Monday, July 6

കഥയുടെ ജൈവിക പരിപ്രേക്ഷ്യത്തിലൂടെ കടന്നുപോയ അനുഭവം

കഥയുടെ ജൈവിക   പരിപ്രേക്ഷ്യത്തിലൂടെ  കടന്നുപോയ   അനുഭവം

വി കെ അജിത്കുമാർ

കഥ പറച്ചിലിന്റെ സുതാര്യതയും അത് നൽകുന്ന വായനാനുഭൂതിയുമാണ് ചെറുകഥകളെ തനതായി നിലനിർത്തുന്നത്. വായന ജൈവികമായ ഒരു സ്വാഭാവിക പ്രവർത്തനമല്ല. അതിനാൽ തന്നെ വായനക്കാർ ആരെന്നു നിർണ്ണയിച്ചുകൊണ്ടുള്ള ഒരു രചന സമ്പ്രദായം എക്കാലത്തും നിലനിന്നിട്ടുണ്ട്. ഇതിലൂടെ എഴുത്തുകാരനും വായനക്കാരനും തമ്മിൽ സ്ഥാപിച്ചെടുക്കുന്ന ഒരു ബന്ധം കൃത്യമാകുമ്പോൾ അതൊരു മെറ്റബോളിക്ക് പ്രവർത്തനമായി മാറുകയും ചെയ്യുന്നു.

 കഥയെന്നത് കച്ചവടസാധ്യതയുള്ള ഒരു നരേറ്റീവിന്റെ രൂപമാർജ്ജിക്കുന്ന കാഴ്ചയാണ്  സമീപകാലത്ത് നിലവിലുള്ളത്. ആറു ലക്ഷത്തിലധികം കഥകളും ചെറു ആഖ്യായികകളും രണ്ടായിരത്തി പതിനേഴിൽ ഇംഗ്ലണ്ടിൽ മാത്രമായി വിറ്റഴിച്ചിട്ടുണ്ടന്ന് രേഖപ്പെടുത്തുന്നു. രണ്ടായിരത്തി പന്ത്രണ്ടിൽ അവിടെ രൂപം കൊണ്ട ഷോർട്ട് സ്റ്റോറി സലൂണുകൾ പ്രത്യേകം ശ്രദ്ധേയമാകുന്നത് അതിന്റെ വ്യാപകമായ സാഹിത്യപ്രസക്തിയിലൂടെയാണ്. പിൻ ഡ്രോപ്പ് സ്റ്റുഡിയോ പോലുള്ള സ്റ്റോറി സലൂണുകളിൽ കഥവായിക്കാൻ നിരന്തരമായെത്തുന്നവർ നിരവധിയുണ്ട്. മനസിലാക്കേണ്ട മറ്റൊരു വസ്തുത ബെൻ ഓക്രി, ലയണൽ ഷ്രിവരെ തുടങ്ങിയ  പ്രശസ്തരായ സമകാലിക   കഥയെഴുത്തുകാർ പോലും കേഴ്‌വിക്കാരായി   അവിടെ കാണുമെന്നതാണ്. കഥയുടെ അല്ലെങ്കിൽ കഥയെഴുത്തിന്റെ  പ്രസക്തിയാണ് ഇവിടെ വ്യക്തമാകുന്നത്.

‘ഞാൻ ആന്റി സെമറ്റിക്ക് അല്ല ..ആന്റി ഇസ്രായേൽ ആണെന്ന” ശക്തമായ   മുന്നറിയിപ്പുമായി ലബനൻ യുദ്ധകാലത്ത് സമൂഹത്തിനു സന്ദേശം കൊടുത്ത എഴുത്തുകാരനാണ് റൂഓൾ ടൗൾ. ദീർഘകാലം റോയൽ ആർമിയിലെ മികച്ച പട്ടാള ഓഫീസർ ആയി രാജ്യത്തെ സേവിച്ച റൂഓൾ ടൗൾ സെമെറ്റിക്കായ ആന്റി  ഇസ്രായേൽ എന്ന് വിളിക്കുമ്പോൾ സെമറ്റിക്ക് എന്നാൽ എന്താണെന്നു പുനർ നിർവചനം ചെയ്യേണ്ടതായി വരുന്നു. അത് സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ നിലപാടായി വ്യാഖ്യാനിക്കുന്നതാവും മെച്ചം.  ഈ വ്യത്യാസമാണ് ലോകമെങ്ങും പുതിയകാലത്തുനിറയുന്ന ഇസ്ലാമോ ഫോബിയയെന്ന മാനസികാവസ്ഥയ്ക്കും  കാരണം.  

മജീദ് സെയ്ദിന്റെ വാസന മൊല്ലാക്ക  നൽകുന്ന വായനാനുഭവവും ഇത് തന്നെയാണ്.  വിശ്വാസത്തിൽ ഇസ്ലാമായിരിക്കുകയും എന്നാൽ തീവ്ര മതനിലപാടുകളെ ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്തതുമായ മതവിശ്വാസിയായിരിക്കുകയും ചെയ്യുന്ന അവസ്ഥ.

ഐ എസ് തീവ്രവാദവും ഇഹലോകത്തിനപ്പുറം നിൽക്കുന്ന ഹൂറികളും എല്ലാം നവമാധ്യമയിടങ്ങളിൽ ചർച്ചയാകുന്ന പുതിയ കാലപരിപ്രേക്ഷ്യമാണ്   സെയ്ദിന്റെ കഥാപരിസരം. 

മനുഷ്യൻ   സ്വന്തം ശരീരത്തോട് ജയിക്കേണ്ട യുദ്ധമാണ് ജിഹാദെന്ന് പറഞ്ഞുകൊണ്ട് ഐ എസ് സംഘത്തിലേക്ക്  പോകുന്ന ഉവൈസ് എന്ന പുത്രനും ഓത്തു പള്ളിയിലെ  സാധുവായ അധ്യാപകൻ പീടികപ്പറമ്പിൽ  അവോക്കാർ മുല്ല എന്ന പിതാവും തമ്മിലുള്ള അകലത്തിലൂടെയാകണം പുതിയകാലത്തെ ഇസ്ലാമോഫോബിയ എന്ന അവസ്ഥയെ നിർവചിക്കുവാൻ.

വീട്ടിലെ വയറ്റിലുള്ള  പെണ്ണിന്റെ കാര്യമറിയാനും കിടപ്പു രോഗിയെകുറിച്ചറിയാനും മൊല്ലാക്ക വാങ്ങിയ ഒരു പഴയ സെൽഫോൺ പോലും നിരീക്ഷണങ്ങൾക്ക്  വിധേയമാക്കുമ്പോൾ, സർവിയലൻസിന്റെ കുരുക്കിൽ  ജീവിക്കുന്ന ഒരു വിഭാഗത്തിന്റെ സാമൂഹികാവസ്ഥയാണ് തെളിയുന്നത്. വാസനമൊല്ലാക്കയെന്ന കഥയുടെ ഘടനാപരമായ രീതിയ്ക്കപ്പുറം ചർച്ചചെയ്യേണ്ടത് ഇത് നൽകുന്ന സാമൂഹികാന്തരീക്ഷത്തെ  കഥയിൽ എത്രമാത്രം കൃത്യമായി ഉപയോഗിച്ചു എന്നതാണ്.

പരമ്പരാഗത മുസ്ലിം സാംസ്‌കാരിക  ഇടപെടലിന്റെ   സുഗന്ധം തന്നെയാണ് ഒരു രൂപകം പോലെ  വാസനമൊല്ലാക്ക എന്നപേരിൽ കടന്നു കൂടുന്നത്.ഒരു മനുഷ്യ ശബ്ദത്തിന് ഇത്രമാത്രം ക്ഷീണിക്കാൻ ആവില്ലെന്നത് പോലെയാണ് ചോദ്യം ചെയ്യലിന്റെ വേളയിൽ മൊല്ലക്കെയെപ്പറ്റി കഥയിൽ സൂചിപ്പിക്കുന്നത്. നിരന്തരമായ വേട്ടയാടലിന്റെ അവസ്ഥയാണ് മൊല്ലാക്ക, ഉവൈസ് എന്ന മകനെത്തേടി പോകാൻ തുനിയുന്നതിനു പിന്നിലുള്ളതും.

ജിഹാദെന്നത് സ്വന്തം ശരീരത്തെ ജയിക്കുന്ന യുദ്ധമാണെന്നു മകനും ഒരു സമൂഹ ശരീരത്തിന്റെ  രോഗാതുരമായ അവസ്ഥയാണ് അതെന്നു കരുതുന്ന പിതാവും തമ്മിലുള്ള അന്തരത്തിലാണ്  ഇസ്ലാമിനെ വ്യാഖ്യാനിക്കാനുള്ള പുതിയകാലത്തെ സ്‌പേസ്  നിലനിൽക്കുന്നത്. ഇതിനിടെ ഒരു സൂഫി  ശരീരം പോലെ കടന്നുവരുന്ന കോയസ്സനും കഥയിൽ നൽകുന്നത് ജീവിതത്തിന്റെ വ്യർത്ഥതയാണ്. ശരീരത്തെ ജയിച്ചു ജിഹാദിയാകണം എന്ന് പറയുമ്പോൾ    തന്നെ ‘നീ കാഷ്ഠം ചുമക്കുന്ന കുട്ടയാണ്’ എന്ന മറുകുറിയിൽ കോയസ്സൻ നൽകുന്ന ശരീര  വ്യാഖ്യാനം കഥയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.

Read Also  നിലയ്ക്കില്ല ആ മധുരിത സംഗീതമിവിടെ, ഇഷ്ട ഗാനങ്ങളിലൂടെ.... ; വി.കെ അജിത് കുമാർ എഴുതുന്നു

ഭാഷയുടെ ഇസ്ലാമിക അതിപ്രസരം കഥാന്തരീക്ഷത്തിനനുയോജ്യമാണെങ്കിലും   വായനയിൽ വല്ലാതെ അലട്ടലുകൾ സൃഷ്ടിക്കുന്നുണ്ട്. മുൻപ് സൂചിപ്പിച്ചതുപോലെ വായനക്കാർ  ആരെന്ന  മുൻധാരണയിൽ ആകാം മജീദ് സെയ്ദ്  വാസനമൊല്ലാക്കയെ  കുറിച്ചിട്ടത്. അതുകൊണ്ടുതുതന്നെ മലയാള ചെറുകഥയിൽ ഇസ്ലാമിക ഭാഷയുടെ പുതു സൂചകമായി മജീദ് സെയ്ദിന്റെ രചനാരീതിയെ കാണുന്നതാവും  കൂടുതൽ യുക്തിസഹമായി   തോന്നുന്നത്.(കഥ : വാസന മൊല്ലാക്ക -iE  മലയാളം )

ആലീസ് മൻറോയുടെ കഥയെഴുത്തിനെ നിരീക്ഷിക്കുമ്പോൾ വളരെ വർണ്ണാഭമായ ക്യാൻവാസിൽ കഥാപാത്രങ്ങളുടെ  സങ്കീർണ്ണമായ അവസ്ഥയെ പ്രതിപാദിക്കുന്നതായി കണ്ടെത്തുന്നത് പോലെയാണ്   എസ് എ  ഷുജാദ് എഴുതിയ  ‘നിയമശസ്ത്രം’ നൽകുന്ന   വായനാ ബോധം.

മലയാള ചെറുകഥയുടെ ഇടങ്ങളിൽ ഇതിനകം  തന്നെ ശ്രദ്ധേയമായ   ചിന്തകൾ പങ്കു വച്ചിട്ടുള്ള    ഷുജാദിന്റെ മുൻ കഥകളിൽ നിന്നും വ്യത്യസ്തമാണ് നിയമശസ്ത്രം. എന്നിരുന്നാലും മുൻകാല  കഥകളിൽ നിറഞ്ഞിരുന്ന ഭൗതികതയും ഉപഭോക്തൃസംസ്കാരവും ഏകധ്രുവ കച്ചവടകാലവുമൊക്കെ ഇതിലും വളരെ സങ്കീർണമായി കടന്നുവരുന്നതായിക്കാണാൻ കഴിയും. മുൻകാല കഥകളിൽ    നിലനിന്നിരുന്ന പാരിസ്ഥിതിക പ്രതലം ഇവിടെ ഒരു പരിധിവരെ നിരാകരിക്കപ്പെട്ടിരിക്കുന്നു. നിയമശസ്ത്രത്തിൽ അച്ഛനും മകളും തമ്മിലുള്ള  ചിരപുരാതനമായി നിലനിന്നിരുന്ന പറഞ്ഞു പഴകിയ ഗാഢബന്ധത്തെ  ചില ചോദ്യം ചെയ്യലുകളിലൂടെ  നിർവചിക്കുന്നതായും    കാണാം.  പുതിയകാലത്ത് മനുഷ്യർ തമ്മിലുള്ള ഇടപെടലിനപ്പുറം നിലനിൽക്കുന്ന സാങ്കേതികയുടെ  കടന്നുകയറ്റത്തെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട് ഇതിൽ. വിവാഹ പ്രായമെത്തിയ മകളുമായി  സർക്കസ് കാണുമ്പോൾപോലും മധ്യവയസ്കനായ പിതാവ്   ട്രപ്പീസ്  കളിക്കാരിയുടെ നഗ്‌നശരീരത്തിന്റെ ചിത്രങ്ങൾ ഫോണിൽ പകർത്തി അയയ്ക്കുന്നതും മറ്റും കഥാപാത്രത്തിന്റെ സ്വഭാവ ചിത്രീകരണത്തെ വളരെ സ്വാഭാവികമായി വായനക്കാരന്റെ മുൻപിൽ എത്തിക്കുന്നു  . 

അയാൾ അയക്കുന്ന  അക്രോബാറ്റിക്ക് നഗ്‌ന ശരീരത്തിന്റെ ചിത്രം കണ്ടു രസിക്കുന്നതു പിതാവുൾപ്പെട്ട  പീഡനകേസിൽ  വിധിപറയുന്ന  ന്യായാധിപനും. കാലങ്ങൾക്കു മുൻപ് നടന്ന പ്രായപൂർത്തിയാകാത്ത   പെൺകുട്ടിയെ ലൈംഗികതയ്ക്ക് വിധേയമാക്കിയ കേസിന്റെ വിധിയെ സ്വാധീനിക്കുന്ന അച്ഛൻ, അയാളുടെ സമീപത്തുള്ളത് വിവാഹിതയാകാത്ത മൂന്നാമത്തെ പുത്രിയും.  എന്നാൽ അവൾ പ്രതീക്ഷിക്കുന്ന വിധി ന്യായം ഒരിക്കലും പിതാവിന് വേണ്ടിയുള്ളതല്ല എന്നതാണ് ഈ കഥയിലെ ഏറ്റവും വലിയ ട്വിസ്റ്റായി നിലനിൽക്കുന്നത്. മകൾ പീഡനത്തിനിരയായ പെൺകുട്ടിയുടെ ഭാഗത്തുനിന്ന് ചിന്തിക്കുന്നു. ഇങ്ങനെ ബന്ധങ്ങളിലെ ജൈവികതകൾക്കുപരി   സമൂഹത്തിന്റെ നൈതികതയെ    സ്വപ്നം  കാണുകയാണ് കഥാകാരൻ നിയമശസ്ത്രത്തിലൂടെ.

ഷുജാദിന്റെ മുൻകഥകളിലെ പരിസ്ഥിതിയിവിടെ  ഒരു ആക്ഷേപ ഹാസമായ രൂപകമായി കടന്നു വരുന്നു. പീഡനത്തിന് ശേഷം പെൺകുട്ടിയുടെ വസ്ത്രങ്ങൾ   കിണറ്റിൽ എറിഞ്ഞത് ജലമലിനീകരണത്തിന്റെ പരിധിയിൽ വരുമെന്ന ന്യായാധിപന്റെ  വാദം   കഥാരീതിയുടെ ഒരു പ്രത്യേകതയായി  തന്നെക്കാണാം. ഗഹനമായ വിഷയങ്ങൾ പറയുമ്പോഴും ഇടയിൽ  വന്നു പോകുന്ന ഹാസത്തിന്റെ  ചില കൊള്ളിമീനുകൾ    ഏതു കഥയിലും നിറയാറുണ്ട്. ഒരു പക്ഷെ ബഷീറും  വി കെ എന്നും    ഒക്കെ ഉപയോഗിച്ചിരുന്ന ചില ആഖ്യാന കൗതുകങ്ങൾ ഇവിടെ ഷുജാദിനെപ്പോലുള്ള കഥയെഴുത്തുകാരിലൂടെ പുതിയ പരിതസ്ഥിതിയിൽ  വരച്ചിടുകയാണ്  ചെയ്യുന്നത്.

നിയമ  ശസ്ത്രം സമീപകാലത്ത് വായിച്ച മികച്ച കഥകളിൽ ഒന്നായി മാറുന്നുവെങ്കിൽ അതിൽ പല ഘടകങ്ങളുണ്ട്. ആഖ്യാനപരമായ പ്രത്യേകത, വിഷയത്തിന്റെ അനന്യത, പുതിയ കാലത്തിന്റെ സദാചാര  ബോധം  ഇവയൊക്കെ  ആനുപാതികമായി നിലനിൽക്കുന്നതിനാലാണത്. 

നോക്കുക, മുതിർന്ന പുത്രിയുടെ സമീപത്തുനിന്നുകൊണ്ട് സ്ത്രീ ശരീരത്തിന്റെ ആസ്വാദ്യതയെ   എത്ര ഹൃദ്യമായാണ് പിതാവ് മറ്റൊരാൾക്ക് പകർന്നു കൊടുക്കുന്നതെന്ന്….  ട്രപ്പീസ്   കളിക്കാരിയായ അതിസുന്ദരിയുടെ നാമമാത്രവസ്ത്രങ്ങളിൽ നിന്നും ഉയർന്നുപൊങ്ങിയ കൂടയിൽ നിന്നും  പുഷ്പവൃഷ്ടിനടത്തുന്ന  കോമാളി. നഗരത്തിലെത്തുന്ന അതി സുന്ദരിമാരുടെ    തിരു രൂപം അവരോടുള്ള എന്റെ ഒടുങ്ങാത്ത ആദരവ് അറിയിച്ചുകൊണ്ട് ന്യായാധിപന് പിന്നെയും പിന്നെയും സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നു.അതെല്ലാം  പ്രണയത്തിന്റെ അമ്പുകളായാണ് മറുവശത്ത്  പതിച്ചത്. എല്ലാം അവിടെ ഡൌൺലോഡ്   ചെയ്യപ്പെടുന്നുണ്ടായിരുന്നു. കഥയുടെ പോക്കിങ്ങനെയാകുമ്പോൾ ഒടുവിലെത്തിച്ചേരുന്നത് രതിയിലെ മെയ് വഴക്കമെന്ന പൂർണ്ണതയെ ട്രപ്പീസ്   കളിയുമായി ഉപമിക്കുകയും  കളിക്കാരുടെ ദാരിദ്ര്യം  പോലെയാണ് ആക്രമിക്കപ്പെടുന്ന പെൺശരീരങ്ങളെന്നും  അതിനുപരി  അവരുടെ ദരിദ്രമായ ചുറ്റുപാടുകൾ ഒരു പൊതു ഘടകമായി മാറുന്നുവെന്ന ചിന്തയുമാണ് നിയമശസ്ത്രത്തെ  അതിന്റെ ബൗദ്ധിക നിലപാടിന്റെ പോസിറ്റിവായ വശത്തേക്ക് കൊണ്ട് ചെന്നെത്തിക്കുന്നത്  . (കഥ : നിയമശസ്ത്രം -സെക്രട്ടറിയറ്റ്  സർവീസ്   ഓണപ്പതിപ്പ്)

Read Also  ആണുങ്ങൾ ; മായാ അന്ജലോയുടെ കവിത

ആഹാരത്തിന്റെ രാഷ്ട്രീയവും വിശപ്പിന്റെ രാഷ്ട്രീയവും തമ്മിൽ വളരെ അന്തരമുണ്ട്. പഴയകാല കഥകളിൽ വിശപ്പിന്റെ രാഷ്ട്രീയത്തെവിശകലനം ചെയ്തിരുന്നെങ്കിൽ ആഹാരത്തിന്റെ രാഷ്ട്രീയം അത്രമേൽ ചർച്ചചെയ്യപ്പെട്ടിട്ടില്ല. ( പുതിയ കാല ഇന്ത്യൻ ഭരണകൂടത്തിന്റെ രാഷ്ട്രീയമല്ല. ) ഉത്തര കൊളോണിയൽ കാലത്ത് ജങ്ക് ഫുഡുകൾ ഉയർത്തുന്ന സാംസ്കാരികതയ്ക്കുള്ള ബദലായി ആമയെന്ന  കഥയെ വായിക്കുന്നതാവും കൂടുതൽ യുക്തിസഹം. സുദീപ് ടി ജോർജിന്റെ ചെറുകഥയെ  വിലയിരുത്തുമ്പോൾ കഥാഗതിയുടെ ഭൂരിഭാഗവും കയ്യടക്കി വയ്ക്കുന്നത് ഭക്ഷണ സംസ്കാരത്തെയാണ്.  കഴിക്കുന്ന ഭക്ഷണത്തിലൂടെ  ഒരാളുടെ സാമൂഹിക   സാമ്പത്തിക അവസ്ഥയെ മനസിലാക്കാമെന്നുള്ള  ചിന്തയിലൂടെയുള്ള ഒരു വായനതന്നെ നടത്തിയാൽ ആമയിലെ കഥാപാത്രങ്ങളുടെ ജീവിത പരിസരം അതിന്റെ പൂർണ്ണതയിൽ ലഭ്യമാകും.

കുളക്കോഴിയുടെ   ഇത്തിരിപ്പോന്ന ഇറച്ചിയെന്ന തീറ്റയിലൂടെ   ആരംഭിക്കുന്ന   കഥയോടൊപ്പം ഒരൊപ്ലോട്ടും ഓരോ ഭക്ഷണ   കൂട്ടായ്മയിലൂടെയാണ് വികസിക്കുന്നത്.

കുടിയേറ്റ കർഷകരുടെ ഒരു ഭൂതകാലം മലയാള സാഹിത്യത്തിനുണ്ടായിരുന്നു . ഈ അടുത്തിടെ  വന്ന എസ് ഹരീഷിന്റെ മാവോയിസ്റ്റിലും   കുടിയേറ്റക്കാർ  കടന്നു വന്നിരുന്നു. പഴയകാല കഥകളിൽ പ്രണയവും കാമവുമെല്ലാം നിറഞ്ഞു  നിന്നിരുന്നെങ്കിൽ   സുദീപ് ചില പുതിയകാല ആക്രമണോത്സുകതയെ ആണ് വിവരണത്തിനായി തെരെഞ്ഞെടുത്തിരിക്കുന്നത്. പ്രകൃതിയും മണ്ണും മനുഷ്യനും വളർത്തുമൃഗങ്ങളും അന്യജീവികളും  എല്ലാം കടന്നു വരുന്ന ഒരു ജൈവ വ്യവസ്ഥയെ മനുഷ്യൻ എന്ന കണ്ണി  താറുമാറാക്കുന്ന ഉപഭോക്തൃ സംസ്കൃതിയുടെ    തിരിച്ചറിവാണ് ഈ കഥയുടെ ഉത്തര ഭാഗം. അന്റോണിച്ച എന്ന കഥാപാത്രത്തിന്റെ ബോധോദയം  നൽകുന്ന തിരിച്ചറിവ് ഇതിന്റെ സൂചനയാണ്.

പതിനായിരക്കണക്കിന്  വർഷക്കാലം ജീവിതകാലമുള്ള ആമകളെ   അതിന്റെ സ്വാഭാവിക ജീവിത ആയുസ്സിൽ നിന്നും വെട്ടിമാറ്റി ഭക്ഷണമാക്കുക വഴിയുണ്ടായ പാപമാണ്   അന്റോണിച്ചയ്കും അയാളുടെ കൂട്ടുകാരനായ  ആഖ്യാതാവിനു  യാതൊരുവിധമായ  മുന്നേറ്റവും ജീവിതത്തിൽ ഇല്ലാതായതിനു കാരണമെന്ന തിരിച്ചറിവ്. അതാണ്  ഈ കഥയുടെ ടാഗ്  ലൈനായി അവശേഷിക്കുന്നതും. നിരന്തരമായി പ്രതിവ്യാഖ്യാനങ്ങൾ നിറയുന്ന ഒരാഖ്യാനശൈലി സുദീപിനുണ്ടെന്നുള്ളതിന്റെ തെളിവാണു് കന്യാസ്ത്രീ  മഠത്തിൽ വളർത്തുന്ന മൂരിയെപ്പറ്റിയും ഒക്കെയുള്ള സൂചനകൾ. സ്വാഭാവിക ജീവിതം  നയിക്കുന്ന നാട്ടിൻ പുറത്തുകാരുടെ അവസ്ഥയും പ്രതികാരവും മറ്റൊരാളായി നിർണ്ണയിക്കപ്പെടുന്ന ജീവിതവുമൊക്കെ വീണ്ടും മലയാള ചെറുകഥയുടെ ഭാഗമാകുന്നതാണ് ഈ കഥയുടെ മറ്റൊരു പ്രസക്തി ( ആമ-മാധ്യമം   ഓണപ്പതിപ്പ് )

 പി എസ്  റഫീക്കിന്റെ അടയാളവും (പച്ചക്കുതിര), രമേശൻ ബ്ലാത്തൂരിന്റെ പ്രസാദകനിൽ വന്ന തീണ്ടാരി എന്ന കഥയും  ഇതിനോടൊപ്പം ചേർത്തുവായിക്കാവുന്ന  കഥകളാണ്. ആനുകാലികമായ ഒരു വിഷയത്തിലൂടെ  കടന്നു പോയിട്ടും കൃത്യമായ ഒരു രാഷ്ട്രീയ അന്ത്യത്തിലേക്ക്‌ എത്തിക്കാൻ കഴിയാതെപോയതാണ് രമേശൻ ബ്ലാത്തൂരിന്റെ കഥയിലെ പിശകായി അനുഭവപ്പെടുന്നത്. പി എസ് റഫീഖിന്റെ  മുൻകാല കഥാ രചനകളുമായി ചേർത്തുവായിക്കുന്നതുകൊണ്ടാകാം  അടയാളം നാട്ടിൻപുറത്തെ വ്യവഹാരങ്ങളിൽ കുരുങ്ങികിടക്കുമ്പോഴും ആഖ്യാനകേന്ദ്രത്തിന്റെ അപ്പുറം   നിൽക്കുന്ന വിചാരഗതികൾ കൊണ്ട്  സ്വാഭാവികത നഷ്ടമാക്കിക്കളയുന്നതായും  തോന്നിയത്..

പുതിയകാലമലയാള  സാഹിത്യലോകത്ത് കഥയുടെ വളർച്ച അതിന്റെ വിഷയങ്ങളുടെ പ്രത്യേകതകൾ കൊണ്ടും വിവരണാത്മകത     കൊണ്ടും  വളരെയേറെ വികാസം പ്രാപിക്കുന്നുണ്ടെന്നുകൂടി  സൂചിപ്പിക്കാം. കരീബിയൻ എഴുത്തുകാരനായ ജുനോട്ട് ഡയസ് സൂചിപ്പിക്കുന്നതുപോലെ കലാകാരന്റെ ഉത്തരവാദിത്വമാണ് സമൂഹത്തിൽ    ശീലിക്കപ്പെട്ട നിശബ്ദതയെ ഭാഷകൊണ്ട് തകർക്കുക എന്നത്.  പുതിയ മലയാളം എഴുത്തുകാർ തികച്ചും ഉത്തരവാദിത്വപ്പെട്ട ഈ ജോലി ഏറ്റെടുത്തിരിക്കുന്നതായി തോന്നുന്നു. അതുകൊണ്ടുതന്നെയാണ്  രാഷ്ട്രീയ സാമൂഹിക പാരിസ്ഥിതിക അവസ്ഥകൾ  അവരുടെ കഥയുടെ ബോധമണ്ഡലത്തിൽ  നിരന്തരമായി കടന്നു വരുന്നത്.  

 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love

Leave a Reply