Monday, January 24

സ്റ്റെല്ല രാജയും ‘അമ്മ അറിയാന്‍’ കാലത്തെ കഞ്ഞിവെപ്പും: സിടി തങ്കച്ചന്‍

കുറെ  നാളായി സ്റ്റെല്ലയെക്കുറിച്ച് ഒരു വിവരവുമില്ല. ഒഡേസ യുടെ അമ്മ അറിയാൻ എന്ന സിനിമയിൽ അഭിനയിച്ചതിനു ശേഷം ഡബ്ബിങ്ങിൽ സജീവമായിരുന്നു സ്റ്റെല്ല. പിന്നെയും ചില സീരിയലുകളിലും അപൂർവ്വം സിനിമകളിലും സ്റ്റെല്ലയെ കണ്ടിരുന്നു. ഇതിനിടെ ഏകമകൾ അമ്മുവും ഡബിങ്ങ് ആർട്ടിസ്റ്റായി ജോലി ചെയ്യുന്നുണ്ടെന്നും അറിഞ്ഞിരുന്നു. എന്റെ തിരുവനന്തപുരംതാമസക്കാലത്തും ഇടയ്ക്ക് സ്റ്റെല്ലയെ കാണാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ഒരു സുഹൃത്ത് സ്റ്റെല്ലയ്ക്ക് നല്ല സുഖമില്ലെന്നും വിശ്രമത്തിലാണെന്നും അറിയിച്ചത്.

സാംസ്കാരിക വേദിയുടെ പൊള്ളുന്ന കാലം.  കോഴിക്കോട്  രണചേതനയുടെ ‘അമ്മ’ എന്ന നാടകത്തിൽ അമ്മയായി അഭിനയിക്കുമ്പോഴാണ്  ഞാൻ സ്റ്റെല്ലയെ ആദ്യമായി കാണുന്നത്.  അന്ന് ഫോർട്ട് കൊച്ചിയിൽ രൂപം കൊണ്ട കുന്നുംപുറം സാംസ്കാരികവേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് നാടകം മട്ടാഞ്ചേരി ടൗൺ ഹാളിൽ അരങ്ങേറിയത്.. ആ നാടകത്തിൽ അമ്മയുടെ വേഷത്തിലാണ് സ്റ്റെല്ലയെ നടാടെ കാണുന്നത് . മാർക്സിം ഗോർക്കിയുടെ അമ്മ എന്ന നോവലിൽ നിന്നും, ബ്രഹത് എഴുതിയ നാടകത്തിൽ നിന്നും, പ്രചോദനമുൾക്കൊണ്ട് മധു മാഷാണ് നാടകം അരങ്ങിലെത്തിച്ചത്.

സിവിക് ചന്ദ്രൻ അന്നത്തെ കവിയരങ്ങിൽ ചൊല്ലിയ കബനി എന്ന കവിതയും, രാമചന്ദ്രൻ മൊകേരി ചൊല്ലിയ അടിയോരുടെ പെരുമൻ എന്ന കവിതയും അക്കാലത്തും പിൽക്കാലത്തും ഞാൻ ഒരു പാട് ഏറ്റുചൊല്ലിയിട്ടുണ്ട്. ആ നാടകത്തിനു ശേഷമാണ് സ്റ്റെല്ല , സ്റ്റെല്ല രാജയാകുന്നത്. എന്റെ പ്രിയ മിത്രം സിഎൻ കരുണാകരന്റെ സുഹൃത്തും സമകാലികനുമായ, ചിത്രകാരൻ എസികെ രാജയുമൊത്താണ് സ്റ്റെല്ല  കുടുംബജീവിതം ആരംഭിക്കുന്നത്.   കരുണാകരനുമൊത്ത് പിന്നീട് ഒന്നു രണ്ടു വട്ടം രാജയെ കണ്ടിട്ടുണ്ടെങ്കിലും  സ്റ്റെല്ലയുമായ് അടുപ്പമില്ലായിരുന്നു. പിന്നീട് അമ്മ അറിയാൻ എന്ന സിനിമയുടെ ചിത്രീകരണകാലത്താണ് സ്റ്റെല്ലയുമായ് അടുക്കുന്നത്.

കൊടുങ്ങല്ലൂരെ ഷൂട്ടിങ്ങ് കഴിഞ്ഞാണ് ജോണിന്റെ നേതൃത്വത്തിലുള്ള ഒഡേസ സംഘം തൃശൂരിലെത്തുന്നത്.’ ചിത്രത്തിന്‍റെ  ഷൂട്ടിങ്ങ് തുടങ്ങിയതു മുതൽ ജോൺ നല്ല കുട്ടിയായിരുന്നു. ജോണിനെ ഇന്റർവ്യൂ ചെയ്യാനെത്തിയ എതോ കോളേജിലെ വിദ്യാർത്ഥികളുടെ പ്രേരണയാൽ ജോൺ വ്രതം തെറ്റിച്ച് കുടി തുടങ്ങിയിരുന്നു. തൃശൂരിലെത്തിയ ജോൺ ഫുൾഫിറ്റായിരുന്നു. അങ്ങനെ ആദ്യമായ് ഒരു ദിവസത്തെ ഷൂട്ടിങ്ങ് മുടങ്ങി. അന്ന് സെറ്റിൽ ഭക്ഷണവും മുടങ്ങി.

കാര്യങ്ങൾ മാനേജ് ചെയ്തിരുന്ന സെബാസ്റ്റ്യൻ എവിടെ നിന്നോകുറച്ച് അരി സംഘടിപ്പിച്ച് തന്നു. പക്ഷെ അരിയെവിടെ പാചകം ചെയ്യും?
“ഞങ്ങൾ പൂങ്കന്നത്തെ ഒരു ലോഡ്ജിലാണ് തങ്ങുന്നത്.അതിനടുത്തൊരു വീടുണ്ട്”.

ഒപ്പമുണ്ടായിരുന്ന സ്റ്റെല്ല പറഞ്ഞു.
“നമുക്കാ വീട്ടിൽനിന്ന് ഒരു കലം സംഘടിപ്പിച്ച് കഞ്ഞി വെക്കാം. ” വിശപ്പ് കത്തിക്കാളുകയാണ്. ഞാനും സ്റ്റെല്ലയോടൊപ്പം കൂടി. ആ വീട്ടുകാരോട് ഞാൻ ഞങ്ങളുടെ ആഗമനോദ്ദേശം അറിയിച്ചു. സിനിമ ഷൂട്ടിങ്ങിനെത്തിയതാണെന്നും കഞ്ഞി വെക്കാൻ ഒരു കലം വേണമെന്നും പറഞ്ഞപ്പോൾ അവരുടെ മുഖത്തുണ്ടായ ഭാവമാറ്റം എങ്ങനെ പറഞ്ഞറിയിക്കണമെന്നു് ഇന്നുമെനിക്കറിഞ്ഞുകൂടാ. പുച്ഛം കലർന്ന അൽഭുതത്തോടെ ഞങ്ങൾക്ക് ആ വീട്ടുകാർ ഒരു കഞ്ഞിക്കലവും അവരുടെ തൊഴുത്തിനകത്ത് അടുപ്പുകൂട്ടാൻ ഇടവും തന്നു.

Read Also  ചവിട്ടുനാടകത്തില്‍നിന്നും അഭ്രപാളിയിലെക്കെത്തിയ മോളി കണ്ണമാലി; സി ടി തങ്കച്ചന്‍

സ്റ്റെല്ല കഞ്ഞി വെക്കുന്നതിനായ് തീ കൂട്ടുമ്പോൾ കറിക്കെന്തുവെക്കും എന്നായി ചിന്ത. ആ വീട്ടിൽ നല്ല വാഴ ക്കുലകൾ വിളഞ്ഞു കിടപ്പുണ്ട്. അതിലൊന്നു ചോദിക്കാമെന്നുതന്നെ വിചാരിച്ചു. വീണ്ടും ഞാൻ അവരുടെ മുന്നിലെത്തി

“കറിവെക്കാൻ ഒരു കുലയെടുത്തോട്ടെ ”

ഞാൻ അവരോടു ചോദിച്ചു. ആ വീട്ടിലെ പയ്യൻകൂട്ടത്തിൽ ചെറിയൊരു കുല ഞങ്ങൾക്ക് വെട്ടിത്തന്നു. ആ വിശാലമായ പുരയിടത്തിൽ അവിടവിടെയായി ഉണങ്ങിയതേങ്ങ വീണു കിടപ്പുണ്ട്.ആ പയ്യനോട് ചോദിച്ച് രണ്ടു തേങ്ങയെടുത്തു പൊതിച്ചു.  അകത്തു നിന്നവൻ ഒരു ചിരവയെടുത്തു തന്നു. തേങ്ങ ചിരകി കായ വെട്ടി ഞാനും സ്റ്റെല്ലയും ചേർന്ന് കായപ്പുഴുക്കുണ്ടാക്കി. കഞ്ഞിയും കായപ്പുഴുക്കും റെഡിയായപ്പോൾ സഖാക്കളോരുത്തരായി തൊഴുത്തിലെത്തി കഞ്ഞി കുടിച്ചു.’

അന്നത്തെ ദിവസം അങ്ങിനെ കഴിഞ്ഞു. അതൊരു വല്ലാത്ത അനുഭവമായിരുന്നു.  ഒരു സിനിമാനടി  തങ്ങളുടെ   കാലിത്തൊഴുത്തിൽ കഞ്ഞി വെക്കുന്നതു കാണാൻ ആ വീട്ടിലെ സ്ത്രീകൾ  ഇടക്ക്  എത്തിനോക്കുന്നുണ്ടായിരുന്നു.  അതാണ് അന്നത്തെ ഒഡേസക്കാലം.

രണ്ടുദിവസംമുമ്പ്   അമ്മ അറിയാൻ കളക്ടീവിന്റെ നേതൃത്വത്തിൽ ജോൺ ഓർമ്മ @ 30 എന്ന പേരിൽ എണാകുളത്ത് ഒരു സംഗമം സംഘടിപ്പിച്ചിരുന്നു. മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുൻപായിരുന്നു അമ്മ അറിയാൻ ചിത്രീകരിച്ചത്.  ഇന്നലെ അമ്മ അറിയാൽ കണ്ടുകൊണ്ടിരിക്കുമ്പോൾ വീണ്ടും ആ പഴയ കാലത്തിലേക്ക് തിരിച്ചു പോയി. ഒപ്പം സ്റ്റെല്ലയേയും ഓർമ്മിച്ചു.

ഇനി തിരുവനന്തപുരത്തു പോകുമ്പോൾ തീർച്ചയായും സ്റ്റെല്ലയെക്കാണണം.

Spread the love