വടക്കന്‍ കൊല്‍ക്കത്തയിലെ ഹാത്തിബഗാന്‍ പുതിയ കാല ബംഗാളില്‍ ഏറ്റവും കൂടുതല്‍ സിനിമാഹാളുകള്ളുള്ള പ്രദേശമാണ്. ഹാത്തിബഗാനില്‍ തന്നെ ആളൊഴിഞ്ഞ ഒരു തെരുവിലായി ആ മനുഷ്യന്‍ ജീവിക്കുന്നു. തകര്‍ന്നുവീണു തുടങ്ങിയ നിറം മങ്ങിയ ഒരു നാലു നില കെട്ടിടത്തില്‍. മിത്തുകളും വിശ്വാസങ്ങളും നിറഞ്ഞ ബംഗാള്‍ ജീവിതത്തിന്റെ ഭാഗമായ ജത്രയില്‍ വേഷം കെട്ടിയാടിയ ചപല്‍ ബാദുരിയെന്ന മനുഷ്യന്‍ അവിടെയാണിപ്പോള്‍ കഴിയുന്നത്. ജത്ര – കലായാത്രയിലെ പ്രധാനവേഷക്കാരനായിരുന്നു ചപല്‍. നമ്മുടെ ഓച്ചിറ വേലുക്കുട്ടി ആശാനെയാണ് ചപല്‍ ബാദുരിയെ കുറിച്ച് പറയുമ്പോള്‍ മലയാളികള്‍ക്ക് ഓര്‍മ്മവരിക. വേലുക്കുട്ടിയാശാനെ പോലെ പെണ്‍വേഷം കെട്ടിയാടലായിരുന്നു ചപലും നടത്തിയത് എന്നതാണ് ആ താരതമ്യത്തിന് കാരണം. രൗദ്രഭാവം നിറയുന്ന ഭദ്രയായി പലതവണ തെരുവുകളില്‍നിന്നും ജനഹൃദയത്തിലേക്ക് യാത്രചെയ്ത മനുഷ്യന്‍ ഇന്ന് കൂട്ടംവിട്ട് സമാധി നോക്കിയിരിക്കുന്ന പക്ഷിയെപ്പോലെ ജീവിക്കുന്നു.

ചപലിന്റെ അല്ല ഒരു കാലത്തെ `ചപല്‍ റാണിയുടെ നിറംകെട്ട മുറിയില്‍ പഴയകാലത്തിന്റെ ഓര്‍മ്മകള്‍ മടക്കിക്കൊണ്ടുവരുന്ന ചിലതൊക്കെയുണ്ട്. ചില ഫലകങ്ങള്‍. പ്രശസ്തിപത്രങ്ങള്‍. ചപല്‍ ബാദുരി ചപല്‍ റാണിയാകാന്‍ അണിഞ്ഞിരുന്ന സാരികള്‍. അങ്ങനെ പലതും. ഇവയ്ക്കിടയില്‍ അമ്മയുടെയും മഹാഗുരുവിന്റെയും ചിത്രങ്ങളും. ഗുരു മറ്റാരുമല്ല. സാക്ഷാല്‍ ശ്രീരാമകൃഷ്ണ പരമഹംസനെന്ന മഹാമാനുഷി. കഴിഞ്ഞ ഒന്‍പത് മാസങ്ങളായി ചപല്‍, രാമകൃഷ്ണ വൃദ്ധസദനത്തിലാണ്. അവിടെക്ക് വരുമ്പോള്‍ കുറച്ചുപേര്‍ അദ്ദേഹത്തെ കാണാനെത്തിയിരുന്നു അവര്‍ ചിന്തിച്ചത് ചപല്‍ ബാദുരി എയ്ഡ്‌സ് രോഗിയായെന്നായിരുന്നു. പണ്ടെപ്പോഴൊ കെട്ടിയാടിയ ഒരു വൃദ്ധയുടെ വേഷമാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നതെന്ന് അദ്ദേഹം പറയുന്നു. വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടുപോയ മുത്തശ്ശിയുടെ വേഷം.

അകന്നുപോകുന്ന ഒരു കലാപ്രസ്ഥാനത്തിന്റെ അവസാന കണ്ണിയെന്ന ബഹുമതി നിറഞ്ഞ ഒരു സമീപ ഭൂതകാലത്തില്‍ നിന്നുകൂടിയാണ് ചപല്‍ എന്ന വാര്‍ദ്ധക്യമിന്ന് വിവിധങ്ങളായ ശാരീരികമാനസിക പ്രശ്‌നങ്ങളുമായി രണ്ട് തലയിണകള്‍ മാത്രമുള്ള ഒരു ചെറിയ മുറിയില്‍ രാത്രികള്‍ കഴിച്ചുകൂട്ടുന്നത്. ചപല്‍ ഭാദുരിയുടെ ഓര്‍മ്മയില്‍ ഒരു വാര്‍ദ്ധക്യത്തിന്റെ പരമ്പരാഗത വ്യഥകള്‍ മാത്രമല്ല നിറയുന്നത്. അതില്‍ ലൈംഗികതയോടുള്ള കലഹങ്ങളുണ്ട.് ചതിയുടെയും പിന്‍വാങ്ങലിന്റെയും ചെറുത്ത് നില്‍പ്പിന്റെയും കഥകളുണ്ട്.

അഭിനയകലയുടെ ജീവാവക്ഷിപ്തം ചപലില്‍ എത്തിയത് അമ്മയില്‍ നിന്നും അമ്മാവന്മാരില്‍ നിന്നുമായിരുന്നെന്ന് വളരെ വാചാലനാകുന്ന ചപല്‍ ബാദുരി ആ പാരമ്പര്യത്തില്‍ അഭിമാനിക്കുമ്പോള്‍ തന്നെ പിതാവിനെ പറ്റി സൂക്ഷിക്കുന്ന മൗനം പ്രസക്തമാവുന്നു. 1938ലാണ് അമ്മ പ്രതിഭാ ദേവിയുടെയും അമ്മാവനായ നടന്‍ ശിശിര്‍ ബാദുരിയുടെയും നിര്‍ബന്ധപ്രകാരം ശരത് ചന്ദ്ര ചാറ്റര്‍ജിയുടെ ബിന്ദു ചലെയിലൂടെ ഏഴാമത്തെ വയസില്‍ അരങ്ങിലെത്തുന്നത്. എത്ര തവണയാണ് ആ നാടകം കണ്ടെതെന്നു തിട്ടപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നും ചപല്‍ പറയുന്നു. എന്നല്‍ 1952ല്‍ അമ്മയുടെ മരണം സംഭവിച്ചതോടെ ചപലിന്റെ ബാല്യകാലം അവസാനിച്ചു എന്നു പറയാം.

പക്ഷെ, പിന്നീട് അധികം താമസിയാതെ വലിയൊരു മാറ്റം ജീവിതത്തില്‍ സംഭവിക്കുകയായിരുന്നു. ഒരു ദിവസം അമ്മവന്റെ മകന്‍ ചപലിനെ രാവിലെ വിളിച്ചുണര്‍ത്തുന്നു. “നിനക്കൊരു പെണ്ണിന്റെ വേഷം കെട്ടാന്‍ കഴിയുമോ?” എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. “ഹെയ,് എങ്ങനെ ഒരാണിനു പെണ്‍വേഷം കെട്ടാന്‍ കഴിയും?” എന്ന സംശയം ബാദുരി പ്രകടിപ്പിച്ചു. പക്ഷെ അവന്‍ പകര്‍ന്ന ധൈര്യമായിരുന്നു ആലിബാബയും നാല്‍പ്പത് കള്ളന്മാരുമെന്ന നാടകത്തിലെ പെണ്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടാന്‍ ചപല്‍ ബാദുരിക്ക് പ്രചോദനമായത്.

 

 

 

 

 

 

“പക്ഷെ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല ആ വേഷപ്പകര്‍ച്ച. ആദ്യമായി തട്ടിലെത്തുന്നത് പെണ്ണായി. വിടര്‍ന്ന ചിറകുപോലുള്ളകുപ്പായം. താഴറ്റം വിടര്‍ന്ന ട്രൗസര്‍. ചുവന്ന കുപ്പായത്തിനടിയില്‍ മുറുകെ കെട്ടിയ ബ്രയ്‌സിയേഴ്‌സ്. എണ്ണതേച്ച് സുന്ദരമാക്കിയ മുടിയിഴകള്‍. അരയില്‍ ചുറ്റിക്കെട്ടിയ മയില്‍ പീലികള്‍. ആഡിറ്റോറിയം നിറയുന്ന ആരാധനയുടെ തിരമാലകള്‍ ശരിക്കും എന്നെ ഒറ്റപ്പെടുത്തുകയായിരുന്നു. ഞാന്‍ ഒന്നു മുന്നോട്ട് നടക്കും. പിന്നെ, പിന്നിലേക്ക് അടിവയ്ക്കും. ഇതിനിടെ ഒരു ആരാധകന്‍ സ്റ്റേജില്‍ കയറിവന്ന് എന്നെ കെട്ടിപ്പിടിച്ചു. അയാള്‍ക്കരുതിയത് ഞാന്‍ പെണ്ണാണെന്നാണ്. എന്റെ ജീവിതം അവിടെ ആരംഭിക്കുകയായിരുന്നു.”

അടുത്ത ഇരുപതു വര്‍ഷങ്ങള്‍ ബാദുരി ചപല്‍ റാണിയായി തന്നെ അറിയപ്പെടാന്‍ തുടങ്ങി. റസിയാ സുല്‍ത്താന മുതല്‍ കൈകേയി വരെയുള്ള പകര്‍ന്നാട്ടങ്ങള്‍. ഈ കഥാപാത്രങ്ങളുടെ`പ്രശസ്തി ആളുകള്‍ക്കിടയില്‍ അതിവേഗം വ്യാപിച്ചു. അവരുടെ വീടുകളില്‍ പ്രവേശനം നല്‍കിയില്ലെങ്കിലും ധനികര്‍ സ്വന്തം കാറുകള്‍ ചപല്‍റാണിയുടെ യാത്രയ്ക്കായി വിട്ടുനല്‍കി. അല്ലെങ്കില്‍ തന്നെ ജത്ര കലാകാരന്മാര്‍ക്ക് മറ്റു ഭവനങ്ങളില്‍ താമസിക്കാന്‍ സാധിക്കില്ലായിരുന്നു. അതൊരു വിശ്വാസം.

പചല്‍ ബാദുരി ആ കാലഘട്ടം ഓര്‍ക്കുന്നത് ഇങ്ങനെ: ‘ഒരിക്കല്‍, വടക്കന്‍ ബംഗാളിലൂടെ പോകുന്ന നാടകസംഘം. ഒരു നദി കടന്നുവേണം പോകാന്‍. തമാശ തോന്നിയത് അതല്ല. ചപല്‍ റാണിയെ തോളിലേറ്റാന്‍ കുറച്ചു യുവാക്കളെയാണ് സംഘാടകര്‍ ഏര്‍പ്പെടുത്തിയത്. അവര്‍ക്കെല്ലാം റാണിയോടൊപ്പം കഴിയണം. ചെറുപ്പക്കാരികള്‍ക്ക് റാണിയെപ്പോലെയാകണം. അതായിരുന്നു ആ സൗന്ദര്യം. എന്തായാലും ഒടുവില്‍ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നു സാധിക്കാനും ഈ ആരാധന കാരണമായി. ബംഗാളി സൂപ്പര്‍സ്റ്റാറായിരുന്ന ഉത്തം കുമാര്‍ ചപല്‍ റാണിയെ കാണാന്‍ ഒരു ദിവസം തട്ടിലെത്തി. ചപലപ്പോള്‍ മേക്കപ്പിലല്ലായിരുന്നു എങ്കിലും ഒരു വെള്ള പ്ലയിന്‍ സാരിയാണു ചുറ്റിയിരുന്നത്. ഉത്തംദാ കരുതിയത് അതൊരു പെണ്ണു തന്നെയായിരിക്കുമെന്നാണ്. “സാരി മാറ്റിയിട്ട് ഒരു ഷര്‍ട്ടും ട്രൗസറും എടുത്തണിഞ്ഞു. ഉത്തംദാ എന്റെ അടുത്തുവന്ന് പറഞ്ഞു, എനിക്കു കാണേണ്ടത് ആ പെണ്‍ കൊടിയെയാണ,് ഇവനെയല്ലെന്ന്. എല്ലാവരും ഒരേസ്വരത്തില്‍ പറഞ്ഞു `അവള്‍ ഇവനാണ്.`അദ്ദേഹമെന്നെ തുറിച്ചുനോക്കി പിന്നെ മാറത്തേക്ക് വലിച്ചടുപ്പിച്ചു. ഞാന്‍ അല്പനേരം ആ മാറില്‍ മുഖമമര്‍ത്തി നിന്നു. ുചിത്രാസെന്നും സുപ്രിയാദേവിയുമൊക്കെ സിനിമയില്‍ ചെയ്യും പോലെ. അന്നു സെല്‍ഫിയൊന്നുമില്ലായിരുന്നു. പക്ഷെ ആ നിമിഷം എന്റെ ഹൃദയത്തിലേക്കാണ് ഊളിയിട്ടിറങ്ങിയത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂര്‍ത്തം.”

അക്കാലത്തെ ചരിത്രം പരിശോധിച്ചാല്‍ മിക്ക രംഗകലകളിലും പെണ് വേഷം കെട്ടിയാടപ്പെടുകയായിരുന്നു. കര്‍ണ്ണാടകത്തിലെ യക്ഷഗാനത്തിലും കേരളത്തിലെ കഥകളിയിലും രാജസ്ഥാനിലെ ഭവാനിയിലും ബിഹാറിലെ നാച്ചിലുമെല്ലാം ഇങ്ങനെ തന്നെയായിരുന്നു.`ആണ്‍പെണ്ണു`ങ്ങള്‍ ഗംഭീര മേക്കപ്പിലും ഉച്ചസ്ഥായിയിലും തകര്‍ത്തുകൊണ്ടിരുന്നു.

ദല്‍ഹി അംബേദ്ക്കര്‍ സര്‍വകലാശാലയിലെ തിയറ്റര്‍ വിഭാഗം പ്രഫസര്‍ ബനില്‍ ബിശ്വാസ് സൂചിപ്പിച്ചതുപോലെ കുടുംബത്തെ സംബന്ധിച്ച ധാരണകള്‍ ധാര്‍മ്മികത ആദരവ് എല്ലാം കലയുടെ ഭാഗ്ഗമായിരുന്നു. പൊതുഇടങ്ങളും കലാവിഭാഗങ്ങളും ശരിക്കും വിക്ടോരിയന്‍ ധാര്‍മ്മികതയുടെ ശേഷിപ്പുകളായിരുന്നു. അതുകൊണ്ടുതന്നെ സ്ത്രീക്കും പുരുഷനും വ്യത്യസ്തതലങ്ങള്‍ തന്നെയാണ് ഒരുക്കിക്കൊടുത്തതെന്നും ബിശ്വാസ് ചൂണ്ടിക്കാണിക്കുന്നു. ഇന്നു ബാദുരി മണ്മറഞ്ഞുകൊണ്ടിരിക്കുന്ന ജത്രയുടെ അവസാന റാണിയാണ്. പതിനാറാം നൂറ്റാണ്ടിലെ ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായുണ്ടായ മതനിരപേക്ഷമായ ഒരു കലാരൂപത്തിന്റെ അവസാന കണ്ണി. എന്നാല്‍ ബാദുരിയുടെ യാത്രയുടെ കാലഘട്ടം വളരെ നീണ്ടതായിരുന്നു. ബംഗാളിന്റെ ഭൂവിഭാഗങ്ങള്‍ കടന്ന് പാര്‍സിയും ഗുജറാത്തി തിയറ്ററും കടന്ന് പോയി ഈ പെണ്‍ വേഷക്കാരന്റെ യാത്രകള്‍. എഴുപതുകള്‍ ബംഗാളിനെ സംബന്ധിച്ച് പ്രക്ഷുബ്ദമായ കാലമായിരുന്നു. പലായനങ്ങളും പട്ടിണിയുമെല്ലാം കൊടുമ്പിരിക്കൊണ്ടിരുന്ന കാലം. ഈ സാമൂഹ്യ സാഹചര്യം നാടകവേദിയെയും ബാധിച്ചു. ദാരിദ്ര്യവും അനിശ്ചിതത്വങ്ങളും പല സ്ത്രീകളെയും തൊഴില്‍ തേടി നാടകവേദിയില്‍ എത്തിച്ചു. അവിടെയപ്പോള്‍ ജാതിയും മതവു മറ്റ് സാമൂഹിക ശ്രേണികളൊന്നും പരിഗണനീയമായില്ല.

മറ്റൊരുതരത്തില്‍ ഇടതുപക്ഷ മുന്നേറ്റത്തിന്റെ കാലം കൂടിയായിരുന്നു അത്. സ്ത്രീകള്‍ ജത്രവേദിയിലേക്കു ഭയമില്ലാതെ അഭിനയിക്കാനെത്തിയപ്പോള്‍ വേഷം കെട്ടലിന്റെ പ്രാധാന്യമില്ലായ്മയെപ്പറ്റി ബാദുരിക്കു ബോധ്യമായി. അദ്ദേഹം എതാണ്ട് 1974 ല്‍ തന്നെ വേദി വിടുവാന്‍ തീരുമാനിച്ചു. അടുത്ത രണ്ട് പതിറ്റാണ്ടുകള്‍ അലച്ചിലിന്റേതായിരുന്നു. ബാദുരി ബംഗാളിന്റെ തെരുവുകളിലും ഗ്രാമങ്ങളിലും അലഞ്ഞു നടന്നു. പുണ്യനഗരമായ താരാപീഠത്തില്‍ വളരെക്കാലം താമസിച്ചു. നിരന്തരമായ അലച്ചിലും ജീവിതത്തിലെ അനിശ്ചിതത്വവും അദ്ദേഹത്തെ വീണ്ടും ഒരിക്കല്‍ അഴിച്ചുവച്ച വേഷമെടുത്തണിയാന്‍ പ്രേരിപ്പിക്കുകേയായിരുന്നു. 1994ല്‍ കൊല്‍ക്കത്തയിലെത്തി അദ്ദേഹം വസൂരി ദേവതയായ ശീതളയുടെ വേഷമണിഞ്ഞു. ‘ജീവിതത്തിന്റെ അവസ്ഥന്തരം.. ആ കലാകാരനെ അദ്ദേഹമൊരിക്കലും പ്രതീക്ഷിക്കാത്ത പല സ്ഥലങ്ങളിലും വേഷം കെട്ടിയലയാന്‍ വിട്ടു. അതു നഗരവീഥികള്‍ വിട്ടുള്ള ഇരുണ്ട ഭൂമിയിലായിരുന്നു. ചേരികളും ഗലികളും കടന്നുപോയി ചപല്‍റാണി. ബാദുരിയുടെ ശീതളാദേവി വളരെ വലിയ വിജയമായിരുന്നു. പലപ്പോഴും പ്രകടനത്തിനിടയില്‍ പലരും `ദേവി`യുടെ കാലില്‍ വന്നുവീഴാന്‍ തുടങ്ങി. ബാദുരി ഒരു ദേവിയായി മാറുകയായിരുന്നെന്നും അത്രമാത്രം ബഹുമാനം ഏറ്റുവാങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനമെന്നു പലരും ഓര്‍മ്മിക്കുന്നു.

സ്ത്രീകള്‍ വേദിയില്‍ നിന്നും അകറ്റി നിറുത്തപ്പെട്ട കാലത്ത് ജീവിച്ച ഗുജറാത്തിലെ ജയശങ്കര്‍ സുന്ദരിയും മറാത്തിയിലെ ബാല്‍ ഗന്ധര്‍വും നാരായണ്‍ ശ്രീപദ് രാജനും അന്നത്തെ സ്തീകള്‍ക്കു പോലും അനുകരണീയരായിരുന്നു. എന്നാല്‍ ഇവരനുഭവിച്ച മറ്റ് ചില പ്രശ്‌നങ്ങള്‍ കൂടിയുണ്ട്. ‘അതു പൊതുവേദിയില്‍ തികച്ചും നഷ്ടമാകുന്ന ലിംഗപരമായ വ്യക്തിത്വത്തെ പറ്റിയുള്ളതായിരുന്നു. എന്നാലും ചപലിനെപ്പോലുള്ളവരെ എല്ലാവരും കൂടുതലിഷ്ടപ്പെടാന്‍ മറ്റ് ചില വര്‍ഗ്ഗപരമായ കാരണങ്ങള്‍ കൂടിയുണ്ടായിരുന്നു. അന്നത്തെ വേദിയില്‍ വരുന്ന സ്ത്രീകളിലധികവും താഴ്ന്ന ജാതിയില്‍ പെട്ടവരും വേശ്യാവൃത്തിയിലേര്‍പ്പെട്ടവരും ആയിരുന്നു എന്നാണ് പൊതുധാരണ. എന്നാല്‍ ബാദുരിയുടെതു അക്കാലത്തെ സുന്ദരിയുടെയും ഗന്ധര്‍വയുടെയും ജീവിതത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു. കാരണം അവരെല്ലാം പുരുഷഭാവങ്ങള്‍ പലപ്പോഴും പകര്‍ത്തിയപ്പോള്‍ ചപല്‍ ബാദുരിയുടെ വിധി സ്‌ത്രൈണതയിലൂടെ എപ്പോഴും പുരുഷനെ ആകര്‍ഷിക്കാന്‍ തന്നെയായിരുന്നു. കലാവിമര്‍ശകയായ നിളാദ്രി ചാറ്റര്‍ജി അഭിപ്രായപ്പെടുന്നത് പോലെ ഗന്ധര്‍വയുടെ സ്മരണാര്‍ത്ഥം പോസ്റ്റല്‍ സ്റ്റാമ്പിറങ്ങി, അദ്ദേഹത്തിനായി മന്ദിരങ്ങള്‍ പണിതു, കാരണം അദ്ദേഹമൊരിക്കലും ആരിലും ചപല്‍ ബാദുരിയെപ്പൊലെ സ്‌ത്രൈണപ്രകൃതത്തിലൂടെ സ്വവര്‍ഗ്ഗരതി ചോദനകള്‍ ഉളവാക്കിയിട്ടില്ലയെന്നതു തന്നെ.

സമൂഹത്തിലും അരങ്ങിലുമുള്ള സ്വവര്‍ഗരതിയോടുള്ള ഭയവും പ്രത്യക്ഷമാണ്. അത്തരമുള്ള സ്വവര്‍ഗബന്ധങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ തയ്യാറാകാതിരിക്കുകയും അവരുടെ സ്ഥാനത്ത് സ്ത്രീകളെ തന്നെ അരങ്ങിലെത്തിക്കാന്‍ പുതിയകാലത്തെ ആണ്‍ബോധം ജാഗ്രത പുലര്‍ത്തിയപ്പോള്‍ ബാദുരിയെപ്പോലൊരാളുടെ കാലികമായ പ്രസക്തി ചോദ്യചിഹ്നമായി മാറി. അരങ്ങത്തെ പ്രകടനങ്ങളെ പലപ്പോഴും പൊതു വിലയിരുത്തലിനു വിധേയമാക്കുമ്പോള്‍ ജാതി ഒരു പ്രധാന ഘടകമാകാറുണ്ട്. ബാദുരിയുടെ സമകാലീനനായ രാമചന്ദ്രമഞ്ജിയുടെ കഥ അതിനുദ്ദാഹരണമാണ്. അദ്ദേഹം ലൗണ്ടാ നാച്ചെന്ന മറ്റൊരു നാടന്‍ കലയുമായില്‍ ജീവിച്ച മനുഷ്യനായിരുന്നു. തൊണ്ണൂറ്റി രണ്ട് വയസായിട്ടും അദ്ദേഹത്തിനു തന്റെ അപകര്‍ഷതാബോധം മറികടക്കാന്‍ സാധിക്കുന്നില്ല. കാരണം ഈ നൃത്തം ദലിത് വിഭാഗത്തിന്റെതാണെന്ന പൊതുബോധം തന്നെ. മഞ്ജിക്ക് ഈയിടെ സംഗീതനാടക അക്കാദമി പുരസ്‌ക്കാരമൊക്കെ ലഭിച്ചിരുന്നു. അദ്ദേഹമിപ്പോള്‍ ദല്‍ഹിയില്‍ സാധാരണ പുരുഷനെപ്പോലെ വിവാഹിതനായി നാലു മക്കളോടൊപ്പം കഴിയുന്നു. എന്തുകൊണ്ടാണു മഞ്ജിയെപ്പോലൊരാള്‍ക്കര്‍ഹിക്കുന്ന ബഹുമാനം സമൂഹത്തില്‍ നിന്നും ലഭിക്കാതെ പോകുന്നതെന്നു അന്വേഷിക്കുമ്പോഴാണൂ കലയെന്നത് ആരുടെയൊക്കെ വരുതിയിലാണെന്നു ബോധ്യമാകുന്നതെന്ന് നാച്ച് കലാകാരന്‍ കൂടിയായ ജൈനേന്ദ്ര നുിരീക്ഷിക്കുന്നു. മഞ്ജി കൊണ്ടുനടന്ന നാച് ദലിത് ബഹുജനങ്ങളുടേതാണ്. അതിനെയൊരിക്കലും ക്ലാസിക്കല്‍ കലയെന്നു വിളിക്കാനും അതില്‍ പങ്കെടുക്കുന്ന കലാകാരന്മാരെ ബഹുമാനിക്കനും ആരും തുനിയില്ല. ജാതിയുടെ ഈ കലാപരമായ ഇടപെടലാണ് മഞ്ജിയെ പോലെയുള്ള ഒരു കലാകാരനെ അപകര്‍ഷതയുടെ ആഴങ്ങളില്‍ അലയാന്‍ വിടുന്നത്.

 

 

 

 

 

 

ചപല്‍ ബാദുരിയിലേക്ക് തന്നെ തിരിച്ചുവരാം. ഒരോ അരങ്ങിനും മുന്‍പും അല്ലെങ്കില്‍ പെണ്ണായി പരിണമിക്കും മുന്‍പ് അദ്ദേഹത്തിനൊരു പ്രാര്‍ത്ഥനയുണ്ടാകും. വളരെ വിശദമായ ഒരു പ്രാര്‍ത്ഥന. ഏത് നിമിഷത്തിലാണൊ മുലക്കച്ചയെടുത്തണിയുന്നത് അപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ സ്വരങ്ങള്‍ പോലും മാറുന്നു. മിഴികള്‍ കൂമ്പിയടയുന്നു. അതുവരെയില്ലാത്ത ഒരു നാണം വന്നു നിറയുന്നു. താനൊരു പുരുഷനാണ.് പെണ്ണായി വേഷം കെട്ടിയ പുരുഷന്‍. നിങ്ങള്‍ക്കു ചോദിക്കാം എന്തിനാണു നിങ്ങള്‍ ഈ മാറുമറയ്ക്കുന്നതെന്ന്. എന്നാല്‍ ചപല്‍ അതിനു കൃത്യമായ മറുപടി പറയുന്നു. നിങ്ങള്‍ ഒരു പെണ്ണിനെ തുറിച്ച് നോക്കുമ്പോള്‍ അവള്‍ സ്വാഭാവികമായി ചെയ്യുന്ന ഒരു പ്രവൃത്തിയാണ് അതെന്ന.

ഒരു പെണ്ണായി മാറുന്നതിന്റെ പ്രയാസങ്ങളെപ്പറ്റി ബാദുരിക്കു നന്നായറിയാം. വളരെ മികച്ച മെക്കപ്പ് തന്നെ അതിന് വേണം. നല്ലമുടിയിഴകള്‍, നല്ല വേഷങ്ങള്‍, എല്ലാം വേണം. തന്റെ ആ നല്ലകാലത്ത് ഐ ലാഷസ് തെരഞ്ഞു നടന്നതും സ്വന്തമായി ഒരു മേക്കപ്പ് പേസ്റ്റുണ്ടാക്കിയതുമെല്ലാം ബാദുരി ഓര്‍മ്മിക്കുന്നു. മാത്രമല്ല, ഇപ്പോള്‍ അരങ്ങിലെത്തുന്ന സ്ത്രീകളെ കുറിച്ചുമുണ്ട് ബാദുരിക്ക് തന്റേതായ നിരീക്ഷണങ്ങള്‍: “ഇപ്പോള്‍ അരങ്ങത്തെ യഥാര്‍ത്ഥ സ്ത്രീകളെ കാണുമ്പോള്‍ എനിക്കു വെറുപ്പ് തോന്നും. പലരും പറയും നോക്കു അവര്‍ നിങ്ങള്‍ക്കൊപ്പമെത്തുന്നില്ലെന്ന്. അവര്‍ക്കറിയില്ല എങ്ങനെ അവരുടെ ശബ്ദം നിയന്ത്രിക്കണമെന്നും എങ്ങനെയൊക്കെ അരങ്ങത്തു പെരുമാറണമെന്നും. ഒരു പ്രണയ നിമിഷത്തിലെ നിമന്ത്രണം മതിയാകും അരങ്ങിനെയും പ്രേക്ഷകനേയും ഇളക്കാന്‍. ഇതിപ്പോള്‍ ഒരു സോപ്പ് ഒപ്പറ പോലെയാണ്. പ്രണയാതുരമായ ഒരു രംഗം അഭിനയിക്കുമ്പോഴും അവരുടെ ശബ്ദം പേടിപ്പെടുത്തും വിധമുള്ളതാകും. പലര്‍ക്കും അവരുടെ ശരീരവടിവു നിലനിര്‍ത്തുന്നതില്‍ പോലും ശ്രദ്ധയില്ല.”

പെണ്ണിന്റെ കൊഞ്ചലും അവളുടെ ഇടപഴകലും എങ്ങനെ ആകണമെന്നു നന്നായി നിരീകഷണം നടത്തിയിട്ടുണ്ട് ഈ ചപല്‍ റാണി. ഒരിക്കല്‍ അദ്ദേഹം സൊനാഗഞ്ചിയില്‍ തമസിച്ചിരുന്നു ഒരു സെക്‌സ് വര്‍ക്കറുടെ വേഷം ചെയ്യുകയെന്ന ഉദ്ദേശത്തില്‍. മറ്റൊരവസരത്തില്‍ ഹോളിവുഡ് താരം ഹെലന്റെ ചലനങ്ങള്‍ നോക്കി മനസിലാക്കാനും ശ്രമിച്ചു. “ഞാനൊരു പുരുഷനാണണ്‌. സ്ത്രീയായി അഭിനയിക്കുന്ന പുരുഷന്‍. എനിക്കൊരു പക്ഷേ ഒരു പെണ്ണായി മാറാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നിരിക്കാം. അരങ്ങത്തു വരുമ്പോള്‍ എന്നിലെവിടെയോ ഉള്ള സ്ത്രീത്വം വെളിയില്‍ വരുന്നു. അതാണെന്റെ വിജയം. ഞാനതിനു കീഴടങ്ങുകയാണു പലപ്പോഴും.സ്ത്രീയും സ്ത്രീത്വവും തികച്ചും വ്യത്യസ്തമാണ്. അതാണെന്റെ ജീവിതത്തിലൂടെ വെളിവാകുന്ന സത്യവും.”

ചപലിന്റെ സ്ത്രീത്വം പലപ്പോഴും അസഹിഷ്‌നുതയുണ്ടാക്കിയിട്ടുണ്ട്‌. അങ്ങനെയൊരു സംഭവത്തെപ്പറ്റി ചപല്‍ പറയുന്നു: “ഒരിക്കല്‍ അരങ്ങില്‍ ഒരു പ്രണയരംഗം അഭിനയിക്കുകയായിരുന്നു. ഒരുമിച്ചഭിനയിച്ച നടന്റെ മാറില്‍ ചാരിനില്‍ക്കുമ്പോള്‍ എന്റെ മുലകള്‍ അയാള്‍ക്ക് വല്ലാതെ കട്ടിയായി തോന്നി. `നീയെന്താ ബ്രായ്ക്കടിയില്‍ വച്ചിരിക്കുന്നത് തടിയോ അതൊ മരക്കഷണമോ, എന്നയാള്‍ ചോദിച്ചു. മാത്രമല്ല നാടക മുതലാളിയെ ചട്ടംകെട്ടി ഞാനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനും അയാള്‍ ശ്രമിച്ചു. ഒരു അവസരത്തില്‍ അതു സംഭവിക്കുകയും ചെയ്തു. ഒരിക്കല്‍ ഒരു കൂട്ടം ആണുങ്ങള്‍ എന്നെ തള്ളിമറിച്ചിട്ടിട്ട് ആക്രോശിച്ചു. ഇത് അവനല്ല അവളാണെന്ന്. ഇത്തരത്തിലുള്ള അവഹേളനങ്ങളാണു ഞാന്‍ അനുഭവിച്ചത്.”

എന്നാല്‍ പ്രണയമാണു മറ്റെന്തിനേക്കളും അദ്ദേഹത്തിനു വേദന നല്‍കിയ അനുഭവം. ബാദുരി പ്രണയിച്ചത് പതിനെട്ടാം വയസിലാണ്. നാലു വയസു പ്രായക്കൂടുതലുള്ള ഒരു പുരുഷനെ. അവര്‍ തമ്മിലുള്ള ബന്ധം 32 വര്‍ഷം നീണ്ടുനിന്നു. അക്കാലത്ത് സ്വവര്‍ഗ്ഗപ്രണയം ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലായിരുന്നു. എന്നിരുന്നാലും അതൊരു അരക്കിറുക്കുപോലെയായിരുന്നു. ചിലപ്പൊഴൊക്കെ അതൊരു ഭ്രാന്തായിരുന്നുവെന്ന് തനിക്ക് തോന്നിയുരുന്നുവെന്ന് ബാദുരി പറയുന്നു. എന്നാല്‍ ആ കാമുകനായിരുന്നു തന്റെ അമ്മയ്ക്കും അമ്മാവന്മാര്‍ക്കും ശേഷം തന്നെ ഏറ്റവുമധികം സ്‌നേഹിച്ചിരുന്നതെന്നും ബാദുരി ഓര്‍ക്കുന്നു. 1999ല്‍ നവീന്‍ കിഷോറിന്റെ സിനിമയില്‍ അഭിനയിക്കുമ്പൊള്‍ ബാദുരി തന്റെ പ്രണയത്തെപ്പറ്റി വെളിപ്പെടുത്തിയിരുന്നു. അയാളെ കാമുകനെന്നല്ല സുഹൃത്തെന്നാണ് ബാദുരി വിളിച്ചത്. അതിനെ ഒരു ലൈംഗീക ബന്ധം മാത്രമായി ചുരുക്കാന്‍ ബാദുരി ഒരിക്കലും ശ്രമിച്ചതുമില്ല. പിരിയലിന്റെ കാരണങ്ങളും ബാദുരിക്ക് വ്യക്തമാണ്: ”എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ ഒപ്പം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കു മനസിലായി ഞങ്ങള്‍ക്കിടയില്‍ സംഭവിക്കുന്നത് ഒരു പുരുഷനും സ്ത്രീയ്ക്കും ഇടയില്‍ സംഭവിക്കുന്നത് തന്നെയാണെന്ന്. ഞാന്‍ പിന്നീട് ചില മാഗസിനുകളില്‍ നിന്നും മനസിലാക്കി, എനിക്കു കിട്ടുന്നത് ഒരു പെണ്ണ് അനുഭവിക്കുന്ന അതേ അവസ്ഥതന്നെയാണെന്ന്. അതിനുശേഷമെനിക്കു പലപ്പോഴും തോന്നിയത് മാസാമാസം ഒരു സ്ത്രീ എന്തനുഭവിക്കുന്നുവോ അതുപോലും എനിക്കു അനുഭവിക്കേണ്ടി വരുന്നുവെന്നാണ്. ഒരിക്കല്‍ രണ്ടാഴ്ചയോളം ഞങ്ങള്‍ കറങ്ങിനടന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും പലപ്പോഴും കേള്‍ക്കാറുള്ളതുപോലെയായിരുന്നു അത്. ഞങ്ങള്‍ക്ക് അതൊരു കലയായാണുതോന്നിയിട്ടുള്ളത്. അദ്ദേഹമെന്നോടു പറഞ്ഞത് ഇതില്‍ തെറ്റായൊന്നുമില്ലെന്നാണ്,” ചപല്‍ വളരെ ആവേശത്തോടെ പറയുന്നു.

എന്നാല്‍ ഈ അനുഗ്രഹം അധികകാലം നീണ്ടുനിന്നില്ല. എണ്‍പതുകളുടെ അവസാനത്തില്‍ ആ മനുഷ്യന്‍ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാവുകയും ചപല്‍ ബാദുരിയെ ഉപേക്ഷിക്കുകയും ചെയ്തു. അപ്പോഴെക്കും അയാളുടെ സമ്പാദ്യങ്ങളും തീര്‍ന്നിരുന്നു. എന്നാല്‍ അയാളുടെ ഭാര്യ തന്നെ അയാളുടെ ഒരു ഭാഗമെന്നനിലയില്‍ അംഗീകരിച്ചിരുന്നെങ്കിലും ഒരു സ്ത്രീയായി അംഗീകരിച്ചിരുന്നില്ലെന്നും ചപല്‍ ബാദുരി പറയുന്നു.
വളരെ വെറുപ്പുണ്ടാക്കിയ ആ നശിച്ച ജീവിതത്തിനു ശേഷം ഒടുവില്‍ ബാദുരി അദ്ദേഹത്തിന്റെ സഹോദരിയെ തേടിപ്പോയി. അരങ്ങാണ് നിന്റെ ജീവവായുവെന്നും അവിടേക്ക് മടങ്ങിപ്പോകാനും കലാകാരി കൂടിയായ സഹോദരി കേതകി ദത്ത അന്ന് നിര്‍ദ്ദേശിച്ചത്. അരങ്ങില്‍ തന്നെ തേടി അയാളെത്തുമെന്ന് ബാദുരി വൃഥാ പ്രതീക്ഷിച്ചു. “അയാള്‍ വന്നു. എന്റെ കയ്യില്‍ നിന്നും ചെക്കുകള്‍ ഒപ്പിട്ടുവാങ്ങാന്‍. ഞങ്ങള്‍ ഓപ്പണ്‍ ചെയ്ത ജോയ്ന്റ് അക്കൗണ്ടില്‍ നിന്നും അയാള്‍ ആവശ്യപ്പെട്ട പണമെല്ലാം ഞാന്‍ നല്‍കി. എനിക്കതില്‍ പശ്ചാത്താപം തോന്നിയില്ല കാരണം എനിക്കെന്താണോ കിട്ടിയിരിക്കുന്നത് അതെന്നില്‍ തന്നെയുണ്ടെന്ന് എനിക്കറിയാമായിരുന്നു. ഒരാള്‍ക്കും അതെന്നില്‍ നിന്നും കൊണ്ടുപോകാന്‍ കഴിയില്ലെന്നും എനിക്കറിയാം.” ബാദുരിയുടെ വ്യക്തതയുള്ള ശബ്ദം.

 

 

 

 

 

 

 

കിഷോറിന്റെ സിനിമയിറങ്ങിയ നാള്‍മുതല്‍ ബാദുരിയുടെ ജനപ്രിയത അല്‍പം കൂടിയെന്നുപറയാം. വളരെ വിദൂരബന്ധമുള്ള ഒരു അത്മകഥയായിരുന്നു അത്. ബാദുരിയായെത്തിയത് ബംഗാളി സംവിധായകനായ ഋതുപര്‍ണ്ണഘോഷായിരുന്നു. രമണീമോഹന്‍ എന്ന ജനപ്രിയ നാടകത്തിന്റെ അവലംബമായിരുന്നു ആ ചിത്രം. ബാദുരിയിപ്പോള്‍ രണ്ടാമത്തെ നാടകത്തിന്റെ തയാറെടുപ്പിലാണ്. സംവിധായകനായ ശേഖര്‍ സമാധര്‍ എല്ലാത്തരത്തിലും അതുല്യനായ ഈ പ്രതിഭയുടെ നടനചാതുരി മുതലാക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ബാദുരിക്കിപ്പോള്‍ പുറം ലോകവുമായി അത്ര വലിയ ബന്ധമൊന്നുമില്ല, എന്നാലും ഭരണഘടയുടെ 377ാം വകുപ്പിനെ കുറിച്ച് കേട്ടിരിക്കുന്നു, സ്വവര്‍ഗ്ഗാനുുരാഗത്തെ ക്രിമിനല്‍ കുറ്റമായിക്കാണുന്ന വകുപ്പിനെപ്പറ്റി. “രണ്ട് പുരുഷന്മാര്‍ തമ്മിലുള്ള പ്രണയം സ്വാഭാവികമാണ്. അതു ലോകത്തെല്ലായിടത്തും സംഭവിക്കുന്നുണ്ട്. ആളുകളതിനെപ്പറ്റി സംസാരിക്കുന്നില്ല. അവര്‍ അതൊഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാലിപ്പോഴത് കൂടുതല്‍ പ്രാബല്യത്തിലെത്തുന്നുണ്ട്. നിയമപരമായ സാധുതയുണ്ടെങ്കില്‍ എനിക്കതില്‍ സന്തോഷമാണുള്ളത്. പലരും എന്നെ കളിയാക്കിയിട്ടുണ്ട്. കഴിഞ്ഞുപോയതിലൊന്നും ഒരു വിധമായ കുറ്റബോധവും തോന്നുന്നുമില്ല.’ബാദുരിക്ക് അതിനെപ്പറ്റി വ്യക്തമായ അഭിപ്രായമാണുള്ളത്. ‘പല സുഹൃത്തുക്കളും മരിച്ചുകഴിഞ്ഞു. പുതിയ സുഹൃത്തുക്കളെ സ്വീകരിക്കാനുള്ള മനസിപ്പോഴില്ല. അങ്ങനെ ഒരു തിരിച്ചറിവവര്‍ക്കു വേണ്ട. ഞാനെന്റെ പല ട്രാന്‍സ്ജന്റര്‍ സുഹൃത്തുക്കളേയും ഇവിടേക്ക് വരുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. കാരണം ഈ വൃദ്ധസദനത്തിലെ ജോലിക്കാരില്‍ നിന്നും അവര്‍ക്ക് നല്ല പെരുമാറ്റം കിട്ടില്ല.” ബാദുരി കഴിഞ്ഞുപോയ അവസ്ഥകളിലൂടെ സംസാരിക്കുന്നു.

ഇനി വരുന്ന പുതിയ നാടകത്തില്‍ ബാദുരി അരങ്ങിലെ പെണ്‍ ജീവിതവും സ്വന്തം സ്വത്വബോധവും നിഴലിക്കുന്ന ഒരു കഥാപാത്രമായാണ് വരാന്‍ പോകുന്നത്. നാടകം അവസാനിക്കുന്നതൊരു അലമുറയിലാണ.് `ഞാനാണു സുന്ദര്‍ ബീബി അല്ലെങ്കില്‍ സുന്ദര്‍ ഹാല്‍ദാര്‍` എന്ന അലമുറയില്‍. ഇതു പലതരത്തിലും ബാദുരിയുടെ ജീവിതംതന്നെയാണത്. കിഷോറിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ഒരുപാട് കഴിവുകളൂള്ള ഒരു മനുഷ്യനാണ് ബാദുരി. പക്ഷെ അരങ്ങത്ത് പെണ്ണായി കണ്ടതു മാത്രമായി ചുരുങ്ങിപ്പോയി ബാദുരി. തന്റെ ജീവിതത്തില്‍, തൊഴിലില്‍ ബാദുരിയ്ക്കു ജന്റര്‍ എന്നത് ഹൃദയഭേദകമായ ഒരനുഭവമായിരുന്നു. എപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒന്ന്. എന്നാലും ആത്മവിശ്വാസത്തോടെ ചപല്‍ ബാദുരി പറയുന്നു താന്‍ ചപല്‍ റാണി ആയിരുന്നില്ലെങ്കില്‍ ശിശിര്‍ ബാദുരിയുടെ അന്തരവനെ ആരും അറിയില്ലായിരുന്നുവെന്ന്.

.കുടിക്കാനെന്താണ് വേണ്ടത് ചായയോ അതോ കാപ്പിയോ എന്ന് വൃദ്ധസദനത്തിലെ ജോലിക്കാരാരോ ചോദിക്കുന്നു. ചപല്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്നു. “എനിക്ക് രണ്ടും പോരും. കാരണം ഞാന്‍ സ്ത്രീയും പുരുഷനുമാണ്”.

(ഹിന്ദുസ്ഥാന്‍ ടൈംസില്‍ ദ്രബോ ജ്യോതി എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)