേയ്‌സ്ബുക്കിന്റെ ഹര്‍ജിയില്‍ തീരുമാനമെടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി. കേസുകള്‍ സുപ്രീം കോടതിയിലേയ്ക്ക് മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ തുടങ്ങുന്നത് തടയണമെന്ന് തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് ആധാര്‍ പോലുള്ള തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കണമെന്നത് നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടാണ് മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളില്‍ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. കേസില്‍ കേന്ദ്രസര്‍ക്കാരിനും ഗൂഗിള്‍, ട്വിറ്റര്‍, യൂട്യൂബ് എന്നീ കമ്പനികള്‍ക്കും സുപ്രീം കോടതി നേരത്തെ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് പൊതുവെ തലവേദന സൃഷ്ടിക്കുന്നതുകൊണ്ട് മുൻ സർക്കാരുകളും ഇതുസംബന്ധിച്ച ശ്രമങ്ങൾ തുടങ്ങിയെങ്കിലും ബി ജെ പിയുടെ സൈബർ വിഭാഗത്തിൻ്റെ നിലപാട് അനുകൂലമല്ലാതിരുന്നതിനെത്തുടർന്ന് തീരുമാനമെടുക്കാതെ കേന്ദ്രസർക്കാർ ഒഴിഞ്ഞുമാറുകയായിരുന്നു. ഫേയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു. വര്‍ധിച്ചുവരുന്ന നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് ഇത് വലിയ പ്രതിബന്ധം സൃഷ്ടിക്കുന്നതായും തമിഴ്‌നാട് സര്‍ക്കാര്‍  വാദിച്ചിരുന്നു

അതേസമയം ആവിഷ്കാരസ്വാതന്ത്ര്യത്തിനുമേലുള്ള കടുത്ത നിയന്ത്രണങ്ങൾക്ക് ഇത് വഴിവെയ്ക്കുമോ എന്നും സമൂഹമാധ്യമങ്ങളിലെ ആക്ടിവിസ്റ്റുകൾക്ക് ആശങ്കയുള്ളതായും റിപ്പോർട്ടുണ്ട്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഫേസ്‌ബുക്ക് ഇന്ത്യയെ നിയന്ത്രിക്കുന്നത് ഇനിമുതൽ മലയാളി

LEAVE A REPLY

Please enter your comment!
Please enter your name here