Wednesday, June 23

മരണത്തിന്റെ ശൈത്യത്തിലേക്ക് കുതിച്ച സ്വപ്നയാനങ്ങൾ -വി കെ അജിത്കുമാർ എഴുതുന്നു.

മരണത്തിന്റെ ശൈത്യത്തിലേക്ക് കുതിച്ച സ്വപ്നയാനങ്ങൾ
വി കെ അജിത്കുമാർ

ലോകത്തിലെ ഏറ്റവും സുന്ദരമായ ആത്മഹത്യയെന്നാണ് ഹോളിവുഡ് നടിയായിരുന്ന എവെലിൻമാക് ഹൈലിന്റെ മരണത്തെപ്പറ്റി ടൈം മാഗസിൻ എഴുതിയത്. എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ എണ്പത്തിയാറാമത്തെ നിലയിലെ നഗരനിരീക്ഷണ ഭാഗത്തുനിന്നും സെക്യൂരിറ്റി സേനയുടെ കണ്ണുവെട്ടിച്ചുകൊണ്ട് താഴേക്ക് പറന്ന അവർ കെട്ടിടത്തിനുചുവടെ പാർക്കുചെയ്തിരുന്ന ലിമിസിനു മുകളിലേക്ക് നിപതിച്ചുകൊണ്ടായിരുന്നു മരണസ്വച്ഛതയിലേക്ക് കടന്നത്. ഒരു തൊട്ടിലിൽ കിടക്കുന്നതുപോലെ, കഴുത്തിൽ അണിഞ്ഞ നെക്ലസിൽ കൈചേർത്തുപിടിച്ചുകൊണ്ട്, ഇരുകാലുകളും മുട്ടിനു താഴെ പിണച്ചു വച്ചുകൊണ്ട് വസ്ത്രങ്ങൾക്ക് പോലും ചുളിവുകൾ കാര്യമായില്ലാതെ ഒരു ചെറു നിദ്രയിലെന്നപോലെ കിടന്ന എവെലിന്റെ രൂപമാണ് ടൈം മാഗസിനെ ഏറ്റവും സുന്ദരമായ ആത്മഹത്യയെന്ന് അതിനെ വാഴ്ത്താൻ പ്രേരിപ്പിച്ചത്.

ചില മരണങ്ങൾ അങ്ങനെയാണ്. എന്നാൽ ഗുരുതരമായ ഭീകരത സൃഷ്ടിച്ചുകൊണ്ട് മരണത്തെ ഗാഢമായി വാരിപ്പുണരുകയായിരുന്നു കവാബാത്ത യസുനാരി. ഗാർഹിക പാചകവാതക കുഴൽ വായിലേക്ക് കടത്തിയ നിലയിലായിരുന്നു ആത്മഹത്യ ചെയ്ത യസുനാരിയെ കണ്ടത്. അദ്ദേഹത്തിന്റെ അടുത്തസുഹൃത്തായിരുന്ന മിഷിമ ജപ്പാന്റെ സാമ്പ്രദായിക ശിക്ഷാവിധിയായി കരുതിയിരുന്ന ഹരാകിരിയുടെ മൂർച്ചയേറിയ വേഗതയിലായിരുന്നു മരണത്തെ സ്വീകരിച്ചത്. മിഷിമിന്റെ മരണത്തിൽ വല്ലാത്ത വ്യഥയുണ്ടായിരുന്ന കവാബാത്ത ഒരു വേദിയിൽ ആത്മഹത്യയെന്ന മരണമാർഗ്ഗത്തെ തള്ളിപ്പറഞ്ഞിരുന്നു; ഒരാൾ എത്രമാത്രം ഒറ്റപ്പെടൽ അനുഭവിച്ചാലും അയാൾ ആത്ഹത്യയിലൂടെ മരണത്തെ സ്വീകരിക്കുമ്പോൾ ബൗദ്ധികതയാണ് ഇല്ലാതാകുന്നതെന്നും ആത്മഹത്യയെ ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത് . മാത്രമല്ല അത് വിശുദ്ധതയുടെ പരിധിയിലേക്കു ഒരാളെ എത്തിക്കില്ലെന്നും കുറച്ചുകൂടി ആധ്യാത്മികവ്യാഖ്യാനത്തോടെ കവാബാത്ത സൂചിപ്പിക്കുകയും ചെയ്തു. ലോകചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഭാഗമായ സ്വയംഹത്യകൾ. നിരുപദ്രവമായ ജീവിതം കൊണ്ട് ആരും അറിയാതെ കടന്നുപോയ മനുഷ്യർ. ഒരുപാടുപേർ മരണത്തെ നിഗൂഢമായി പ്രണയിക്കുകയും അതിന്റെ പ്രലോഭനങ്ങളിൽ മരണരതിയാഘോഷിക്കുകയും ചെയ്തിട്ടുണ്ട്.

ഒടുവിൽ എല്ലാ പ്രയോജനാത്മകതയും പിന്നിടുമ്പോൾ ആത്യന്തികമായി മരണം എത്തിയെന്നു തോന്നുമ്പോൾ കഠിനമായ പീഡാനുഭവങ്ങളിൽ നിന്നും ജീവിതത്തെ വേർപെടുത്തുകയെന്നത് ഏതൊരു മനുഷ്യന്റെയും അവകാശമാകണം. അതുവളരെ ലളിതമായ മരണത്തിലൂടെയാകണമെന്നും ഷാർലെറ്റ് പെർക്കിൻ ഗിൽമൻ നിരീക്ഷിക്കുന്നു. ജീവിതത്തിൽ ക്ളോറോഫോം കൊണ്ട് ക്യാൻസറിനെ തോൽപ്പിക്കുന്നുവെന്നു കുറിപ്പെഴുതിവയ്ക്കാനും അവർ മറന്നില്ല. സ്വയംഹത്യയെ ജീവിതത്തിൽ നിന്നും സ്വന്തം ഇച്ഛയാലുള്ള പിരിച്ചുവിടൽ എന്ന് വ്യാഖ്യാനിക്കാം. ചിലപ്പോൾ അതിനെ ജീവിതവും മരണവും തമ്മിലുള്ള അനുപാതികമല്ലാത്ത സന്ധിചേരലെന്നും വിളിക്കാം.

ഗിൽമാൻ

തൂങ്ങിയാടുന്ന മരണം ആദ്യം കാണുന്നത് ഒരു റബ്ബർ മരത്തിന്റെ ചില്ലയിലായിരുന്നു. അയാൾ നിരക്ഷരനും അതെ മരത്തിൽ നിന്നും കറയൂറ്റി ജീവിച്ചയാളുമായിരുന്നു. പിന്നീട് കാലങ്ങൾ കഴിഞ്ഞപ്പോൾ വായനയിലൂടെയും അക്കാദമിക്ക് പഠനങ്ങളിലൂടെയും കേട്ട വലിയ സ്വയംഹത്യ സിൽവിയ പ്ലാത്തിന്റേതായിരുന്നു. മരണപ്പെടുക എന്നത് ഒരുകലയാണെന്നും അത് കൂടുതൽ ഭംഗിയായി ചെയ്യുന്നുവെന്നും പുറം ലോകത്തിനുള്ള കുറിപ്പിൽ അവർ എഴുതിവച്ചിരുന്നു. ഈ രണ്ടു മരണങ്ങളും താരതമ്യത്തിന് വിധേയമാകുന്നത് ആത്മഹത്യ എന്ന ബിന്ദുവിൽ മാത്രമാണ്. നിരക്ഷരനും , അപ്രസക്തനുമായ മനുഷ്യനും അക്ഷരത്തിലൂടെ ജീവിച്ച ഒരാളും ഒരേ വഴിപോകുന്നതിന്റെ ഉത്തരാർദ്ധചിന്ത വ്യക്തമാക്കുന്നത് ജീവിതവുമായുള്ള പൊരുത്തപ്പെടൽ അല്ലെങ്കിൽ സമരം എന്നത് പഠനം, ജീവിത നിലവാരം, ദേശവ്യതിയാനങ്ങൾ ഇവയുടെ ഇടപെടലിൽ നിന്നും വേർപെട്ടു നിൽക്കുന്നുവെന്നാണ്. അല്ലെങ്കിൽ സ്വയംഹത്യയുടെ പരിധിയോ ആവശ്യമോ നിർണ്ണയിക്കുവാൻ ഈ ഘടകങ്ങൾക്കാവില്ലെന്നുമാണ്.

സിൽവിയ പ്ലാത്ത്

ചരിത്രപരമായ ഓർമ്മപ്പെടുത്തലിൽ തെളിയുന്നത് ക്ളോഡിയാസ് ആൽബിനസിന്റെ സ്വയംഹത്യയാണ്. അനിതര സാധാരണമായ വെളുപ്പ് നിറമുണ്ടായിരുന്നതിനാലായിരുന്നു അദ്ദേഹത്തെ ക്ളോഡിയാസ് എന്നറിയപ്പെട്ടിരുന്നത്. യുദ്ധമുഖത്തുനടന്ന ആത്മഹത്യയായിരുന്നു അദ്ദേഹത്തിന്റേത്. മറ്റൊരു ധീരനായിരുന്ന സെവിറസുമായുണ്ടായ പോരാട്ടത്തിൽ ആസന്നമായ പരാജയ ഭയമായിരുന്നു ക്ളോഡിയസിന്റെ മരണത്തിനു കാരണമായതെന്നും വായനയുണ്ട് .വേലുത്തമ്പിയുടെ കഥയും സമാനമാണ്. നമ്മുടെ ചരിത്രം തമ്പിയുടെ ആത്മഹത്യയെ വീരചരമമായി കുറിച്ചിട്ടുണ്ട്. ഒന്നോർത്താൽ മരണഭയത്തെ മരണം കൊണ്ട് നേരിടുകയായിരുന്നു ഇവർ രണ്ടുപേരും. അതിലെ നൈതികതയെക്കുറിച്ചുള്ള ചർച്ച ഒരുപക്ഷെ നടത്തേണ്ടതുമാണ് . അവർ കാംക്ഷിച്ചത് അഭിജാതമൃത്യുവാണെന്നും കണ്ടെത്താം. മരണത്തിലും പ്രതീക്ഷിക്കുന്ന ഒരുതരം ഉന്നതകുലബോധം. വേലുത്തമ്പിയുടെ ആത്മഹത്യയിലെ രഹസ്യാത്മകത ഇല്ലാതെയാണ് പെൻസിൽവാനിയയിലെ സെനറ്ററായിരുന്ന ആർ ബഡ്ഡ് ഡയർ പൊതു സമക്ഷത്തിൽ വച്ച് ആത്മഹത്യയ്ക്കു കീഴടങ്ങിയത്. ഈ മുറിയിൽ നിന്നും നിങ്ങൾ പെട്ടെന്നൊഴിയൂ, അല്ലെങ്കിൽ ഒരു പക്ഷെ ഇതു നിങ്ങളെ വല്ലാതെ പിന്തുടരും എന്നായിരുന്നു അഴിമതിയാരോപണത്തിൽ അന്പത്തിയഞ്ചു വർഷത്തെ ജയിൽ ശിക്ഷ വിധിക്കപ്പെട്ട ആ മനുഷ്യൻ അതിൽ നിന്നൊഴിവാകാനായി തോക്കികുഴലിലൂടെ മരണ ജീവിതചക്രത്തിന്റെ അതിവേഗ ഗമനം നടത്തിയപ്പോൾ മാധ്യമങ്ങളോട് പറഞ്ഞത്.

Read Also  സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ


ടേസ്റ്റ് ഓഫ് ചെറിയും ഹാരോൾഡ് ആൻഡ് മൗഡും രണ്ടു സിനിമകൾ
അബ്ബാസ് കിയരസ്താമിയുടെ സിനിമയെക്കുറിച്ചു അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളത് ബുദ്ധിയുള്ള പ്രേക്ഷകനും അദ്ദേഹം തമ്മിലുള്ള വ്യത്യാസം ഒരു ക്യാമറ അദ്ദേഹത്തിന്റെ കൈകളിൽ ഉണ്ടെന്നുള്ളതു മാത്രമാണെന്ന്. മുൻപ് സൂചിപ്പിച്ച ആത്മഹത്യയിലും കാത്തുസൂക്ഷിക്കുന്ന മറ്റൊരുതരം അഭിജാത ബോധമാണ് കിയരസ്താമിയുടെ ടേസ്റ്റ് ഓഫ് ചെറിയിലെ നായകനുള്ളത്. സ്വയംഹത്യ ചെയ്യുവാൻ വിശിഷ്ടനായ ഒരു സഹായിയെ തേടി നടക്കുന്ന ഇർഷാദിയെന്ന നടൻ അവതരിപ്പിക്കുന്ന കഥാപാത്രം. ടെഹ്റാൻറെ സബ് അർബ്ബൻ ഊഷരതയിലൂടെ തന്റെ ട്രക്കും ഓടിച്ചലയുകയാണയാൾ. പ്രകൃതിയുടെ നിർമ്മമത മരണത്തിന്റെ നിഴലായി മാറുന്നത് പോലൊരനുഭവം. ഒരു പ്രദേശത്ത് സ്വയം കണ്ടെത്തിയ കിടങ്ങിൽ കയറിയിരുന്നു സാവധാനം മരിക്കുക ഇതായിരുന്നു അയാളുടെ ഉദ്ദേശം. കിടങ്ങിന്റെ വായ് ഭാഗം മണ്ണിട്ട് മറയ്ക്കുവാനായി അയാൾക്കൊരു സഹായി ആവശ്യമായിരുന്നു. പണം എത്രവേണമെങ്കിലും നൽകാനും ബാദി എന്ന ഈ മനുഷ്യൻ തയ്യാറുമാണ്. എന്നാൽ, ഒരു നിബന്ധനമാത്രമാണയാൾക്കുള്ളത്; ലഭ്യമാകുന്ന പണം തീർത്തും ശരിയായ കാര്യത്തിന് വേണ്ടി മാത്രമേ ഉപയോഗിക്കാവു. ഇത് തന്നെയായിരുന്നു അയാളെ ഏറ്റവും കുഴക്കിയിരുന്നതും. ആത്മഹത്യയുടെറിഹേഴ്സൽ വരെ നടത്തുന്ന നായകൻ. ആത്മഹത്യയെയും ജീവിതത്തെയും ബന്ധിപ്പിക്കുന്ന ശക്തമായ പ്രമേയം ഒടുവിൽ പ്രകൃതി അതിജീവനത്തിനായി ഒരുക്കുന്നത് ഒരു പക്ഷേ ഒരു ചെറിപ്പഴത്തിന്റെ രുചിയാകാം എന്ന ചിന്തയിലാണ് അവസാനിക്കുന്നത്. നമ്മൾ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത പലതും ഇവിടെ അവശേഷിക്കുമ്പോൾ സ്വയംഹത്യയിലൂടെയുള്ള പരിസമാപ്തിയ്ക്കു എന്ത് പ്രധാന്യമെന്ന ചിന്തയാണ് പങ്കുവയ്ക്കുന്നത്.

ടേസ്റ്റ് ഓഫ് ചെറി

ഹാരോൾഡ് ആൻറ് മൗഡ് ഇതിൽ നിന്നും വ്യതിരിക്തമാണ്. എഴുപത്തിയൊൻപതുകാരിയും ഒരു ഇരുപതുകാരനും തമ്മിലുള്ള പ്രണയത്തിന്റെ സ്വാഭാവികതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. അതിനെ അസ്വാഭാവികതയെന്നെ പൊതുധാരണയിൽ വ്യാഖ്യാനിക്കപ്പെടുന്നിടത്ത് ഒരു ആത്മഹത്യയുടെ രേഖപ്പെടുത്തലും ഉണ്ടാകുന്നു. ടേസ്റ്റ് ഓഫ് ചെറിയിൽ കടന്നു വരുന്നത് പോലെയല്ല ഇതിൽ സമൂഹമെന്ന ഓർഗാനിക്ക് ബോഡി നിലനിൽക്കുന്നത്. ഇവിടെ അത് വ്യക്തി ജീവിതങ്ങളെ കടന്നാക്രമിക്കുന്ന കാഴ്ചയാണുള്ളത്. സമൂഹത്തെ നിരാകരിക്കുകയും എന്നാൽ ആത്മഹത്യയുടെ ആഗ്രഹം പേറിനടക്കുന്നവനുമാണ് കിയരസ്താമി ചിത്രത്തിലെ നായകനെങ്കിൽ ഇവിടെ നായികയായ മൗഡ് സമൂഹത്തിന്റെ കണ്ണിലൂടെയുള്ള ജീവിതത്തിന്റെ അസഹനീയത അനുഭവിക്കുകയാണ് ചെയുന്നത്. മരണത്തോട് കടുത്ത ആരാധനയുള്ള ഹാരോൾഡ് എന്ന അവരുടെ കാമുകനായ യുവാവ് തെരഞ്ഞെടുക്കുന്ന തൊഴിൽ പോലും ഒരു ആംബുലൻസ് ഡ്രൈവറുടേതാണ്. ഒരു ശവസംസ്കാര ചടങ്ങിൽ വച്ചായിരുന്നു ഈ ഇരുപതുകാരൻ മൗഡിനെ കണ്ടെത്തുന്നതും പ്രണയത്തിന്റെ ദിനരാത്രങ്ങൾ ആരംഭിക്കുന്നതും. മാന്യത, ധാർമികത, ബന്ധുത്വം, സൗഹൃദങ്ങൾ ഈ ബാഹ്യഘടകങ്ങളുടെ ശക്തമായ ഇടപെടൽ ഇവിടെ നടക്കുന്നു. ഒടുവിൽ മൗഡ് ഓവർഡോസ് സ്ലീപ്പിങ് പിൽസിൽ മരണവഴി തെരഞ്ഞെടുക്കുകയും ചെയ്യുന്നു.

ഹരോൾഡ് ആൻ്റ് മൗൾഡ്

 

ഇവിടെ ഉയർന്ന മറ്റൊരു ചോദ്യം ആത്മഹത്യക്കു പ്രായപരിധിയുണ്ടോ എന്നതാണ്. സ്വാഭാവിക മരണത്തിലേക്ക് എത്തേണ്ടപ്രായത്തിലാണ് മൗഡ് മരണത്തിന്റെ പിങ്കളതയിലേക്കു പലായനം ചെയ്യുന്നത്. ഇവിടെ ആത്മഹത്യ ഒരു പ്രതിഷേധമായി മാറുന്നു. എൺപതു വയസുള്ള ഒരു സ്ത്രീയ്ക്കുപോലും അവരുടെ വ്യക്തിജീവിതം തെരെഞ്ഞെടുക്കുവാനുള്ള അവകാശം നിഷേധിക്കുന്നതിലുള്ള പ്രതിഷേധം. ഇവിടെ ആത്മഹത്യ സമൂഹമെന്ന ജൈവിക പരിപ്രേക്ഷ്യം കാണിച്ചുകൊടുക്കുന്ന രക്ഷപെടൽ മാർഗ്ഗമായി മാറുന്നു.

മരണത്തിന്റെ സംഗീത മൊഴികൾ

ഗ്ലൂമി സണ്ടെ എന്നൊരു ആത്മഹത്യാ ഗീതം ഹംഗേറിയൻ ഭാഷയിലുണ്ട്. ഈ ഗാനം കേട്ടും സ്വയം പാടിരമിച്ചു മരണത്തിലേക്കു പലായനം ചെയ്തവർ അനവധിയാണ്. പലരും ഇതാലപിച്ചിട്ടുണ്ടെങ്കിലും അമേരിക്കൻ പോപ്പ് ഗായികയായ ബില്ലി ഹോളിഡെയുടെ വ്യാഖ്യാനമാണ് ഇതിനു മികച്ച ഭാവം നൽകിയിട്ടുള്ളത്. ഈ ഗാനം കംപോസ് ചെയ്ത റിസോ സൈറസ് ആയിരത്തി തൊള്ളായിരത്തി അറുപത്തിയെട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇമ്പൾസ് കണ്ട്രോൾ ഡിസ്ഓർഡർ എന്ന ചെറു രോഗാവസ്ഥയിൽ നിന്നും വലിയ ഡിപ്രഷനിലേക്കു പോയ റിസോ സറസിനെ മഥിച്ചത് രണ്ടാംലോകയുദ്ധകാലത്ത് നാസി തടവറയിൽ കൊടിയ പീഡനമേറ്റു മരിച്ച അമ്മയുടെ ഓർമ്മകളും കൂടിയായിരുന്നു.സൈറസും മറ്റൊരു സുഹൃത്തായ ജാവരും ചേർന്ന് സൃഷ്ടിച്ച ഈ ഗാനം അതിന്റെ ഒടുവിലായി My Heart and I have decided to end it all എന്ന സംഗീതാത്മക മരണ പ്രഖ്യാപനത്തിൽ എത്തുമ്പോൾ ഒരു തരളഹൃദയനായ മനുഷ്യൻ എങ്ങനെ മരണത്തെ സ്വീകരിക്കാതിരിക്കും എന്ന വാദവും അന്നുണ്ടായിരുന്നു. ഏകാന്തത അതിന്റെ അധികതുംഗപഥത്തിൽ എത്തുമ്പോൾ ഒരു പൂവ് വീണാൽ പോലുമുള്ള ഒച്ച കേൾക്കുന്ന നിശബ്ദതയിൽ ബില്ലി ഹോളിഡെയുടെ പാട്ടുകേട്ട് ആത്മഹത്യയുടെ ജാലകവാതിൽ തുറന്നു പുറത്തേക്കു പോയവർ അനവധിയാണ്. ഒടുവിൽ ശക്തമായ അധികാര ഇടപെടലുകളിലൂടെ ഈ ഗാനത്തിന്റെ സംപ്രേക്ഷണം പോലും നിർത്തിവയ്ക്കുകയായിരുന്നു അന്ന്.

Read Also  മലയാളി ആത്മഹത്യ ചെയ്തത്‌ കോവിഡ് സംശയിച്ച് നാടിനു വേണ്ടാതായപ്പോൾ
ഗ്ലൂമി സൺഡേ

ആൽബേർ കാമു മിത്ത് ഓഫ് സിസിഫസിൽ കുറിക്കുന്നതുപോലെ ആത്മത്യയെന്നത് അതി ഗുരുതരമായ തത്വചിന്ത പ്രശ്നമാണ്. ജീവിതത്തിന്റെ വെളിവില്ലായ്മയെപ്പറ്റിയല്ല ഉദ്വേഗപ്പെടേണ്ടത് ജീവിതത്തെ അത്മഹർഷത്തോടെ കെട്ടി പുണരുകയാണ് വേണ്ടതെന്നും കാമു ഓർമ്മിപ്പിക്കുന്നുണ്ട്.


ഷോപ്പനോവർ ആത്മഹത്യയെ അവകാശമായികണ്ടിരുന്നു. ചിലർ ജീവിതത്തിന്റെ വ്യസനങ്ങളിലൂടെ ആത്മഹർഷത്തിൽ എത്തുന്നത് ആത്മഹത്യയിലൂടെയാണെന്നുള്ള വ്യാഖ്യാനവും അദ്ദേഹം നൽകുന്നുണ്ട്. ധാർമ്മികതയുടെ സ്വാതന്ത്ര്യമാണ് ഓരോ സ്വയംഹത്യയെന്നും ഒരാൾ ജീവിതത്തെ സ്വയം മരണത്തിൽ നിന്നുമൊഴിച്ചു നിർത്താൻ ആഗ്രഹിക്കുമ്പോൾ മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു യന്ത്രമായി അയാൾ മാറുന്നുവെന്നും ഷോപ്പനൊവർ പറയുന്നു.

ആത്മഹത്യയെന്ന ആക്രമണവിദ്യ

വളർത്തിയെടുക്കപെട്ട വിദ്വേഷമോ വെറുപ്പോ ഇത്തരത്തിൽ ഉണ്ടാക്കിയെടുക്കുന്ന മറ്റെന്തെങ്കിലും മാനസിക വ്യാപാരങ്ങളോ ആണ് ആത്മഹത്യയെന്നത് ആക്രമണ മാധ്യമമായി മാറ്റുന്നത്. ഇവിടെ സമൂഹമെന്ന വലിയ ഘടകത്തെ ഒരാൾ സ്വയം ഇല്ലാതായിക്കൊണ്ട് പരിക്കേൽപ്പിക്കുകയാണ് ചെയ്യുന്നത്. ചരിത്രപരമായ രേഖപ്പെടുത്തലുകളോ പുകഴ്ത്തലുകളോ ഇല്ലാത്ത ആത്മഹത്യകളാണ് ഇവയെന്നും പറയാം. തീവ്രവാദ യുദ്ധതന്ത്രമായി പുതിയകാലത്ത് നിലനിൽക്കുന്ന സ്വയംഹത്യകൾ വ്യക്തിപരമായ മാനസിക വിശകലത്തിനുപരി സമൂഹത്തെ മൊത്തമായി കണ്ടുകൊണ്ടുള്ള ഒരു മാനസികാപഗ്രഥനത്തിലൂടെ മാത്രമേ വ്യാഖ്യാനിക്കുവാൻ സാധിക്കൂ.ഇതുവ്യക്തിപരമായ സ്വയം സൃഷ്ടിച്ചെടുക്കുന്ന മാനസികവ്യഥയുടെ പരിണതിയല്ല.

അതുകൊണ്ടുതന്നെ ഇവ പലപ്പോഴും ആത്മഹത്യയുടെ കേവല സൗന്ദര്യത്തെപ്പോലും നിരാകരിക്കുന്നവയാണ്. ഒരു വംശത്തെയോ പരമ്പരയെയോ കൂട്ടത്തെയോ ഇല്ലാതാക്കാനുള്ള ഇത്തരം സ്വയംഹത്യകൾ മനസെന്ന നിഗൂഢതയ്ക്കുപരി തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധിപ്പിക്കുന്നതാവും കൂടുതൽ ശരി. കാരണം ജീവിതത്തെ അതിന്റെ വിശാലതയിലും വ്യത്യസ്തതയിലും കാണാനുള്ള കഴിവ് നഷ്ടമാകുന്ന യുവാക്കളാണ് സാധാരണയായി ഇത്തരം ആക്രമണ ആത്മഹത്യയുടെ വഴികൾ തെരെഞ്ഞെടുക്കുന്നതെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.വ്യക്തി വ്യഥകളും സാമൂഹികമായ ചോദ്യം ചെയ്യലുകളുമല്ല ഇവിടെ അവരെ നയിക്കുന്നത് ബുദ്ധിയിലും ചിന്തയിലും കടന്നുകയറുന്ന പ്രതിലോമതയുടെ വൈറസുകളാണ് ഇത്തരം ആത്മഹത്യയ്ക്കു കാരണമായി തീരുന്നതെന്നതുകൊണ്ട് സ്വയംഹത്യയുടെ പരിപ്രേക്ഷ്യത്തിലേക്ക് ഇതിനെ കൊണ്ടുവരാതിരിക്കുന്നതാവും കൂടുതൽ നല്ലത് .
ആത്മഹത്യയുടെ പീഡനാനുഭവതലങ്ങളിലാണ് കവാബാത്തയും സുഹൃത്തായ മിഷിമയും തേടിയതെന്നുള്ള യാഥാർഥ്യത്തെ മറച്ചുവയ്ക്കാതെ ചിന്തിച്ചാൽ ഇവരണ്ടും സാമൂഹികമായ ഒരു രാഷ്ട്രീയ ചിന്തയെ പ്രതിഫലിപ്പിക്കുന്നുണ്ട്.കാലങ്ങൾക്കുമുന്പ് നടന്ന ക്രിസ്തുവിന്റെ കുരിശുമരണവും അത്തരത്തിൽ ചിന്തിക്കുമ്പോൾ ഒരു ആത്മഹത്യയായിരുന്നു. വിവേകത്തിന്റെ വിത്തുകൾ എറിഞ്ഞും നിലവിലെ സമൂഹത്തെ ചോദ്യം ചെയ്തും മുൻപോട്ടു പോകുമ്പോൾ ഒരർത്ഥത്തിൽ ക്രിസ്തു ഒരു സ്ലോ പോയ്സൻ ഡത്തിന്റെ പരിപ്രേക്ഷ്യത്തിൽ തന്നെയായിരുന്നു. അത്യധികമായ മാനസിക വ്യഥയിലൂടെ കടന്നു പോയ മർലിൻ മൺറോയും സ്മിതയും ഒരേ വിധിയുടെ ഭാഗമാകുമ്പോൾ അതിൽ നിന്നും മാറ്റിനിർത്തുവാനാവാത്ത പേരുകളിൽ ഒന്നാണ് ഔസ് നദിയുടെ ആഴങ്ങളിലേക്ക് ജാക്കറ്റിൽ ഭാരമുള്ള കരിങ്കല്ലുകൾ കെട്ടിയിട്ടു യാത്രചെയ്ത വെർജിനിയ വുൾഫിന്റേത്. ഇങ്ങനെ ജീവിതത്തോട് ഇണങ്ങുന്നതിലുപരി പിണങ്ങുകയും ശണ്ഠ കൂടുകയും ചെയ്തവർ. ജീവിതത്തേക്കാൾ മരണത്തെ പ്രണയിച്ചവർ പലരും ഒടുവിൽ അവശേഷിപ്പിക്കുന്ന കുറിമാനങ്ങളിൽ നിശബ്ദമായ പ്രതിഷേധം തന്നെയാണുള്ളത്.


നിരവധിമനുഷ്യരുടെ ജീവിക്കുവാനുള്ള അവകാശത്തെപ്പോലും കവർന്നെടുത്ത അഡോൾഫ് ഹിറ്റ്ലർ തെരെഞ്ഞെടുത്ത മരണവഴി ആത്മഹത്യയുടേതായിരുന്നു.

“ഞാനും ഭാര്യയും – സ്ഥാനഭ്രംശത്തിന്റെയോ കീഴടങ്ങലിന്റെയോ അപമാനത്തിൽ നിന്ന് രക്ഷപ്പെടാൻ – മരണം തിരഞ്ഞെടുക്കുകയാണ് . ഉടനടി ഞങ്ങളുടെ ശരീരം ചുട്ടുകളയണം.” എന്നായിരുന്നു ഹിറ്റ്ലർ കുറിച്ചിട്ടത്. ഇതിൽ ഹിറ്റ്ലറുടെ അവസാനകൊലപാതകത്തിന്റെ അംശം കൂടി നിലനിൽക്കുന്നു. മറ്റൊരാളെ കൂടി ഒപ്പം മരിക്കാൻ നിർബന്ധിക്കുകയായിരുന്നു ഹിറ്റ്ലർ. അദ്ദേഹത്തിന്റെ അവസാന മരണ വാറന്റ് കൈപ്പറ്റിയത് ഭാര്യയായ ഇവ ബ്രൊണും ആയിരുന്നു. ആത്മഹത്യയെന്നത് ഒരിക്കലും കൂട്ടായ തീരുമാനമാകില്ല .ഒരാളുടെ തീരുമാനത്തെ അടിച്ചേൽപ്പിക്കുകയായിരിക്കും അത്തരം നിമിഷങ്ങളിൽ എന്നുള്ളതാണ് പലപ്പോഴും യാഥാർഥ്യം.

സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ചത്.

Spread the love