Monday, January 24

ഇന്ത്യ മാലിദ്വീപിനെ ആക്രമിയ്ക്കണമെന്ന് സുബ്രമണ്യന്‍ സ്വാമി; അതൃപ്തി അറിയിച്ച് മാലദ്വീപ്

ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രമണ്യന്‍ സ്വാമിയുടെ ട്വീറ്റ് വിവാദമാകുന്നു. മാലി ദ്വീപിലെ തിരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടായാല്‍ ഇന്ത്യ മാലിദ്വീപിൽ സൈനിക ഇടപെടൽ നടത്തണമെന്ന സ്വാമിയുടെ ട്വീറ്റ് ആണ് വിവാദം ആയത്.

അതേസമയം സുബ്രമണ്യന്‍ സ്വാമിയേ തള്ളി വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചു. സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും സര്‍ക്കാരിന്റെ നിലപാടിനെ അത് പ്രതിഫലിപ്പിക്കുന്നില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

എന്നാല്‍ സുബ്രമണ്യന്‍ സ്വാമിയുടെ പ്രസ്താവനയില്‍ മാലിദ്വീപ് പ്രതിഷേധം രേഖപെടുത്തി. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അഖിലേഷ് മിശ്രയെ വിളിച്ചുവരുത്തിയാണ് മാലി അതൃപ്തിയറിയിച്ചത്. മാലിദ്വീപ് വിദേശകാര്യ സെക്രട്ടറി അഹമ്മദ് സരീര്‍ ആണ് അതൃപ്തിയറിയിച്ചത്. മാലിദ്വീപിന്റെ വിദേശകാര്യ മന്ത്രാലയത്തിലാണ് ഇരു രാജ്യത്തിന്റെ പ്രതിനിധികളും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.

നേരത്തെയും മാലിദ്വീപിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായപ്രകടനം നടത്തിയിരുന്നു. മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീം കയ്യേറ്റക്കാരനാണെന്നും ഇന്ത്യക്കാരെ അപമാനിക്കുന്നവനാണെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. കൂടാതെ തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ അട്ടിമറി നടന്നേക്കുമെന്നും അയല്‍ രാജ്യം എന്ന നിലയില്‍ ഇന്ത്യ അതിന് അനുവദിക്കരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നേരത്തെ മാലിദ്വീപ് തള്ളിയിരുന്നു. കൂടാതെ പ്രസിഡന്‍റ് അടിയന്തിരാവസ്ഥ പ്രഖ്യപിച്ചതിനെതുടര്‍ന്ന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും വഷളായിരുന്നു.

Spread the love