Thursday, January 20

മുങ്ങിത്താഴുന്ന മലയോരഗ്രാമങ്ങളും നഗരങ്ങളും; പ്രളയപരമ്പര തുടരുന്ന നമ്മുടെ കേരളം

സംസ്ഥാനം ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച്‌ ഭയാനകമായ പ്രളയക്കെടുതിയിൽ മുങ്ങിത്താഴുകയാണ്‌. കോരിച്ചൊരിയുന്ന മഴ മരണം കൊയ്തെടുത്തുകൊണ്ടു രൗദ്രഭാവത്തിൽ തുടരുകയാണ്. നദികളും ജലാശയങ്ങളും തോടുകളും കുളങ്ങളും കരകവിഞ്ഞൊഴുകി വീടുകളെയും കൃഷിഭൂമിയെയും വിഴുങ്ങി ഭീതി പരത്തുന്നു. ആരംഭം ജൂൺ മാസത്തിലായിരുന്നു. അന്ന് വടക്കൻ ജില്ലകളെ ദുരിതത്തിലാഴ്ത്തിയ മഴ ഒന്ന് ശമിച്ചു. ചെറിയൊരിടവേളയ്‌ക്കുശേഷം വീണ്ടും രണ്ടാം ഘട്ടം ആരംഭിക്കുകയും ഭീതി വർദ്ധിക്കുകയൂം ചെയ്തു. വീണ്ടും മൂന്നാം ഘട്ടം ശക്തമായ മഴ കേരളത്തെയാകെ ദുരിതത്തിലാഴ്ത്തിക്കൊണ്ട് മലയോരഗ്രാമങ്ങളിലും നദിയോരങ്ങളിലും ജീവൻ കവർന്നെടുത്തുകൊണ്ടിരിക്കുന്നു. മരണസംഖ്യ എത്രയെന്നു പോലും തിട്ടപ്പെടുത്താനാകാത്തവണ്ണം മഴ ഇപ്പോഴും തുടരുകയാണ്.

കേരളത്തിൽ കനത്ത മഴ പുതിയ അനുഭവമല്ല. സഹ്യന്റെ കീഴിലെ മഴക്കാടുകളുടെ സാന്നിധ്യമുള്ള നമ്മുടെ മാത്രം ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് വലിയ ശുദ്ധജല ക്ഷാമമില്ലാത്തവണ്ണം മഴ നമുക്ക് ലഭിച്ചുകൊണ്ടിരുന്നതാണ്. പക്ഷെ തുടർച്ചയായ പേമാരിയുടെ അനുഭവം പുതിയ തലമുറയ്ക്ക് അന്യമാണ്.

ജൂൺ മുതൽ സെപ്തംബർ വരെ നീളുന്ന കാലവർഷം കനത്ത മഴയാണ് സംഭാവന ചെയ്യുന്നത്. വടക്കുകിഴക്കൻ മൺസൂൺ രൂപം കൊണ്ടാൽ കാലവർഷം കേരളത്തിന്റെ തെക്കൻജില്ലകൾവരെ ശക്തമാകുന്നു. ഈ വർഷത്തെ കണക്കെടുക്കുമ്പോൾ മൺസൂൺ കാലവർഷക്കെടുതിയിൽ നമ്മുടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 200 കവിയും. എല്ലാ ജില്ലകളിലുമായി 2412 ഗ്രാമങ്ങൾ മഴമൂലം ഒറ്റപ്പെട്ടതായി കണക്കാക്കുന്നു. സംസ്ഥാനമൊട്ടാകെ 2 ലക്ഷം പേരിലധികം ദുരിതാശ്വാസക്യാമ്പുകളിലെത്തി. ദേശീയ ദുരന്തനിവാരണസേനയുടെ 500 പേരടങ്ങുന്ന 18 സംഘങ്ങൾ കേരളത്തിൽ വിവിധയിടങ്ങളിൽ സുരക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു.

ഇന്നലെയോടെ സംസ്ഥാനത്തിലെ എല്ലാ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞപക്ഷം സംസ്ഥാനമൊട്ടാകെ ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ നൽകുന്ന സൂചന. ഈ വര്ഷം വിവിധ കാലയളവിൽ പെയ്ത മൺസൂൺ മഴയുടെ കെടുതികൾ പരിശോധിക്കാം :

ജൂൺ 1 മുതൽ 7 വരെ

കേരളത്തിൽ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നു മെയ് 29 നു മുന്നറിയിപ്പ് ലഭിക്കുന്നു. ശക്തമായ മഴയും കെടുതികളും

 

ജൂൺ 8 – 14

എട്ടു ജില്ലകളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും. ഇടുക്കിയിലും വയനാട്ടിലുമായിരുന്നു  കൂടുതല്‍  മഴക്കെടുതികളുണ്ടായത്. മലയോരപ്രദേശങ്ങളിൽ ജീവനാശവും കൃഷിഭൂമികളില്‍ വന്‍ നാശനഷ്ടം.

ജൂൺ 15 മുതല്‍  ജൂലായ് 6 വരെ

മൺസൂൺ കാലവർഷം തുടരുന്നു. പക്ഷെ ജൂൺ പകുതി മുതൽ ജൂലായ് 27 വരെ കാര്യമായ മഴക്കെടുതികൾ നേരിട്ടില്ല.

ജൂലായ് 7 – 13 

ഏഴു ജില്ലകളിൽ കനത്ത മഴ. ഫലം മലയോരപ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും.

ജൂലായ് 14 – 20 

ഒരാഴ്ചയിലധികം കനത്ത മഴ തുടരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി 13 ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നു. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും തുടരുന്നു. റോഡുകൾ താറുമാറാകുന്നു. പാലങ്ങൾ മുങ്ങിത്തഴുന്നു. കണ്ണൂർ ഒഴിച്ച് മറ്റെല്ലാ ജില്ലയേയും മഴക്കെടുതികൾ ബാധിക്കുന്നു.

Read Also  കേന്ദ്രസര്‍ക്കാരിനെ കടത്തിവെട്ടി യു എ ഇ; 700 കോടി രൂപ ദുരിതാശ്വാസം നല്‍കും

ജൂലായ് 28 മുതൽ ഓഗസ്ററ് 3 വരെ

തോരാമഴ. അണക്കെട്ടുകൾ നിറയുന്നു. 26 വർഷത്തിനുശേഷം ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നു. പല അണക്കെട്ടുകളുടെയും ഷട്ടറുകൾ തുറക്കുന്നു.

ഓഗസ്റ്റ് 4 – 10

വീണ്ടും വെള്ളപ്പൊക്കം. ഉരുൾപൊട്ടൽ എട്ടു ജില്ലകളിൽ മഴക്കെടുതികൾ. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും ദുരിതാശ്വാസപ്രവർത്തനങ്ങൾ ശക്തമാകുന്നു.. മുങ്ങിയ പ്രദേശങ്ങളിൽ പ്രളയജലം താഴേക്കൊഴുകാൻ കൂട്ടാക്കാതെ കെട്ടിക്കിടക്കുന്നു.

ഓഗസ്ററ് 11 – 16

സംസ്ഥാനമൊട്ടാകെ കനത്ത മഴ. പ്രളയം. എല്ലാ അണക്കെട്ടുകളുടെയും ഷട്ടറുകൾ തുറക്കുന്നു. പമ്പയാർ കരകവിയുന്നു. എങ്ങും നിലവിളികളും ആശങ്കയും. ഉരുൾപൊട്ടൽ വ്യാപകം. 99 ലെ വെള്ളപ്പൊക്കത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ കേരളത്തിലെ എല്ലാ ജില്ലകളിലെയും നദികൾ കര കവിയുന്നു. കേരളം മുങ്ങിത്താഴുന്നു. മരണസംഖ്യ കൂടുന്നു.

(അവലംബം: Scroll.in)
Spread the love