Monday, January 17

സ്ത്രീകളുടെ അവിഹിതബന്ധങ്ങളാണ് മുത്തലാഖിലേക്ക് നയിക്കുന്നതെന്ന് എസ്പി നേതാവ്

സ്ത്രീകളുടെ വിവാഹേതര ബന്ധങ്ങളാണ് പുരുഷന്മാരെ മുത്തലാഖിന് പ്രേരിപ്പിക്കുന്നതെന്ന സമാജ്പാര്‍ട്ടി ന്യൂനപക്ഷ വിഭാഗം തലവന്‍ റിയാസ് അഹമ്മദിന്റെ പരാമര്‍ശം വിവാദമാകുന്നു. ഇത്തരം സ്ത്രീകളെ കൊല്ലുന്നതിനേക്കാള്‍ നല്ലത് മുത്തഖാണെന്നും റിയാസ് അഹമ്മദ് തട്ടിവിട്ടു. അവിഹിത ബന്ധമുള്ള സ്ത്രീകളില്‍ ന്ിന്നും രക്ഷപ്പെടുന്നതിനാണ് പുരുഷന്മാര്‍ മുത്തലാഖിനെ അഭയം പ്രാപിക്കുന്നതെന്ന് ഇന്നലെ റായ്ബറേലിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ റിയാസ് അഹമ്മദ് പറഞ്ഞു.

രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രമാണ് ബിജെപി സര്‍ക്കാര്‍ മുത്തലാഖ് വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന് മുന്‍ യുപി മന്ത്രി കൂടിയായ റിയാസ് അഹമ്മദ് പറയുന്നു. മുസ്ലീങ്ങളെ സമൂഹത്തില്‍ താറടിച്ച് കാണിക്കുന്നതിനും വിഭാഗീയത സൃഷ്ടിക്കുന്നതിനുമാണ് ബിജെപി ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഹിന്ദുക്കളുടെ ഇടയിലെ വിവാഹമോചന നിരക്ക് മുസ്ലീങ്ങളുടെ ഇടയിലുള്ളതിനേക്കാള്‍ കൂടുതലാണെന്നും റിയാസ് അഹമ്മദ് പറയുന്നു.

റിയാസ് അഹമ്മദിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. മുസ്ലീം സ്ത്രീകളോടുള്ള ആളുകളുടെ മനോഭാവമാണ് പ്രസ്താവനയിലൂടെ വ്യക്തമാവുന്നതെന്നും ഇത്തരത്തിലുള്ള നേതാക്കള്‍ക്ക് എങ്ങനെയാണ് മുസ്ലീം സ്ത്രീകളുടെ ക്ഷേമത്തെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കുന്നതെന്നും ബിജെപി റായ്ബറേലി ജില്ല പ്രസിഡന്റ് രാജേഷ് റാത്തോഡ് ചോദിക്കുന്നു. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്നും നിയമത്തിന് മുന്നില്‍ എല്ലാവരെയും തുല്യതയോടെ കാണുന്ന ഭരണഘടനയുടെ 14-ാം അനുശ്ചേദത്തിന്റെ ലംഘനമാണെന്നും കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി വിധിച്ചിരുന്നു. ലോക്‌സഭ പാസാക്കിയ മുത്തലാഖ് നിരോധന നിയമം രാജ്യസഭയുടെ പരിഗണനയിലാണ്. ഇപ്പോള്‍ നടക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ രാജ്യസഭയുടെ പരിഗണനയ്ക്ക് വരും.

Spread the love
Read Also  ഷുജാത് ബുഖാരിയുടെ കൊലയ്ക്ക് പിന്നിൽ ബിജെപി?

Leave a Reply