‘ദാ ഇങ്ങനെ ചാടണം.’ അയ്യപ്പൻ കുട്ടി മാവിന്റെ താഴെക്കൊമ്പിൽ നിൽക്കുന്ന മാങ്ങാ പറിക്കാൻ ഓരോ തവണ ചാടുമ്പോഴും കണ്ടുനിൽക്കുന്നവർക്കു നെഞ്ചിടിക്കും. കാരണം അയാൾ കമിഴ്ന്നു വീഴുമെന്ന ഭയമില്ല. അയാളുടെ മുണ്ടിന്റെ കുത്ത് എപ്പോൾ വേണമെങ്കിലും അഴിഞ്ഞു പോകാനുള്ള സാധ്യതയും അതിനുള്ളിൽ മറ്റു തിരുവസ്ത്രങ്ങൾ ഒന്നും ഇല്ലെന്നുമുള്ള ചിന്തയുമാണ്. 

മൂന്നു തവണ ചാടിയിട്ടും മാങ്ങയിൽ പിടികിട്ടിയില്ല. അതയാളെ പുച്‌ഛിച്ചു നോക്കി.
അയ്യപ്പൻ കുട്ടിക്ക് കുട്ടികൾക്കിടയിൽ ഇത്തിരി നാണക്കേടുണ്ടാകാതിരുന്നില്ല.  ഒരു തവണ ചാടിയപ്പോൾ ഇളിയിൽ തിരുകിയിരുന്ന ബി പി എൽ കാർഡ് നിലത്തുവീണതു മാത്രം മിച്ചം.

‘ഇതെന്താ ചേട്ടന്റെ കാർഡ് ഈ നിറത്തിൽ’. മീനാക്ഷിയുടെ സംശയമായിരുന്നു.
‘ശരിയാ നമ്മുടേ വീട്ടിലേത് ഈ കളറല്ലല്ലോ’ കൊച്ചു ഗോവിന്ദനും അത് ശരിവച്ചു.
‘അതെ, മുണ്ടിനടിയിൽ വച്ചതുകൊണ്ടായിരിക്കും. അഴുക്കാ’
അയ്യപ്പൻ കുട്ടി കാർഡ് എടുത്തോന്നു തുടച്ചുവീണ്ടും മടിയിൽ തിരുകി.
‘ അടിത്തട്ടിൽ ഉള്ളവന്റെ കാർഡാ ഇതിനി നിറമാ കുഞ്ഞുങ്ങളെ’
അയ്യപ്പൻ സ്ഥലം വീട്ടാനുള്ള തയ്യാറെടുപ്പിലായിരുന്നു.
കുട്ടികൾ അയാളെ വരിഞ്ഞു പിടിച്ചു.
‘ചേട്ടാ ആ മാങ്ങാ’
‘ആ കമ്പിങ്ങെടുക്ക്’
കൊച്ചുഗോവിന്ദൻ എടുത്തുകൊടുത്ത കമ്പുവാങ്ങി അയാൾ പിടിതരാതെ നിന്ന മാങ്ങയുടെ മോന്തയ്ക് നോക്കി ഒറ്റയടിയും പറച്ചിലും
‘വീഴട മാങ്ങേ….’
മാങ്ങാ താഴെ വീണു ചിന്നി ചിതറി.
കുട്ടികൾ അത് പെറുക്കിയെടുക്കാൻ പലഭാഗത്തേക്കും ഓടി.

     

‘നമ്മുടെ വൈദ്യരു ചത്തു’
‘ങേ ?’
‘തൂങ്ങിയതാ’
‘എപ്പോ’
‘ഇപ്പോഴാ കണ്ടത്’
‘ദൈവമേ’
അയ്യപ്പൻ കുട്ടി പിന്നെയവിടെ നിന്നില്ല
‘നീ കണ്ടോ’
‘ഇല്ല. തൂങ്ങി നിക്കുവാ .. കണ്ടിട്ടു വേണം  ഇനി രാത്രികിടന്നു പേടിക്കാൻ.’ യശോധരൻ വടക്കോട്ടു നടന്നു.
അയ്യപ്പൻറെ നടപ്പിന് വേഗതയല്ല മറ്റെന്തോ ഭാവമായിരുന്നു.
ഇയാക്കിത് എന്തിന്റെ കേടായിരുന്നു.ഒരാഴ്ചയെങ്കിലുമായിക്കാണും അയാളെ കണ്ടിട്ട്.
ഇയാളിതെന്തിനാ തൂങ്ങിയത്…. 
‘വൈദ്യര് തൂങ്ങി അറിഞ്ഞോടാ?’ സുകുമാരനാണ്.
ഇങ്ങേരെ എന്തിനാണ് വൈദ്യനെന്നു വിളിക്കുന്നതെന്ന് പോലും അറിയില്ല
ആർക്കും ഒരിറ്റുതുള്ളി മരുന്ന് കൊടുക്കുന്നില്ല. സ്വന്തമായി ഇത്തിരി എണ്ണകാച്ചി തേച്ചിട്ടില്ല. പാരമ്പര്യമായി വൈദന്മാരുമല്ല.
പണ്ടെങ്ങോ വീണ ഒരു വിളിപ്പേര് കൊണ്ട് നടക്കുകയായിരുന്നു വേണുക്കുട്ടൻ.
വീടെത്തും തോറും ഒരു വല്ലായ്ക അയാളെ ബാധിച്ചുകൊണ്ടിരുന്നു.
റോഡിനു കുറുകെ നടന്നു പടിയിറങ്ങിയപ്പോ കാലൊന്നു വിറയ്ക്കുന്നുണ്ടായിരുന്നു.
അകത്തേക്ക് കയറിയ പെണ്ണുങ്ങൾ മുഖം പൊത്തി കരഞ്ഞുകൊണ്ട് പുറത്തേക്കു വരുന്നതും, ചിലർ അലമുറയിട്ടുകരയുന്നതും,ചിലരുടെ മുഖത്ത് വല്ലാതെ പേടിയുണ്ടാകുന്നതും കണ്ടു.
പടിയിറങ്ങി ഇടുങ്ങിയ വാതിലിലൂടെ അകത്ത് കയറി അയ്യപ്പൻ ഒന്ന് നോക്കി .
എന്ത് പേടിക്കാൻ വളരെ ശാന്തമായി കണ്ണുമടച്ചു തൂങ്ങിനില്ക്കുന്ന നമ്മുടെ വൈദ്യൻ.
‘ആരോ പിടിച്ചു കെട്ടിവച്ചതുപോലെ’ അയാൾ അറിയാതെ പറഞ്ഞുപോയി.
അടുത്തുനിന്നു ഒന്ന് രണ്ടുപേരതു കേൾക്കുകയും ചെയ്തു.അതിലൊരാൾ അയ്യപ്പനെ സൂക്ഷിച്ചൊന്നു നോക്കുകയും ചെയ്തു.

‘നീ കണ്ടിട്ടുണ്ട്? ഇതിനു മുൻപ്….. തൂക്കം’.
വൈദ്യരുടെ ചേട്ടന്റെ വക ചോദ്യം
‘ഉം .. താഴെയൊക്കെ തൂറിയിട്ടിരിക്കും നമ്മുടെ ശീലോത്ത്‌ രമണൻ അങ്ങനെയാ ചെയ്തത്’
‘മൂത്രമൊഴിച്ചു വൃത്തികേടാക്കും കണ്ണ് തുറിച്ചിരിക്കും.’ അടുത്തുനിന്ന ഒരാൾ കൂട്ടിച്ചേർത്തു.
അയ്യപ്പൻ കുട്ടി പുറത്തേക്കു ഇടുങ്ങിയിറങ്ങി.
തിരിച്ചു തൂക്കത്തിലേക്ക് ഒന്നുകൂടി നോക്കി മടിയിൽ ഒളിച്ചിരിക്കുന്ന ഒരു ബി പി എൽ കാർഡ്. അയ്യപ്പൻ തന്റെ മടിയിലേക്കും ഒന്നുനോക്കി.
ഉണ്ട് അതവിടെയുണ്ട്.
ഇറങ്ങിവരും വഴി ആരോ പതിയെ പറയുന്നതുകേട്ടു
‘തട്ടിയതാ’
‘കിടപ്പു കണ്ടാലറിയ.’ അടുത്തുനിന്നവൻ ഒരു ചേതവുമില്ലാത്ത തട്ടിവിട്ടു.
അയ്യപ്പൻകുട്ടിക്ക് ഉള്ളിലൊരു ചരിയുണ്ടായി..എന്തിന് എന്തിനാ ഈ ബി പി എൽ ക്കാരനെ …
മുണ്ടും മുറുക്കിയുടുത്ത് പുറത്തേക്കിറങ്ങി മുറ്റം വിട്ടു കഴിഞ്ഞപ്പോ പിന്നിൽ നിന്നും ഒരു വിളി വന്നു.
‘അയ്യപ്പോ’
അയ്യപ്പൻ മനസ്സിൽ വിളിച്ചു -‘സ്വാമിയെ’
‘അവിടെ നിക്കട’ കേശുവണ്ണനാ പിന്നെയും പിടിയിട്ടു.
‘ന്താ’..
‘പോലീസുവരും ഇപ്പം. ഒന്ന് സഹായിക്ക് സഹായിക്കടാ ..’
അതിലൊരു കള്ളിന്റെ മണമുണ്ടായിരുന്നു. പിന്നെങ്ങനെ പോകും, അയ്യപ്പൻ.
നല്ല കൊതുകുണ്ട്. അയ്യപ്പൻ തലങ്ങും വിലങ്ങും ദേഹത്തടിച്ചുകൊണ്ടിരിന്നു. അപ്പോഴേക്കും പിന്നിൽ നിന്നും കള്ളു ഗ്ളാസെത്തി
ഒഴിച്ച് കിട്ടിയ മുക്കാൽ ഗ്ളാസ് റമ്മിൽ ഇത്തിരി വെള്ളം ഒഴിച്ച് ഒറ്റവലിക്ക് കുടിച്ചുകഴിഞ്ഞപ്പോഴേക്കും പോലീസെത്തി.
കെട്ടഴിച്ചു താഴെത്തു വച്ച വൈദ്യരുടെ  ശവത്തിന്‍റെ ഇളിയിൽ തിരുകിയ ബി പി എൽ കാർഡ് പോലീസുകാരൻ സതീശൻ ഒരു കർചീഫ് കൊണ്ട് വലിച്ചെടുത്തു. അടുത്തുനിന്ന കേശുവണ്ണന്റെ കൈയിൽ കൊടുത്തു. അയാളത് ഭാനുവേച്ചിയുടെ കൈയിലേക്ക് കൊടുത്തു.ഭാനുവേച്ചി ഭർത്താവിന്റെ മരണത്തിൽ വ്യസനപ്പെട്ടു നിൽക്കുകയായതുകൊണ്ട് അവരുടെ അനിയത്തിയുടെ കൈയിലെക്കു വച്ചുകൊടുത്തു.

Read Also  കെ എൻ പ്രശാന്തിൻ്റെ പെരടിയും മറ്റ് രണ്ട് കഥകളും ; എം ടി രാജലക്ഷ്മി എഴുതുന്നു

അപ്പോഴാണ് സതീശൻ പോലീസ് ഇത്തിരി വെള്ളം ചോദിച്ചത്.
വെള്ളമെടുക്കാൻ അനിയത്തി അകത്തേക്ക് പോയപ്പോൾ. കാർഡ് എങ്ങോട്ടു കൊടുക്കുമെന്നോർത്തു ഒരു നിമിഷം നിന്നു. പിന്നെ, അടുത്തുനിന്ന അയ്യപ്പൻകുട്ടിയുടെ കൈയിലേക്ക് വച്ച് കൊടുത്തു.
‘ഇതൊന്നുപിടിക്ക്.’
‘ഒന്ന് പിടിക്കടാ ആ തലഭാഗത്ത്.’ കേശുവണ്ണൻ.
തലയിൽ താങ്ങിപ്പിടിക്കാനായി തുനിഞ്ഞപ്പോൾ സൗകര്യത്തിനായി അയ്യപ്പൻ കാർഡ് ഇളിയിലേക്കു തിരുകി.
പിന്നെ, വൈദ്യന്റെ തലഭാഗത്തുപിടിച്ചു. -കൈയൊന്നു വെട്ടിയോ- അയ്യപ്പനൊരു സംശയം
വൈദ്യൻ തലതിരിച്ചൊന്നു ചിരിച്ചതുപോലെ.
‘എടാ കുട്ടാ പിടലിക്കിത്തിരി വേദനയുള്ളതാ’ എന്ന് പറയുംപോലെ. വൈദ്യർ അയ്യപ്പനെ കുട്ടാന്നാ വിളിക്കുന്നത്.
‘ശരിയണ്ണാ….’ അയ്യപ്പൻ ആരോടെന്നില്ലാതെ പറഞ്ഞു.
സ്റ്റാർട്ടാക്കി നിർത്തിയിരുന്ന ആംബുലൻസ് മുൻപോട്ടു പാഞ്ഞു.
കേശുവണ്ണൻ വിട്ടില്ല. അയ്യപ്പനെ പിടിച്ചു അതിനകത്തേക്കു വലിച്ചിട്ടു. വീണ്ടും അയ്യപ്പൻ ലൈവായി
വൈദ്യൻ ദാ വീണ്ടും അയ്യപ്പനെ നോക്കി കണ്ണിറുക്കി ചിരിക്കുന്നു.
ഇപ്പൊ അയ്യപ്പൻകുട്ടിയ്ക്കിത്തിരി പേടിതോന്നി.
‘ദാ ഒരടിവച്ചുതരും.’ വൈദ്യൻ ചിണുങ്ങുന്നു.
അവസാനം കഴിഞ്ഞയാഴ്ചയിലാണ് ഇന്ദ്രപ്രസ്ഥയിലെ നിപ്പൻ കൗണ്ടറിൽ വൈദ്യരും അയ്യപ്പനും കൂടി കയറിയത്.
ലാലപ്പന്റെ തടിമുറിച്ചപ്പോൾ കിട്ടിയ കാശുണ്ടായിരുന്നു പോക്കറ്റിൽ.
കൗണ്ടറിലെത്തി, വൈദ്യർ നിവർന്നുനിന്നു ഒരു സല്യൂട്ടടിച്ചുകാണിച്ചു. രണ്ടു പെഗ്ഗ് ജവാൻ പ്രത്യക്ഷപ്പെട്ടു
പിന്നെ പലപ്രവാശ്യം സല്യൂട്ടടിച്ചു അവസാനത്തെ സല്യൂട്ടിന് കൈപൊങ്ങുന്നില്ലായിരുന്നു.
പോക്കറ്റിൽ നിന്ന് കാശെടുത്തുകൊടുത്ത് രണ്ടുപേരും പുറത്തേക്കിറങ്ങി.
‘ഇനിയെന്തെങ്കിലുമുണ്ടോ അണ്ണാ’
‘തീർന്നു ഇന്ന് ഭാനൂന്റെ ചീത്തവിളി ഉറപ്പാ’
‘നീ വരുന്നോ’
‘ഇല്ല..’
‘ന്നാ … പോ’
ഇറങ്ങിവരുന്ന വഴി ഒന്ന് പെടുത്തതോർമ്മയുണ്ട്. പിന്നൊന്നും അറിയില്ല.
അയ്യപ്പൻറെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
അയാൾ വൈദ്യരുടെ മുഖത്തേക്ക് ചാഞ്ഞു.
‘അണ്ണാ……’
നീട്ടിവിളിച്ചുകൊണ്ട് അയ്യപ്പൻ ചാവിനു മുകളിലേക്ക് കമഴ്ന്നു വീണു. വല്ലാത്ത ഒരു മണം അയാളുടെ മൂക്കിലൂടെ തലച്ചോറിലേക്ക് കടന്നുകയറി.

ചടങ്ങെല്ലാം കഴിഞ്ഞു. ഇപ്പോഴാണ് അയ്യപ്പൻ ഓർമ്മിക്കുന്നത്
രാവിലെ പിള്ളേരുടെ കൂടെ തിന്ന ഒരു മാങ്ങാ ചീളായിരുന്നു ഇന്നത്തെ തീറ്റ.
ബിവറേജസിന്റെ ഗ്രില്ലിലൂടെ കൈയിൽ ഉള്ള  പണത്തിന്     ഒരു കുപ്പി ചൂണ്ടികാണിച്ചു.
കുപ്പി കിട്ടിയ അയ്യപ്പൻ അതുവാങ്ങിച്ചിട്ടും അവിടെ നിൽക്കുന്നതുകണ്ടു കൗണ്ടറിൽ നിന്നൊരു ചോദ്യം
‘എന്താ?.. മാറിനിൽക്ക്‌ അടുത്താൾക്ക് ബില്ലടിക്കട്ടെ.’
‘ബാക്കി അഞ്ചു രൂപ.’
അയാൾ കുറച്ചു വലിയ നോട്ടുകൾ എടുത്തുകാണിച്ചിട്ട് ‘ദാ ഇതേയുളൂ… പൊയ്ക്കൊ’ന്നു.. നീട്ടിയൊരു പറച്ചിലും.
അയ്യപ്പൻ വടക്കേ പുറത്തുള്ള ഇടുങ്ങിയ വഴിയിലൂടെ തോട്ടിൻ കര ലക്ഷ്യമാക്കി നടന്നു അതിനിടെ താഴെവീണുകിടന്ന ആരോ ഉപേക്ഷിച്ച ഒരു പ്ലാസ്റ്റിക് കപ്പ് അയാൾ കുനിഞ്ഞെടുത്തു.
തോടിന്റെ ഇടുങ്ങിയ ഭാഗത്ത് മുള്ളുകൾ കൂട്ടിനിൽക്കുന്നിടത്ത്   മറഞ്ഞിരിക്കുന്ന നീരൊഴുക്കിൽ മദ്യം പകർന്ന പ്ലാസ്റ്റിക് കപ്പ് പിടിച്ചു.
ഈ നീരൊഴുക്ക് കാട്ടിത്തന്നത് വൈദ്യരാണ്. ഉപയോഗിച്ചുകഴിഞ്ഞാൽ അത് മുള്ളുകൊണ്ട് മൂടിവയ്ക്കണമെന്നും പറഞ്ഞിട്ടുണ്ട്. അധികമാർക്കും ഇതറിയില്ല.
ഒഴിഞ്ഞ കുപ്പി വലിച്ചെറിഞ്ഞു, മുണ്ടൊന്നു അഴിച്ചുടുത്ത് അയ്യപ്പൻ കരയിലേക്ക് കയറിയപ്പോഴാണ് രണ്ടു ബി പി എൽ കാർഡ് വെള്ളത്തിലൂടെ ഒഴുകി പോകുന്നത് കണ്ടത്.                                                                                                                   ‘യോ ഇത് കൊടുത്തില്ലാരുന്നോ?’ അയാൾക്ക് ഇത്തിരി അമ്പരപ്പുണ്ടായി.
അയാൾ ചാടിയിറങ്ങിയെങ്കിലും വേച്ചു വീണു. വെള്ളത്തില്‍ ഒഴുകിക്കൊണ്ടിരുന്ന കാര്‍ഡിന്  മുകളില്‍ -ചാടിയെഴുന്നേറ്റ അയ്യപ്പന്‍ പിന്നെ ഒരു ശിവതാണ്ഡവം നടത്തി.  ഒടുവിൽ കാർഡിൽ പിടിയിട്ടു, കാർഡ് രണ്ടുമെടുത്ത് തിരിച്ചും മറിച്ചും നോക്കി.
വൈദ്യരുടെ കാർഡ് മൊത്തം നനഞ്ഞു കുതിർന്നൊരു പരുവമായിരുന്നു.
അയ്യപ്പൻ കരയിൽ കയറി ഒരു കല്ലിൽ ഇരുന്നു. പിന്നെ കാർഡ് പതിയെ പിളർത്തിനോക്കി. നനഞ്ഞു ഒട്ടി ഒരു പേപ്പർ അതിനുള്ളിൽ. ദൂരെ നിന്നും കിട്ടിയ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിനു നേരെ പിടിച്ചു കടലാസു നിവർത്താൻ ഒരു ശ്രമം നടത്തി. അത് പക്ഷെ അനുസരിച്ചില്ല. അത്രയ്ക്ക് വെള്ളമായിരുന്നു.കടലാസിന്റെ  ഓരോ     മടക്കും    നിവർക്കാൻ ശ്രമിക്കുമ്പോഴും അയാൾക്ക്‌ വൈദ്യരുടെ കള്ളച്ചിരി കാണാമായിരുന്നു.
‘കള്ളാ നീയത് കളഞ്ഞല്ലോടാ.’ നിനക്കറിയാവോ എന്റെയും നിന്റെം ഒക്കെ വീട്ടിൽ ആകെ എടുക്കുന്ന പുസ്തകം ഈ കാർഡ് മാത്രമാ, അതോണ്ടാ കുന്തം അതിനകത്ത് ഞാൻ കത്തെഴുതിവച്ചത് അതു നീ കളഞ്ഞല്ലോടാ..കുട്ടാ …” വൈദ്യരുടെ ശബ്ദം കേട്ട് വല്ലാതെ വിറച്ചു.
അയ്യപ്പൻ കണ്ണിന്റെ ഓരത്തേക്ക് ആ കടലാസു കൊണ്ടുപോയി എന്തെങ്കിലും വായിക്കാൻ പറ്റുമോന്നു നോക്കി.
ഇല്ല പറ്റുന്നില്ല.വീശിയടിച്ച കാറ്റ് നനഞ്ഞ കടലാസു കഷ്ണം അയ്യപ്പൻകുട്ടിയുടെ മുഖത്തേക്കടുപ്പിച്ചു…അത് വളഞ്ഞുകുത്തി അയാളുടെ മൂക്കിന് താഴെ വിറച്ചു നിന്നു.
വായിക്കാതെ പോയ ആ കടലാസുകഷണത്തിന് അപ്പോഴും വൈദ്യരുടെ മണമുണ്ടായിരുന്നു. ആംബുലൻസിൽ മുഖത്തിനുമീതെ കമഴ്ന്നു വീണു കരഞ്ഞപ്പോൾ അയ്യപ്പന്റെ തലച്ചോറിൽ കയറിയ മണം.

Read Also  സദാചാരപ്രസിദ്ധീകരണങ്ങൾ നിരസിച്ച വി . ഷിനിലാലിൻ്റെ കഥ ; പുരുഷാർഥം

LEAVE A REPLY

Please enter your comment!
Please enter your name here