Wednesday, June 23

സുഡാൻ വിപ്ലവത്തിലെ മുൻ നിര സ്ത്രീ പോരാളികൾ

മതമൗലീകവാദത്തിനെതിരെയുള്ള സുഡാനിലെ കലാപത്തെ നയിക്കുന്നത് സ്ത്രീകളാണ്. സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിലെന്നപോലെ സുഡാൻ സ്ത്രീകളും അക്രമാസക്തമായ എതിർപ്പിനെ നേരിടുന്നുണ്ട്. എന്നാൽ അവർക്ക് വിജയിച്ചേ മതിയാകൂ. 30 വർഷത്തെ മുസ്ളീം ഭരണത്തിന്റെ അടിച്ചമർത്തലിനും അപമാനത്തിനുമെതിരെയാണ് ഈ സ്ത്രീകൾ പോരാടുന്നത്. രാജ്യം കണ്ടതിൽ വെച്ചേറ്റവും വലിയ പ്രതിഷേധത്തിനാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി സുഡാൻ സാക്ഷ്യം വഹിക്കുന്നത്. അടിസ്ഥാന ജീവിത സാഹചര്യം മോശമായതും സാധനങ്ങൾക്ക് അനിയന്ത്രിതമായി വില വർധിച്ചതും സാമ്പത്തികാവസ്ഥ താളം തെറ്റിയതും വൻ പ്രതിഷേധത്തിന് കാരണമാവുകയായിരുന്നു.

ഫേസ്‌ബുക്ക്, ട്വിറ്റർ, വാട്സ് ആപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ ഏകാധിപത്യ ഭരണത്തിനെതിരെ സംസാരിക്കുകയും തെരുവിൽ പ്രതിഷേധിക്കാൻ തയ്യാറെടുക്കുകയുമായിരുന്നു. സമാധാനപരമായി തെരുവിൽ ഇറങ്ങിയ സ്ത്രീകൾ ഭരണകൂടത്തിനെതിരായി നിയമലംഘനം നടത്തി പ്രതിഷേധിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഡോക്ടർമാർ, അഭിഭാഷകർ, വിദ്യാർത്ഥികൾ, അധ്യാപകർ, അമ്മമാർ തുടങ്ങിയവരെല്ലാം ഈ ദശകത്തിലെ ഏറ്റവും വിപ്ലവകരമായ സമരത്തിൽ പങ്കാളികളായി. ഒരു ഏകാധിപതിക്കെതിരായി സമീപകാല പ്രതിഷേധങ്ങളിൽ ഏറ്റവും ശക്തമായ പ്രതിഷേധമാണ് ഈ സ്ത്രീകൾ നയിച്ചിരുന്നതെങ്കിലും മാധ്യമങ്ങളിൽ സ്ത്രീ നേതൃത്വത്തിൽ നടന്ന സമരങ്ങളെ വളരെ അപൂർവമായി മാത്രമാണ് റിപ്പോർട്ട് ചെയ്തത്. പകരം സംയുക്ത സമരം എന്നെല്ലാം പറഞ്ഞു സ്ത്രീ സമരങ്ങളെ ഹൈജാക് ചെയ്യുകയായിരുന്നു.

‘സഗ്രൗട’ എന്ന സ്ത്രീ സംഘടനയാണ് ഈ പ്രതിഷേധങ്ങൾക്ക് എല്ലാം നേതൃത്വം വഹിച്ചത്. ഈ സ്ത്രീകളുടെ ശബ്ദം ആളുകൾക്ക് കേൾക്കുമ്പോൾ തന്നെ അത് വിപ്ലവത്തിനുള്ള കാഹളമാണ് മുഴങ്ങുന്നതെന്നോ മാർച്ചിനുള്ള സമയമായെന്നോ മനസിലാക്കാൻ തുടങ്ങി. സമരക്കാർക്ക് നേരെയുണ്ടായ ക്രൂരമായ ലാത്തി ചാർജും, വെടിവെപ്പും, കണ്ണീർ വാതകം പ്രയോഗിക്കളുമെല്ലാം നേരിട്ടത് സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചായിരുന്നു. സമരത്തിലുണ്ടായിരുന്ന ഭൂരിഭാഗം പുരുഷന്മാരും ഈ സ്ത്രീകൾ ആണ് തങ്ങൾക്ക് മാർച്ച് ചെയ്യാനും കലാപം നടത്താനുമുള്ള ധൈര്യം നല്കിയെന്നത് മടി കൂടാതെ പറയാൻ തയ്യാറുള്ളവരാണ്.

ചരിത്രപരമായി സുഡാൻ സ്ത്രീകൾ യുദ്ധത്തിന് പോകുന്ന പുരുഷന്മാരുടെ പോരാട്ട വീര്യം ഇരട്ടിപ്പിക്കാൻ അവർക്ക് വേണ്ടി കവിത എഴുതുകയും പാട്ട് പാടുകയും ചെയ്ത പോരുന്നതാണ്. ഇതവരുടെ സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. എന്നാൽ പരമ്പരാഗത സമ്പ്രദായത്തിൽ നിന്ന് മാറി നേതൃത്വ പരമായ പങ്ക് വഹിക്കുന്നതിലേയ്ക്ക് സമരത്തിന്റെ മുൻനിരയിൽ നിൽക്കുന്നതിലേയ്ക്ക് ആധുനിക കാലത്തെ ഫെമിനിസത്തിന്റെ ഈ കാലത്തെ സ്ത്രീകൾ തയ്യാറായി.

മുസ്ളീം ഭരണകൂടത്തിനെതിരായി സ്ത്രീകൾ തെരുവിലിറങ്ങിയതും അതിന് നേതൃത്വം വഹിച്ചതിലും അതിശയമില്ല. കാരണം സുഡാനിലെ മുസ്ളീം ഏകാധിപത്യ ഭരണകൂടത്തിന്റെയും മത മൗലിക വധത്തിന്റെയും ആദ്യ ശത്രു സ്ത്രീകൾ തന്നെയാണ്. സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ എന്തിന് തെരുവുകളിലൂടെ കാറ്റ് കൊണ്ട് നടക്കുന്നതിനോ സുഡാനിൽ സ്വാതന്ത്ര്യം ഇല്ല. 1991 മുതൽ വ്യക്തികളുടെ സ്വകാര്യതയിൽ സുഡാൻ ഭരണകൂടം നടപ്പിലാക്കാക്കുന്ന നിയമങ്ങളുടെ ഭാഗമായാണ് ഈ സ്വാതന്ത്ര്യ നിഷേധങ്ങൾ. പുരുഷന്റെ രക്ഷാകർത്വത്തിലല്ലാതെ സ്ത്രീയ്ക്ക് സുഡാനിൽ സ്വാതന്ത്രമായൊരു ജീവിതം സാധ്യമല്ല.

Read Also  ഈ സർക്കാരിനെ താഴെയിറക്കുക ;കർഷകർ വീണ്ടും ലോങ്‌ മാർച്ചുമായി കിസാൻ സഭ

എന്തിനേറെ പറയുന്നു സുഡാൻ പ്രസിഡന്റ് ഒമർ അൽ ബഷീറിന് മനുഷ്യാവകാശ ലംഘനക്കേസുകളിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പടിഞ്ഞാറൻ സുഡാനിലെ ഡാർഫൂരിൽ യുദ്ധസമയത്ത് സ്ത്രീകളെ കൂട്ട ബലാൽസംഗം ചെയ്യുന്നതിന് പ്രേരിപ്പിച്ചതടക്കം ക്രൂരമായ കൃത്യങ്ങളാണ് പ്രസിഡന്റ് സുഡാനിൽ ചെയ്തുകൊണ്ടിരുന്നത്. പ്രസിഡന്റ് ഒമർ അൽ ബഷീറിന് നേരെ അറസ്റ്റ് വാറണ്ട് ഉള്ളപ്പോഴും അദ്ദേഹം ചൈന, ഈജിപ്ത്, ജോർദാൻ, കെനിയ, സൗദി അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് വളരെ എളുപ്പത്തിൽ യാത്ര ചെയ്യുകയും അവരുടെ അതിഥികളായി പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ലോകരാഷ്ട്രങ്ങൾ എല്ലാം തന്നെ സുഡാൻ പ്രസിഡന്റ് രാജ്യത്ത് നടപ്പിലാക്കുന്ന സ്ത്രീ വിരുദ്ധ നയങ്ങൾക്കെതിരെ കണ്ണടയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്.

സുഡാന്റെ ഈ പുതിയ പരിവർത്തനത്തിന് കുറച്ചു പ്രാദേശിക കാരണങ്ങൾ കൂടിയുണ്ട് അതും മനസിലാക്കേണ്ടതുണ്ട്.

2015 ൽ, മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കൻ മേഖലയിലെയും സ്ത്രീ മനുഷ്യാവകാശ സംരക്ഷകർ ചേർന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പിന്തുണയോടെ ഒരു പുതിയ സംഘടനയ്ക്ക് രൂപം നൽകി. ഇരു പ്രദേശങ്ങളിലുമുള്ള സ്ത്രീകളുടെ പ്രശ്നങ്ങൾ പ്രത്യകം മനസിലാക്കുകയും അതിനെകുറിച്ച് പഠിച്ച് പ്രതിവിധികൾ കണ്ടെത്തുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ സുഡാൻ ഈ സംഘടനയെ നിശ്ശബ്ദമാക്കാൻ/ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണുണ്ടായത്. സൗദിയിൽ ചെയ്യുന്നത് പോലെ സംഘടനയുടെ പ്രവർത്തകരെയും വനിതാ ആക്ടിവിസ്റ്റുകളെയും രാജ്യത്തിനെതിരെയുള്ള ഗൂഢാലോചനകുറ്റം ചുമത്തി ആക്രമിക്കുന്ന സമീപനമാണ് സുഡാൻ ഭരണകൂടത്തിന്റെ പക്കൽ നിന്നും ഉണ്ടായത്. ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും യാത്ര നിരോധനം ഏർപ്പെടുത്തുകയും കേസുകൾ ചുമത്തുകയുമാണ് ഭരണകൂടം ചെയ്തത്. ഭരണകൂടം ആശുപത്രികളെയും ഡോക്ടർമാരെയും ഇവർക്ക് സഹായം നൽകിയെന്ന് പറഞ്ഞു ആക്രമിച്ചു. മാധ്യമ പ്രവർത്തനത്തിന് പോലും രാജ്യത്ത് സെൻസർഷിപ് ഏർപ്പെടുത്തി. രാജ്യത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രക്ഷോഭകാരികൾ എന്നുവരെ മുദ്രകുത്തുകയും ചെയ്തു.

പ്രക്ഷോഭകാരികളെ അടിച്ചമർത്തുന്നതിന് പട്ടാളത്തിനും സേനയ്ക്കും കൂടുതൽ അധികാരങ്ങൾ നൽകി പ്രസിഡന്റ് അൽ ബഷീർ കഴിഞ്ഞ ഫെബ്രുവരി 22ന് രാജ്യത്ത് ഒരു വർഷത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. എങ്കിലും സമരവും പ്രതിഷേധവുമായി ഈ സ്ത്രീകൾ മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 45-ൽ അധികം വരുന്ന സംഘടനാ പ്രവർത്തകരെയാണ് സുഡാൻ ഭരണകൂടം ജയിലിലടച്ചത്.

മാർച്ച് 7 ന്, അറസ്റ്റുചെയ്ത എല്ലാ സ്ത്രീ പോരാളികളെയും മോചിപ്പിക്കാനും, മത മതമൗലികവാദ ഭരണം, മുസ്ലീം സാഹോദര്യം എന്നിവയ്ക്കെതിരേ നിലപാടെടുക്കാനും ഖാർട്ടോവിൽ നൂറുകണക്കിനു സ്ത്രീകൾ ഒത്തുകൂടി. ഈജിപ്ഷ്യൻ വിപ്ലവത്തിലെന്നപോലെ വെള്ളിയാഴ്ചയ്ക്ക് പകരം വ്യാഴാഴ്ച്ച ഒത്തുകൂടി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് സുഡാൻ സ്ത്രീകൾ സംസാരിക്കുന്നു.

പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിൽവാസം അനുഭവിക്കുന്ന സ്ത്രീകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് എട്ടിന് സുഡാനിലെ രണ്ടാമത്തെ വലിയ നഗരമായ ഒംടർമനിൽ ധാരാളം സ്ത്രീകൾ ഒത്തുകൂടും പട്ടിണി സമരം നടത്തുകയും പ്രസിഡന്റ് അൽ ബഷീറിന്റെ ഭരണത്തിന് അന്ത്യം കുറയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കോളേജ് വിദ്യാർത്ഥിനികൾ ഉൾപ്പടെ ഈ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.

Read Also  ആഫ്രിക്കൻ യൂണിയനിൽ നിന്ന് സുഡാനെ പുറത്താക്കി

വനിതാ ദിനത്തോട് അനുബന്ധിച്ച് നല്ല പ്രതികരണങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രസിഡന്റ് അൽ ബഷിർ അടിയന്തിരാവസ്ഥയുടെ പേരിൽ മാർച്ച് ഒൻപതിന് ഒൻപത് സ്ത്രീകളെ ചാട്ടവാറിനടി നൽകി ജയിലേയ്ക്ക് അയക്കുകയാണുണ്ടായത്.

സമൂഹമാധ്യമങ്ങളിലൂടെ സുഡാനിലെ അതിക്രമങ്ങളെക്കുറിച്ച് പ്രചരിപ്പിക്കുന്ന സ്ത്രീകളെയും തെരുവകളിൽ ബോധവൽക്കരണം നടത്തുന്ന സ്ത്രീകളെയും പ്രസിഡന്റിന്റെ ആളുകൾ വേശ്യകൾ എന്ന് മുദ്രകുത്തുകയാണ്. ഭീകരമായ അതിക്രമമാണ് ഇവർക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾക്ക് ഉൾപ്പടെ സുഡാനിൽ ആക്ടിവിസ്റ്റുകൾ ഇരയാക്കപ്പെടുന്നു.

ഈജിപ്തിലും സൗദി അറേബ്യയിലെയും പ്രാദേശികമായി ഉയർന്ന വന്ന സ്ത്രീകളുടെ സ്ത്രീകളുടെ സമരത്തെ അടിച്ചമർത്തിയത് പോലെ സുഡാൻ സ്ത്രീകളുടെ ഈ സമരത്തെ അടിച്ചമർത്താൻ സാധിക്കില്ല. ഈ സമരം വിജയം കാണും. ലോകം മുഴുവൻ ഈ ധീരരായ ആക്‌സിറ്റിവിസ്റ്റുകളുടെ ശബ്ദത്തെ കേൾക്കണം.

നിങ്ങൾ നിർബന്ധമായും ഈ സ്ത്രീകളെ കേൾക്കണം, അവരുടെ വാക്കുകളെ ശ്രദ്ധിക്കണം. ഈ സ്ത്രീകൾ നിശ്ശബ്ദരാക്കപ്പെടാൻ പാടില്ല.

കടപ്പാട്: Open Democracy 

ബ്രഡിന് അമിത വില; മുപ്പത് വർഷങ്ങളായുള്ള ഏകാധിപത്യ ഭരണം അവസാനിപ്പിക്കാൻ സുഡാനിൽ കലാപം

Spread the love