Saturday, September 19

ബ്രഡിന് അമിത വില; മുപ്പത് വർഷങ്ങളായുള്ള ഏകാധിപത്യ ഭരണം അവസാനിപ്പിക്കാൻ സുഡാനിൽ കലാപം

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ചാണ് സിംബാവെയിലെ ജനങ്ങൾ തെരുവിൽ ഇറങ്ങിയതെങ്കിൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ആഗോള കുത്തകകൾക്കെതിരെയായിരുന്നു ബംഗ്ളാദേശിലെ സ്ത്രീ തൊഴിലാളികൾ തെരുവിൽ ഇറങ്ങിയത്. പൊതു വിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് അമേരിക്കയിലെ ലോസ് ആഞ്ചൽസിലെ പതിനായിരക്കണക്കിന് അധ്യാപകർ തെരുവ് കയ്യടക്കിയത്. ഫ്രാൻസിൽ ഇമ്മാനുവേൽ മാക്രോണിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ ഇപ്പോഴും മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം കത്തുകയാണ്. എന്നാൽ സുഡാനിലെ ജനതയുടെ നിത്യഭക്ഷണമായ ബ്രഡിന് അമിതമായി വിലവർധിപ്പിച്ചതാണ് ഇപ്പോഴത്തെ സുഡാനി പ്രക്ഷോഭങ്ങളുടെ കാരണം.

മുപ്പത് വർഷമായി തുടരുന്ന പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിർന്റെ ഏകാധിപത്യ ഭരണത്തിന് അവസാനം കുറിക്കാൻ കൂടിയാണ് സുഡാനിലെ ജനങ്ങൾ തെരുവിൽ പ്രക്ഷോഭം നയിക്കുന്നത്. സമരങ്ങൾ സുഡാൻ ജനതയ്ക്ക് പുത്തരി അല്ലെങ്കിലും എക്കാലത്തതിലും വിഭിന്നമായി വൻ തോതിലുള്ള സ്ത്രീ പങ്കാളിത്തവും സുഡാൻ സമരത്തിന് ശക്തി പകരുന്നുണ്ട്. കടുത്ത നിയന്ത്രണങ്ങളാണ് പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിര്‍ മാധ്യമങ്ങൾക്ക് ഉൾപ്പടെ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രക്ഷോഭത്തിന് അനുകൂലമായി വാർത്ത പ്രചരിപ്പിച്ചു എന്നാരോപിച്ച് നിരവധി മാധ്യമപ്രവർത്തകരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കൂടാതെ കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. പട്ടാളം ക്രൂരമായ രീതിയിലാണ് സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും അടക്കം അന്താരാഷ്ട്ര നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തി സൈന്യം ക്രൂരമായി മർദിക്കുന്നതിന്റെയും പീഡിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പുറത്ത് വന്നിരുന്നു.

ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചും സമരക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചും മുന്നറിയിപ്പുകളില്ലാതെ വെടിവെച്ചും പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിര്‍ സമരക്കാരെ അടിച്ചമർത്തി തന്റെ കസേര സ്ഥിരമാക്കാനുള്ള ശ്രമത്തിലാണ്. വിലക്കയറ്റം ഈ ദശകത്തിലെ ഏറ്റവും ഉയർന്ന തോതിലായിട്ടും വിലക്കയറ്റത്തെ നിയന്ത്രിക്കാൻ യാതൊന്നും തന്നെ പ്രസിഡന്റ് ചെയ്തിട്ടില്ലെന്ന് സമരക്കാർ പറയുന്നു.

സുഡാൻ പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിര്‍

നേതൃത്വത്തിന് കീഴിൽ അണിനിരക്കാതെ ജനങ്ങൾ സ്വമേധയ തെരുവിൽ ഇറങ്ങുന്ന കാഴ്ചയാണ് സുഡാനിൽ ലോകം കാണുന്നത്. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ സമരത്തിനുണ്ടെങ്കിലും ജനങ്ങൾ തന്നെയാണ് സമരത്തെ നിയന്ത്രിക്കുന്നത്. കേവലം ബ്രഡിന്റെ വില വർധനവിൽ പ്രതിഷേധിച്ചുള്ള സമരം മാത്രമല്ല തങ്ങളുടേത് എന്നാണ് സുഡാൻ ജനത പറയുന്നത്.

ഡിസംബർ 19നാണ് രാജ്യത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഒരു സുഡാനി പൗണ്ട് മാത്രം ഉണ്ടായിരുന്ന ബ്രഡിന് ഒറ്റയടിക്ക് മൂന്ന് സുഡാനി പൗണ്ട് ആക്കുകയായിരുന്നു. ഗോതമ്പിന്റെ സബ്‌സിഡി എടുത്ത് കളഞ്ഞതാണ് ബ്രഡ് വില വർധിക്കാനുള്ള കാരണമായി പറയുന്നത്. അബാര പ്രദേശത്ത് നിന്ന് ആരംഭിച്ച പ്രതിഷേധം രാജ്യമെങ്ങും വേഗത്തിൽ പടർന്ന് പിടിക്കുകയായിരുന്നു. ഇന്ധന വിലവർധനവും മെച്ചപ്പെട്ട കൂലി ഇല്ലാത്തതും മോശം ജീവിത സാഹചര്യങ്ങളുമാണ് പ്രക്ഷോഭം ഇത്രയും അധികം വ്യാപിക്കാൻ കാരണം.

Read Also  30,000ത്തോളം അധ്യാപകർ പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തെരുവിൽ; കേരളത്തിനും ഈ സമരത്തിൽ നിന്ന് പഠിക്കാനുണ്ട്

sudan bread rivolt എന്നതിനുള്ള ചിത്രം

50-ൽ അധികം ആളുകൾ ഇതിനോടകം കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകൾ പ്രകാരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആംനെസ്റ്റിയുടെ കണക്കുകൾ പ്രകാരം മരണ സംഖ്യ 75-ൽ അധികമാണ്. മാധ്യമ പ്രവർത്തകരടക്കം 1000-ൽ അധികം ആളുകൾ തടങ്കലിലാണ്.

പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ, യുവജനങ്ങൾ, പ്രൊഫെഷനലുകൾ തുടങ്ങിയവർ സമരത്തിൽ ഉയർത്തുന്ന മുദ്രാവാക്യം പ്രധാനമായും ഇസ്‌ലാമിക രാജ്യം എന്നതിൽ നിന്ന് സുഡാനെ മതേതര ജനാധിപത്യ രാഷ്ട്രമാക്കുക എന്നതാണ്. ഇതിനായി ഇവർ ഉന്നയിക്കുന്ന മുദ്രാവാക്യം വിപ്ലവത്തിലൂടെ പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിറിനെ പുറത്താക്കി സ്വാതന്ത്ര്യം, സമാധാനം, നീതി എന്നിവ രാജ്യത്ത് നടപ്പിലാക്കുക എന്നതാണ്.

30,000ത്തോളം അധ്യാപകർ പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തെരുവിൽ; കേരളത്തിനും ഈ സമരത്തിൽ നിന്ന് പഠിക്കാനുണ്ട്

സിംബാവെയിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ; കലാപം വ്യാപിക്കുന്നു

മഞ്ഞ കുപ്പായക്കാരുടെ പ്രക്ഷോഭം ശക്തം; പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺന്റെ നയങ്ങൾക്കെതിരെ ജനങ്ങൾ തെരുവിൽ

ബംഗ്ളാദേശിൽ സ്ത്രീ തൊഴിലാളികളുടെ പ്രക്ഷോഭം ശക്തം; ഒരാൾ കൊല്ലപ്പെട്ടു

Spread the love

64 Comments

Leave a Reply