Wednesday, January 19

ബിഹാര്‍ എംഎല്‍എയുടെ മകന്റെ ശവശരീരം റയില്‍വേ ട്രാക്കില്‍

ബിഹാര്‍ മുന്‍ മന്ത്രിയും ഭരണകക്ഷിയായ ജെഡി(യു) എംഎല്‍എയുമായ ഭീമ ഭാരതിയുടെ മകന്റെ ശവശരീരം പാറ്റ്‌നയിലെ റയില്‍വേ ട്രാക്കില്‍ നിന്നും ദുരൂഹ സാഹര്യത്തില്‍ കണ്ടെത്തി. രുപാലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഭീമ ഭാരതിയുടെ 21 വയസുള്ള പുത്രന്‍ ദീപക് കുമാറിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ദീപക്കിന്റെ രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഏതാനും സുഹൃത്തുക്കളോടൊപ്പം ഇന്നലെ രാത്രിയാണ് ദീപക് വീട്ടില്‍ നിന്നും പോയത്. ഇന്ന് രാവിലെ പാറ്റ്‌നയിലെ നളന്ദ മെഡിക്കല്‍ കോളേജിന് സമീപമുള്ള റയില്‍വേ ട്രാക്കില്‍ നിന്നും പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചതെന്ന് പോലീസ് സീനിയര്‍ സൂപ്രണ്ട് മനു മഹാരാജ് പറഞ്ഞു.

ദീപകിന്റെ തലയ്ക്കും തുടയ്ക്കും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന് പരിചയമുള്ള ദീപകിന്റെ സുഹൃത്തുക്കളായ റോഷന്‍, മൃത്യുഞ്ജയ് എന്നിവരെയാണ് കസ്റ്റഡിയല്‍ എടുത്തിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ പുറത്തുനിന്ന് അത്താഴം കഴിച്ച ശേഷം ദീപക് വീട്ടിലേക്ക് മടങ്ങിയെന്നാണ് സുഹൃത്തുക്കളുടെ മൊഴി. മുഖ്യമന്ത്രിയും ജെഡിയു ദേശീയ അദ്ധ്യക്ഷനുമായ നിതീഷ് കുമാര്‍ ഭാരതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

Spread the love
Read Also  അമിത്ഷാ ആഭ്യന്തര വകുപ്പ് മന്ത്രി; നിർമ്മല സീതാരാമൻ ധനകാര്യ മന്ത്രി