Friday, July 30

സമാനഹൃദയാ, നിനക്കായി പാടുന്നു ഞാൻ

കവണി
സമാനഹൃദയാ, നിനക്കായി പാടുന്നു ഞാൻ

സുഗതകുമാരി പ്രകൃതിയിൽ ലയിച്ചു. മലയാളത്തിലെ ഏറ്റവും മികച്ച ഭാവഗീത രചയിതാക്കളിൽ ഒരാളായിരുന്നു സുഗതകുമാരി. ആർ.രാമചന്ദ്രനും ജി.കുമാരപിള്ളയുമാണ് ഈ നിരയിൽ വരുന്ന രണ്ടു ഭാവഗീത കവികൾ.
അമ്പലമണിയും രാത്രി മഴയും പോലുള്ള കവിതകൾ എക്കാലവും മലയാളികൾ പതുക്കെ ആലപിക്കും. വിഷാദവും ഏകാന്തതയും സുഗതകുമാരിയുടെ മികച്ച കവിതകളുടെ ഉൾശ്രുതികളാണ്. തനിച്ചിരിക്കുന്നവന് കൂട്ടാണ് ആ കവിതകൾ. ‘അമ്പലമണി’ എന്ന കാവ്യസമാഹാരത്തിലെ ഒന്നാമത്തെ കവിതയുടെ തലക്കെട്ടിൽ കവി തൻ്റെ കവിത ആർക്കു വേണ്ടിയാണെന്ന് പറഞ്ഞു വെച്ചിരിക്കുന്നു. സമാന ഹൃദയാ നിനക്കായി പാടുന്നു ഞാൻ.

പ്രകൃതിയും കൃഷ്ണനുമാണ് സുഗതകുമാരിയുടെ കാവ്യലോകത്തെ മറ്റു രണ്ടു നിറസാന്നിധ്യങ്ങൾ. മഴയും പുഴയും കാടും മരങ്ങളും പൂക്കളും രാത്രിയും നിലാവും ആ കവിതകളിൽ നിറയുന്നു. കാല്പനികതയുടെ വസന്തകാലത്തെ കവികളും ഇവയെക്കുറിച്ചാണ് പാടിയത്. എന്നാൽ സുഗതകുമാരിയുടെ കവിതകളിൽ കാല്പനികത അമ്പിളിക്കീറുപോലെ നേർത്തു വിളറിയതാണ്. നശിപ്പിക്കപ്പെടുന്ന പ്രകൃതിയെ ഓർത്തുള്ള ആകുലതകൾ കാല്പനികാനുഭവമായല്ല ആ കവിതകളിൽ ആവിഷ്ക്കരിക്കപ്പെടുന്നത്, മറിച്ച് ഉള്ളുപൊള്ളുന്ന യാഥാർത്ഥ്യമായാണ്.

തൻ്റെ അമ്മയുടെ നാടായ ആറന്മുളയും അവിടുത്തെ കൃഷ്ണനും സുഗതകുമാരിയെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. തിരുവാറന്മുള കൃഷ്ണനാണ് വിവിധ രൂപഭാവങ്ങളിൽ ആ കവിതയിൽ വന്ന് ഓടക്കുഴൽ വിളിക്കുന്നത്. ഭാവഗീതങ്ങൾ പ്രേമഗീതങ്ങളാണ്. കൃഷ്ണാ നീയെന്നെ അറിയില്ലേ എന്ന സങ്കടം കലർന്ന ആശങ്കയിൽ എല്ലാമുണ്ട്. സമാനഹൃദയങ്ങളുമായി ആഴത്തിൽ സംവദിക്കുന്നതുകൊണ്ടാണ് ആ കവിത ഏറെ കൊണ്ടാടപ്പെടുന്നത്. പത്തിരുപതു കൊല്ലം മുമ്പാണ്. ഞങ്ങടെ കരയിലെ വഞ്ചിപ്പാട്ടുസംഘം സുഗതകുമാരിയെ കുചേലവൃത്തം പാടി കേൾപ്പിച്ചത് ഓർക്കുന്നു. അതിനു തൊട്ടുപിന്നാലെയാണ് ‘ഉള്ളഴിഞ്ഞാറന്മുളേശൻ ‘ എന്ന കവിത പ്രസിദ്ധീകരിക്കപ്പെടുന്നത്.

പ്രകൃതിയെയും കൃഷ്ണനെയും കുറിച്ച് പാടിയ കവിയായിരുന്നുവല്ലോ പി.കുഞ്ഞിരാമൻ നായർ. ആ കവിതകളിൽ നിന്ന് സുഗതകുമാരിയുടെ ഇതേ പ്രമേയ പരിസരമുള്ള കവിതകൾ എങ്ങനെ വേർപെട്ടു നിൽക്കുന്നു എന്നത് പഠിക്കപ്പെടേണ്ടതാണ്. മലയാള കവിതയുടെ ഒരു പ്രധാന കൈവഴിയുടെ ഒഴുക്ക് എങ്ങനെയെന്ന് സഹൃദയർക്ക് അപ്പോൾ മനസ്സിലാകും.

ആധുനികതയുടെ ഉദയത്തിലും മധ്യാഹ്നത്തിലും അസ്തമയത്തിലും സുഗതകുമാരിയുടെ കവിതകൾ നിറഞ്ഞൊഴുകി. ‘ തുലാവർഷപ്പച്ച’ എന്ന കവിതാ സമാഹാരത്തിൻ്റെ അവതാരികയുടെ തുടക്കത്തിൽ കെ.രാമചന്ദ്രൻ നായർ എഴുതിയ വാചകങ്ങൾ എടുത്തെഴുതി ഈ കുറിപ്പ് അവസാനിപ്പിക്കാം.
” കാവ്യജീവിതത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽത്തന്നെ തനതായൊരു പ്രപഞ്ചം കണ്ടെത്തുക, ആ പ്രപഞ്ചത്തിൻ്റെ ഘടനയിൽ തൻ്റെ സർഗപരമായ അസ്തിത്വത്തിൻ്റെ ഭിന്ന ഭിന്ന ഘടകങ്ങൾ മുഴുക്കെ ഹൃദ്യമാംവണ്ണം ഇണക്കിച്ചേർക്കുക, എന്നിട്ടാ പ്രപഞ്ചത്തോട് ആദ്യന്തം അവിച്ഛിന്നവും ഏകതാനവുമായ സത്യസന്ധത പുലർത്തുക – ഇത് ഏതു കവിക്കും ദുർലഭമായ ഒരു വരദാനമാണ്. സുഗതകുമാരിക്ക് അതെന്നേ ലഭിച്ചു കഴിഞ്ഞിരിക്കുന്നു…… .. തൻ്റെ പ്രേമത്തെപ്പറ്റി, തൻ്റെ ദു:ഖത്തെപ്പറ്റി,തൻ്റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും പറ്റി ,തന്നെ വിഹ്വലമാക്കുന്ന ആകുലതകളെയും നൈരാശ്യങ്ങളെയും പറ്റി ,താൻ കാണുന്ന വെളിച്ചത്തെപ്പറ്റി ,ഇരുട്ടിനെപ്പറ്റി, ഒപ്പം തന്നെച്ചൂഴുന്ന ബാഹ്യ പ്രകൃതിയെയും മനുഷ്യനെയും പറ്റി അതിലുമുപരി എപ്പോഴും തന്നോടൊപ്പമുള്ള കണ്ണനെപ്പറ്റി. അതായിരുന്നു സുഗതകുമാരിയുടെ പ്രപഞ്ചം.”

Spread the love
Read Also  'കേൾക്കാം പുളിമരക്കൊമ്പിൽ നിന്നും കാക്ക കരഞ്ഞിടും താര നാദം' ;  സജയ് കെ.വി.യുടെ നിരൂപണ രീതിയെക്കുറിച്ച്