Saturday, January 29

ഹിമാലയം ഉള്‍പ്പെടുന്ന മേഖലയില്‍ അതിശക്തമായ ഭൂകമ്പം ഉണ്ടാകാന്‍ സാധ്യതയെന്ന് പഠനം

ഹിമാലയം ഉള്‍പ്പെടുന്ന മേഖലയില്‍ അതിശക്തമായ ഭൂകമ്പം ഉണ്ടാകാന്‍ ഇടയുണ്ടെന്ന് പുതിയ പഠനം. റിക്ടര്‍സ്‌കെയില്‍ 8.5ന് മുകളില്‍ തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യതയുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിലെ ഭൂകമ്പ ശാസ്തജ്ഞന്‍ സി.പി രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പുതിയ പഠനത്തിനു പിന്നില്‍. നേപ്പാളില്‍ സ്ഥിതിചെയ്യുന്ന മോഹന ഖോല, നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ചോര്‍ഗാലിയ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പുതിയ പഠനം നടന്നത്. ജിയോളജിക്കല്‍ ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവിലുള്ള പഠന റിപ്പോര്‍ട്ടുകള്‍ക്കൊപ്പം പുതിയ റിപ്പോര്‍ട്ടുകള്‍ കൂടി ചേര്‍ത്തുവെച്ച് നടത്തിയ പഠനത്തിലാണ് ഭൂകമ്പത്തിന്റെ സാധ്യത കൂടുതല്‍ കണ്ടെത്തിയത്. 1315നും 1440നും ഇടയിലുള്ള കാലത്താണ് ഏറ്റവും ഒടുവിലായി ഹിമാലയം ഉള്‍പ്പെടുന്ന മേഖലയില്‍ അതിതീവ്ര ഭൂകമ്പം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

600 കിലോമീറ്റര്‍ വ്യാപ്തിയിലുള്ള ഈ ഭൂകമ്പം 8.5ല്‍ കൂടുതല്‍ തീവ്രത ഉള്ളതായിരുന്നുവെന്നാണ് ഗവേഷകരുടെ നിഗമനം. ഇത്തരമൊരു ഭൂകമ്പം സമീപ ഭാവിയില്‍ ഉണ്ടായേക്കാമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അവസാനം ഇവിടെയുണ്ടായ ഭൂകമ്പത്തിനു ശേഷം 600-700 വര്‍ഷമായി ഇന്ത്യയുടെ അതിര്‍ത്തി മേഖലയും പടിഞ്ഞാറന്‍ നേപ്പാളും അടങ്ങുന്ന പ്രദേശത്ത് മറ്റൊരു ഭൂകമ്പത്തിനുള്ള സാധ്യത രൂപപ്പെടുകയായിരുന്നെന്ന് ഗവേഷകര്‍ കരുതുന്നു. ഈ മേഖലയില്‍ ഭൗമാന്തര്‍ഭാഗത്ത് കടുത്ത സമ്മര്‍ദം രൂപപ്പെട്ടിട്ടുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രവചിക്കപ്പെട്ടിരിക്കുന്ന വിധത്തില്‍ ഒരു ഭൂകമ്പമുണ്ടായാല്‍ അത് വലിയ വിപത്താണ് ഉണ്ടാക്കുകയെന്ന് ഗവേഷകനായ രാജേന്ദ്രന്‍ പറയുന്നു. മേഖലയില്‍ വര്‍ധിച്ചു വരുന്ന ജനസംഖ്യയും നിര്‍മ്മാണങ്ങളും അപകടത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കും.

മാത്രമല്ല, ഇത്തരമൊരു ഭൂകമ്പത്തെ നേരിടുന്നതിന് തക്കതായ തയ്യാറെടുപ്പുകള്‍ ഇല്ലെന്നതും സ്ഥിതി രൂക്ഷമാക്കുമെന്നും രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ കണ്ടെത്തലുകളെ സാധൂകരിക്കുന്ന പഠനങ്ങള്‍ ഇന്ത്യയില്‍ത്തന്നെ വേറെയും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഗവേഷകരുടെ കണ്ടെത്തലുകളെ അമേരിക്കയിലെ കൊളറാഡോ സര്‍വകലാശാലയിലെ ഭൂഭൗതിക ശാസ്ത്രജ്ഞനായ റോജര്‍ ബില്‍ഹാം പിന്തുണയ്ക്കുന്നു. 8.5 മേല്‍ തീവ്രതയുള്ള ഭൂകമ്പം ഈ മേഖലയില്‍ ഉണ്ടാകാമെന്ന നിഗമനം വസ്തുതാപരമാണെന്ന് വര്‍ഷങ്ങളായി ഹിമാലയന്‍ മേഖലയിലെ ഭൂകമ്പ മേഖലകളെക്കുറിച്ച് പഠിക്കുന്ന റോജര്‍ പറയുന്നു.

Spread the love
Read Also  ഉറക്കത്തിന്റെ തോത് കൂടുന്നതും കുറയുന്നതും ഹൃദ്രോഗ സാധ്യതയ്ക്ക് കാരണമാകുമെന്ന് പഠനം

Leave a Reply