Thursday, January 20

അടിയന്തിരാവസ്ഥയ്ക്ക് നാല്പത്തിമൂന്ന്

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കറുത്ത അദ്ധ്യായങ്ങള്‍ക്ക് തുടക്കം കുറിച്ച അടിയന്തിരാവസ്ഥയ്ക്ക് ഇന്ന് 43 വയസ്സാവുന്നു. 1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച്  21 വരെയുള്ള 21 മാസക്കാലം രാഷ്ട്രീയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂരവും ഓര്‍മ്മകളെപ്പോലും വേട്ടയാടുംവിധം ഭീതിദവുമായിരുന്നു. ഏകാധിപത്യത്തിന്‍റെ ഭീകരമുഖം അടിയന്തിരാവസ്ഥക്കാല ഇന്ദിരാഗാന്ധിയിലൂടെ ഇന്ത്യന്‍ ജനതയ്ക്കു മുന്നില്‍ തെളിയുകയായിരുന്നു.

നെഹ്രു കുടുംബത്തിന്‍റെ പിന്തുടര്‍ച്ചക്കാരിയായി പ്രധാനമന്ത്രിയായിത്തീര്‍ന്ന ഇന്ദിരാഗാന്ധി 1967നും 1971നുമിടയ്ക്ക് ഗവണ്മെന്‍റിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും വ്യക്തിപരമായ ആധിപത്യം നേടി. 1973-75 കാലത്ത് തനിയ്ക്കെതിരെ ഉയര്‍ന്ന രാഷ്ട്രീയപ്രതിരോധത്തെ അടിച്ചമര്‍ത്താനായാണ് ഇന്ദിരാഗാന്ധി ഭരണകൂടത്തെ സ്വതാല്പര്യങ്ങള്‍ക്കനുസൃതമാക്കിയത്.

1971-ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ഭരണകൂടസ്വാധീനം ഉപയോഗിച്ചതിന്‍റെ പേരില്‍ അലഹബാദ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യപ്പെട്ടിരുന്നു. 1975 ജൂണ്‍ 12ന് അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ജഗ് മോഹന്‍ലാല്‍ സിന്‍ഹ ഇന്ദിരാഗാന്ധി കുറ്റക്കാരിയാണെന്ന് വിധിക്കുകയുണ്ടായി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 1975 ജൂണ്‍ 24ന് സുപ്രീം കോര്‍ട്ട് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരും ഇന്ദിരാഗാന്ധി കുറ്റക്കാരിയാണെന്ന് അംഗീകരിച്ചു. തുടര്‍ന്ന് തന്‍റെ രാഷ്ട്രീയഭാവിക്ക് സംഭവിക്കാന്‍ പോകുന്ന ദുരന്തത്തില്‍ നിന്നും രക്ഷ നേടാനാണ് ഭരണസ്വാധീനമുപയോഗിച്ച് ഇന്ദിരാഗാന്ധി പ്രസിഡന്‍റിനെക്കൊണ്ട് അടിയന്തിരാവസ്ഥ പ്രഖ്യാപിപ്പിച്ചത്.

കാര്‍ഷിക, വ്യവസായികമേഖലകളിലെ ഉന്നമനത്തിന് എന്ന വ്യാജേന ഇന്ദിരാഗാന്ധി അവതരിപ്പിച്ച ഇരുപതിനപരിപാടിക്കു പുറമേ പ്രധാനമന്ത്രി പുത്രനായിരുന്ന സഞ്ജയ് ഗാന്ധിയുടെ അഞ്ചിനങ്ങളെക്കൂടി ഉള്‍പ്പെടുത്തി ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയായിരുന്നു.

കുടുംബത്തിന് നോട്ടീസ് കൊടുക്കുകയോ കേസ് ചാര്‍ജ്ജ് ചെയ്യുകയോ ചെയ്യാതെ നീതിരഹിതമായി നിരപരാധികളെ അറസ്റ്റ് ചെയ്യല്‍, രാഷ്ട്രീയത്തടവുകാര്‍ക്കു നേരേയുള്ള ക്രൂരപീഢനങ്ങള്‍, മാധ്യമനിയന്ത്രണം, നിര്‍ബന്ധിത വന്ധ്യംകരണം മുതലായവയൊക്കെയായിരുന്നു അക്കാലത്തെ പീഢനമുറകള്‍.

ഇന്ദിരാഗാന്ധിയുടെ അനുതാപമില്ലാത്ത നയങ്ങള്‍ മൂലം ജയപ്രകാശ് നാരായണനെപ്പോലുള്ള സോഷ്യലിസ്റ്റ് നേതാക്കള്‍ ഉള്‍പ്പെടെ നിരവധി മനുഷ്യര്‍ അക്കാലത്ത് പീഢനങ്ങള്‍ക്കിരയായി. ഇങ്ങ് കേരളത്തില്‍ രാജന്‍, കണ്ണന്‍, വര്‍ക്കല വിജയന്‍ മുതലായി നിരവധി ചെറുപ്പക്കാര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു. നിരവധി എഴുത്തുകാരും കലാകാരന്മാരും ജയിലിലായി. ഭീതിദമായ ആ നാളുകളെ അനുഭവിച്ചവര്‍ക്ക് ഇന്ന് 43 വര്‍ഷത്തിനിപ്പുറം തിരിഞ്ഞു നോക്കുമ്പോള്‍ ഭരണകൂടഭീകരതയുടെ പേടിസ്വപ്നങ്ങളാണുള്ളത്.

പൗരാവകാശങ്ങള്‍ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും മേല്‍ ഭരണകൂടമര്‍ദ്ദനയന്ത്രം ആധിപത്യം നേടുന്നതാണ് അന്നും ഇന്നും എന്നും ക്രൂരഭരണാധികാരികളില്‍ നിന്നും രാജ്യജനതയ്ക്കുണ്ടാകുന്ന അനുഭവം.

Spread the love
Read Also  അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് തെറ്റായിപ്പോയെന്ന് രാഹുൽ ഗാന്ധി

Leave a Reply