Wednesday, January 19

കൗരവരുണ്ടായത് ടെസ്റ്റ് ട്യൂബ് വഴി; രാവണന് 24 തരത്തിലുള്ള വിമാനങ്ങൾ; മണ്ടത്തരങ്ങൾ വിളമ്പി ഇന്ത്യൻ സയൻസ് കോൺഗ്രസ്

ബിജെപിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിന് ശേഷം നടന്നിട്ടുള്ള ഇന്ത്യൻ സയൻസ് കോൺഗ്രസ് മണ്ടത്തരങ്ങൾ വിളമ്പാനുള്ള വേദിയാവുന്നുവെന്ന് നേരത്തെ മുതൽ ഉയർന്നിട്ടുള്ള ആക്ഷേപങ്ങളാണ്. ഇക്കുറിയും ആക്ഷേപങ്ങൾക്ക് മാറ്റം വരുത്താതെ തന്നെ പൂർവാധികം ഭംഗിയായി പുരാണങ്ങളിലെ സംഭവങ്ങളെ ശാസ്ത്ര പിൻബലത്തോടെ അവതരിപ്പിക്കുന്നതിൽ മാറ്റമൊന്നും ഇല്ല. മുൻപ് പശുവിന്റെ മൂത്രത്തിൽ നിന്നും ചാണകത്തിൽ നിന്നും സ്വർണ്ണം ഉൾപ്പടെ വേർതിരിക്കാനുള്ള ഗവേഷണ പദ്ധതികൾ സർക്കാർ ധനസഹായത്തോടെ നടപ്പിലാക്കാൻ ശ്രമിച്ചിരുന്നു.

പുരാണത്തിലെ കഥാപാത്രങ്ങളായ കൗരവരുടെ ജനനം ടെസ്റ്റ് ടൂബ് വഴി ആണെന്ന പുതിയ കണ്ടെത്തലുമായാണ് ഇക്കുറി ഇന്ത്യൻ സയൻസ് കോൺഗ്രസ് ആരംഭിച്ചിരിക്കുന്നത്. സ്റ്റെം സെല്‍ റിസേര്‍ച്ച്, ടെസ്റ്റ് ട്യൂബ് ഫെര്‍ട്ടിലൈസേഷന്‍, ഗയിഡഡ് മിസൈല്‍ തുടങ്ങിയ ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെല്ലാം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യയിലുണ്ടെന്ന് ആന്ധ്രാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഇന്ത്യൻ സയൻസ് കോൺഗ്രസിൽ പറഞ്ഞു.

ഒരു അമ്മയില്‍ നിന്ന് നൂറ് മക്കൾ ഉണ്ടായത് സ്റ്റെം റിസേര്‍ച്ചും ടെസ്റ്റ് ട്യൂബ് സാങ്കേതിക വിദ്യയും ഉള്ളത് കൊണ്ടാണെന്നും ഇതായിരുന്നു ഈ രാജ്യത്തെ ശാസ്ത്രമെന്നും നാഗേശ്വര്‍ റാവു പറഞ്ഞു. നൂറ് അണ്ഡങ്ങള്‍ കലങ്ങളില്‍ നിക്ഷേപിച്ചു എന്ന് മഹാഭാരതത്തില്‍ പറഞ്ഞിരിക്കുന്നത് ടെസ്റ്റ് ടൂബ് ശിശുക്കളെ ഉദ്ദേശിച്ചാണെന്നും റാവൂ സ്ഥാപിക്കാൻ ശ്രമിച്ചു.

പുരാണങ്ങളിൽ പറയുന്ന ദൈവമായ വിഷ്ണുവിന്റെ 10 അവതാരങ്ങൾ ആണ് ചാൾസ് ഡാർവിൻ അവതരിപ്പിച്ച പരിണാമ സിദ്ധാന്തമെന്നും രാമൻ ഉപയോഗിച്ചിരുന്ന അസ്ത്രങ്ങൾ ഗയിഡഡ് മിസൈലുകളുടെ ഇന്ത്യൻ ചരിത്രമാണ് പറയുന്നതെന്നും ശത്രുക്കളെ തുരത്തി, പിന്തുടര്‍ന്ന് പിടിച്ച് ആക്രമിച്ച് ശേഷം തിരിച്ചു വരുന്ന അസ്ത്രങ്ങളാണ് രാമന്‍ ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാവണന് ശ്രീ ലങ്കയിൽ ഒരു പാട് എയർപോർട്ടുകൾ ഉണ്ടായിരുന്നതായും 24 വിമാനങ്ങൾ വ്യത്യസ്ത വലിപ്പത്തിലും രൂപത്തിലുമുള്ളവ രാവണന് ഉണ്ടായിരുന്നതായും രാജ്യത്തെ ഭാവിയെ നിർണയിക്കാനും പുതിയ കണ്ടു പിടുത്തങ്ങളെയും നിരീക്ഷണങ്ങളെയും പ്രോത്സാഹിപ്പിക്കാനും അവതരിപ്പിക്കാനുമുള്ള ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിൽ ആന്ധ്രാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കൂടിയായ റാവു പറഞ്ഞു.

Spread the love
Read Also  എത്തിച്ചേരൽ സംബന്ധിച്ച ഉത്തരവ് - നയോമി ലസാർഡിന്‍റെ കവിത;വിവര്‍ത്തനം: പി രാമന്‍

Leave a Reply