Wednesday, September 23

ചരിത്രം നമുക്ക് ആഗ്രഹിച്ചില്ലാതാക്കാൻ കഴിയുന്ന ഒന്നല്ല: സുനിൽ പി ഇളയിടം

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ ഗാന്ധിജിയും മാർക്‌സും സംവാദ സാദ്ധ്യതകൾ എന്ന വിഷയത്തിൽ  സുനിൽ പി ഇളയിടം നടത്തിയ പ്രഭാഷണത്തിന്റെ ആദ്യഭാഗം

ഗാന്ധിജിയ്ക്കും മാർക്‌സിനും ഇടയിൽ ഉള്ള സംവാദ സാദ്ധ്യതകൾ
ഇവർക്കിടയിൽ പൊതുവായി എന്തെങ്കിലും ഉണ്ടോ?
ഇന്ത്യയിലെ പ്രധാന സാമൂഹ്യശാസ്ത്ര ജേര്ണലുകളിൽ ഒന്നായ സോഷ്യൽ സയന്റിസ്റ്റിൽ കഴിഞ്ഞ മൂന്നു ലക്കങ്ങളായി ഗാന്ധിജിയുടെ നൂറ്റിയന്പതാം ജയന്തിയും മാർക്സിന്റെ 200 ജന്മദിനവും പ്രമാണിച്ചു പലതരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനു പുറമെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ സമൂഹത്തിൽ മത വർഗ്ഗീയതയ്ക് വന്ന വലിയ അക്രമോത്സുകതയുടെ സ്വാധീനത്തിൽ ഗാന്ധിജി മതവുമായി നടത്തിയ സംവാദങ്ങളുടെ സാധ്യതകളെക്കുറിച്ചുള്ള ആലോചനകളും നടക്കുന്നുണ്ട്. ഇങ്ങനെ പലരൂപത്തിലുള്ള സംവാദങ്ങൾ നടന്നു വരുന്ന സന്ദർഭത്തിലാണ് നമ്മൾ ഇവിടെ ചിലത് ചർച്ച ചെയ്യുന്നത്.

ഗാന്ധിജിയും മാർക്‌സും സമാനമായ സൈദ്ധാന്തിക സമീക്ഷകളോ സമൂഹത്തെ പരിവർത്തനക്ഷമമാക്കുന്നതിനെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാടുകളോ പങ്കുവച്ചിട്ടുള്ളവരല്ല അതുകൊണ്ടുതന്നെ അടിസ്ഥാനപരമായ വൈരുധ്യങ്ങളോ വൈജാത്യങ്ങളോ അവർക്കിടയിൽ കണ്ടെത്താൻ പ്രയാസവുമില്ല. ആ വൈജാത്യങ്ങളും വൈരുധ്യങ്ങളും നിലനിൽക്കത്തന്നെ ഗാന്ധിജിയ്ക്കും മാർക്‌സിനുമിടയിൽ സമാനമായ എന്തെങ്കിലുമുണ്ടോ? അവർ പൊതുവെ പങ്കുവയ്ക്കുന്ന എന്തെങ്കിലുമുണ്ടോ? ആ പങ്കുവയ്ക്കുന്ന ഘടകങ്ങളിൽ നിന്ന് നമുക്ക് മുൻപോട്ടു കൊണ്ടുപോകേണ്ടതോ സ്വീകാര്യമായ ഘടകങ്ങളോ നിലനിൽക്കുന്നുണ്ടോ? എന്ന ചോദ്യമാണ് ഒരു പക്ഷെ നമുക്ക് ഗൗരവ പൂർവം ഉന്നയിക്കാൻ കഴിയുക. അതല്ലാതെ ഉപരിതലത്തിൽ ഇവരെ രണ്ടുപേരെയും താരതമ്യപ്പെടുത്തുന്നതുകൊണ്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്നതാണ് വാസ്തവം.ഗാന്ധിജിയും മാർക്‌സും വ്യക്തികളെന്ന നിലയ്ക്കും രണ്ടു പാരമ്പര്യങ്ങൾ എന്നനിലയ്ക്കും ഒട്ടും നിശ്ചലമായ സ്ഥാനങ്ങളല്ല.

മാർക്സ് അദ്ദേഹത്തിന്റെ ചിന്താജീവിതം-രാഷ്ട്രീയ ജീവിതം- ആരംഭിക്കുന്നത് 1840 കളിലാണ്. ഏറെക്കുറെ തത്വശാസ്ത്രപരമായ ഉന്നതികളിലൂടെയാണ് അദ്ദേഹം ആദ്യ പതിറ്റാണ്ടുകളിൽ തന്നെ വിചാരങ്ങൾ അവതരിപ്പിക്കുകയും സാമൂഹിക വീക്ഷണങ്ങൾ മുൻപോട്ടു വയ്ക്കുകയും ചെയ്യുന്നത് .കമ്യൂണിസ്റ് മാനിഫെസ്റ്റോ 48 ൽ എഴുതുന്ന സമയത്തും അതിനു തൊട്ടു മുൻപും പിമ്പുമൊക്കെ ഒക്കെ എഴുതിയിട്ടുള്ള കൃതികളിൽ തത്വശാസ്ത്രപരമെന്നു വിളിക്കാവുന്ന ഉന്നതികൾ മാർക്സിൽ നമുക്ക് ശക്തമായിട്ടു കാണാൻ കഴിയും. എന്നാൽ 1850 കൾ മുതലുള്ള രണ്ടു പതിറ്റാണ്ടുകളെങ്കിലും മൂലധനത്തിന്റെ പ്രസിദ്ധികരണമുൾപ്പടെയുള്ള രണ്ടു പതിറ്റാണ്ടുകളെങ്കിലും അദ്ദേഹം രാഷ്ട്രീയ സമ്പദ് വ്യവസ്ഥയുടെ വിമർശനവുമായി പൊളിറ്റിക്കലായിട്ടുള്ള ഉന്നതികളെ കൂട്ടിയിണക്കുകയും മുതലാളിത്ത സമൂഹത്തിന്റെ ഘടനാപരമായ അപഗ്രഥനം പ്രധാനമായി കാണുകയും ഇതിലൂടെ കൈവരുന്ന ആശയം രാഷ്ട്രീയമായ കാര്യപരിപാടിയുടെ ഭാഗമായി കൂട്ടിച്ചേർക്കാൻ വളരെ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്യുന്നതായി നമുക്ക് കാണാം.ഒന്നാം ഇന്റർ നാഷണലിന്റെ സംഘാടകനായും അവതാരകനായും ഒക്കെ നിൽക്കുന്ന സമയത്ത് മൂലധനത്തിലുൾപ്പടെ താൻ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന ആശയങ്ങളുടെ രാഷ്ട്രീയ പ്രയോഗങ്ങൾക്കു മാർക്സ് നൽകുന്ന ഊന്നൽ വളരെ പ്രധാനമാണ്. ഇവിടെ നിന്ന് 1870 കൽ മുതലുള്ള അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാനത്തെ ഒരു വ്യാഴവട്ടം മാർക്സ് മറ്റൊരു മേഖലയിലേക്ക് കൂടി തന്റെ ശ്രദ്ധയെ കൊണ്ട് പോകുന്നത് കൂടി നമുക്ക് കാണാൻ സാധിക്കും. അത് കോളനി രാജ്യങ്ങളെക്കുറിച്ചും കൊളോണിയൽ ബന്ധങ്ങളെക്കുറിച്ചുമുള്ള സൂക്ഷ്മായ പരിശോധന ഒരു ഭാഗത്ത് റഷ്യയും അയർലണ്ടും മധ്യേഷ്യ ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ സാമൂഹിക സംവിധാനങ്ങളും ഇവയെ കൂട്ടിയിണക്കികൊണ്ടു തന്റെ തന്നെ നിരീക്ഷണങ്ങളെ കൂടുതൽ സൂക്ഷ്‌മമായി വികസിപ്പിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിവന്നത്. ഈ മൂന്നു കാലഘട്ടം സൂചിപ്പിക്കുന്നത് മാർക്സ് കാലഘട്ടങ്ങൾക്കനുസരിച്ചു മാറ്റിപ്പറഞ്ഞുവെന്നല്ല. മറിച്ചു, പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരിക്കുകയല്ല അദ്ദേഹം ചെയ്തത്. സിദ്ധാന്തങ്ങളെ നിരന്തരമായ പുനരാലോചനയ്ക്കും നവീകരണത്തിനും വിധേയമാക്കിയിരുന്നുവെന്ന് വേണം മനസിലാക്കേണ്ടത്. 

Read Also  പ്രജ്ഞയെ തീവ്രവാദി എന്ന് വിളിച്ചതിൽ ഉറച്ചുനിൽക്കുന്നുവെന്ന് രാഹുൽ

ഗാന്ധിജി ഒരു വലിയ സൈദ്ധാന്തികനായിരുന്നില്ല. അദ്ദേഹം താൻ മുന്പോട്ടു വയ്ക്കുന്ന വീക്ഷണഗതികളെ ഒരു സമഗ്ര ചട്ടക്കൂടിനുള്ളിൽ അപഗ്രഥിക്കാൻ ശ്രമിച്ച ആളല്ല. അദ്ദേഹം. ഒരു പ്രൊഫഷണൽ സൈദ്ധാന്തികനായിരുന്നില്ല. അങ്ങനെയുള്ളവർ ചെയ്യുന്നതുപോലെ ആദി മധ്യാന്തപ്പൊരുത്തങ്ങളോ വാദഗതികളെ ക്രമാനുഗതമായി വികസിപ്പിച്ചെടുക്കുന്ന ഒന്നും നിങ്ങൾക്ക് കാണാൻ സാധിക്കില്ല. എന്നാണ് അകീൽ വിൽഗ്രാമിയെപ്പോലുള്ളവർ പറയുന്നത്. വിൽഗ്രാമിയുടെ വളരെ പ്രധാനപ്പെട്ട പഠനങ്ങളിൽ ഒന്നാണ് മാർക്സ് ഗാന്ധി ആൻഡ് മോഡേണിറ്റി. ഇങ്ങനെ പറയുമ്പോഴും വെൽഗ്രാമി അഭിപ്രായപ്പെടുന്നത് പ്രൊഫഷണലായ ഒരു തത്വ ചിന്തകൻ ലക്ഷ്യത്തെ വയ്ക്കുന്ന ഒരു ഉദ്ഗ്രഥിത പ്രഭാവമുണ്ടെമാണ്.   1909 ൽ ദക്ഷിണാഫ്രിക്കൻ യാത്രാമധ്യേ കപ്പൽ തട്ടിലിരുന്നു ഗുറാത്തിഭാഷയിൽ എഴുതുകയും പിന്നീട് അദ്ദേഹം തന്നെ നാലുമാസത്തിനു ശേഷം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തുകയും ചെയ്ത ഹിന്ദു സ്വരാജ് മുതൽ അദ്ദേഹത്തിന്റെ ജീവിതാന്ത്യം വരെയുള്ള ഏതാണ്ട് ഒരു നാൽപതു വർഷക്കാലത്തെ ചിന്തയിൽ ഗാന്ധിജി മൗലികമായ ചില നിലപാടുകൾ പുലർത്തിപോന്നിട്ടുണ്ട്. ഈ രണ്ടു അടിസ്ഥാനങ്ങളിൽ നിന്ന് ഗാന്ധിജിയെയും മാർക്സിനെയും നോക്കാനാണ് ഞാൻ മുഖ്യമായിട്ടും ശ്രമിക്കുന്നത്. അതായത് മുതാളിത്ത്വത്തിനെതിരായ ഒരു വിമർശനസ്ഥാനമെന്ന നിലയിൽ മാർക്സ് മുൻപോട്ടു വയ്ക്കുന്ന വീക്ഷണങ്ങളും ഹിന്ദു സ്വരാജ് മുതലുള്ള ഗാന്ധിജിയുടെ വീക്ഷങ്ങളും തമ്മിൽ ഏതെങ്കിലും നിലയിൽ ചില സാദൃശ്യങ്ങളോ ചർച്ചകളോ കാണാൻ കഴിയുമോ? വിശദാംശങ്ങളിൽ ധാരാളം വൈരുധ്യങ്ങൾ ഇവർക്കിടയിലുണ്ട്. ഒരർത്ഥത്തിൽ തള്ളിക്കളയാവുന്ന നിരീക്ഷണങ്ങൾ ധാരാളം ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ആശുപത്രികൾക്ക് ഗാന്ധിജി എതിരായിരുന്നു .പാപത്തെ പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങളാണ് ആശുപത്രികൾ എന്ന മട്ടിൽ ഗാന്ധിജി ആശുപത്രികൾക്കെതിരെ നിലപാടെടുത്തിട്ടുണ്ട്. അതുപോലെ ഹിന്ദു സ്വരാജിൽ വടക്കു കിഴക്കൻ മേഖലയിലെ തദ്ദേശീയ സമൂഹങ്ങളെപ്പറ്റി പിടിച്ചുപറിക്കാർ എന്നർത്ഥം വരുന്ന അർത്ഥത്തിൽ പരാമർശിക്കുന്നുണ്ട്. അതിൽ ഗാന്ധിജി തന്നെ പിന്നീട് ക്ഷമ ചോദിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്, ബിഹാറിലെ ഭൂകമ്പത്തെ ദൈവം കൊടുത്ത ശിക്ഷയാണെന്നു പറയുന്ന തരത്തിൽ അന്ധവിശ്വാസങ്ങൾ പടർത്തുന്ന ആശയങ്ങൾ ഗാന്ധിജിയിൽ നിന്നുമുണ്ടായിട്ടുണ്ട്. ഗാന്ധിജിയുടെ ജീവിതത്തിലേക്ക് നോക്കിയാൽ അദ്ദേഹത്തെ ശാസ്ത്രബോധമില്ലാത്ത, ചരിത്രബോധമില്ലാത്ത ആളായി കാണാനോ തള്ളിക്കളയാനോ ഒട്ടും പ്രയാസമില്ല. ഇത്തരത്തിലുള്ള ഒരു പാട് തെളിവുകൾ നമുക്ക് ലഭിക്കും അങ്ങനെ കണ്ടെടുത്തതെളിവുകൾ വച്ച് ഗാന്ധിജി കൊള്ളരുതാത്തവനാണെന്നു സ്ഥാപിക്കുന്ന ധാരാളം പണ്ഡിതന്മാർ നിലവിലുണ്ട്.ഗാന്ധിജി ഒന്നാംലോകയുദ്ധകാലത്ത് ബ്രിട്ടൻ ജയിക്കണമെന്നു ആഗ്രഹിക്കുകയും ബ്രിട്ടീഷ് സൈന്യത്തിൽ ആളെച്ചേർക്കാനായി പ്രവർത്തനം നടത്തുകയും ചെയ്ത ആളാണ്. ഇത് മാത്രം തെളിവായെടുത്തിട്ട് ഗാന്ധിജിയുടെ സാമ്രാജ്യത്വ വാദത്തെ ഉടനീളം ചോദ്യം ചെയ്യാൻ ഒരു പ്രയാസവുമില്ല. അങ്ങനെയൊക്കെ ധാരാളം ശ്രമങ്ങൾ നടക്കുന്നതുകൊണ്ടാണ് ഞാനക്കാര്യം എടുത്തുപറഞ്ഞത്. ഗാന്ധിജിയെപ്പോലെ, മാർക്സിനെ പോലെ ഒരാളെ അവരുടെ ചിന്താജീവിതത്തിലെ ഏതെങ്കിലും ചില ഉദ്ദരണികൾ കൊണ്ട് വിലയിരുത്താൻ ശ്രമിച്ചാൽ അതിൽ ധാരാളം വൈരുധ്യങ്ങൾ കാണാം. ചരിത്രപ്രക്രിയയുടെ പരിണാമത്തിൽ കാലുറപ്പിച്ചു നിൽക്കുന്നവരാണിവരെല്ലാം.ചരിത്രത്തിനു നടുവിൽ നിൽക്കുന്ന ഒരാളും മാറിനിന്നു വിശദീകരിക്കുന്ന ഒരാളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം ചരിത്ര പ്രക്രിയയുടെ നടുവിൽ നിൽക്കുന്ന ഒരാൾ ചരിത്ര ബന്ധങ്ങളുടെ വൈരുധ്യങ്ങൾക്കുൾക്കുള്ളിലാണ് നിലകൊള്ളുക മറിച്ചു മാറിനിന്നു നോക്കുന്ന ഒരാൾക്ക് ഈ വൈരുധ്യങ്ങളെയൊക്കെ തിരിച്ചറിയാനും അതിനെയൊക്കെ പരിഹരിച്ചു വിശദീകരണം നൽകുവാനും കഴിയും. ചരിത്രം നമുക്ക് ആഗ്രഹിച്ചില്ലാതാക്കാൻ കഴിയുന്ന ഒന്നല്ല.നമ്മുടെ ആഗ്രഹം അനുസരിച്ച് ചരിത്രത്തിലെ ഗതിമാറ്റാൻ കഴിയില്ല നിങ്ങൾ സിദ്ധാന്തവത്കരിച്ചതുകൊണ്ടു ചരിത്രത്തിലെ വൈരുധ്യങ്ങളോ അതിലെ ആഴമേറിയ പ്രശ്ങ്ങളോ ഇല്ലാതാകില്ല,…..
സംവാദത്തിന്റെ തുടർച്ച ഇനി വരുന്ന ദിവസങ്ങളിൽ വായിക്കാം

തയാറാക്കിയത്: വി കെ അജിത്കുമാർ, അനിൽ സി പള്ളിക്കൽ

Spread the love

Leave a Reply