Sunday, May 31

തെരുവുനായ ബൈക്കിന് വട്ടം ചാടി അപകടം; ഒന്നരലക്ഷം നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവിന് സ്റ്റേ

തെരുവുനായ ബൈക്കിന് വട്ടം ചാടിയതിനെത്തുടർന്ന് വീണ് പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. ഉത്തരവ് മൂന്നു മാസത്തേക്ക് നടപ്പാക്കരുതെന്നും തുടർനടപടി പാടില്ലെന്നും കോടതി നിർദേശിച്ചു.

പരിക്കേറ്റ ജസ്റ്റിന്‍ ആല്‍ബര്‍ട്ട് എന്നയാള്‍ക്ക് 1,83,714 രൂപ നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ 2018 നവംബറിലെ ഉത്തരവിനെതിരെ പത്തനംതിട്ട കുളനട ഗ്രാമപഞ്ചായത്ത് സമർപ്പിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവ്. എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാനും ഉത്തരവായി.

പത്തനംതിട്ട പുതുവക്കല്‍ സ്വദേശിയായ ജസ്റ്റിന്‍ ആല്‍ബര്‍ട്ടിന് 2016 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയാണ് രാമഞ്ചിറ പ്രദേശത്തുവെച്ച് നായ് കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റത്. അദ്ദേഹം നൽകിയ പരാതി പരിഗണിച്ച കമ്മിറ്റി നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു.

എന്നാൽ തെരുവുനായ് കടിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ് ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി പരിഗണിക്കേണ്ടതെന്നും പ്രസ്തുത ഉത്തരവിന് നിയമ സാധുതയില്ലെന്നും വാദിച്ചാണ് പഞ്ചായത്ത് ഹരജി നൽകിയത്. പരാതിയുടെ പകര്‍പ്പ് പോലും കമ്മിറ്റി നല്‍കാത്തതിനാൽ ശരിയായ രീതിയില്‍ വാദിക്കാനായില്ലെന്നും നഷ്ടപരിഹാരം നല്‍കണമെന്ന വിധി ഹരജി തീർപ്പാകുംവരെ സ്റ്റേ ചെയ്യണമെന്നുമായിരുന്നു പഞ്ചായത്തിൻെറ ആവശ്യം. പഞ്ചായത്തിന്റെ ആവശ്യം അംഗീകരിച്ചാണ് വിശദമായ വാദം കേൾക്കുന്നതിന് കോടതി ഉത്തരവ് മരവിപ്പിച്ചത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  അഭിഭാഷകർക്ക് കറുത്ത ഗൗൺ ധരിക്കാതെ ഹാജരാകാൻ അനുമതി; നടപടി ചൂട് കണക്കിലെടുത്ത്

Leave a Reply

Your email address will not be published.