Tuesday, July 7

 അരഞ്ഞരഞ്ഞ് ഇല്ലാതാകുന്ന  വാക്കുകള്‍ ; അസീം താന്നിമൂടിന്‍റെ `കാണാതായ വാക്കുകള്‍’കവിതാസമാഹാരത്തിലൂടെ നിരൂപകൻ സുനിൽ സി ഇ

 

അസീം താന്നിമൂടിന്‍റെ `കാണാതായ വാക്കുകള്‍'(ഡി സി ബുക്സ്)എന്ന കവിതാ സമാഹാരത്തിലെ കവിതകളെ മുന്‍ നിര്‍ത്തി  നിരൂപകനായ സുനില്‍ സി ഇ…

കാവ്യജീവിതത്തിന്‍റെ നര്‍ത്തനശാലയില്‍ കാവല്‍ക്കാരായിരിക്കാനുള്ള നിയോഗവുമായി എത്തിപ്പെടുന്ന വാക്കുകളെ വിരുന്നൂട്ടി മദിപ്പിക്കുന്ന ഇന്ദ്രിയാനുഭവങ്ങളുടെ അനുഗ്രഹത്താല്‍ സ്വയം കവിയായി മാറുന്ന കാഴ്ചയാണ് നാം അസീം താന്നിമൂടില്‍ കാണുന്നത്.അവിടെ അരഞ്ഞരഞ്ഞ് ഇല്ലാതാകുന്ന വാക്കുകളുടെ ചിത്രങ്ങളാണ് നാം കണ്ടെടുക്കുക.അരഞ്ഞരഞ്ഞ് കണ്ണഞ്ചുന്ന വാക്കുകളുടെ നിഴലുകള്‍ കൊണ്ട് ഭൂമിയിലെ ജീവിതങ്ങളെ വെളിച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.അതിനാല്‍ അരഞ്ഞു തീരലിന്‍റെ ആധി ലവലേശമില്ലാതെ വാക്കുകളെ കവിതയില്‍ സസൂക്ഷ്മം ഘടിപ്പിക്കാനാണ് അസീം താന്നിമൂട് എന്ന കവി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ഈ കവി ഓരോരോ രൂപകങ്ങളിലേയ്ക്കു പ്രവേശിക്കുന്നതു നിരീക്ഷിച്ചാല്‍ മനസ്സിലാകും വാക്കുകളുടെ പരിമിതത്വമാണ് തന്‍റെ ആധാരമെന്ന്.കാലം വിഘടിതമായ ഒരു രൂപഘടനയിലേയ്ക്ക് കവിയെ ക്ഷണിക്കുമ്പോഴും ക്ഷീരപഥത്തിന്‍റെ സംഗീതം വാര്‍ന്നിറങ്ങുന്ന വാങ്മയത്താല്‍ സമൃദ്ധനാകാനാണ് കവി യത്നിക്കുന്നത്.ആത്മാവിഷ്കരണം എന്നതിനേക്കാള്‍ സാമൂഹികാവിഷ്കരണമാണ് മുഖ്യമെന്ന് കവികാണുന്നതായും നമുക്കു ദര്‍ശിക്കാനാകും.പകല്‍ വെളിച്ചം കുറുകിക്കൂടിയ വാക്കുകള്‍ക്കായി തെരച്ചില്‍ നടത്തുന്ന ഒരാള്‍ക്ക് അസീം താന്നിമൂടിന്‍റെ `കാണാതായ വാക്കുകള്‍’എന്ന സമാഹാരത്തില്‍ നിന്നും തീര്‍ച്ചയായും എന്നോ നമ്മളില്‍ നിന്നും കാണാതായ വാക്കുകളെയൊക്കെ കണ്ടെത്താനാകും.കവിതയില്‍ വെളിച്ചപ്പൊട്ടുകളായി തിളങ്ങുന്ന ഓരോ വാക്കുകളും മേല്‍പ്പറഞ്ഞവിധം അസീമിലെ കവി തേടിപ്പിടിച്ചതാണ്.അതുകൊണ്ടുതന്നെ ഈ കവിയുടെ വാക്കുകള്‍ തുന്നിക്കൂട്ടിയ കസവുപാളികളല്ല.അതിന്‍റെ

ഉദാഹരണങ്ങളാല്‍ സമൃദ്ധമാണ് കാണാതായ വാക്കുകള്‍ എന്ന സമാഹാരം.എല്ലാം ഉദ്ധരിക്കുക പ്രയാസം.എങ്കിലും ചിലതു ചൂണ്ടിക്കാട്ടാതെ വയ്യ.

ഉറവെടുക്കുന്ന ഒരോ തുള്ളിക്കും 

പറയാനുണ്ടാവും ഏറെ…

എല്ലാ തുള്ളികളും വേരുകള്‍ക്ക് 

രക്തമാകുന്നില്ല.(തുള്ളികള്‍) 

അന്നെനിക്കുനീ തന്നൊരാ പുസ്തക-

ത്താളില്‍ നിന്നും ചില വാക്കുകള്‍ കാണുവാ-

നില്ല,നാവു കുഴഞ്ഞപോലക്ഷര-

ജാഥനിന്നു പരുങ്ങുകയാണതില്‍

(കാണാതായ വാക്കുകള്‍)

കവിതയുടെ അഴകും വടിവും സൗന്ദര്യവും അതിന്‍റെ പൂരിപ്പിക്കപ്പെടാത്ത ശൂന്യതയാണെന്നാണ് `കാണാതായ വാക്കുകള്‍’പറഞ്ഞുറപ്പിക്കുന്നത്.കവിത ഒരു പ്രത്യേകതരം ഇന്ദ്രിയ സംവേദനമാണെന്ന് ഇതില്‍പ്പരം ഭംഗിയായി ഒരു കവിക്കെങ്ങനെ രേഖപ്പെടുത്താനാകും?.ജീവിതത്തെ കിളിര്‍പ്പിക്കാനും തളിര്‍പ്പിക്കാനും വേരിന് നീര് ആവശ്യമാണെന്നാണ് `തുള്ളിക’ളില്‍ അസീം എഴുതുന്നത്.അപ്പോഴും അസീം എന്ന കവിയിലെ ദാര്‍ശനികന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതു കാണാം.`എല്ലാ തുള്ളികളും വേരുകള്‍ക്കു രക്തമാകുന്നില്ലെുന്നു സ്ഥാപിക്കുമ്പോഴും അതിന്‍റെ ആത്മകഥയും ജീവ ചരിത്രവും രേഖപ്പെടുത്താന്‍ കവി മറന്നു പോകുന്നില്ല.അതിനാല്‍ തുള്ളികള്‍ വഴുതിമാറാതെ വറ്റിത്തീരുമെന്നും ദാഹത്തിലേയ്‌ക്കും പച്ചപ്പിലേയ്ക്കും ഒഴുകി നീങ്ങുമെന്നും പുതിയ രൂപത്തില്‍,പുതിയ ഭാവത്തില്‍ പുനര്‍ജനിക്കുമെന്നും നിജപ്പെടുത്തിയിട്ട് ഒടുവില്‍ നമ്മെ ഇതേ തുള്ളിയുടെ പൊക്കിള്‍ക്കൊടി ബന്ധത്തില്‍ കൊണ്ടെത്തിക്കുന്നു…ആശ്ചര്യമാണ് നിരീക്ഷണങ്ങള്‍.

`എന്നാല്‍ നീ 

ഊറ്റിന്‍റെ ഗര്‍ഭവേദനയില്‍ നിന്നും 

പൊക്കിള്‍ക്കൊടി മുറിഞ്ഞു വന്ന 

ഒരു തുള്ളിയാണ്‌.’എന്നതാണ് ആ നിരീക്ഷണം.

പ്രത്യക്ഷമായി ഒരു വിള്ളലും സൃഷ്ടിക്കാത്ത തുള്ളികള്‍ എന്ന കവിത ജലത്തിന്‍റെ ആത്മകഥയായി മാറുന്നത് അതുകൊണ്ടാണ്.വ്യാകുലതയുടെ തിരി നീട്ടുന്ന ഈ കവിത കാണാതായ വാക്കുകളെ മാത്രമല്ല കാട്ടിത്തരുന്നത്.ജീവിതത്തെ കണ്ടെടുക്കാനുള്ള അദൃശ്യ പ്രേരണയുടെ പ്രഭാവത്തെ കൂടിയാണ് പ്രത്യക്ഷപ്പെടുത്തുന്നുണ്ട്..

ബ്രഹ്മാണ്ഡഭാവനയെക്കാള്‍ കവിതയില്‍  ജീവിതത്തിന്‍റെ ചെറിയ ചെറിയ അവസ്ഥകളെ വിക്ഷേപിക്കുന്നതിനാണ് അസീം പരിശ്രമിക്കുന്നത്.`കാണാതായ വാക്കുകള്‍’ താല്‍ക്കാലികമായി അഭയമൊരുക്കുന്ന യാഥാര്‍ത്ഥ്യം എന്നതിനേക്കാള്‍ ആന്തരിക `ശൂന്യത’യില്‍ മുഴങ്ങുന്ന അര്‍ത്ഥഭരിതമായ ഒരോടക്കുഴല്‍ വിളി കൂടിയാണ്.

   കവിത താത്വികമായ നീറലാണെന്നു വാദിച്ചത് നൈജല്‍ വാര്‍ബര്‍ട്ട(Nigel Warburton)നാണ്.ഇദ്ദേഹത്തിന്‍റെ കവിതാ നിര്‍വചനം ശ്രദ്ധേയമാണ്.`poetry is no more a linguistic Virtue’.കവിത ഭാഷാപരമായ മൂല്യമോ വരദാനമോ അല്ലായെന്ന് നൈജര്‍ പറയുന്നതിനോട് ചേര്‍ത്തുവേണം അസീമിന്‍റെ കാണാതായ വാക്കുകളെ പാരായണ വിധേയമാക്കാന്‍.നിലവിലെ നമ്മുടെ ആന്തരിക ഘടനയുടെ ആകൃതിപ്പെടലായി കവിതയെ പരിഭാഷപ്പെടുത്തുക എന്നതാണ് പ്രധാനം.ഉള്ള വാക്കില്‍ നെയ്ത നമ്മുടെ ആന്തരിക ശൂന്യതയാണപ്പോള്‍ കവിതയെന്ന അനുമാനത്തിലേക്ക് നമുക്ക് എത്തേണ്ടി വരും.അസീമിന്‍റെ എല്ലാ കവിതകളിലും ഒരു അശരീരി വാക്യങ്ങളുണ്ട്.നാം ജീവിക്കുന്ന നമ്മുടെ മിഥ്യാ ലോകത്തില്‍ നിന്നും നമ്മെ വിളിച്ചുണര്‍ത്താന്‍ അത്തരം അശരീരി വാക്യങ്ങള്‍ ഉപകരിക്കുന്നുവെന്നതാണ് വാസ്തവം.                                     കേല്‍ക്കുകെന്‍ മൂകമാം 

Read Also  ജനനത്തേയും മരണത്തേയും ആഘോഷിക്കുന്നവരാണ് ദളിതുകൾ.അതുകൊണ്ട് തന്നെ ജീവിതം ഉറപ്പിക്കുന്ന സംസ്കാരം അവരിലുണ്ട് ..

ജന്മത്തില്‍ മറ്റൊരു 

ഭാഷ കുളമ്പടിക്കുന്നു'(ഭാഷയും നീയും ഞാനും)

പലദന്തപ്പൂട്ടില്‍ 

ചതഞ്ഞൊരാത്മാവി-

ന്നദൃശ്യ ജന്മവും 

എരിഞ്ഞു തീരുന്നു(ആത്മാവ്)

മനസ്സു മറ്റൊരു 

ദുരൂഹമാം ഗ്രഹം(മനസ്സ്)

ഭാഷയെപ്പറ്റിയും ജന്മത്തെപ്പറ്റിയും മനസ്സിനെപ്പറ്റിയുമൊക്കെയുള്ള അശരീരി വാക്യങ്ങളാണ് മുകളില്‍ ഉദ്ധരിച്ച കവിതകളിലൊക്കെ ഉള്ളത്.ഇതു നവ മലയാള കവിതയിലെ പ്രകടമായ ഗതിമാറ്റമാണ്.കവിത എന്ന മാധ്യമത്തിനുള്ളിലെ അര്‍ത്ഥം കുലച്ചു നില്‍ക്കുന്ന ശൂന്യത എന്ന സൈനിക തന്ത്രത്തിന്‍റെ മിടുക്കാണ് ഇവിടെ കാണാനാവുക.കാണാതായ വാക്കുകളുടെ സ്ഥാനത്ത് ഇത്തരം അശരീരി വാക്യങ്ങള്‍ ഉണ്ടെന്നു തിരിച്ചറിയുമ്പോഴാണ് അസീം എന്ന കവിയുടെ ഹൃദയത്തിന്‍റെ ഉപരിതലത്തില്‍ പ്രതിബിംബിക്കുന്ന ജീവിതാന്വേഷണ ത്വരയെ നമുക്കു മനസ്സിലാകുക.കവിത പോര്‍ക്കലി തുളളി നില്‍ക്കുന്ന ഭാവനയല്ലെന്ന് ഓര്‍മ്മിപ്പിക്കാന്‍ ഈ സമാഹാരത്തിലെ ചാരുകസേര,വ്രണം,കലഹം,പുഴു എന്നീ കവിതകള്‍ക്കും കഴിയുന്നു.

മൈക്രോ രചനകളിലെ  ജീവിതാഖ്യാനങ്ങള്‍ 

ഹൈക്കുവെന്ന മൂന്നിന്‍റെ ഗണിതത്തെ തകര്‍ത്തുകൊണ്ട് പ്രബലപ്പെട്ടുവരുന്ന ഒരു കാവ്യശാഖയാണ് മൈക്രോയിസം.അപ്പോഴും അവയിലൊക്കെയും വലിയ മുറിവുകളും അസ്തമിക്കാത്ത നീറലുകളുമുണ്ടാകും.അത്തരം രചനകള്‍ ഉള്‍ക്കനമുള്ള സങ്കേതമൊരുക്കുകയും മനസ്സിനെ കുത്തനെ മുറിവേല്‍പിക്കുകയും ചെയ്യും.എന്നാല്‍  ഇവിടുള്ള മൈക്രോ രചനകള്‍ക്ക് വിപരീതമാണ് അസീമിന്‍റെ സഞ്ചാരം.ഫേസ്ബുക്കിലൊക്കെ എഴുതപ്പെടുന്ന ഭൂരിഭാഗം മൈക്രോ രചനകളും അനുരാഗ നിരാസത്തിന്‍റെ കയ്പന്‍ ആത്മബലിവാക്യങ്ങളാണ്.നൈരാശ്യം ബാധിച്ച അത്തരം കവിതകളെമാത്രം വായിച്ചു ശീലിച്ചിട്ടുള്ളവര്‍ അസീമിന്‍റെ ലഘുരചകളിലെ സസൂക്ഷ്മ രാഷ്ട്രീയത്തെ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്.അതിനാല്‍ ചിലത് ഉദ്ധരിക്കാന്‍ ആഗ്രഹിക്കുന്നു.അതില്‍ ദര്‍ശനപ്പെടുന്ന അടുക്കും ചിട്ടയും മൂന്നിന്‍റെ ഗണിതത്തേക്കാള്‍ മികവുറ്റതാണ്.അതില്‍ മിന്നിപ്പൊലിയുന്നത്  ജീവിതത്തിന്‍റെ അര്‍ത്ഥവും വെടിപ്പുമാണ്.

`ഒറ്റവാക്കിന്‍റെ 

കല്ലുടഞ്ഞാല്‍ മതി 

എത്ര പൊങ്ങിയ 

ഫ്ലാറ്റും പതിക്കുവാന്‍’ (ഫ്ലാറ്റ്) 

എത്രനാം തുരന്നഴ-

കെടുത്തു കാട്ടീടിലും 

അത്രമേലകന്നക-

ന്നോടിപ്പോം ചിലനോട്ടം(നോട്ടം)

*ചക്കിമുക്കിക്കു-

മപ്പുറം നെഞ്ചുകള്‍ 

കൂട്ടിമുട്ടിയുരസിയ തീയതില്‍ 

വെന്തുകിട്ടിയ 

സ്വാദാണെനിക്കു നീ(പ്രണയം)

മൂന്നാമതുദ്ധരിച്ച മൈക്രോയില്‍ പറയുന്ന ചക്കിമുക്കി പുരാതനകാലത്ത് ആളുകള്‍ തീയുണ്ടാക്കാന്‍ പുല്‍ത്തണ്ടുകള്‍ കൂട്ടിയുരസിയിരുന്ന വിദ്യയാണ്.മുകളിലുദ്ധരിച്ച ആ കവിതകള്‍ മാത്രമല്ല,പുഞ്ചിരി,നീ,കിള്ളിയാര്‍,കരുതല്‍,ക്ഷമ,ശ്മശാനം തുടങ്ങിയ എത്രയോ കവിതകളാണ് നമ്മുടെ സാമൂഹിക-പാരിസ്ഥിതിക ജീവിതത്തിന്‍റെ അര്‍ത്ഥവും വെടിപ്പുമായി നിവര്‍ന്നു വരുന്നത്.മനുഷ്യന്‍ എന്ന വാഴ്വുപകരണത്തിന്‍റെ പൊള്ളത്തരങ്ങളെ ആഖ്യാനപ്പെടുത്താന്‍ ചെറിയ മീറ്ററിലും സാധിക്കുമെന്ന് അസീം ബോധ്യപ്പെടുത്തുന്നു.ഇത്തരം മൈക്രോരചനകള്‍ വായിക്കുമ്പോള്‍ പ്രണയ നൈരാശ്യത്തിന്‍റെ കാല്‍പനിക നൊമ്പരത്തേക്കാള്‍ ജീവിതത്തിന്‍റെ പൊരുളു വഴിമുട്ടിപ്പോകുന്നതിനെ ചൊല്ലിയുള്ള ആന്തരികമായ ആന്തലിനാല്‍ നാം മുങ്ങിപ്പോകും.ഈ മൈക്രോ രചനകളിലെ പദവാക്യ ഘടനയും ഭാഷാശോഷണവും മനുഷ്യന്‍ എന്ന സത്തയുടെ ഉള്ളകത്തിലെ ചുരുക്കത്തിന്‍റെ ഘടനയെക്കൂടി ഓര്‍മ്മപ്പെടുത്തുന്നുണ്ട്.നാം ജീവിക്കുന്ന കാലത്തിന്‍റെ ശിഥിലഭാവം പിടിച്ചെടുക്കാന്‍ പോന്ന ഒരുപകരണമായി മനുഷ്യന്‍ മാറുന്നതിനെയാണ് അസീം തന്‍റെ കുറുകിയ രചകളിലും നിക്ഷേപിച്ചു വച്ചിട്ടുള്ളത്.

അനുബന്ധക്കുറിപ്പുകള്‍ 

__________ 

A mysterous quickening inhabits                                                                                              the depths of any                                                                                             good poem-protean,                                                                                     elusive,alive in its own right.                                                                                                          Jane Hirshfield 

Read Also  ഹേയ് അപ്പൂപ്പാ, അനശ്വരസംഗീതജ്ഞന്‍ ബാലസാഹിത്യമെഴുതുന്നു

കവിത എന്ന മാധ്യമത്തിലേയ്ക്ക് അടിവച്ചു നീങ്ങുന്ന നേരത്ത് ഒരുവക നിശ്ചയദാര്‍ഢ്യം അസീം എന്ന കവിയുടെ ബോധസിംഹാസനത്തില്‍ നിഴലിക്കുന്നുണ്ട്.അതു വാക്കിന്‍റെ പുതിയ വെയില്‍ നാളങ്ങള്‍ക്കായുള്ള ആഗ്രഹമാണ്.ഇത്തരം ഒരു ഡിസിപ്ലിനെയാണ് ജെയ്ന്‍ ഹിര്‍ഷ് ഫീല്‍ഡ് `മിസ്റ്റീരിയസ് ക്യൂക്കെനിങ്’ എന്നു വിളിക്കുന്നത്.ഈ പ്രവണത പ്രബലമായി പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില കവികളെ മലയാളത്തിലുള്ളൂ.അതിലൊരാളാണ് അസീം താന്നിമൂട്.മനുഷ്യന്‍ എന്ന സത്തയിലേയ്ക്ക് കവിതയിലൂടെ ഇരുകൈയും വീശി നീന്തിച്ചെല്ലാന്‍ അസീമിനെ സഹായിക്കുന്നത് ഈ മിസ്റ്റീരിയസ് `Mysterious quickening’ആണ്.

ദേശത്തിന്‍റെ ഈണം ലയിച്ചു കിടക്കുന്ന ഒരു പ്രാദേശിക വൃത്താന്തം പാകപ്പെടുത്തിയതിന്‍റെ ഉദാഹരണമായി വായിക്കാവുന്ന ചില കവിതകളില്‍പോലും ഇതു പ്രവര്‍ത്തിക്കുന്നുണ്ട് എന്നതും എടുത്തു പറയേണ്ടത്:

`തിരുവനന്തപുരത്തു നിന്നും 
പുറപ്പെടുന്ന സൂപ്പര്‍ ഫാസ്റ്റുകള്‍ 
എങ്ങുമെത്തുന്നില്ല.
അതിലെ യാത്രക്കാരെക്കുറിച്ച് 
ഒരു വിവരവുമില്ല.
എങ്കിലും ഒന്നിനൊന്ന് ബസ്റ്റാന്‍റ് 
വികസിച്ചുകൊണ്ടിരിക്കുന്നു.
(തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന സൂപ്പര്‍ ഫാസ്റ്റുകള്‍)

നെടുമങ്ങാടിന്‍റെ 

സ്വകാര്യതകളിപ്പോള്‍ 

സ്വകാര്യതകളേയല്ല.(നെടുമങ്ങാടിന്‍റെ സ്വകാര്യ സര്‍വീസുകള്‍)

തീര്‍ത്തും വൈകാരികമായ തലത്തില്‍ നീറിപ്പിടിച്ചുയരുന്ന ആ ആന്തരിക സംഘര്‍ഷത്തെ ജെയ്ന്‍ പറയുംപോലെ മിസ്റ്റീരിയസ് ക്യൂക്കെനിങ് എന്നല്ലാതെ എന്തു വിളിക്കാനാകും.എങ്ങുമെത്തുന്നില്ലെന്നും ഒരു വിവരവുമില്ലെന്നും എഴുതുമ്പോഴും അരഞ്ഞരഞ്ഞ് ഇല്ലാതാകുന്ന വാക്കുകളുടെ മാത്രമല്ല ജീവിതത്തിന്‍റെയും സത്തയെക്കുറിച്ചുള്ള മുഴുപ്പാര്‍ന്ന ചിത്രീകരണങ്ങളായി അസീമിന്‍റെ കവിതകള്‍ മാറുന്നു.നമ്മെ ആത്മവിചാരണക്ക് തയ്യാറെടുപ്പിക്കുന്ന ഈ കവിതകള്‍ അരഞ്ഞരഞ്ഞ് ഇല്ലാതാകുന്ന മനുഷ്യത്വമായിക്കൂടി മാറുന്നു.അവയെ തിരിച്ചു പിടിക്കാനുള്ള പരിശ്രമങ്ങള്‍കൂടി ആകുന്നു.അതിനാല്‍ ഈ കവിതകള്‍ അതിനു സഹായിക്കും എന്നതില്‍ തര്‍ക്കമില്ല.മനുഷ്യനെന്ന നിലയില്‍ കുറ്റബോധം ഉരുകിയൊലിക്കുന്ന മനസ്സുമായി എക്കാലവും ചരിക്കാതിരിക്കാന്‍ ഇത്തരം കവിതകളുടെ ധ്യാനാത്മകമായ പാരായണം അനിവാര്യമാണ്, തീര്‍ച്ച. 

  • ‘കാണാതായ വാക്കുകളു’ടെ രണ്ടാം പതിപ്പ് ഡി സി ബുക്സിലൂടെ ഉടൻ പുറത്തുവരും

 

 

Spread the love

57 Comments

Leave a Reply