Tuesday, May 26

പെൺരചനകളിലെ തനതുവഴികൾ ; ബൃന്ദ പുനലൂർ, ബഹിയ, സുധ തെക്കേമഠം എന്നിവരുടെ കഥകളിലൂടെ

ഇത്തവണ ചില പെൺരചനകളിലൂടെയാണ് നാം സഞ്ചരിക്കുന്നത്. കഥയുടെ പശിമയും പാശവും കഥാകാരികളിൽ കഥാകാരൻമാരോളം വളരാത്തത് ആന്തരികജീവിതപ്രധാനികളായി അവർ തുടരുന്നു എന്നതുകൊണ്ടുതന്നെയാവണം. താൻ നേരിടേണ്ടിവരുന്ന ആന്തരികവും ബാഹ്യവുമായ വിലക്കുകളിൽനിന്നും വിമുക്തയാകുക എന്ന വെല്ലുവിളികൂടെ പെൺരചയിതാവ് ഏറ്റെടുക്കേണ്ടിയും വരുന്നുണ്ടാവാം. അത്തരത്തിലെ മറികടക്കലുകൾ പ്രമേയത്തിലും ആവിഷ്കാര രീതിയിലും കൊണ്ടുവന്ന പുതുമുഖനിരയുടെ ചില കഥകളാണ് മെയ് മാസവായനയിൽ ഉൾപ്പെട്ട  ബൃന്ദ പുനലൂരിന്റെ ‘കിഴക്കുവശത്തെ മുറി’ (ദേശാഭിമാനി വാരിക),  ബഹിയയുടെ ‘പ്രണയനീലകളുടെ നാഗദംശനങ്ങൾ'(കഥ),  സുധ തെക്കേമഠത്തിന്റെ ‘അമേയപുരി'(കേരളകൗമുദി) എന്നിവ.
പ്രമേയങ്ങളിലെ ആന്തരികതയിലും ഫിക്ഷനോളമെത്തുന്ന സഞ്ചാരത്തിലും ഐക്യപ്പെടുന്നു എന്നു തോന്നുമ്പോഴും രചനാരീതികളിൽ തനതുവഴികൾ തേടുന്നുണ്ട് ഓരോ പെൺരചനയും.

കിഴക്കുവശത്തെ മുറി
………………………………….
കാല്പനികസൗന്ദര്യം തുളുമ്പുന്ന പദങ്ങളെ ആവാഹിച്ച് ഏകാന്തതയുടെ വിസ്മയക്കൂട്ടുകൊണ്ട് ചമച്ച ഒരു ഏകാന്തഗീതകമാണ്
‘കിഴക്കുവശത്തെ മുറി’ എന്ന കഥ. വ്യത്യസ്തമായ ഒരു ആവിഷ്കാര രീതിയും വിജയകരമായി കഥാകാരി പരീക്ഷിച്ചിട്ടുണ്ട്. ഭാവനയോ സ്വപ്ന മോ ഓർമ്മയോ ആകുന്ന ഒരു കഥാംശം, അതേത്തുടർന്ന് അതിന്റെ ഫലശ്രുതിയെന്നോണം ഒരു ഏകാന്ത ഗീതകം എന്ന ക്രമത്തിലാണ് കഥയുടെ ക്രാഫ്റ്റ് വിരിയുന്നത്. ഏകാന്തത, മരണം, വീട് എന്നിവയ്ക്ക് കഥാകാരി പുതുനിരീക്ഷണങ്ങളുടെ ഭാഷ്യംകൂടെ ചമച്ച് കഥയെ താത്ത്വികചിന്തയിലേക്ക് ഉയർത്തുന്നതിനും കഥാകാരിക്കു കഴിഞ്ഞു.
ഏകാന്തതയിൽ ജനിച്ചുവളർന്ന ഒരു പെൺകുട്ടിയുടെ ആന്തരികജീവിതവും അത് സൃഷ്ടിച്ച ഭാവനാലോകത്തെ, കല്യാണിയമ്മ എന്ന ബാഹ്യകാഴ്ചയായി അനുഭവിച്ച മറ്റൊരു ആന്തരികജീവിതവുംകൂടെ കെട്ടുപിണഞ്ഞ് സത്യവും മിഥ്യയും ഊടും പാവും നെയ്യുന്ന ഒരു പ്രമേയമാണ് കഥാകാരി വിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്നത്. ഒറ്റപ്പെടലിന്റെ തുരുത്തിൽനിന്നുകൊണ്ട് ഒരുവൾ, പ്രത്യേകിച്ചും കവിതയെഴുതുന്ന ഒരുവൾ കാണുന്ന ജാലകക്കാഴ്ചയിൽ, തന്നേക്കാൾ ഏകാന്തത അനുഭവിച്ച ഒരു എൺപത്തിയൊന്നുകാരിയുടെ ആന്തരികജീവിതമാണ് ചലനചിത്രമാകുന്നത്.ആ ആന്തരികജീവിതത്തിലേക്കുള്ള അയനത്തിൽ അവൾ തന്റെതന്നെ നൊമ്പരപ്പാടുകളെ ചേർത്തു വയ്ക്കുന്നു. ഭർത്താവിന്റെ സുരക്ഷിതത്വമൊരുക്കുന്ന ബാഹ്യജീവിതത്തിലും ഏകാന്തതയുടെ കുടീരമായ ഒരു ആന്തരികജീവിതം അവൾക്കുമുണ്ടെന്ന് വേർതിരിച്ചു തെളിച്ചുകാണിക്കാൻ കഥാകാരിക്ക് കഴിയുന്നുണ്ട്. തന്റെ വ്യക്തമായ നിരീക്ഷണവും കഥാകാരി അവിടെ വെളിപ്പെടുത്തുന്നു: “എൺപത്തിയൊന്നു വയസ്സായ ഒരു മനുഷ്യസ്ത്രീയുടെ ബാഹ്യരൂപം ആർക്കുവേണമെങ്കിലും ചമയക്കാം. എന്നാൽ ആന്തരികതയുടെ എൺപത്തിയൊന്നു സംവത്സരങ്ങൾ എങ്ങനെ വരച്ചിടാനാണ്.”
തുടർന്ന് തനിക്ക് പരിചയമില്ലാത്ത കല്യാണിയമ്മ എന്ന എൺപത്തിയൊന്നുകാരിയുടെ ആന്തരികജീവിതത്തിലൂടെ പ്രവേശിച്ച് മുന്നോട്ടുപോകാനുള്ള വഴി മറ്റൊരു ഗീതകത്തിലൂടെ കഥാകാരി വ്യക്തമാക്കുന്നുണ്ട്:

“ഹൃദയത്തിന്റെ സംഭാഷണങ്ങൾ
മൃദുവാർന്ന വാഗ് വിലാപങ്ങൾ
ഇരുളിന്റെ വഴികൾ തുളച്ച്
എത്രയോ കാതം സഞ്ചരിച്ചാണ്
മറ്റൊരു ഹൃദയത്തിലെത്തിച്ചേരുന്നത്.
പരസ്പരം അറിയുന്നതിന്
വാക്കുകളുടെ ആവശ്യമേയില്ല
മുൻപെന്നെങ്കിലും
കാണണമെന്നു പോലുമില്ല
നമ്മൾ കാണുമ്പോഴൊക്കെ
നദി ഒഴുകുകയാണ്.”

പുഴയുടെ ഒഴുക്കുപോലെ തുടരുന്ന മനുഷ്യജീവിതം ഒന്നു മനസ്സുവച്ചാൽ മുന്നോട്ടും പിന്നോട്ടും കാണാവുന്നതേയുള്ളു എന്ന വിശ്വാസ്യത വായനക്കാരിൽ ജനിപ്പിച്ചു കൊണ്ട് കഥാകാരി കല്യാണിയമ്മയുടെ ജീവിതവും ഒറ്റപ്പെടലും അവരുടെ ആശനിരാശകളുമൊക്കെ ദൃക്സാക്ഷിയായിനിന്ന് അനുവാചകന് പങ്കുവയ്ക്കുന്നു. ആ പങ്കുവയ്ക്കലിൽ ഉപബോധമനസ്സിൽ ഉറഞ്ഞുകിടന്ന മുത്തശ്ശിയും കുട്ടിക്കാലത്തെങ്ങോ ഒറ്റക്കുട്ടിയുടെ ഏകാന്തതയ്ക്ക് ആശ്വാസമായി ജാലകക്കാഴ്ചയായിക്കണ്ട നീലവീടും കുടപിടിക്കുന്നുണ്ട്. മുത്തശ്ശിയുടെ ഏകാന്തതയും ആഹാരരുചികളും ഓർമ്മകളും ചേർന്ന് കല്യാണിയമ്മയ്ക്ക് പൂർണ്ണതയുണ്ടാകുന്നു. താൻ താമസിക്കുന്ന വീട് ഒരിക്കൽ അവരുടേതായിരുന്നു എന്ന കല്യാണിയമ്മയുടെ വെളിപ്പെടുത്തൽ, തനിക്ക് നഷ്ടമായ വീടോർമ്മകളുമായി കലരുന്നു.വീടിനെക്കുറിച്ചൊരു ശക്തമായ നിരീക്ഷണം കഥാകൃത്ത് നമ്മുടെ മുന്നിൽ വച്ചു കൊണ്ട് തുടർന്നു വരുന്ന കഥാഭാഗത്തെ സാധൂകരിക്കുന്നു: “എത്ര മാറ്റം വരുത്തിയാലും മാഞ്ഞു പോകാത്ത ചിലത് ഓരോ വീടിനുള്ളിലും പതിഞ്ഞിട്ടുണ്ടാകും. കാൽപ്പാടുകൾ ,പൊട്ടിച്ചിരികൾ ,സ്നേഹ തരളതകൾ, സങ്കട വിതുമ്പലുകൾ അങ്ങനെയെന്തെല്ലാം. അതൊക്കെ ഒരു വീടിന് എങ്ങനെ മായ്ച്ചു കളയാൻ പറ്റും?”

Read Also  മലയാളത്തെ തമിഴിലേക്ക് ദത്തെടുത്ത കഥാകാരൻ ; കെ എൻ ഷാജി എഴുതുന്നു

താനും ഭർത്താവും ഒരുമിച്ചു കഴിഞ്ഞ ആ വീട്ടിലെ കിഴക്കുവശത്തെ മുറിയിൽ ഒറ്റ രാത്രി കഴിയാനുള്ള കല്യാണിയമ്മയുടെ ഒറ്റ ആഗ്രഹം, തന്റെ വീടുകളുടെ നഷ്ടപ്പെടലിന്റെ വ്യഥയിൽനിന്നുകൊണ്ട് തിരിച്ചറിയുന്ന അവൾ അത് സാധിച്ചു കൊടുക്കാനായി കല്യാണിയമ്മയെ തന്റെ ഗൃഹത്തിലേക്ക് കൂട്ടി വരുന്നു. വീണ്ടും വായനക്കാരൻ സത്യത്തിനും മിഥ്യയ്ക്കും ഇടയിൽ കുരുങ്ങുന്നു.എന്നാൽ വിശ്വാസ്യത ഭദ്രമായി തുടരുന്നുമുണ്ട്. അവർക്ക് കിഴക്കുവശത്തെ മുറി ഒരുക്കിക്കൊടുത്തതിന്റെ സന്തോഷം ഭർത്താവുമായി പങ്കിടുമ്പോഴും, അവർക്ക് വിരുന്നൊരുക്കാൻ ഭൃത്യയോട് പറയുമ്പോഴും അവളിലെ ആന്തരികജീവിതം യാഥാർത്ഥ്യമായി നമുക്കനുഭവപ്പെടുന്നു.എന്നാൽ ആ കിളവി വീടിടിഞ്ഞു മരിച്ചിട്ടെത്ര കാലമായി എന്നു പറയുന്നിടത്തു വച്ചാണ് കഥ മറ്റൊരു മാനം കൈവരിക്കുന്നത്. അതുവരെ കല്യാണിയമ്മ നമ്മുടേയും നേർക്കാഴ്ചയാകുന്നു. കഥമൊത്തം ഭ്രമാത്മകതയിലേക്ക് മാറുന്ന നിമിഷമാണത്.
കഥാകാരിക്ക് വേണമെങ്കിൽ കഥ അവിടെ പര്യവസാനിപ്പിക്കാമായിരുന്നു.എന്നാ ൽ “ആർക്കും വേണ്ടാതാകുന്നവരൊക്കെ മരിച്ചു പോയെന്ന് പറയാനാണ് നമുക്കിഷ്ടം.”

എന്ന് എല്ലാ സന്ദേഹത്തിനും ഉത്തരം പറഞ്ഞുകൊണ്ട് മുറിക്കു പുറത്തു വന്നു സ്വന്തം കുടിലിലേക്ക് നടക്കുന്ന കല്യാണിയമ്മയെയാണ് കഥാവസാനം നമ്മൾ കാണുന്നത്. അന്യർക്ക് മനസ്സിലാവാതെ അവളിലെ, അവളെപ്പോലെയുള്ള ഏകാന്തതകളുടെ കാവൽക്കാരികളുടെ ആന്തരികജീവിതം തുടർന്നുകൊണ്ടേയിരിക്കുമെന്ന നിരീക്ഷണത്തിൽ കഥാകാരി അടിവരയിടുന്നു.
ഉപബോധമനസ്സിലെ ഓർമ്മകളും ഒറ്റപ്പെടലും ഭാവനയും ഗൃഹാതുരമടക്കത്തിനായുള്ള ത്വരയും ബാഹ്യജീവിതത്തിൽനിന്ന് വ്യത്യസ്തമായ ആന്തരികജീവിതവും ചേർന്ന് തികച്ചും മനശ്ശാസ്ത്രപരമായ വിശ്വാസ്യതയിൽ പടുത്തുയർത്തിയ ശില്പമാണ് ‘കിഴക്കുവശത്തെ മുറി’. പ്രമേയത്തിലെ ക്ലീഷേകളെ അവതരണത്തിലെ പുതുമകളും മുഗ്ദ്ധമായ ഗീതകങ്ങളും ആത്മാർത്ഥമായ വിശ്വാസ്യതയും കൈയടക്കവുംകൊണ്ട് കഥാകാരിക്ക് മറികടക്കാനായി എന്നുതന്നെ പറയാം.

പ്രണയനീലകളുടെ നാഗദംശനങ്ങൾ
……………………………………
അദൃശ്യവിലക്കുകളുടേയും നിരാസങ്ങളുടേയും കൂച്ചുവിലങ്ങുകളിൽപ്പെട്ട് ഞെരിയുന്ന പെൺജീവിതം അതിന്റെ പാരമ്യതയിൽവച്ച് ശീലങ്ങളുടെ വിപരീതക്രമത്തിൽ പ്രവർത്തിക്കുന്ന ഭ്രമാത്മകമായ കാഴ്ച നമ്മെ അനുഭവിപ്പിക്കുന്ന കഥയാണ് ശ്രീമതി. ബഹിയയുടെ ‘പ്രണയനീലകളുടെ നാഗദംശനങ്ങൾ’. തീക്ഷ്ണഭാഷയുടെ അനർഗ്ഗളമായ പ്രചണ്ഡനടനമാണ് കഥയെ വേറിട്ടു നിർത്തുന്ന ഘടകം.
തലമുറകളുടെ അദൃശ്യമായ വിലക്കുകളിൽപ്പെട്ട് അടിച്ചമർത്തപ്പെട്ടു പോയ സ്ത്രീവികാരങ്ങളെ ആവിഷ്കരിക്കുന്നത് അധികപ്പറ്റെന്ന ചിന്ത സാമാന്യേന നിലനിന്നു പോരുന്ന ഇക്കാലത്തും സഹജമായ അതിവൈകാരികതകളെ അപഥസഞ്ചാരമെന്നുതന്നെ വിലയിരുത്തപ്പെടുന്നു എന്ന നിരീക്ഷണത്തിൽനിന്ന് രൂപപ്പെട്ടതാണ് പ്രമേയം. പ്രണയവും കാമവും പൂരകദ്വന്ദ്വമെന്ന വീക്ഷണത്തിന്റെ തീവ്രാവിഷ്കാരം.
ഏതൊരു പുരുഷനേയുംപോലെ വളർച്ചയുടെ പടവുകളിൽ സമാനമായ വൈകാരിക തീക്ഷ്ണതകളിലൂടെ കടന്നുപോകുന്ന പെൺജീവിതം മാളങ്ങളിലൊളിപ്പിച്ച പാമ്പുകളായി അഭിലാഷങ്ങളെ ഒടുക്കി മുന്നേറാൻ നിർബന്ധിതമാകുന്ന വ്യവസ്ഥിതിയിൽ ഹൈപ്പർ സെക്ഷ്വാലിറ്റി ഉണ്ടായിപ്പോയ ഒരു പെൺകുട്ടിയുടെ രതിയും പ്രണയവും കൂടിക്കുഴഞ്ഞ ചിന്തകളിലൂടെ ഉണർന്നുപോകുന്ന പ്രണയാതുരകാമം. അത് ആൺപെൺ ഭേദമില്ലാതെ ഇരുപക്ഷത്തോടും തോന്നിപ്പോകുകയും ഋതുമതിയാകുന്ന കാലംമുതൽ പ്രണയത്തിന്റെ ആ കരിനീലനാഗങ്ങളെ അദൃശ്യമായ ചങ്ങലകൊണ്ട് ബന്ധിച്ചുനിർത്തുകയും വിവാഹിതയാകുന്നതോടെ തന്റെ പ്രണയനാഗങ്ങൾക്ക് നൃത്തം ചെയ്യാൻ കളമൊരുങ്ങിയതിൽ സന്തോഷിക്കുകയും ചെയ്യുന്ന പെണ്ണ്. എന്നാൽ ദാമ്പത്യത്തിലെത്തുമ്പോൾ അവിടെ പ്രണയനാഗങ്ങൾക്കും നർത്തനം ചെയ്യുന്ന കരിനീല നാഗങ്ങൾക്കും പകരം പത്തിയ്ക്കടിപെട്ട സർപ്പമായി, ഒടുവിൽ പ്രണയ വിഷമില്ലാത്ത മണ്ണിര മാത്രമായി പുരുഷന്റെ ചൂണ്ടയിലൊതുങ്ങിപ്പോകുന്ന ഇരജൻമമാകുന്നു അവൾ.
അവളിലെ നാഗങ്ങളെല്ലാം മരവിച്ചിരിക്കുമ്പോഴും ഒരിക്കലുണർന്നു വിഷംചീറ്റിയ പ്രണയസർപ്പം അവളിൽ മരിക്കുന്നില്ലാ. അനുകൂല സാഹചര്യത്തിൽ ‘അപഥ’ സഞ്ചാരത്തിലൂടെ പ്പോലും അത് ആത്മസാക്ഷാത്കാരത്തിന് തയ്യാറാവുന്നു.
ഭാര്യാഭർത്തൃബന്ധത്തിൽ, ഇരയെന്ന സങ്കല്പത്തിലൊതുങ്ങാത്ത പെണ്ണിനെ മനോരോഗിയായിക്കണ്ട് മരുന്നുനൽകി മയക്കിയിടുന്ന ഭർത്താവ് സാധാരണ പുരുഷചിന്തകളേയും സ്വകാമനകളെയും മാത്രമേ പരിഗണിക്കുന്നുള്ളു.ഇരുപതുവർഷം കഴിഞ്ഞാൽ നിരാസങ്ങളുടെ ലോകത്തു ജീവിക്കണമെന്ന അയാളുടെ സിദ്ധാന്തചര്യകളിൽ അവളുടെ പ്രണയ സർപ്പങ്ങൾ മോക്ഷമില്ലാതെ അലയുന്നു.
പകയും കാമനയും ഉച്ചസ്ഥായിയിലെത്തുന്ന ഒരുവേളയിൽ അവൾ മണ്ണിരയിൽ നിന്നു വളർന്ന് നിരവധി തലകളുള്ള സർപ്പമാവുകയും അയാളെ ഇരയാക്കുകയും ചെയ്യുന്നു. അപ്പോഴും തന്റെ ചൂണ്ടയിൽ കൊരുക്കാനുള്ള ഇരയായി മാറ്റാൻ അവൾക്ക് മരുന്നു നൽകാനുള്ള തത്രപ്പാടിലാണയാൾ.
തികച്ചും സാങ്കല്പികമെന്നു തോന്നാമെങ്കിലും പെൺജീവിതത്തിന്റെ, വരച്ചിട്ട വളയങ്ങൾക്കപ്പുറത്തുള്ള ആന്തരിക ജീവിതത്തിനുതന്നെയാണ്
ഇവിടെയും ഊന്നൽ കൊടുക്കുന്നത്.പുരുഷനേക്കാൾ പ്രഹരശേഷിയോടെ പ്രചണ്ഡമായി ആഞ്ഞടിക്കാൻ ഓരോ പെണ്ണിന്റെയും ആന്തരികജീവിതത്തിന് ശേഷിയുണ്ട് എന്ന് കഥാകാരി മുന്നറിയിപ്പ് തരുന്നുണ്ടീക്കഥയിൽ.
സ്ത്രീകാമനകളുടെ തുറന്നു കാട്ടലിനായാണ് സധൈര്യം തൂലിക ചലിപ്പിക്കുന്നതെങ്കിലും, ഏതോ അദൃശ്യവിലക്കുകളാൽ ആദ്യന്തം വ്യംഗ്യാ ത്മകത നിലനിർത്തുന്നതിൽ കഥാകാരി നിഷ്കർഷ പുലർത്തുന്നുണ്ട്. കഥ എന്ന പ്രതലത്തിന് ചേരാത്തവിധം ആത്മഗതങ്ങളുടെ കുത്തൊഴുക്കും വിവരണാത്മകതയും ഏകപക്ഷീയമായ ആവേശവും ചില ഘട്ടങ്ങളിലെ അവിശ്വാസ്യതയും കഥാകാരിയുടെ കൈയടക്കം നഷ്ടമാക്കി. കഥാതലത്തിലേക്ക് പ്രമേയത്തെ എടുത്തുയർത്തുന്ന രചനാമാന്ത്രികത ഈ കഥയിൽ കഥാകാരിയുടെ തൂലികയെ തുണച്ചില്ല. എന്നാൽ വല്ലാത്ത ഞെട്ടൽ അനുഭവിപ്പിക്കുന്ന തീവ്രമായ ഭാഷയുടെ കുത്തൊഴുക്കും സ്ത്രീമനസ്സിന്റെ കാണാപ്പുറങ്ങളിലേക്കുള്ള ടോർച്ചു തെളിക്കലും ഈ കഥയെ വ്യത്യസ്തമാക്കിയിട്ടുണ്ട്.

Read Also  തമിഴ് സാഹിത്യകാരൻ തോപ്പിൽ മുഹമ്മദ് മീരാനു ആദരാഞ്ജലി

അമേയപുരി
……………………..
കഥയെഴുത്തിലെ പുതുമുഖം ശ്രീമതി.സുധ തെക്കേമഠത്തിന്റെ ഒരു കുഞ്ഞു കഥയാണ് ‘അമേയ പുരി’. ആത്മസംതൃപ്തിയില്ലാത്ത ബാഹ്യജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്ന ആന്തരികജീവിതംപേറുന്ന പെൺജീവിതം തന്നെയാണ് ‘അമേയപുരി’യുടേയും പ്രമേയം.കുടുംബ ജീവിതത്തിന്റെ പൊരുത്തക്കേടുകളോട് പൊരുത്തപ്പെടുമ്പോൾ സ്വയംനഷ്ടപ്പെട്ട് മുന്നേറേണ്ടിവരുന്ന ദേവിയാണ് കേന്ദ്രകഥാപാത്രം . കുടുംബത്തിനായുള്ള രൂപപ്പെടലിനിടയിൽ തനിക്ക് കൈമോശംവന്ന തന്നെത്തന്നെ തിരിച്ചുപിടിക്കാൻ എല്ലാം ഉപേക്ഷിച്ച് അമേയപുരി എന്ന ദുഃഖങ്ങളില്ലാത്ത തുരുത്തിലേക്ക് പോകുന്നതിന് അവിടേക്കുള്ള വണ്ടിയിൽ കയറി ഇരുപ്പുറപ്പിച്ച ദേവി സഹയാത്രികനോട് , അടുക്കള, കിടപ്പുമുറി, ഏകാന്തത, ഫ്രസ്ട്രേഷൻസ് എന്നിങ്ങനെയുള്ള ഊരാക്കുടുക്കിൽ നിന്ന് രക്ഷപ്പെടാനായി പലായനം ചെയ്യുമ്പോഴും എല്ലാ പെൺജീവിതങ്ങളേയുംപോലെ ഒരു ‘സോ ഹാപ്പി ലൈഫ്’ ചിത്രം വർണ്ണിക്കാനാലോചിച്ചുപോകുന്നു.
ഓർമ്മകളിൽ സഞ്ചരിക്കുമ്പോൾ കുറ്റപ്പെടുത്തലുകളുടെ, അവഗണനയുടെ ,പരിഗണിച്ചതായുള്ള ഭാവിക്കലുകളുടെ ആകെത്തുകയാണ് തന്റെ ജീവിതം എന്ന് തിരിച്ചറിയുമ്പോഴും അമ്മച്ചിറകിന്റെ ചൂടിനുവേണ്ടി കൊതിക്കുന്ന മകളെ മാറ്റിനിർത്താൻ അവൾക്കാവുന്നില്ലാ. തന്റെ ബാല്യത്തിൽ അച്ഛൻ തനിക്കുതന്ന തണൽ ഓർക്കവേ മകൾക്കരികിലേക്ക് തിരികെപ്പോകാൻ വെമ്പുന്നു, അവളുടെ മനസ്സ്. സഹയാത്രികനായി വന്ന് തന്റെ മനസ്സു പ്രവചിച്ചയാളിൽ, തന്റെ മരിച്ചു പോയ അച്ഛന്റെ സാന്നിദ്ധ്യം അവൾ തിരിച്ചറിയുന്നു. താനും അതുപോലാ വേണ്ടതാണെന്ന് മനസ്സ് തുടിക്കുന്നു.
പെട്ടെന്ന് കണ്ടതെല്ലാം സ്വപ്നമാണെന്നറിയിച്ചുകൊണ്ട് ,വീട്ടുവഴിയിലിറങ്ങാൻ ബസ് യാത്രയിലിരുന്ന് ഉറങ്ങിയ അവളെ വണ്ടിക്ലീനർ വിളിച്ചുണർത്തുന്നിടത്ത്, പെൺജീവിതത്തിന്റെ ആന്തരികത വീണ്ടും വെളിവാകുന്നു. സ്വപ്നത്തിൽമാത്രം സ്വന്തം സ്വത്വംതേടി സഞ്ചരിക്കുകയും ,മക്കളെ മറികടന്നൊരു സ്വത്വം സ്വപ്നത്തിൽപ്പോലും സാധ്യമല്ലെന്നറിയുകയും ചെയ്യുന്ന പെൺജീവിതത്തിന്റെ ആന്തരികസങ്കീർണ്ണതകൾ വിവരണാതീതമാണെന്ന് കഥാകാരി പറഞ്ഞു വയ്ക്കുന്നു .
വായനസുഖമുള്ള ലളിതമായ കഥ. എന്നാൽ ഇവൻറുകളുടെ കുറവുമൂലം കഥയ്ക്ക് വേണ്ടത്ര മിഴിവുണ്ടായില്ലാ എന്നു പറയേണ്ടിയിരിക്കുന്നു.പ്രമേയം പഴയതെങ്കിലും അതിനെ പുതിയൊരു അച്ചിൽ വാർക്കാൻ ശ്രമിച്ചു എന്നതാണ് ഈ കഥയെ വായനയ്ക്ക് സ്വീകാര്യമാക്കിയത്.
…………………………….
ആത്മസംഘർഷങ്ങൾ, ബാഹ്യജീവിതത്തിൽനിന്നും തികച്ചും വ്യത്യസ്തമായ ആന്തരികജീവിതം, ഏകാന്തത, അദൃശ്യമായ ചില ചങ്ങലക്കെട്ടുകൾ ഇവയൊക്കെ പ്രഹേളികകളായി ചുറ്റിവരിയുന്നതു കൊണ്ടാവാം സ്ത്രീരചനകളിലെ പ്രമേയവും ഈ കുറ്റികളിൽത്തന്നെ ചുറ്റിക്കറങ്ങി നിൽക്കുന്നത്. നവകാലത്തെ കഥാകാരൻമാരുടെ കഥകളിൽ പെൺജീവിതം പെൺപക്ഷവീക്ഷണത്തോടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് ഒട്ടൊരു അത്ഭുതത്തോടെയാണ് വായിച്ചത്.ആ വീക്ഷണങ്ങളോളം വിശാലതയിലേക്കല്ലാ പെൺരചനകളിലെ പ്രമേയങ്ങൾ കേന്ദ്രീകരിക്കുന്നത്.തങ്ങൾ അനുഭവിക്കുന്ന ചില കെട്ടുപാടുകളെ പൊട്ടിച്ചെറിയാനുള്ള അന്തർദ്ദാഹങ്ങളാണ് അവരുടെ കഥകൾ.എന്നാൽ രചനാശൈലിയിൽ അതിസങ്കീർണ്ണതകളൊന്നും കടത്തിവിടാതെ, ഹൃദയംകൊണ്ടു കഥ പറയുന്ന രീതി പെൺരചനകളുടെ പ്രത്യേകതയായി നിരീക്ഷിക്കാവുന്നതാണ്.

Leave a Reply

Your email address will not be published.