ഐ.എസ്. (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ) ആശയങ്ങളെ പിന്തുണയ്ക്കുന്നവർ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയല്ലെന്ന് കേരള ഹൈക്കോടതി. ആശയ ഐക്യവും യുദ്ധവും തമ്മിൽ വ്യത്യാസമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജഡ്ജിമാരായ പി സോമരാജനും എ എം ഷഫീഖും ചേർന്ന ബെഞ്ചിന്റേതാണ് നിർണ്ണായകമായ വിലയിരുത്തൽ.
എന്‍ഐഎ കോടതിയുടെ വിധിക്കെതിരെ ബിഹാര്‍ സ്വദേശിയായ യാസ്മിന് സമര്‍പ്പിച്ച അപ്പീലില്‍ വാദം കേൾക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടിയുമായി അഫ്ഗാനിസ്ഥാനിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ 2016 ആഗസ്റ്റ് ഒന്നിന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭീകരസംഘടനയായ ഐഎസിന് വേണ്ടി ധനസമാഹരണം നടത്തിയെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. കേരളത്തില്‍ നിന്നും ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതിലും ഇവര്‍ക്ക് പങ്കുള്ളതായും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു.
കേരളത്തില്‍ നിന്നും ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത കേസിലെ ഒന്നാംപ്രതിയായ അബ്ദുള്‍ റഷീദ് നടത്തിയ ഐഎസ് പ്രചാരണ ക്ലാസുകളില്‍ യുവതി പങ്കെടുത്തുവെന്നായിരുന്നു എന്‍ഐഎ കോടതി കണ്ടെത്തിയത്. ഈ വാദത്തിന് മതിയായ തെളിവില്ലെന്നു കണ്ടെത്തിയ കോടതി പങ്കെടുത്തിരുന്നുവെങ്കില്‍ പോലും അത് രാജ്യത്തിനെതിരെയുള്ള യുദ്ധം ചെയ്യലായി പരിഗണിക്കാനാവില്ലെന്നും വ്യക്തമാക്കി.
മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ യാസ്മിന് രാജ്യത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയെന്ന കുറ്റം ഹൈക്കോടതി റദ്ദാക്കി. എന്നാല്‍ ഐപിസി 120 ബി അനുസരിച്ച് പ്രതി കുറ്റക്കാരിയാണെന്നും ഭീകരസംഘടനയില്‍ അംഗമായി ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന എന്‍ഐഎ കോടതിയുടെ കണ്ടെത്തലും കോടതി ശരിവെച്ചു. യുഎപിഎ പ്രകാരം പ്രതി ചേർക്കപ്പെട്ട കേസിൽ മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റത്തിന് ഒരു വര്‍ഷത്തെ തടവും പ്രതി അനുഭവിക്കേണ്ടി വരും.