Wednesday, July 15

കാള പെറ്റെന്ന് കേട്ടപ്പോ… ബ്ലഡ് മണി ഒഴുകി

ചിന്നപ്പയൽ സ്വകാര്യമായി കാത്തു സൂക്ഷിക്കുന്ന ഒരു ആത്മരതിയുണ്ട്. വലിയവരുടെ പതനത്തിൽ ആനന്ദത്തിന്റെ പറഞ്ഞറിയിക്കാനാകാത്ത ഒരുതരം സ്വകാര്യമൂർച്ഛ അനുഭവിക്കുക. അതായത് ലോകത്തിന് പരക്കെയല്ലെങ്കിലും ചിന്നപ്പയലിന്റെ അനുഭവപരിസരത്തിൽ ഒട്ടുമിക്കപേരും രഹസ്യമായും ചിലരെങ്കിലും പരസ്യമായും അനുഭവിക്കാറുള്ളതെന്ന് ചിന്നപ്പയലിന്റെ രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയ മനസ്സിന്റെ ഒരു ഗൂഢരതി.

അത് അങ്ങനെയാണെന്നിരിക്കെത്തന്നെ ബുദ്ധി കൂടുതലാണെന്ന നാട്യശാസ്ത്രപ്രകാരം, വികാരവിരേചനം അഥവാ കഥാർസിസ് എന്ന് അരിസ്റ്റോട്ടിലിനെയൊക്കെ കൂട്ടുപിടിച്ച് അതിനെ കുറെക്കൂടി തത്ത്വപ്പെടുത്തുകയുമാകാം. അവിടെയാണല്ലോ ദുരന്തമനുഭവിക്കുന്ന നമ്മൂടെ മനസ്സ് വലിയ ദുരന്തങ്ങളിൽ ആനന്ദം കണ്ടെത്തുന്നത്. മിക്ക തരത്തിലും ഉന്നതരായ വ്യക്തികളുടെ സ്വഭാവത്തിലെ വൈകല്യങ്ങളാണ് അവരെ ദുരന്തത്തിലാഴ്ത്തുന്നത് എന്നതിനാൽ ആ ദുരന്തം മനസ്സിന് തരുന്ന ആനന്ദം ചെറുതൊന്നുമല്ല; അങ്ങനെയാണ് ചിന്നപ്പയലിന് പെരിയാനന്ദം കിട്ടുന്നതും.

Image result for cartoons on corruption
സത്യാനന്തരയുഗം എന്നൊക്കെ വിദ്വാന്മാർ പറയുന്ന കാലാവസ്ഥയൊന്നും ചിന്നപ്പയലിന്റെ നിരീക്ഷണകേന്ദ്രം ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ന്യൂനമർദ്ദങ്ങൾപോലെ മാറിമറിഞ്ഞുവരുന്ന സർവ്വം മറിക്കുന്ന തിരഞ്ഞെടുപ്പുകൾ ചില സൂചനകൾ നല്കിയിട്ടുണ്ട്. സ്വസ്ഥജീവിതത്തിന്റെ സർവ്വ പ്രതീക്ഷയും തകർത്ത് അധികാരക്കെടുതികൾ വ്യാപകമാവുന്നത് പ്രവചനങ്ങൾക്കും അപ്പുറമാണല്ലോ.
പ്ലേറ്റോണിയൻ ഒന്നുമല്ലെങ്കിലും നമ്മുടേതും ഒരു റിപ്പബ്ലിക്കാണല്ലോ. പൗരബോധം മൂട്ടയെപോലെ കുത്തുമ്പോൾ ചിന്നപ്പയലും അതിന്റെ ക്ഷേമത്തെപ്പറ്റി വ്യക്തിപരമായെങ്കിലും ചിന്തിച്ചു പോകാറുണ്ട്.

തത്ത്വചിന്തയൊക്കെ പോകട്ടെ മിനിമം സാമൂഹികനീതിബോധമെങ്കിലും ഭരണാധികാരിക്ക് ഉണ്ടായിരിക്കണമെന്ന് ചിന്നപ്പയലിന് നിർബന്ധമുണ്ട്. അതില്ലാത്തവരെ റിപ്പബ്ലിക്കിന് പുറത്ത് നിർത്താൻ വേണ്ടി ചിന്നപ്പയൽ തെരഞ്ഞടുപ്പ് പ്രക്രിയയിൽനിന്നും വിട്ടുനില്കാറുമുണ്ട്. ജനകീയജനാധിപത്യത്തിൽ ഭരണാധികാരികൾ ആർക്കൊപ്പമാണ് എന്ന് കുറെ നാളായി ചിന്നപ്പയൽ നിരീക്ഷിച്ച് വരികയാണ്. തെരഞ്ഞെടുക്കപ്പെട്ടവരിൽ തന്നെ പാളയത്തിൽ പട നടത്തി ഭരണം പിടിച്ചവരാണ് മുഖ്യ, പ്രധാനികൾ എന്നതിൽ ചിന്നപ്പയലിന് അത്ഭുതമൊന്നും തോന്നിയിരുന്നില്ല. അച്ചുതാനന്ദ, വാജ്പേയിമാരോട് ചിന്നപ്പയലിന് നല്ല വികാരമല്ലെങ്കിലും സഹതാപപരമായ സങ്കടമേ തോന്നിയിട്ടുള്ളൂ. അതിനാൽ ഭരണം പിടിച്ചെടുത്തവർ ആരുടെ ആജ്ഞാനുവർത്തികളാണ് എന്നത് മാത്രമായിരുന്നു വെളിവാക്കപ്പെടേണ്ടിയിരുന്നത്. കാലക്രമേണ അതും തെളിഞ്ഞു വരുകയാണല്ലോ.

പണാധിപത്യമൂല്യങ്ങൾ ജനാധിപത്യമൂല്യത്തെ ദുരുപയോഗം ചെയ്യുന്നതാണ് കുറെക്കാലമായി നാമനുഭവിക്കുന്ന കേന്ദ്ര, പ്രാദേശിക ഭരണകൂടാനുഭവങ്ങൾ. വികസനത്തിന്റെ പേരിലുള്ള മുതലാളിത്തപ്രീണനത്താൽ ജനജീവിതത്തെ പടുകുഴികളിലേക്ക് നയിക്കുന്ന ഭരണാധികാരികളെ ഏത് നൈതികബോധങ്ങളാണ് നയിക്കുന്നതെന്ന് വ്യക്തമാണ്. വർഗ്ഗവാദത്തിന്റെ താത്ത്വികാടിത്തറയിൽ ഭരണത്തിലേറി എതിർവർഗ്ഗത്തിനായി നിലകൊള്ളുന്നവരെ വർഗ്ഗവഞ്ചകർ എന്ന് പറയാൻ ജനം എന്ന് തയ്യാറാകും എന്നാണ് ചിന്നപ്പയൽ കാത്തിരിക്കുന്നത്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നല്ല; കല്ലെറിയാൻ വരുന്നവർ അങ്ങോട്ട് മാറി നില്കൂ എന്ന് തിരികെ കല്ലുമഴ പൊഴിക്കുന്ന ഭരണാധികാരികളോട് അധികാരത്തിൽ നിന്ന് മാറിനില്കൂ എന്ന് ജനം എപ്പോഴെങ്കിലും പറയുമായിരിക്കും.

സമൂഹത്തിൽ തേനും പാലും ഒഴുക്കലാണ് ഭരണം എന്ന് ചിന്നപ്പയൽ കരുതുന്നില്ല. മറിച്ച് തേനീച്ചയ്ക്ക് തേനും സസ്തനികൾക്ക് പാലും ഉണ്ടാക്കാനുള്ള സാഹചര്യമാണ് സാമൂഹികജീവികളായ മറ്റാരെപ്പോലെയും ചിന്നപ്പയലിന്റെയും ആഗ്രഹം. പരിസ്ഥിതിയെ പരിരക്ഷിക്കുകയും അഴിമതിയെ നിർമ്മാർജ്ജനം ചെയ്യലുമാണ് സമകാലഭരണാധികാരികളിൽ നിന്നും ജനം പ്രതീക്ഷിക്കുന്നത്. അപ്പോഴേ അവർ നമ്മുടേതാണെന്ന് ജനത്തിന് തോന്നുകയുള്ളൂ. പകരം, നിന്റേതങ്ങ് കീറിയാലും വേണ്ടില്ല… എന്ന പഴയ നാട്ടുകാരണവമട്ടിൽ ഭൂമിയിൽ തോണ്ടലുകളും കുഴിക്കലുകളും കുഴിച്ചിടലുകളും നടത്തുന്നവരെയും, നാട്ടാരെങ്ങനെ തെണ്ടിയാലും വേണ്ടില്ല നമുക്കും കിട്ടണം പണം,ണം,ണം… എന്ന് കൈയ്യിട്ടുവാരുന്നവരെയും കാലങ്ങൾക്ക് മുന്നേതന്നെ അല്പബുദ്ധികളെങ്കിലും പുച്ഛിച്ച് തള്ളിയിട്ടുള്ളതുമാണ്. മന്ദബുദ്ധികളായ സ്തുതിപാഠകരുടെ എണ്ണം തീരുന്ന മുറയ്ക്ക് അവർക്ക് ചരിത്രം വിധിയെഴുതും എന്നും ചിന്നപ്പയൽ ചിന്തിക്കുന്നു.

Read Also  ഞാൻ നിങ്ങളുടെ വസ്തുതകൾ അല്ല ; ശനിയാഴ്ച അന്തരിച്ച അഭയ് ഫ്ലേവിയൻ ക്സാക്സയുടെ കവിത

തൊഴിലാളിവർഗ്ഗസർവ്വാധിപത്യനായകനായ ഇരട്ടച്ചങ്കൻ – കള്ള്, ലഘുപണമിടപാട്, വിദ്യാഭ്യാസവ്യാപാരി – ഡ്രാക്കുളക്കോട്ടയുടെ വരെ അധിപനായ ലോകോത്തരമുതലാളി ഇവരുടെ ത്രികോണനിർമ്മിതിയിൽ വാ പൊളിക്കുന്ന കോണുകളാണ് ചിന്നപ്പയലിനെ അടുത്തിടെ അത്ഭുതപ്പെടുത്തിയത്. കള്ള്മുതലാളിയുടെ മകനും മതാജണ്ടാമുന്നണിയുടെ കേരളത്തിലെ ബ്രാൻഡ് അംബാസഡറുമായ നിർമ്മലമഞ്ഞുതുള്ളി അറബിനാട്ടിൽ റിയൽ എസ്റ്റേറ്റ് വ്യാപാരത്തിന് പോയിടത്താണ് മുക്കോണം വട്ടത്തിലാവുന്ന സംഭവം ചുരുളഴിയുന്നത്. പ്രത്യേകിച്ചും വിളിച്ചത് തരുണിയാണെന്നതിനാൽ നല്ല ലാഭം കിട്ടുന്ന റിയൽ എസ്റ്റേറ്റ് വ്യാപാരം എന്ന് അച്ഛനോട് കള്ളം പറഞ്ഞ് മുതലാളിമകൻ പറന്നത് പതിവുസുഖവ്യാപാരത്തിന്റെ ഭാഗം മാത്രം. അവിടെ ചെന്നതും എഫ് ഐ ആർ പോലുമില്ലാതെ വിദ്വാൻ അകത്തായി, ന്നൂച്ചാൽ ചിന്നപ്പയൽ പറയാതെ തന്നെ നവമാധ്യമനിരീക്ഷകർക്ക് അറിയാമല്ലോ.

മുതലാളിമകൻ അകത്തായതറിഞ്ഞതും ഹൃദയദ്രവീകരണത്താൽ ഇരട്ടച്ചങ്കന്റെ ഔദ്യോഗിക കമ്പിയില്ലാക്കമ്പികൾ വേണ്ടിടത്തെല്ലാം തത്സമയസംപ്രേക്ഷണം നടത്തി. ഒടുവിൽ കാള പെറ്റെന്ന് കേട്ടതും കയറെടുത്തെന്ന അവസ്ഥയായി. അങ്ങനെയായാലുമെന്താ മുതലാളീടെ കാള പെറ്റെന്ന് കേട്ടതിനാലല്ലേ അടിയൻ കയറെടുത്തതെന്ന തൊഴിലാളിവർഗ്ഗാവസ്ഥ സമകാലപ്രത്യയശാസ്ത്രനിലപാട് തന്നെയാണല്ലോ. പാർട്ടി സെക്രട്ടറിയുടെ മകൻ, എതിർകക്ഷിനേതാവ് മുതലായവർ പാവം മലയാളികളുടെ കണ്ണ് തള്ളിക്കും വിധം അറബിനാടുകളിൽ നടത്തുന്ന പണമിടപാട് തട്ടിപ്പുകൾ പരിഹരിക്കലാണല്ലോ കുറെക്കാലമായുള്ള മൂലധനസാമ്പത്തികശാസ്ത്രവും.

Image result for cartoons on corruption
ഉപജീവനാർത്ഥം അറബിനാട്ടിൽ പോയി സ്വജീവിതം പടുത്തുയർത്തിക്കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരൻ ഒരു ചെക്കും കൈയ്യിൽ വെച്ച് കഴിഞ്ഞ പത്തു വർഷത്തിനിടെ ജയിൽവാസം ഉൾപ്പെടെ നരകയാതന അനുഭവിച്ചതിനാണ് മുതലാളിമകൻ ജയിലിലായത്. ഇനിയും ഈ നഷ്ടപരിഹാരം കിട്ടിയാൽ പോലും അത് ബ്ലഡ് മണി ആയിരിക്കും എന്ന ആ ചെറുപ്പക്കാരന്റെ ആശങ്ക പണാധിപത്യം മനുഷ്യത്വത്തിന് മേൽ പ്രയോഗിക്കുന്ന അധികാരികളുടെ തനിനിറം എന്തെന്നാണ് സൂചിപ്പിക്കുന്നത്. അതാണല്ലോ പ്രിവിലേജുകളെ പറ്റി ചിന്തിക്കാൻ ചിന്നപ്പയലിനെ പ്രേരിപ്പിക്കുന്നതും.
അതുക്കുംമേലേ സംഭവിച്ചതിനെയാണ് അത്ഭുതമെന്ന് പറയേണ്ടത്.

അല്പചിന്തകരായ ചില സാമൂഹ്യമാധ്യമ ഭീകരവാദികൾ അഭിമാനമെന്ന് ഉയർത്തിപ്പിടിക്കാറുള്ള അറബിയുടെ നിയമത്തെപ്പോലും മാറ്റി മറിച്ച് മുതലാളി മകന്റെ മോചനത്തിനായി അന്താരാഷ്ട്രമുതലാളി രംഗത്തെത്തി. ഈ മുതലാളിയുടെ അപദാനങ്ങൾ മലയാളി കേട്ടുതുടങ്ങിയിട്ട് ഏറെ കാലമൊന്നുമായിട്ടില്ല. എങ്കിലും ഈ മുതലാളി കുറെശ്ശെയായി അവിടവിടെ കേരളം വാങ്ങിക്കൂട്ടിക്കൊണ്ടിരിക്കുക യാണെന്ന്  എല്ലാവർക്കും അറിയുകയും ചെയ്യാം. മുതലാളീടെ മാളുകളാണ് നാളെയുടെ വിളനിലങ്ങൾ എന്നാണ് ഇക്കാര്യത്തിൽ സംശയമില്ലാത്ത കാര്യം. അതിന് കളമൊരുക്കുന്നതോ തൊഴിലാളിവർഗ്ഗ ഭരണകൂടവും.

എന്തിനേറെ പറയുന്നു. ചിന്നപ്പയൽ കാട് കയറുന്നില്ല. ലഘുപണമിടപാട്, ഗുരുവിന്റെ പേരിലെ കലാലയങ്ങളിൽ ഗുരുക്കളെ ചേർത്ത വകയിൽ ലഘുവല്ലാത്ത കോഴപ്പണം ഇവയുടെ കേസുകളിൽ ഇതിനോടകം കള്ളുമുതലാളി ആയിരിക്കും അഴിയെണ്ണുക എന്ന് കരുതിയിരുന്ന ചിന്നപ്പയലിന്റെ സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞപ്പോഴായിരുന്നു മകൻ അറബിജയിലിലായതിന്റെ സന്തോഷം കിട്ടിയത്. അതിനപ്പുറം ഈ മുക്കോണനായകരുടെ അവിശുദ്ധബന്ധങ്ങൾ ചികയാൻ നിന്നാൽ ബ്ലഡ് മണി പോലുമില്ലാതെ പോയേക്കാമെന്നതിനാൽ ചിന്നപ്പയൽ ഒന്ന് മയങ്ങിക്കോട്ടെ. മലയാളിയുടെ ബ്ലഡ് മണി കൊണ്ട് അവർ അർമാദിക്കട്ടെ.

Read Also  യാര്‍ നീ?

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love